ദയാപുരത്തിന്റെ കഥ 04
'സ്വിമ്മിങ് പൂൾ അനാഥശാല'?: ഒരു സ്ഥാപനം നടത്തിയതിൽ നിന്നുള്ള പാഠങ്ങൾ

ദയാപുരത്തിന്റെ കഥ 04 'സ്വിമ്മിങ് പൂൾ അനാഥശാല'?: ഒരു സ്ഥാപനം നടത്തിയതിൽ നിന്നുള്ള പാഠങ്ങൾ

ദയാപുരത്തിന്റെ കഥ 04
'സ്വിമ്മിങ് പൂൾ അനാഥശാല'?: ഒരു സ്ഥാപനം നടത്തിയതിൽ നിന്നുള്ള പാഠങ്ങൾ
ദയാപുരത്തിന്റെ കഥ അദ്ധ്യായം ഒന്ന്: പ്രവാസത്തില്‍ നിന്നുള്ള മടക്കം
ദയാപുരത്തിന്റെ കഥ 04
'സ്വിമ്മിങ് പൂൾ അനാഥശാല'?: ഒരു സ്ഥാപനം നടത്തിയതിൽ നിന്നുള്ള പാഠങ്ങൾ
ദയാപുരത്തിന്റെ കഥ 2: സ്ഥലമെടുപ്പ്, ഇറാന്‍-ഇറാഖ് യുദ്ധം, തെളിയുന്ന വഴികള്‍
ദയാപുരത്തിന്റെ കഥ 04
'സ്വിമ്മിങ് പൂൾ അനാഥശാല'?: ഒരു സ്ഥാപനം നടത്തിയതിൽ നിന്നുള്ള പാഠങ്ങൾ
ദയാപുരത്തിന്റെ കഥ മൂന്ന്: നാടകീയം ഒരു ഔപചാരിക ഉദ്ഘാടനം

1984 ൽ സമ്പന്നരായ കുട്ടികൾ മാത്രം പഠിച്ചിരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, അന്ന് അനാഥശാലകളിലെ അന്തേവാസികൾ ധരിച്ചിരുന്ന പ്രത്യേകവേഷം ഒഴിവാക്കി സമ്പന്നവീടുകളിലെ കുട്ടികളെപ്പോലെ വേഷം ധരിച്ച് അവർക്കൊപ്പം താമസിച്ചു പഠിക്കുന്ന ദയാപുരത്തെ അൻസാരി അനാഥശാല തുടങ്ങിയപ്പോൾ അതിനെ ആക്ഷേപിച്ച് ആരോ ഇട്ട പേരാണ് "സ്വിമ്മിങ് പൂൾ അനാഥശാല". അന്നത്തെ അനാഥശാലകളുടെ രീതികളിൽ നിന്ന് തീർത്തും വ്യത്യസ്തമായതുകൊണ്ടാവാം അങ്ങനെ വിളിക്കാൻ പേരിട്ടവർക്കു തോന്നിയത്. ഇത് ഒറ്റപ്പെട്ട സ്ഥാപനമാണെന്നും വളരെക്കുറച്ചു പേർക്ക് മാത്രമേ പ്രയോജനം ലഭിക്കൂ എന്നതും ഉദ്ദേശിച്ചിരിക്കാം.

ചെറിയൊരു കൂട്ടായ്മ ഒരുപാട് പരിമിതികൾക്കുള്ളിൽനിന്ന് ഉണ്ടാക്കികൊണ്ടുവന്ന കേന്ദ്രമെന്ന നിലയ്ക്ക് ഏതർത്ഥത്തിലും തുല്യത നിലനിൽക്കുന്നതും അദൃശ്യവും സാമുദായികമായി എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഈ അനാഥശാലയിൽ വളരെക്കുറച്ചു കുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകാൻ സാധിച്ചിരുന്നുള്ളൂ എന്നത് സത്യമാണ്. തുടങ്ങുമ്പോൾ 11 മക്കള്‍ മാത്രമേ ദയാപുരം അൻസാരി അനാഥശാലയിൽ ഉണ്ടായിരുന്നുള്ളു. ഒരു സംസ്ഥാനത്തെ സംബന്ധിച്ച് ഇത് തീർത്തും ചെറിയ സംഖ്യയാണല്ലോ. ഇവിടെ ദയാപുരം ശ്രമിച്ചത് ഒരാശയം അവതരിപ്പിക്കാനാണ്.. സമൂഹത്തിലെ എല്ലാവര്ക്കും, മാതാപിതാക്കളും ബന്ധുബലവും ഉണ്ടെങ്കിലും ഇല്ലെങ്കിലും പോഷകങ്ങളടങ്ങുന്ന ഭക്ഷണം, ചികിത്സ, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ അവരുടെ അവകാശമാണ്. ഈ ആശയം പ്രവൃത്തിയിലൂടെ കാണിക്കുന്നതുവഴി അനാഥശാലകൾക്കുണ്ടാവേണ്ട രീതികളെ സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.


