ദയാപുരത്തിന്റെ കഥ 2: സ്ഥലമെടുപ്പ്, ഇറാന്‍-ഇറാഖ് യുദ്ധം, തെളിയുന്ന വഴികള്‍

ദയാപുരത്തിന്റെ കഥ 2: സ്ഥലമെടുപ്പ്, ഇറാന്‍-ഇറാഖ് യുദ്ധം, തെളിയുന്ന വഴികള്‍
ദയാപുരത്തിന്റെ കഥ 2: സ്ഥലമെടുപ്പ്, ഇറാന്‍-ഇറാഖ് യുദ്ധം, തെളിയുന്ന വഴികള്‍
ദയാപുരത്തിന്റെ കഥ അദ്ധ്യായം ഒന്ന്: പ്രവാസത്തില്‍ നിന്നുള്ള മടക്കം

ഷെയ്ഖ് അന്‍സാരിയുടെ സമ്മതം കിട്ടിയതിന്‍റെ ഉത്സാഹത്തില്‍ ഞാന്‍ തിരിച്ചെത്തി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോവാന്‍ തുടങ്ങി.

ചേന്ദമംഗല്ലൂരിലെയും ഖത്തര്‍ പ്രവാസികളായ തൃശൂരിലെ ചില സുഹൃത്തുക്കളുടെയും പങ്കാളിത്തം അപ്പോള്‍ പദ്ധതിക്ക് ഉണ്ടായിരുന്നുവെങ്കിലും കോഴിക്കോട് നഗരത്തില്‍ നിന്ന് ആരെങ്കിലും കൂട്ടത്തില്‍ വേണമെന്ന എന്‍റെ അഭിപ്രായം മരക്കാരിനോട് പറഞ്ഞു. ഇത്തരമൊരു കൂട്ടായ്മയിൽ പല പ്രദേശത്തുനിന്നുമുള്ള ആളുകൾ വേണം. ആ പിന്തുണ ആവശ്യമാണ്. ഫറോക്ക് കോളേജ് മാനേജരായിരുന്ന ഹസൻ കുട്ടിക്കയുടെ അനിയനും സുഹൃത്തുമായ കെ കുഞ്ഞലവിയുടെ പേരാണ് മരക്കാര്‍ നിര്‍ദ്ദേശിച്ചത്. ഞങ്ങൾ രണ്ടുപേരും അദ്ദേഹത്തെ ചെന്നുകണ്ടു. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു.
ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കേണ്ടതുണ്ട്. ഇസ്ലാം മതത്തെ ആത്മീയധാര്‍മിക സ്രോതസ്സായി കാണുകയും അതിന്‍റെ മാനവികമായ ഒരു തലം സമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം എന്ന നിലയ്ക്ക് 'അല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ്' എന്നു പേരിടുന്നതിനെക്കുറിച്ച് ഞാനും എം.എന്‍. കാരശ്ശേരിയും ആലോചിച്ചു. എല്ലാവരും അതിനോട് യോജിച്ചു.

സംരംഭത്തിനു മുമ്പില്‍ നില്‍ക്കാന്‍ ചെയര്‍മാന്‍ സ്ഥാനത്ത് പണ്ഡിതനായ ഒരാള്‍ വേണം. ഫാറൂഖ് കോളേജില്‍ പ്രിന്‍സിപ്പലായി വിരമിച്ച പ്രൊഫ. വി മുഹമ്മദ് സാഹിബിനെ ചെന്നുകണ്ടു. എഴുത്തുകാരന്‍, മതപണ്ഡിതന്‍, സാമൂഹ്യ പരിഷ്കരണത്തെപ്പറ്റി ആലോചനകളുള്ള വ്യക്തി. അദ്ദേഹത്തിനു സമ്മതമായി. തുടര്‍ന്ന് അദ്ദേഹവും ഞാനും 250/-രൂപ വീതം കൊടുത്തു ദാതാക്കളായാണ് അല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് നിലവില്‍ വരുന്നത്. ട്രസ്റ്റിന്റെ ആദ്യയോഗം നടന്നത് ദയാപുരം കൂട്ടായ്മയുടെ ഭാഗമായിത്തുടങ്ങിയിരുന്ന മോൻറെ ഉടമസ്ഥതയിൽ ഉള്ള ഇമ്പിരിയിൽ ഹോട്ടലിൽ.

