
അദ്ധ്യായം 3
1983 ഡിസംബര്‍ 27 ന് പള്ളിക്കും അനാഥശാലക്കും ശൈഖ് അന്‍സാരി തറക്കല്ലിട്ടു. അതോടെ എനിക്ക് വലിയ ആശ്വാസമായി. ഷെയ്ഖ് അന്‍സാരിയുടെ പിന്തുണ നന്നായി വര്‍ധിച്ചു. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍തന്നെ അദ്ദേഹം മൂന്ന് പ്രാവശ്യമായി ഭൂമി വാങ്ങുന്ന ആവശ്യത്തിനായി നാലര ലക്ഷം രൂപ (22.2.1984, 6.3.1984, 14.7.1984) ദയാപുരത്തിന് അയച്ചു തന്നു. കൂടാതെ കുവൈറ്റിലും സൗദി അറേബിയയിലും ഉള്ളവർക്ക് അദ്ദേഹം തന്ന കത്തുമായി പലരെയും പോയിക്കാണാനും ഏർപ്പാടാക്കി. അഡ്വാൻസ് കഴിച്ചു ഷെയ്ഖ് തന്ന തുകയും രസീത് അടിപ്പിച്ചും വിദേശത്തു ടോക്കൺ അടിച്ചും നടത്തിയ പിരിവും എല്ലാം കൂടി ആയപ്പോൾ 1985 ജനുവരി പത്താം തീയതി, എന്ന് പറഞ്ഞാൽ ഒന്നര വര്ഷം കൊണ്ട് ഭൂമിയുടെ വില കൊടുത്തു തീർത്ത് രെജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞു.
ദയാപുരത്തിനുവേണ്ടി ഖത്തറില്‍ നടത്തിയ ഫണ്ട് ശേഖരണയാത്രകൾക്കിടയിൽ കൗതുകകരമായി തോന്നിയ ചില അനുഭവങ്ങള്‍ ഉണ്ട്. ഷെയ്ഖിന്റെ പേരിനു വലിയ വില കല്‍പിക്കപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കത്തിന് ആ വില കാണാതായിത്തുടങ്ങിയ സന്ദര്‍ഭമായിരുന്നു അത്. ഏതു നാട്ടുകാരനായാലും എന്ത് കാര്യം പറഞ്ഞു ചെന്നാലും ആവശ്യക്കാരനാണ് എന്ന് കണ്ടാല്‍ മറ്റൊന്നും നോക്കാതെ ഷെയ്ഖ് തന്നാല്‍ കഴിയുന്ന സഹായം ചെയ്യും. അയാള്‍ക്കുവേണ്ടി മറ്റുള്ളവര്‍ക്ക് കത്ത് കൊടുക്കുകയും ചെയ്യും. അങ്ങിനെയാണ് ഷെയ്ഖിനോട് വലിയ ബഹുമാനമുള്ളപ്പോഴും ചിലയിടങ്ങളില്‍ കത്തിന് വലിയ വില കല്‍പ്പിക്കാത്തതായി എനിക്ക് അനുഭവപ്പെട്ടത്.
ഈ തിരിച്ചറിവെന്നെ അസ്വസ്ഥനാക്കി. ഏകദേശം പന്ത്രണ്ട് കത്തുകള്‍ പ്രമുഖര്‍ക്കായി എന്റെ കൈയിലുണ്ട്. ഈ കത്തുകളുമായി അവരെ ചെന്നു കാണണമോ? ഞാന്‍ ഒന്ന് ശങ്കിച്ചു. ഒരു ദിവസം ശൈഖിനെ ഓഫീസില്‍ പോയി കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു:
"നീ കത്തുകളൊക്കെ കൊടുത്തു കഴിഞ്ഞോ?"
ഞാന്‍ നിന്നു പരുങ്ങുന്നതുകണ്ട അദ്ദേഹം ശാസനാരൂപത്തില്‍ പറഞ്ഞു:
"എനിക്ക് അറിയാം എന്റെ കത്തുകള്‍ക്ക് വിലയില്ല എന്ന്. എന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ഞാന്‍ ചെയ്തത്. നിന്റെ ചുമതല അത് കൊണ്ടുപോയി കൊടുക്കുക എന്നതാണ്. പണം കിട്ടിയേക്കാം. കിട്ടിയില്ലെന്നു വരാം. അതിന് നീ സന്നദ്ധനല്ലെങ്കില്‍ അതാ, വാതില്‍ തുറന്നു കിടക്കുന്നു. നിനക്ക് പോവാം".
ഈ ഭാവത്തില്‍ ഒരിക്കലും അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഞാന്‍ നിന്നേടത്ത് ഉരുകിപ്പോവുന്ന പോലെ. ആ ശബ്ദഗാംഭീര്യവും അതുള്‍ക്കൊള്ളുന്ന പാഠവും സന്ദേശവും ഇപ്പോഴും എന്റെ മനസ്സില്‍ ബാക്കി നില്‍ക്കുന്നു.