ഈ ആശയത്തിന്റെ അടിപ്പടവ് അവകാശബോധമാണ്. അനാഥ സംരക്ഷണമെന്ന കാരുണ്യപ്രവൃത്തിയിൽനിന്ന് അനാഥശാക്തീകരണമെന്ന സാമൂഹികവികസന പദ്ധതിയിലേക്ക് നാം മാറേണ്ടതുണ്ട് എന്ന ബോധം.
അനാഥക്കുട്ടികളിൽ അവകാശബോധമുണർത്തുന്ന രീതിയിൽ നിയമങ്ങളുണ്ടാക്കാനും ശ്രദ്ധിക്കേണ്ടിയിരുന്നു. സമ്പന്നരും തീർത്തും ദരിദ്രരായിരുന്ന അനാഥ-അഗതി വിദ്യാർത്ഥികളുമായിരുന്നു ആദ്യകാലത്തു ഹോസ്റ്റലിലുണ്ടാവുക. ദരിദ്ര കുടുംബങ്ങളിലെ മാതാവോ പിതാവോ മരിച്ചു പോയ കുട്ടികളെ അനാഥരെന്നും മാതാവോ പിതാവോ ഉപേക്ഷിച്ച കുട്ടികളെ അഗതികളെന്നുമാണ് പറഞ്ഞിരുന്നത്. എണ്ണംകൊണ്ട് കൂടുതൽ പേർ സമ്പന്നരായിരിക്കും. അവർക്ക്, മക്കള്‍ക്കായി ഹോസ്റ്റലിലേക്ക് നല്ല ഭക്ഷണം കൊണ്ടുവരാൻ കഴിവുണ്ടാവും. പക്ഷെ അതിനനുവാദം നല്കിയാല്‍, ഭക്ഷണം കൊണ്ടുവരാൻ ആളോ പണമോ ഇല്ലാത്ത കുട്ടികളെ വേദനിപ്പിക്കും. ഈ തിരിച്ചറിവാണ് മക്കളെ കാണാൻ വരുമ്പോൾ രക്ഷിതാക്കൾ ഭക്ഷണം കൊണ്ടുവരരുതെന്ന നിയമം ദയാപുരത്തു നടപ്പിലാക്കാന്‍ കാരണം. മാത്രമല്ല, സന്ദർശകരായ സമ്പന്നരക്ഷിതാക്കളുടെ വാഹനങ്ങള്‍ ഹോസ്റ്റലില്‍നിന്നു ദൂരെ ഗേറ്റിനുസമീപം മാത്രമേ പാർക്ക് ചെയ്യാന്‍ പാടുണ്ടായിരുന്നുള്ളൂ. ഇതേ കാരണം കൊണ്ടാണ് ജന്മദിനാഘോഷവും ക്യാമ്പസ്സിൽ ഒഴിവാക്കിയിരുന്നത്. ആ ആഘോഷങ്ങളിലും സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ പുറത്തുകാണാമല്ലോ. എന്നുപറഞ്ഞാൽ അനാഥക്കുട്ടികൾക്കു സൗകര്യങ്ങൾ നൽകുക മാത്രമല്ല, മറ്റു കുട്ടികളെ അവർ ജീവിക്കുന്ന ലോകത്തെപ്പറ്റി, അവിടുത്തെ അവസ്ഥകളെപ്പറ്റി നിരന്തരമായി ഓർമിപ്പിക്കുകയും വേണം. ഇത് എടുത്തു പറഞ്ഞുകൊണ്ടിരിക്കാൻ കഴിയില്ല. പകരം ചെയ്യേണ്ടത് അതിനു പറ്റിയ വ്യവസ്ഥയുണ്ടാക്കലാണ്.
അതുപോലെ, അനാഥശാലയിലെ കുട്ടികളെ സ്പോൺസർ ചെയ്യാൻ സുമനസ്സുകളായ ആളുകൾ വന്ന കാലത്ത് അവരോടു പറഞ്ഞിരുന്നത് "നിങ്ങള്ക്ക് ഒന്നോ രണ്ടോ കുട്ടികളെ സ്പോൺസർ ചെയ്ത്, അവരുടെ ഭക്ഷണത്തിന്റെയോ താമസത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ ചെലവ് വഹിക്കാം. പക്ഷെ സ്പോൺസർ ചെയ്യുന്ന