അതോടൊപ്പം ട്രസ്റ്റിന്‍റെ മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന മൂന്നു മാര്‍ഗ്ഗദര്‍ശകരെ ഞങ്ങള്‍ ആലോചിച്ചു. അങ്ങിനെയുള്ള ആളുകളില്ലെങ്കില്‍ ഈ പുതിയ കേന്ദ്രത്തെ മനസ്സിലാക്കാന്‍ ആളുകള്‍ക്കു സാധ്യമായെന്നു വരില്ല എന്നതായിരുന്നു കാരണം. മതപണ്ഡിതനായ ലക്നൗവിലെ അബുല്‍ ഹസന്‍ അലി നദ്‌വി (ഇദ്ദേഹം ഷെയ്ഖ് അന്‍സാരിയുമായുള്ള ബന്ധംകൊണ്ടു സമ്മതിച്ചതാണ്), മതേതരത്വം, സംശുദ്ധമായ പ്രവര്‍ത്തനം എന്നിവയുടെ മൂര്‍ത്തരൂപമായ പി.പി. ഉമ്മര്‍ കോയ, സര്‍ഗ്ഗഭാവനയുടെയും സാമൂഹ്യപരിഷ്കരണത്തിന്‍റെയും ആള്‍രൂപമായ വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവര്‍ ട്രസ്റ്റിന്‍റെ സ്ഥാപകമാര്‍ഗദര്‍ശികളായി. മാതൃകകൾ പ്രധാനമാണ്. നാമെവിടെ എത്തിച്ചേരണമെന്ന്, എന്തായിത്തീരണമെന്നു ആഗ്രഹിക്കുന്നുവോ അതാണ് ആവുക എന്നു ബുദ്ധവചനം ഓർമിപ്പിക്കുന്നു.

ഇനി, സങ്കല്പത്തിലെ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തണം. സ്ഥലമെടുപ്പ് വിഷമകരമായ പണിയാണ്. വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിനു പറ്റിയതാവണം. വെള്ളം കിട്ടുന്ന സ്ഥലമാവണം. വിലയില്‍ ഒതുങ്ങണം. പണം നല്‍കാന്‍ സമയമെടുക്കുന്ന കച്ചവടമായതിനാല്‍ വില്‍ക്കുന്ന ആളുകളുമായി നല്ല ധാരണ വേണം. എല്ലാം ഒത്തുവരാന്‍ വലിയ പാടുളള വിഷയം.

മരക്കാരിന്‍റെ സ്കൂട്ടറിന്ന് പിറകില്‍ ഇരുന്ന് രണ്ടുമൂന്നു സ്ഥലങ്ങള്‍ പോയി നോക്കി. പറ്റിയില്ല. അപ്പോഴാണ് ചാത്തമംഗലത്ത് സി.സി. കെട്ട് എന്നൊരു സ്ഥലമുണ്ട്, അതൊന്നു നോക്കാമെന്നു മരക്കാര്‍ പറയുന്നത്.

സി.സി കുടുംബം ആ മേഖലയിലെ പേരുള്ള തറവാടാണ്. അവര്‍ക്കന്ന് ബസ്സുകളും വലിയ ഭൂസ്വത്തുമുണ്ട്. മതില്‍ക്കെട്ടിനു പുറത്തുനിന്ന് കറുത്ത പെയിന്‍റടിച്ച ഗേറ്റിലൂടെ ഞങ്ങള്‍ ഉള്ളിലേക്ക് നോക്കി. വിശാലമായ സ്ഥലം. ഓടിട്ട ചെറിയൊരു വീട്, കിണര്‍, നിറയെ മരങ്ങള്‍. ഈ പരിസരത്താണ് കുട്ടിക്കുപ്പായമെന്ന സിനിമയിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചതത്രെ.