മറ്റൊരു സംഭവംകൂടിയുണ്ട്. ഇത് നടന്നത് ശൈഖിന്റെ വീട്ടില്‍ വെച്ചാണ്. ടൈപ്പിസ്റ്റ് റമളാന്‍ എന്തോ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ അടുത്ത് അത് നോക്കി നില്‍ക്കുന്നു. പ്രഥമദൃഷ്ടിയില്‍തന്നെ വളരെ അവശനാണ്. ശൈഖിന്റെ മകന്‍ അബ്ദുല്‍ അസീസ് കത്തു വായിച്ചുനോക്കി, ദേഷ്യത്തോടെ കീറി താഴെയിട്ടു.
അത് കണ്ട ശൈഖ് കുപിതനായി ചോദിച്ചു: "ഇദ്ദേഹം പലരുടെയും സഹായം തേടി നിരാശനായാണ് എന്നെ സമീപിച്ചത്. ഞാന്‍ കൂടി കൈയൊഴിഞ്ഞാല്‍ ഈ പാവത്തെ സഹായിക്കാന്‍ ആരുണ്ട്?" റമളാനോട് ശൈഖ് കല്‍പിച്ചു: "വീണ്ടും ടൈപ്പ് ചെയ്ത് ഉടനെ കൊണ്ടുവാ".
അബ്ദുല്‍ അസീസ് എന്നോടായി പതുക്കെ പറഞ്ഞു: "എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ഉപ്പയോട് പ്രയാസമാണ്. ഇത് എമിഗ്രേഷനുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നമാണ്. അതൊന്നും അദ്ദേഹം പരിഗണിക്കാതെ കാര്യങ്ങളില്‍ ഇടപെടുന്ന രീതിയാണ് എപ്പോഴും സ്വീകരിക്കുന്നത്. എന്തു ചെയ്യും?' അബ്ദുല്‍ അസീസ് ഗൗരവഭാവത്തോടെ പുറത്തേക്ക് നടന്നു.
അപ്പോഴും ആരുമില്ലാതെ കഷ്ടപ്പെടുന്ന ഒരാൾക്ക് തന്നെക്കൊണ്ട് കഴിയുന്ന എന്തും, മാനുഷികതക്കപ്പുറം ഒരു നിയമത്തെയും വകവെക്കാതെ ചെയ്യണമെന്ന ഷെയ്‌ഖിന്റെ ആഗ്രഹം, ആ നിർബന്ധബുദ്ധി എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ഇതൊക്കെ ആവുമ്പോഴും ഷെയ്ഖ് അന്‍സാരിയുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം എന്ന നിലയ്ക്ക് മറ്റു രാജ്യങ്ങളിലെ അറബികള്‍ക്കിടയില്‍ സ്ഥാപനത്തിന്റെ കാര്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നു. ആയിടക്ക് എസ് സുബൈർ ഹാജിക്കൊപ്പം ഞാൻ ദുബായിൽ ചെല്ലുകയുണ്ടായി. അവിടെ പണ്ഡിതനായ ശൈഖ് സാലിഹ് റഈസിനെ ഞങ്ങള്‍ സന്ദര്‍ശിച്ചു. അദ്ദേഹം സ്ഥാപനത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് സുഹൃത്തുക്കൾക്കെഴുതിയ കത്തിൽ ഷെയ്ഖ് അന്‍സാരി കേരളത്തില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തകരാണിവരെന്നും സഹായിക്കണമെന്നുമായിരുന്നു. ആ കത്ത് കൊണ്ട് കൂടിയാണ് കെട്ടിടനിർമാണ സമയത്തു യു എ ഇ യിലെ പൗരപ്രമുഖനും മുൻ യു കെ ഹൈ കമ്മീഷണറുമായിരുന്ന ഈസ അൽ ഗുർഗ് കെട്ടിടനിർമാണസമയത്ത്, 1987 ലും 1989 ലുമായി ഏഴു ലക്ഷത്തി അറുപതിനായിരം രൂപ നൽകിയതും ഒരു കെട്ടിടം അദ്ദേഹത്തിന്റെ പേരിൽ ഉണ്ടാക്കാൻ കഴിഞ്ഞതും.
ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ദയാപുരത്തു ഉണ്ടായി വന്ന സാമ്പത്തിക മാതൃക ലളിതമാണ്: ഉദാരമതികളുടെ സംഭാവന കൊണ്ടും സന്നദ്ധപ്രവര്‍ത്തകരുടെ സൗജന്യസേവനം കൊണ്ടുമാണ് ആദ്യത്തെ പത്തു വര്‍ഷത്തില്‍ സ്ഥലം വാങ്ങലും കെട്ടിടങ്ങളുടെ ആദ്യഭാഗങ്ങളുടെ നിർമാണവും ചെലവുകളും നടന്നത്.
പെട്ടെന്ന് സ്‌കൂള്‍ തുടങ്ങാന്‍ സാധിച്ചത് ഭൂമിയിലുണ്ടായിരുന്ന വീടും അഞ്ച് മുറികളുള്ള ഓട് മേഞ്ഞ ഒരു പഴയ ഷെഡും പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. അത്യാവശ്യമായ റിപ്പയര്‍ നടത്തി ഓഫീസും ക്ലാസ്സുമുറികളും സൗകര്യപ്പെടുത്തുകയായിരുന്നു.