കുട്ടി ആരാണെന്നു നിങ്ങളെ അറിയിക്കുകയോ കാണിച്ചുതരികയോ ചെയ്യില്ല. സമൂഹവ്യവസ്ഥിതിയിൽ നിന്ന് തങ്ങൾക്ക് അർഹമായ അവകാശങ്ങൾ കിട്ടുന്നുവെന്ന് കുട്ടി മനസ്സിലാക്കുന്നതും എന്നെ ഇന്നയാൾ പഠിപ്പിക്കുന്നുവെന്ന് മനസ്സിലാക്കുന്നതും തീർത്തും വ്യത്യസ്തമാണ് ". ഈ നയം ദയാപുരം എന്നും മുറുകെപ്പിടിച്ചിട്ടുണ്ട്. പ്രത്യേകമായ കെട്ടിടം പോലും അനാഥശാലയ്ക്കു വേണ്ടി ദയാപുരത്തുണ്ടാവില്ല എന്ന തീരുമാനമിരിക്കെ ഈ കാഴ്ചപ്പാട് ഒഴിച്ചുകൂടാനാവാത്തതായിരുന്നു.
"ഇംഗ്ലീഷ് മീഡിയം അനാഥശാല" എന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാമതത്തിലും പെട്ട അനാഥക്കുട്ടികളെ ചേർക്കുന്ന രീതി അത്തരം വിമർശനത്തിനു പോലും പാത്രമായിക്കേട്ടിട്ടില്ല. തുടങ്ങുമ്പോൾ ആളുകളെങ്ങനെ സ്വീകരിക്കുമെന്ന അങ്കലാപ്പ് എനിക്കുണ്ടായിരുന്നു എങ്കിലും ക്രമേണ ഇതുതന്നെയാണ് വേണ്ടതെന്ന് എല്ലാവരും അംഗീകരിച്ചപോലെ മനസ്സിലായി.
അനാഥശാല എന്ന സ്ഥാപനത്തെക്കുറിച്ചു പലതരം സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. ഈ പേരിൽ ഇങ്ങനെയാണോ അതോ അനാഥശാലയെന്ന രീതി പാടേ തള്ളിക്കളഞ്ഞ് വീട്ടിലിരുന്നു തന്നെ പഠിക്കാൻ പറ്റുന്ന രീതിയിലാണോ സ്ഥാപനം നടത്തേണ്ടതെന്ന ആന്തരിക സംഘർഷം തീർച്ചയായും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തുടങ്ങുന്ന കാലത്തെ പ്രായോഗിക സാഹചര്യം തീർത്തും വ്യത്യസ്തമായിരുന്നു. മുഹമ്മദ് നബി ഉമ്മയും ബാപ്പയുമില്ലാതെ വളർന്ന അനാഥനായതിനാല്‍ അനാഥസംരക്ഷണം മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട പുണ്യപ്രവൃത്തിയായിരുന്നു. അനാഥശാലകളുടെ നടത്തിപ്പിന് സാമ്പത്തികപിന്തുണ നല്കുന്നതില്‍ മുസ്ലിംകള്‍ ഏറെ തല്പരരുമായിരുന്നു. ഇതൊക്കെയാണ് ഓർഫനേജ് (യതീം ഖാന) എന്ന പേരിടാന്‍ കാരണമായത്. ഏതു സ്ഥാപനങ്ങള്‍ക്കും തുടക്കക്കാലത്ത് സാമ്പത്തിക പിന്തുണ പ്രധാനമാണല്ലോ. ഒരു . കൂടാതെ, അനാഥശാലകളുടെ നടത്തിപ്പിൽ മാറ്റം കൊണ്ടുവരുന്നതിനും ആ പേര് ഉപയോഗിക്കുന്നത് സഹായകമാവുമെന്ന വാദവും പ്രധാനമായിരുന്നു.