ഞാന്‍ മരക്കാരിനോട് പറഞ്ഞു: 'മരക്കാരേ, ഇത് തന്നെയാണ് നാം തിരയുന്ന ഭൂമി'.

സി.സി സഹോദരന്മാരില്‍ സഹദേവന്‍, ഭാര്യ വൃന്ദച്ചേച്ചി, വിജയന്‍, രത്നാകരന്‍, ബാബു തുടങ്ങിയവരെയൊക്കെ ചെന്നുകണ്ടു. സ്ഥലം കൈമാറ്റത്തിന്‍റെ കാര്യങ്ങളില്‍ കൊടുവള്ളിയിലെ പ്രമുഖനും ബഹുമാന്യസാമൂഹ്യപ്രവര്‍ത്തകനുമായ ടി.കെ പരീക്കുട്ടി ഹാജി നന്നായി സഹായിച്ചു.

കച്ചവടമുറപ്പിക്കുമ്പോള്‍ സ്ഥാപനസംബന്ധമായ പണികളൊന്നും തുടങ്ങിയിട്ടില്ല. ആദ്യഗഡുവായി കൊടുക്കേണ്ട അഞ്ചുലക്ഷത്തിന് ഒരുമാസത്തെ അവധി ചോദിച്ചു. 'സി.ടി ഖത്തറില്‍ ചെന്നാല്‍ മതി. പണം കിട്ടാന്‍ ഒരുബുദ്ധിമുട്ടുമുണ്ടാവില്ല', പരീക്കുട്ടി ഹാജി സി.സി കുടുംബത്തെ ധൈര്യപ്പെടുത്തി.

അത്രയും ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെങ്കിലും ഷെയ്ഖ് അന്‍സാരിയെ ചെന്നുകണ്ടാല്‍ അദ്ദേഹം പണത്തിനൊരു വഴി കാണിച്ചുതരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ വിശ്വാസത്തോടെയാണ് ദോഹയിലേക്ക് രണ്ടാമതും വിമാനം കയറിയത്.

തറക്കല്ലിടല്‍
തറക്കല്ലിടല്‍

ഇറാന്‍-ഇറാഖ് യുദ്ധം

ദോഹയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇറാന്‍-ഇറാഖ് യുദ്ധം ഖത്തറിനെ ബാധിച്ചു തുടങ്ങിയെന്ന് ഞാന്‍ മനസ്സിലാക്കുന്നത്.
1980-ല്‍ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഷിയാസ്വാധീനം ഇറാഖിലേക്ക് പടരാതിരിക്കണമെന്ന സുന്നി അഭ്യര്‍ത്ഥനയാണ് യുദ്ധഹേതുവായി പറഞ്ഞിരുന്നത്. പക്ഷേ, അമേരിക്കന്‍ വിരുദ്ധരായ ഇറാനിലെ പുതിയ നേതൃത്വത്തെ തളര്‍ത്തുകയെന്നത് അമേരിക്കയുടെ ആവശ്യമായിരുന്നു. സദ്ദാം ഹുസൈനിലൂടെ അവര്‍ നടത്തിയ ഇടപെടലുകളായിരുന്നു ഈ യുദ്ധം.


ഇറാഖിനും അമേരിക്കയ്ക്കുമൊപ്പമായിരുന്നു ഖത്തര്‍. 1983-ല്‍ ഇറാക്ക് യൂറോപ്യന്‍ വിദഗ്ധരുടെ സഹായത്തോടെ ഇറാനെതിരെ രാസായുധം പ്രയോഗിച്ചുതുടങ്ങി. (ഇങ്ങനെ ഇറാനില്‍ അമ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പിന്നീട് പുറത്തുവന്ന രേഖകള്‍ പറയുന്നത്). ഇറാന്‍റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കപ്പെടുമെന്ന ഭീഷണിയോടൊപ്പം അവരുടെ പ്രത്യാക്രമണം ഖത്തര്‍തീരത്തു വരുത്തിയേക്കാവുന്ന നഷ്ടങ്ങളും ആളുകളെ നന്നായി പേടിപ്പെടുത്തിയിരുന്നു. രാസായുധപ്രയോഗം ഭയന്ന് കടകളും വീടുകളും അടഞ്ഞുകിടന്നു.