ആദ്യത്തെ പത്തു വര്ഷം കഴിഞ്ഞപ്പോൾ കേന്ദ്രത്തിലെ സ്കൂളും നഴ്‌സറിയും നൂറോളം അനാഥ-അഗതി വിദ്യാർത്ഥികളുടെ ജീവിതച്ചെലവും വിദ്യാഭ്യാസച്ചെലവും കഴിച്ചും ചെറിയ അളവില്‍ മിച്ചം പിടിച്ചുതുടങ്ങി. ഈ മിച്ചത്തില്‍ നിന്ന് അടുത്ത പത്തു വര്‍ഷം കെട്ടിടങ്ങള്‍ ഉണ്ടാക്കി ഇൻഫ്രാസ്ട്രക്ച്ചർ തയാറാക്കി (ആദ്യഭാഗം പലരുടെയും സംഭാവന കൊണ്ട് നിർമിച്ച കെട്ടിടങ്ങൾ വിപുലീകരിച്ചത് ഈ പണത്തിൽ നിന്നാണ്). ആദ്യത്തെ ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം നടന്നത് മിച്ചം വരുന്ന പണം ദരിദ്രപിന്നാക്ക വിഭാഗങ്ങള്‍ക്കായി കൂടുതലായി ഉപയോഗിക്കുകയാണ്- ആ കുട്ടികളുടെ എണ്ണം ആദ്യം ഇരട്ടിയാക്കി; പിന്നീട് മൂന്നിരട്ടിയാക്കി. അങ്ങിനെ അതൊരു സ്വയം പര്യാപ്തമായ സാമ്പത്തികസംവിധാനം ആയി.
നിരന്തരം പുതിയ സ്ഥാപനങ്ങൾ തുടങ്ങി കെട്ടിടങ്ങൾ ഉണ്ടാക്കി അവിടെ കുട്ടികളുടെ എണ്ണം കൂട്ടി അതിലൂടെ "പേര്" വർധിപ്പിക്കുന്ന "വികസനത്തിന്റെ" സ്ഥിരം മാതൃക ഉപേക്ഷിച്ചത് കൊണ്ട് മാത്രമാണ് ഇത് സാധ്യമായത് എന്ന് കൂടി കൂട്ടിച്ചേർക്കണം. അല്ലെങ്കിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കാൻ പിന്നെയും നിക്ഷേപങ്ങൾ വന്നു കൊണ്ടിരിക്കേണ്ടി വരുമായിരുന്നു. വിദ്യാഭ്യാസരംഗത്ത് വളരാൻ അറിയുമ്പോലെ ശ്രദ്ധ വേണ്ടതാണ് വളർച്ച നിയന്ത്രിക്കാനും എന്നാണ് എനിക്കു തോന്നുന്നത്.
സാമൂഹ്യനീതിക്കു വേണ്ടി പ്രവർത്തിക്കുന്ന കുറച്ചു സന്നദ്ധപ്രവർത്തകർ ഉദാരമതികളിൽ നിന്ന് സംഭാവന സ്വീകരിച്ചത് അനാഥ-അഗതി-ദരിദ്ര-പിന്നാക്കവിദ്യാർത്ഥികളുടെ ഉന്നമനത്തിനായാണ്. എന്ന് പറഞ്ഞാൽ അവരുടെതാണ് കേന്ദ്രം. പിന്നെ സന്നദ്ധസേവനത്തിന്റെ ഒരു കേന്ദ്രമായി മറ്റു ജോലിയും വരുമാനവും ഉള്ളവർ കണ്ടതിനാൽ സ്ഥാപനം നടത്തിക്കൊണ്ടു പോവുന്നതിലും ക്ലാസ് എടുക്കുന്നതിലും സ്ഥാപനം നടത്തുന്നതിലും അവരുടെ സേവനം സൗജന്യമാണ്- ഇങ്ങനെ ഒരു അക്കാഡമിക് കൂട്ടായ്മ ഒരു വിദ്യാഭ്യാസകേന്ദ്രത്തിനു വലിയ ശക്തിയാണ്. ഇത് കൊണ്ട് കൂടിയാണ് സ്ഥാപനത്തിന് സാമ്പത്തികമായി മിച്ചം വരുന്നതും.
തൊണ്ണൂറു ശതമാനം കുട്ടികൾ ഫീസ് കൊടുത്തു പഠിക്കുമ്പോൾ ബാക്കി വരുന്ന പണം കൊണ്ടാണ് പത്തുശതമാനം പാവപ്പെട്ടവരെ പഠിപ്പിക്കുന്നത് (കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു വര്ഷം കേന്ദ്രം പഠിപ്പിക്കുന്ന കുട്ടികളുടെ എണ്ണം 300 നടുത്താണ്).