ദയാപുരം അൻസാരി അനാഥശാലയിൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തോടൊപ്പം വേഷത്തിലോ ഭക്ഷണത്തിലോ താമസത്തിലോ യാതൊരു വിവേചനവുമില്ലാത്ത രീതിയാണു സ്വീകരിച്ചത്. ഡോക്ടർമാരും എൻജിനീയർമാരും എം ബി എ ക്കാരുമടക്കം നൂറിലധികം ബിരുദധാരികൾ ഇവിടെനിന്ന് ഉണ്ടായിട്ടുണ്ട്.
 ദയാപുരം അൻസാരി അനാഥശാലയെക്കുറിച്ചു 1990 മാർച്ച് 3 നു മാതൃഭൂമി ദിനപത്രത്തിൽ
ദയാപുരം അൻസാരി അനാഥശാലയെക്കുറിച്ചു 1990 മാർച്ച് 3 നു മാതൃഭൂമി ദിനപത്രത്തിൽ

സാധാരണ അനാഥശാലകൾ ഉണ്ടാവുക കലാപങ്ങളിലോ മഹാമാരികളിലോ ആളുകൾ കൂട്ടമായി മരിക്കുമ്പോൾ ബാക്കിയാവുന്ന കുട്ടികൾക്ക് വേണ്ടിയാണെന്നത് അനാഥശാലകളുടെ ചരിത്രം പരിശോധിച്ചാൽ കാണാം. ദയാപുരം തുടങ്ങിയ 1984 ൽ അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഗൾഫ് പണം ജീവിതനിലവാരത്തിൽ വരുത്തിയ വലിയ മാറ്റം അനാഥശാലകളുടെ പ്രവർത്തനത്തില്‍ കണ്ടിരുന്നില്ല. ആ മാറ്റമാണ് ദയാപുരം അൻസാരി അനാഥശാല മുന്നോട്ടുകൊണ്ടുവരാൻ ശ്രമിച്ചത്.
നമ്മുടെ നാട്ടിൽ അനാഥക്കുട്ടികൾ സർക്കാരിന്റെയോ പൊതുചർച്ചകളുടെയോ ഭാഗമല്ലെന്നതിന് നല്ല ഉദാഹരണമാണ് സംവരണചർച്ചകൾ. സാമൂഹികസംവരണം വേണോ സാമ്പത്തികസംവരണം വേണോ എന്നത് വലിയ വിവാദമായി ഇപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ അനാഥശാലകളിലോ ഫോസ്റ്റർ കെയർ സ്ഥാപനങ്ങളിലോ വളർന്ന കുട്ടികൾക്ക് സംവരണം നല്കുന്നില്ലെന്നതോ പോകട്ടെ, ആ വിഷയത്തില്‍ ചർച്ച പോലും വരാറില്ല. തീർച്ചയായും അനാഥശാലകൾക്കു കേരളസർക്കാർ ഗ്രാന്റ് നൽകുന്നുണ്ട് (ദയാപുരം ഈ ഗ്രാൻറ് ഒരിക്കലും വാങ്ങിയിട്ടില്ല). എങ്കിലും ഓരോ സമുദായത്തേയും അനാഥർ അതതു സമുദായത്തിന്റെ ഉത്തരവാദിത്വമാണെന്ന മട്ടിലാണ് നാം കണ്ടുവരുന്നത്. ബഹുസ്വരതയുടെ അന്തരീക്ഷത്തിൽ അവകാശബോധത്തോടെ വളരുന്നതിനുപകരം ഇവർ സാമുദായിക നേതൃത്വത്തിന്റെ കീഴിലാവുന്നതിന്റെ വിവിധ വശങ്ങൾ നാം ആലോചിക്കാറുണ്ടോ? അതുകൊണ്ടുതന്നെ പൊതുചർച്ചകളിൽ കാണാതെപോവുന്ന വിഷയങ്ങളെ ദയാപുരം പോലുള്ള സന്നദ്ധകൂട്ടായ്മകള്‍ക്ക് അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു.
ദയാപുരം അൻസാരി അനാഥശാലയിൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തോടൊപ്പം വേഷത്തിലോ ഭക്ഷണത്തിലോ താമസത്തിലോ യാതൊരു വിവേചനവുമില്ലാത്ത രീതിയാണു സ്വീകരിച്ചത്. ഡോക്ടർമാരും എൻജിനീയർമാരും എം ബി എ ക്കാരുമടക്കം നൂറിലധികം ബിരുദധാരികൾ ഇവിടെനിന്ന് ഉണ്ടായിട്ടുണ്ട്. ഇതു പറയുമ്പോൾത്തന്നെ അവരുടെ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിൽ ഞങ്ങളുടെ കൂട്ടായ്മ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നത് വലിയ ചോദ്യമാണ്.

അനാഥശാലയിൽ കുട്ടികളെ ചേർക്കുന്ന രീതി ദയാപുരത്ത് പതുക്കെ ഇല്ലാതായി. അർഹരായ കുട്ടികളെ അവരുടെ വീട്ടിൽത്തന്നെ നിർത്തി വേണ്ട പിന്തുണ കൊടുത്തു പഠിപ്പിക്കുന്ന രീതി ആരംഭിച്ചു. 2019 ൽ അനാഥശാലയുടെ രജിസ്ട്രേഷൻ ഒഴിവാക്കി സ്കോളർഷിപ് പദ്ധതിയായി മാറ്റി.
അനാഥശാലയിലെ കുട്ടികളുടെ കാര്യങ്ങൾ പതിറ്റാണ്ടുകളോളം നോക്കി നടത്തിയിരുന്ന റഹീം മൗലവിയോടൊപ്പം സി ടി അബ്ദുറഹീം
അനാഥശാലയിലെ കുട്ടികളുടെ കാര്യങ്ങൾ പതിറ്റാണ്ടുകളോളം നോക്കി നടത്തിയിരുന്ന റഹീം മൗലവിയോടൊപ്പം സി ടി അബ്ദുറഹീം

കുടുംബകേന്ദ്രീകൃതമാണ് നമ്മുടെ ലോകബോധം. അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടിയെ മാനസികമായി വിഷമിപ്പിക്കുംവിധമാണ് സ്നേഹത്തെപ്പറ്റിയുള്ള ധാരണകൾ പുലരുന്നത്. ഇത് അനാഥരോ അഗതികളോ ആയി വളരുന്ന കുട്ടികളെ ബാധിക്കും. മിടുക്കരായി പഠിച്ചുവരുന്ന ചെറിയ കുട്ടികൾപോലും അഞ്ചാം ക്ലാസ്സിലോ ആറാം ക്ലാസ്സിലോ എത്തുമ്പോൾ പെട്ടെന്ന് വൈകാരികപ്രശ്നങ്ങളിൽ പെട്ടുഴലുന്നതു കാണാറുണ്ട്. തികഞ്ഞ കരുതലോടെയും സ്നേഹത്തോടെയും അവരെ ചേർത്തുനിർത്തുന്ന അധ്യാപികമാരും കാര്യങ്ങള്‍ നോക്കാന്‍ പിതൃസ്ഥാനീയരായ വ്യക്തികളുമുണ്ടായിട്ടും സ്വന്തം കുടുംബമില്ലെന്ന സാമൂഹികമായി നിർമിക്കപ്പെട്ട സങ്കടം അവരെ എത്ര ആഴത്തിൽ സ്വാധീനിക്കുന്നുവെന്നത് ചിന്തനീയമായിരുന്നു. ഈ സമ്മർദ്ദങ്ങള്‍ അതിജീവിക്കാനാവാതെയും അക്കാദമികപ്രയാസങ്ങളാലും മുന്നോട്ടുപോവാൻ കഴിയാത്ത വിദ്യാർത്ഥികളെക്കുറിച്ചുള്ള ബോധ്യവും വിഷമവും കൂടിയാണ് എനിക്ക് അനാഥശാലയിലെ കുട്ടികളെപ്പറ്റിയുള്ള ഓർമ്മ.