കൊടുക്കുന്ന ഫീസിനു നൽകാവുന്നതിലധികം സ്ഥലവും സൗകര്യങ്ങളും ഉണ്ടായത് ദാനധർമങ്ങൾ കൊണ്ടാണ് എന്ന് ഫീസ് നൽകുന്ന കുട്ടികളെയും "ഗുണമേന്മയുള്ള വിദ്യാഭ്യാസം" എല്ലാ മനുഷ്യരുടെയും ജന്മാവകാശമാണെന്നും അതാരുടെയും ഔദാര്യമല്ലെന്നും നിങ്ങളുടേതാണ് കേന്ദ്രമെന്ന് സ്ഥാപനം പഠിപ്പിക്കുന്ന കുട്ടികളെയും നിരന്തരമായി ഓർമിപ്പിക്കുകയാണ് പ്രവർത്തകരുടെ ഒരു ജോലി. സമ്പത്തിന്റെയും സാമൂഹികമൂലധനത്തിന്റെയും പുനർവിതരണത്തിനുള്ള ഒരു മാർഗമായി സ്വയം കാണുന്ന ഒരു കേന്ദ്രത്തിനു നിര്ബന്ധമാണിക്കാര്യം.
ഭക്ഷണമോ മരുന്നോ വിദ്യാഭ്യാസമോ കൊടുക്കുകയല്ല ഏറ്റവും പ്രധാനം; അതെല്ലാവർക്കും ഉണ്ടാവുക നമ്മുടെ നമ്മുടെ ധാര്മികമായ ഉത്തരവാദിത്വമാണെന്ന ആശയം പ്രചരിപ്പിപ്പിക്കുകയാണ്, ആ ആശയത്തെ പ്രായോഗികമായി കാണിച്ചു കൊടുക്കുവാൻ മാത്രമാണ് കേന്ദ്രം എന്നാണ് ഞാൻ വിചാരിക്കുന്നത്.
ഇങ്ങനെ സ്വയംപര്യാപ്തമായ ഒരു സാമ്പത്തികമാതൃക ഉണ്ടാവുമോ എന്ന് പലരും സംശയിക്കാറുണ്ട്. സ്ഥാപനം നടന്നുപോവാനും അതിൽ 300 ഓളം കുട്ടികളെ പഠിപ്പിക്കാനും ദയാപുരത്തിനു ഇന്ന് അവിടെ നിന്നുള്ള വരുമാനം തന്നെ മതി. കഴിഞ്ഞ പത്തുവർഷങ്ങളായി ദയാപുരത്ത് വാർഷിക ബജറ്റിന്റെ ഒരു ശതമാനം മാത്രം ആണ് സംഭാവന ആയികിട്ടുന്നത്. പ്രളയപുനരധിവാസത്തിനും അത്തരം പദ്ധതികൾക്കും മാത്രമാണ് പുറത്തു നിന്ന് പണം വരേണ്ടി വരുന്നത് എന്നതാണ് ഇപ്പോഴത്തെ അനുഭവം.
ഒരു സ്ഥാപനം തുടങ്ങുന്നതിന് വേണ്ടത് എന്തെല്ലാമാണ്? ഉദ്ദേശ്യം (നിയ്യത്ത്) നന്നായിരിക്കണം എന്നതാണ് ആദ്യമായി തോന്നിയ കാര്യം. ഉദ്ദേശ്യശുദ്ധി പോലെ തന്നെ പ്രധാനമാണ് കൂട്ടായ്മയുടെ ദൗത്യബോധവും നിസ്വാർത്ഥതയും നീതിബോധവും.
ഗാന്ധിയും അംബേദ്കറും മൗലാനാ ആസാദും നെഹ്രുവും രൂപം കൊടുത്ത ജനാധിപത്യം, സമത്വം, മതേതരത്വം എന്നിവയുടെ സമന്വയമായ ഇന്ത്യ എന്ന ആശയം വളരെ മനോഹരമാണ്. അത്തരമൊരു റിപ്പബ്ലിക് ഇത്രയും അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു ഭൂമിശാസ്ത്രപ്രദേശത്തു സ്ഥാപിച്ചെടുക്കണമെങ്കില്‍ സര്‍ക്കാരോ നിയമമോ വിചാരിച്ചാല്‍ മതിയാവില്ല. നമ്മള്‍ ഓരോരുത്തരും നമ്മുടെ ചുറ്റുപാടുകളില്‍ ഈ ആശയം സമൂര്‍ത്തമായി വളര്‍ത്തിയെടുക്കണം. ഒരു കൂട്ടായ്മ നടത്തിയ അങ്ങനെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ദയാപുരത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
ഇന്നീ പറയുന്ന വ്യക്തത ഞങ്ങള്‍ക്കാര്‍ക്കെങ്കിലും ഇത് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നോ? എന്റെ അനുഭവത്തിൽ ഇല്ല. പക്ഷെ, കഴിയാവുന്ന ആത്മാർത്ഥതയോടെ സ്ഥാപനം നടത്തിക്കൊണ്ടു വന്നപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ആശയവ്യക്തത ആണത്. പലതും ഒരുപാട് കാലം ചെയ്തിട്ട് മാത്രം ഒരു ആശയമായി പറയാവുന്ന നിലക്കെത്തിയതാണ്. എം എൻ വിജയൻ മാഷ് പറഞ്ഞപോലെ, "ആദ്യത്തെ നിഘണ്ടു ഉണ്ടാക്കാൻ 30 വര്ഷം വേണമെങ്കിൽ രണ്ടാമത്തേതുണ്ടാക്കാൻ 30 ദിവസം മതി" എന്നതാണ് സ്ഥാപനങ്ങളുടെ നിർമാണത്തിലും ഉള്ള അനുഭവം.