ദയാപുരത്തെ അനാഥശാലയിൽ 100 അന്തേവാസികളെ താമസിപ്പിക്കാനായിരുന്നു ഓർഫനേജ് കണ്ട്രോൾ ബോർഡിൻറെ അനുമതി. . ചെലവുകളും നിർമാണപ്രവർത്തനങ്ങളും കഴിഞ്ഞാൽ അത്രയും പേരെ മാത്രമേ ആദ്യത്തെ ഇരുപതുവർഷത്തില്‍ ഒരോവർഷവും പഠിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

2007ൽ ഒരുദിവസം ഉച്ചയ്ക്ക് ദയാപുരം കോളേജിൽ അധ്യാപക നിയമന ഇന്‍റർവ്യൂ കഴിഞ്ഞ് ഞങ്ങൾ കുറച്ചുപേർ ഇരുന്നു സംസാരിക്കുകയായിരുന്നു. ദയാപുരത്ത് പാവപ്പെട്ട കുട്ടികളുടെ എണ്ണം കൂട്ടുകയാണ് ഇനി വേണ്ടതെന്നും ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയെങ്കിലുമാവണം ദരിദ്രരുടെ എണ്ണമെന്നുമുള്ള ആശയം ഞാൻ പങ്കുവെച്ചു. അപ്പോൾ ഇന്‍ർവ്യൂ പാനലിലുണ്ടായിരുന്ന, ദയാപുരം ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന എൻ.പി ആഷ്‌ലി അതേറ്റെടുക്കുകയും 'എഡ്യൂക്കേഷണൽ അഡോപ്ഷൻ സ്കീം' എന്നപേരിൽ പുതിയ പദ്ധതിയുണ്ടാക്കുകയും ചെയ്തു.

ദയാപുരം എഡ്യൂക്കേഷണൽ അഡോപ്ഷൻ സ്‌കീമിന്റെ ആദ്യത്തെ ബ്രോഷർ
ദയാപുരം എഡ്യൂക്കേഷണൽ അഡോപ്ഷൻ സ്‌കീമിന്റെ ആദ്യത്തെ ബ്രോഷർ

സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാൽ പഠനമുപേക്ഷിച്ചുപോവാൻ നിർബന്ധിതരാവുന്ന കുട്ടികളെ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോവാനുള്ള പദ്ധതി ആയിരുന്നു ഈ സ്കീം. മൂന്നാംക്ലാസ് കഴിഞ്ഞ കുട്ടികളിൽനിന്നാണ് സ്കീമിലേക്ക് അപേക്ഷ സ്വീകരിച്ചത്.

അനാഥശാല ഇംഗ്ലീഷ് മീഡിയമായതിനാലുള്ള ഒരുപ്രശ്നം കുട്ടികളെ നഴ്സറി ക്ലാസുകളില്‍ത്തന്നെ ലഭിക്കണമെന്നതായിരുന്നു. ഇത്, പിന്നീട് അനാഥരാവുന്ന പല കുട്ടികൾക്കും പ്രവേശനം നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരുന്നു. ഈ പ്രയാസത്തിനും അഡോപ്‌ഷൻ സ്‌കീം ചെറിയതോതിൽ പരിഹാരമായി.

2008-ൽ അനാഥ-അഗതി-ദരിദ്ര-പിന്നാക്ക വിദ്യാർത്ഥികളുടെ എണ്ണം 200-ലെത്തി. 2009-ൽ, സ്ഥാപനത്തിന്‍റെ 25-ാം വാർഷികം ആഘോഷിച്ചു. 250 കുട്ടികളെ അനാഥശാലയിലും അഡോപ്‌ഷൻ സ്കീമിലുമായി ചേർക്കുമെന്ന തീരുമാനത്തോടെ '25 വർഷം 250 ഭാവി' എന്ന പദ്ധതിക്ക് അന്ന് തുടക്കമിട്ടു. ഷെയ്ഖ് അൻസാരിയുടെ മകനും ഖത്തറിലെ ഉന്നതോദ്യോഗസ്ഥനുമായ അബ്ദുൽ അസീസ് അൽ അൻസാരിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. പിന്നീട് എണ്ണം കൂടി 330 വരെ കൊണ്ടുപോവാനും ദയാപുരം കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ദയാപുരം പഠിപ്പിക്കുന്ന അനാഥ-അഗതി-ദരിദ്ര-പിന്നാക്ക വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം 250 ആക്കുന്ന "25 വര്ഷം 250 ഭാവി" എന്ന പദ്ധതിയുടെ ഉദ്ഘാടനം ഷെയ്ഖ് അൻസാരിയുടെ മകൻ അബ്ദുൽ അസീസ് അൽ അൻസാരി നിർവഹിക്കുന്നു. വേദിയിൽ ടീസ്റ്റ സെതൽവാദ്, ശശികുമാർ, എം എ ബേബി എന്നിവരെയും കാണാം
ദയാപുരം പഠിപ്പിക്കുന്ന അനാഥ-അഗതി-ദരിദ്ര-പിന്നാക്ക വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം 250 ആക്കുന്ന "25 വര്ഷം 250 ഭാവി" എന്ന പദ്ധതിയുടെ ഉദ്ഘാടനം ഷെയ്ഖ് അൻസാരിയുടെ മകൻ അബ്ദുൽ അസീസ് അൽ അൻസാരി നിർവഹിക്കുന്നു. വേദിയിൽ ടീസ്റ്റ സെതൽവാദ്, ശശികുമാർ, എം എ ബേബി എന്നിവരെയും കാണാം

അനാഥശാലയിൽ കുട്ടികളെ ചേർക്കുന്ന രീതി ദയാപുരത്ത് പതുക്കെ ഇല്ലാതായി. അർഹരായ കുട്ടികളെ അവരുടെ വീട്ടിൽത്തന്നെ നിർത്തി വേണ്ട പിന്തുണ കൊടുത്തു പഠിപ്പിക്കുന്ന രീതി ആരംഭിച്ചു. 2019 ൽ അനാഥശാലയുടെ രജിസ്ട്രേഷൻ ഒഴിവാക്കി സ്കോളർഷിപ് പദ്ധതിയായി മാറ്റി. ഷെയ്ഖ് അൻസാരിയുടെ കുടുംബത്തിന്‍റെ സമ്മതത്തോടെ 'ഷെയ്ഖ് അൻസാരി ഫൗണ്ടേഷൻ' എന്ന പുതിയ പദ്ധതിയുണ്ടാക്കി അനാഥശാലയെയും അഡോപ്‌ഷൻ സ്കീമിനെയും ലയിപ്പിക്കുകയായിരുന്നു.

അനാഥ-അഗതി- ദരിദ്ര-പിന്നാക്ക വിദ്യാർത്ഥികൾക്ക് സ്കൂൾ, കോളേജ് വിദ്യാഭ്യാസം നൽകാൻ സന്നദ്ധപ്രവർത്തകസംഘത്തിന് കഴിയും. എന്നാൽ അവരെ ജോലിയിലെത്തിക്കുക, അവരുടെ സാമൂഹികവും തന്മൂലമുണ്ടാകുന്ന വൈകാരികവുമായ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നതിന് പൊതുസമൂഹത്തിന്റെ പരിഗണനയും സർക്കാരിന്‍റെ ഇടപെടലും അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അനാഥത്വമോ അഗതിയെന്ന അപകർഷതയോ പിന്നാക്കാവസ്ഥയോ കടുത്ത ദാരിദ്ര്യമോ മറികടന്ന് പഠിച്ചുവളരാനും പ്രവർത്തിക്കാനും കുട്ടികളെ സജ്ജരാക്കുന്ന ധാർമികബലമുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയൂ.

logo
The Cue
www.thecue.in