തീര്‍ത്തും അവ്യക്തവും ഭാവിയെക്കുറിച്ച് വ്യക്തമായ ഒരു രൂപവുമില്ലാതിരുന്നിട്ടും, ഈ ദൗത്യത്തെ എല്ലാവര്‍ക്കും മനസ്സിലേക്കെടുക്കാന്‍ കഴിഞ്ഞു. അതിന് കാരണം ഷെയ്ഖ് അന്‍സാരി എന്ന എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത മനുഷ്യന്റെ സാന്നിധ്യമാണ്. തറക്കല്ലിട്ടുകൊണ്ട് അദ്ദേഹം നടത്തിയ പ്രാര്‍ത്ഥന ആഴത്തില്‍ സ്പര്‍ശിച്ചു എന്ന് അന്ന് അവിടെ കൂടിയ എല്ലാവരും പറഞ്ഞു. അഗാധമായ ആധിയോടെ, അപാരമായ കാരുണ്യത്തോടെ, ഇടറുന്ന കണ്ഠത്തോടെ അനാഥരും അഗതികളും ദരിദ്രരുമായ മനുഷ്യര്‍ക്ക് വേണ്ടി ശൈഖ് ദീര്‍ഘമായി പ്രാര്‍ത്ഥിച്ചു. അതിലൂടെ ഒരു വലിയ ദൗത്യത്തെക്കുറിച്ചുള്ള ബോധ്യം എല്ലാവരിലും വര്ഷങ്ങളോളം പതിഞ്ഞു നില്‍ക്കുന്ന രീതിയില്‍ ഉണ്ടാക്കാൻ കഴിഞ്ഞു.
രാഷ്ട്രീയ ബോധ്യവും ഇക്കാര്യത്തില്‍ പ്രധാനമാണ്: ഒരു പാര്‍ട്ടിയും സംഘടനയും വേണ്ട എന്ന തീരുമാനം നീതി പൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടി എടുത്തതാണ്. പല പാര്‍ട്ടിക്കാരും സംഘടനക്കാരും ഒരു സ്ഥാപനം വളര്‍ത്തുന്നത് പാര്‍ട്ടി/ സംഘടന വളര്‍ത്തുന്നതിന്റെ ഭാഗമായാണ്. ഇവിടെ വളര്‍ച്ച എന്ന് പറഞ്ഞാല്‍ എണ്ണമാണ്, അത് കെട്ടിടത്തിന്റേതായാലും ആളുകളുടേതായാലും.
വോട്ടു ബാങ്ക് നിര്‍മാണം അല്ലെങ്കില്‍ കൈക്കൂലിയിലൂടെയുള്ള കള്ളപ്പണ സമാഹരണം എന്നിവയില്‍ ആണ് പലരുടെയും ശ്രദ്ധ എന്ന് വരുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുണ്ടാവേണ്ട ഗുണം ഇല്ലാതെയാവുന്നു. സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥയോടുള്ള മമതയ്ക്ക് പകരം പ്രവേശനത്തിലും നിയമനത്തിലും ഇടപെട്ടു അധ്യാപകര്‍ക്ക് തങ്ങളുടെ ജോലി ചെയ്യാനാകാത്ത അവസ്ഥ താല്‍പര്യങ്ങള്‍മൂലം ഉണ്ടാകും. ഇതുകൊണ്ടൊക്കെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എന്നാല്‍ ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ അല്ലാത്ത രീതിയില്‍ അവതരിപ്പിക്കപ്പെടാനാണ് ശ്രദ്ധിച്ചത്.
അപ്പോഴും മാർക്സിസ്റ്റുകാരും കോൺഗ്രെസ്സുകാരും ലീഗുകാരും ഇ കെ സുന്നി വിഭാഗവും വിവിധ മുജാഹിദ് വിഭാഗങ്ങളും ആയ വ്യക്തികൾ എല്ലാ കാലത്തും ദയാപുരത്തിന്റെ സത്ത മനസ്സിലാക്കി ഒരു താല്പര്യവും ഇല്ലാതെ കൂടെ നിന്നിട്ടുണ്ട് എന്നത് എടുത്തു പറയണം. ഇന്ത്യൻ മതേതരത്വത്തിലും ഭരണഘടനയിലും അധിഷ്ഠിതമായിരുന്നു ദയാപുരത്തിന്റെ ചിന്ത എന്നതിനാൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതരാഷ്ട്രവാദികൾ ഈ കൂട്ടായ്മയുടെ പുറത്തു ആയിരുന്നു.
എന്നാല്‍ ഈ കേന്ദ്രത്തിന്റെ തുടക്കം ഒരു വിഭാഗത്തെ(ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെ) അസ്വസ്ഥരാക്കിത്തുടങ്ങിയത് മനസ്സിലായത് ഒന്ന് രണ്ടു വര്ഷം കൊണ്ടാണ്. ഇത് സത്യത്തില്‍ ഒരു കേഡര്‍ പാര്‍ട്ടിയെപ്പറ്റി എനിക്ക് എളുപ്പം മനസ്സിലാവേണ്ട ഒരു കാര്യമായിരുന്നു.
കേഡർ പാർട്ടികൾക്ക് ശരിയോ തെറ്റോ ആയി ആശയം ഉണ്ടാവും. അത് പോലെ അതിനുള്ളില്‍ ആളുകള്‍ തമ്മിലുണ്ടാവുക ഒട്ടും വ്യക്തിപരമല്ലാത്ത ബന്ധമാവും. തികച്ചും വിരുദ്ധമായ പ്രത്യയശാസ്ത്രവുമായി അവര്‍ക്കിടയില്‍ ശക്തരായ ആളുകളോട് എതിര്‍പ്പുള്ള ഒരാള്‍ ഒരു സ്ഥാപനം തുടങ്ങിയാല്‍ അതിനെ എതിര്‍ക്കുക എന്നത് സംഘടനാരീതി കൊണ്ട് ഒഴിവാക്കാന്‍ കഴിയാത്തതായിരിക്കും.
ഞങ്ങളുടെ കൂട്ടായ്മയിലെ പണ്ഡിതരും എഴുത്തുകാരും കച്ചവടക്കാരും പ്രാദേശിക പ്രവര്‍ത്തകരും എല്ലാവരും അന്ന് പൊതുവില്‍ ജമാഅത്തെ ഇസ്‌ലാമിയോട് പല നിലക്കും വിയോജിപ്പുള്ളവരായിരുന്നു എന്നതും ഇതിനു ആക്കം കൂട്ടിയിട്ടുണ്ടാവാം. ജമാഅത്തിനെതിരെ ഒരു കൂട്ടായ്മ ഇവിടെ രൂപപ്പെടുകയാണ് എന്നവര്‍ അന്നു വിചാരിച്ചതില്‍ തെറ്റ് പറയാനില്ല.
തറക്കല്ലിടല്‍ കഴിഞ്ഞുള്ള വിദേശയാത്രകളിലാണ് എനിക്ക് ഇത് മനസ്സിലായത്. കുവൈറ്റിലൊക്കെ ഞാൻ എത്തുന്നതിനു മുമ്പേ ദയാപുരത്തിനെതിരേയും എനിക്കെതിരെയും പ്രചാരണം നടന്നു കഴിഞ്ഞിരുന്നു. ദയാപുരത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ ചിലരും പ്രസ്ഥാനം എതിര്‍ത്തതോടെ പിന്‍വലിഞ്ഞു. എന്റെ സഹോദരങ്ങളും കുടുംബക്കാരും എന്റെ കുടുംബമാണ് എന്നതിനാൽ മാത്രം നാട്ടിലും ജോലിയിലും മോശമായ പെരുമാറ്റത്തിന് പാത്രങ്ങളായി. എങ്കിലും മുന്നോട്ടു പോവാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹംകൊണ്ടും സുഹൃത്തുക്കളുടെ പിന്തുണകൊണ്ടും മാത്രമാണ്. ഇതില്‍ ഏറ്റവും കൗതുകകരമാണ് ദയാപുരത്തിന്റെ ഔപചാരിക ഉദ്ഘാടനം.
1986 ജനുവരി 10 നായിരുന്നു ദയാപുരത്തെ സ്‌കൂള്‍, അനാഥശാല, പള്ളി എന്നിവയുടെ ഔപചാരിക ഉദ്ഘാടനം. ദയാപുരത്തെ പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചക്കുള്ള നമസ്‌കാരത്തിന് ഷെയ്ഖ് നേതൃത്വം നല്‍കുമെന്നതായിരുന്നു പരിപാടി. ഷെയ്ഖ് ബോംബെ വഴി ഒരു കോണ്‍ഫറന്‍സിനായി ലക്‌നോവിലേക്കു പോവും. അവിടെ നിന്ന് കൊച്ചിയിലെത്തി കോഴിക്കോട്ടേക്ക് വരും. ഇതായിരുന്നു പരിപാടി.
ഉദ്ഘാടനത്തിന് വരുന്ന ഷെയ്ഖിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടി തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവാനും അതുവഴി ദയാപുരത്തിന്റെ പള്ളി ഉദ്ഘാടനം വൈകിപ്പിക്കാനുമുള്ള ആലോചന ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടെന്ന് എനിക്ക് വിവരം കിട്ടി. ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും അന്ന് ഷെയ്ഖ് അറിഞ്ഞിരുന്നില്ല. ഫോണില്‍ വിളിച്ചു കാര്യം അദ്ദേഹത്തോട് വിശദീകരിക്കുക സാധ്യമേയല്ല. പിന്നെ പരിചിതരായ കുറെ ആളുകള്‍ വന്നു ഷെയ്‌ഖിനു സ്വീകരണം നൽകണം എന്ന ഭാവേന അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവാന്‍ വന്നാല്‍ അവരോടു അവിടെ വെച്ചു ബഹളം കൂട്ടുക വളരെ മോശമാകും.
1975 ൽ ഷെയ്ഖ് അൻസാരിയോടൊപ്പം കൊച്ചിയിൽ വന്നിറങ്ങിയപ്പോൾ ഷെയ്‌ഖുമായി യാതൊരു പരിചയവും ഇല്ലാതിരുന്നിട്ടും വിമാനത്തിനടുത്തു വരെ കാർ കൊണ്ടുവന്നു ഷെയ്‌ഖിനെയും കൂടെ അകമ്പടിക്കെത്തിയ എന്നെയും കൂട്ടി പല പരിപാടികളിലും ഷെയ്‌ഖിനെ പങ്കെടുപ്പിച്ച ജെ ഡി റ്റി യിലെ ഹസൻ ഹാജിയുടെ മിടുക്കു ഞാൻ കണ്ടതാണ്. അന്ന് അത് കൊണ്ട് കോട്ടക്കലിൽ എത്താൻ രാത്രി ആയിപ്പോയിരുന്നു. അതാണ് ഞാൻ പേടിച്ചതും. അങ്ങിനെ ഒരു അവസ്ഥ ഉണ്ടാവരുത്. എന്നാല്‍ ഉദ്ഘാടനം സമയത്തു നടക്കുകയും വേണം.
ലക്‌നൗവില്‍ നിന്ന് ഏതു എയര്‍പോര്‍ട്ട് വഴി, എവിടെയാണ് വന്നെത്തുക എന്നറിയാത്തതിനാല്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ കൊച്ചി, മംഗലാപുരം, ബാംഗ്ലൂര്‍ എന്നീ മൂന്നു എയര്‍പോര്‍ട്ടുകളിലേക്കും ആളെ അയക്കുമെന്ന് ഞങ്ങള്‍ കണക്കുകൂട്ടി. ഷെയ്‌ഖിനും സെക്രട്ടറിക്കും എം വി കുഞ്ഞുമുഹമ്മദ് ഹാജിക്കും മൂന്നു വിമാനടിക്കറ്റെടുത്തു നൽകി എം. വി. കുഞ്ഞുമുഹമ്മദ് ഹാജിയെ ബോംബയിലേക്കയച്ചു. അവിടെ നിന്ന് അദ്ദേഹം ഷെയ്ഖിനൊപ്പം ലക്‌നൗവില്‍ പോവും, തിരിച്ച് ബോംബെ വഴി ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തും. ഷെയ്ഖിനെയും കുഞ്ഞുമുഹമ്മദ് ഹാജിയെയും പി പി ഹൈദര്‍ ഹാജിയും ഞാനും ബാംഗ്ലൂരില്‍ കാറിൽ ചെന്ന് കൂട്ടും. അതായിരുന്നു പ്ലാന്‍.
രാത്രിയില്‍ ബന്ദിപ്പൂര്‍ കാടുകള്‍ കടന്നു പോവുക ആശങ്കയുളവാക്കുന്ന കാലം. ആനയെയും കൊള്ളക്കാരെയുമൊക്കെ പേടിക്കണം. അന്ന് കാര്യമായി വലിയ തോതില്‍ ബസ് സര്‍വീസ് ഇല്ല. ഹൈദര്‍ക്കയുടെ കാറില്‍ ഒരു വലിയ ഇരുമ്പുദണ്ഡ് എടുത്തു വെച്ചാണ് യാത്ര.
അന്നത്തെ ഒരു പ്രശ്‌നം എം. വി. കുഞ്ഞുമുഹമ്മദ് ഹാജിയെ ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് യാതൊരു വഴിയും ഇല്ല എന്നതാണ്. അത് ഇന്ന് മനസ്സിലാക്കാന്‍ പ്രയാസം. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ ബാഗ്ലൂരില്‍ എത്തുമെന്ന ധാരണ മാത്രമേയുണ്ടായിരുന്നുള്ളൂ. ആ ധാരണയുമായി ഞങ്ങള്‍ രാവിലെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി.
എയര്‍പോര്‍ട്ടിനടുത്തെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ അവിടെ കാത്തു നില്‍ക്കുന്നത് കണ്ടു. കാഴ്ചയിൽ കർണാടകക്കാരാണ്. അവര്‍ ശൈഖിനെ സ്വീകരിക്കാന്‍ വന്നവരായിരിക്കുമെന്നും കേരളത്തില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരമാവാമിതെന്നും ഞാന്‍ ഹൈദര്‍ ഹാജിയോട് പറഞ്ഞു. കാര്‍ അകലെ നിര്‍ത്തി നേരെ ചെന്ന് അന്വേഷിക്കാം. ഊഹം ശരിയായിരുന്നു.
കൂട്ടത്തില്‍ ഒരാളോട് ചോദിച്ചു: "ശൈഖ് അന്‍സാരിയെ കാത്തിരിക്കുകയാണോ?"
'അതെ', അയാൾ പറഞ്ഞു.
"നിങ്ങള്‍ക്ക് ഷെയ്ഖ് അന്‍സാരിയെ അറിയാമോ?"
"അറിയില്ല, കേരളത്തില്‍ നിന്നുള്ള നിര്‍ദ്ദേശമാണ്".
'നിങ്ങള്‍ ആരെ സ്വീകരിക്കാന്‍ വന്നതാണ്?' അയാള്‍ തിരിച്ചു ചോദിച്ചു. മറുപടി പറയാതെ ഞാന്‍ പെട്ടെന്ന് മടങ്ങി. അയാള്‍ കുറച്ചു നേരം എന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. സംഗതിയുടെ കിടപ്പ് ഹൈദര്‍ ഹാജിയെ അറിയിച്ചു.
ഷെയ്ഖും ഹാജിയും രാവിലെ പത്തുമണിക്കെത്തുമായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പ്രതികൂല കാലാവസ്ഥ കാരണം ഫ്‌ളൈറ്റ് വന്നിട്ടില്ല. ആദ്യം വന്ന ഫ്‌ളൈറ്റില്‍ ഷെയ്ഖും ഹാജിയുമില്ല. രണ്ടാമത്തെ വിമാനവും പറന്നിറങ്ങി. (അത് രണ്ടും എവിടെ നിന്നു വന്ന വിമാനങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല). ശൈഖും ഹാജിയുമില്ല. അതോടെ ബാംഗ്ലൂരില്‍നിന്നുള്ള സ്വീകരണക്കാര്‍ സ്ഥലം വിട്ടു. ഞങ്ങള്‍ അകലെ കാര്‍ പാര്‍ക്ക് ചെയ്തു, ആശങ്കയോടെ കാത്തിരുന്നു.
അവസാനം പന്ത്രണ്ടു മണിക്കൂർ വൈകി രാത്രി പത്തു മണിക്ക് വന്ന വിമാനത്തിലാണ് ശൈഖും ശൈഖിന്റെ സെക്രട്ടറിയും കുഞ്ഞുമുഹമ്മദ് ഹാജിയും എത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ വിമാനം വൈകുകയായിരുന്നുവത്രെ. കാത്തിരുന്നു കാത്തിരുന്നു ഷെയ്ഖ് അങ്ങേയറ്റം ക്ഷീണിച്ചിരുന്നു. കണ്ടപാടെ തനിക്കു എവിടെയെങ്കിലും ഒന്ന് വിശ്രമിക്കണമെന്നു പറഞ്ഞു. ബാംഗ്ലൂരില്‍ മുറിയെടുത്തു കിടന്നാല്‍ ഒരു കാരണവശാലും പിറ്റേന്ന് ഉച്ചക്ക് നമസ്‌കാരത്തിന് ദയാപുരത്ത് എത്തുന്ന പ്രശ്‌നമില്ല.
ഹോട്ടലിലേക്കെന്ന ഭാവത്തില്‍ ഹൈദര്‍ക്ക കാറോടിച്ചു മൈസൂര്‍ പാലസ് ഹോട്ടലില്‍ എത്തിച്ചു. അപ്പോള്‍ സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. വിശപ്പും ക്ഷീണവും ഷെയ്ഖിനെ അവശനാക്കിയിരുന്നു. പിറ്റേന്ന് രാവിലെ പ്രഭാത നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ ചാത്തമംഗലത്തേക്കു പുറപ്പെട്ടു. ഡ്രൈവിങ്ങിന്റെ ഉത്തരവാദിത്വം എം. വി. കുഞ്ഞുമുഹമ്മദ് ഹാജി ഏറ്റെടുത്തു. നല്ല വേഗത്തില്‍ സമര്‍ത്ഥമായി കാറോടിച്ചു ഹാജി ഞങ്ങളെ ദയാപുരത്തെത്തിക്കുന്നത് വെള്ളിയാഴ്ചപ്രാര്‍ത്ഥനയുടെ തൊട്ടുമുമ്പ്.
ഞങ്ങള്‍ എത്തുമ്പോഴേക്ക് ഷെയ്ഖ് അന്‍സാരി വരില്ലെന്നും ഉദ്ഘാടനം നടക്കില്ലെന്നും വ്യാപകമായി പ്രചാരണം നടന്നതിനാല്‍ പലരും തിരിച്ചു പോയിരുന്നു വെന്നു കേട്ടു. ദയാപുരം പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. അവര്‍ ആധിയോടെ ഒരുങ്ങി കാത്തുനില്‍ക്കുകയായിരുന്നുതീര്‍ത്തും വ്യര്‍ത്ഥവും അപമാനിതവും ആയേക്കാവുന്ന ഒരു കാത്തിരിപ്പ്. ആ കാത്തിരിപ്പിന്റെ അവസാനമായി ഷെയ്ഖ് കാറില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടാവുന്ന ആഹ്ലാദം!
അങ്ങിനെ ദയാപുരം എന്ന വിദ്യാഭ്യാസസാംസ്‌കാരിക കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഷെയ്ഖ് അന്‍സാരി എന്ന സാന്നിധ്യത്തിന്റെ തണല്‍ പിന്നീട് നാല് വര്‍ഷമേ ഞങ്ങള്‍ക്ക് കിട്ടിയുളളൂ. 1989 ല്‍ ലണ്ടനിലെ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. താൻ കുറച്ചു സമയത്തിനുള്ളിൽ തന്റെ സൃഷ്ടാവിലേക്കു മടങ്ങുമെന്നും സമാധാനമായി ഇരിക്കണമെന്നും കൂടെയുള്ള ഡോക്ടറോടും മക്കളോടും പറഞ്ഞ ശേഷം കുറച്ചു സമയം കഴിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.