ഈ മ്ലാനതയുടെ അന്തരീക്ഷത്തിലേക്കാണ് ഞാന്‍ ചെന്നിറങ്ങുന്നത്. എത്തിയ ഉടനെ ഷെയ്ഖ് അന്‍സാരിയെ ചെന്നുകണ്ടു. അദ്ദേഹം സ്വതസിദ്ധമായ സൗമ്യതയോടെ എന്നെ സ്വീകരിച്ചു. എന്നാല്‍ പുതിയ കേന്ദ്രത്തെപ്പറ്റി ഒന്നും ചോദിച്ചില്ല. അക്കാര്യം അടുത്ത കാഴ്ചയില്‍ പറയാമെന്ന് വിചാരിച്ചു ഞാനും ഒന്നും പറഞ്ഞില്ല.

വന്നിട്ട് രണ്ടുദിവസം കഴിഞ്ഞ് കണ്ടപ്പോഴും പ്രൊജെക്ടിനെപ്പറ്റി ഷെയ്ഖ് ഒന്നും അന്വേഷിച്ചില്ല. എനിക്ക് അങ്ങോട്ടു കയറി പറയാമോ? ആലോചിച്ചുവെങ്കിലും ധൈര്യം വന്നില്ല. ഒരിക്കലുമില്ലാത്ത വിഷാദം ആ മുഖത്തുണ്ടോ? പെട്രോളിനെ അടിസ്ഥാനമാക്കി വളരാന്‍ തുടങ്ങിയ ഒരു രാജ്യം ഈ യുദ്ധത്തിലൂടെ തകര്‍ന്നു പോവുമെന്ന പേടി ഖത്തറികള്‍ക്കുള്ളതായി ഞാന്‍ മറ്റുള്ളപലരില്‍നിന്നും മനസ്സിലാക്കിയിരുന്നു. ഉള്ളതൊക്കെ വിദേശബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള ശ്രമം തുടങ്ങാന്‍ മാത്രം പരിഭ്രാന്തരായിരുന്നു അവിടത്തുകാര്‍ എന്നും കേട്ടു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചുനില്‍ക്കുകയും വിദേശതൊഴിലാളികള്‍ കൂട്ടത്തോടെ മടക്കയാത്ര ആരംഭിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ പുതിയ സ്ഥാപനത്തിനു സാമ്പത്തികപിന്തുണ സ്വന്തം നിലയ്ക്കും മറ്റുള്ളവരില്‍നിന്ന് വാങ്ങിയും നല്‍കുക അസാധ്യമാണെന്ന് ഷെയ്ഖിനു തോന്നിയിരിക്കാം. അതെന്നോടു പറയാന്‍പോലും കഴിയാതെ അദ്ദേഹം വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹത്തിന്‍റെ പ്രയാസത്തെപ്പറ്റി സെക്രട്ടറി ഫൗസി സലാമയും സംസാരിച്ചു. ഇതോടെ ഷെയ്ഖിനോട് ആ സമയത്തു വിഷയം ഉണര്‍ത്തുന്നതുപോലും അദ്ദേഹത്തിന് പ്രയാസമാകുമെന്നതിനാല്‍ ഞാന്‍ മൗനം പാലിച്ചു.

നാട്ടില്‍ നാല്‍പതോളം ഏക്കര്‍ ഭൂമി കച്ചവടമാക്കി ആദ്യഗഡു കൊടുക്കാമെന്നേറ്റു പോന്നതാണ്. വെറുംകൈയോടെ മടങ്ങുന്നതെങ്ങനെ? എന്തൊരു നാണക്കേടാവും? വല്ലാതെ വിഷമിച്ച നാളുകളായിരുന്നു അത്. യുദ്ധഭീതി ഒരുഭാഗത്ത്. മറുഭാഗത്ത് ഇനിയെങ്ങനെ മുന്നോട്ടുപോവുമെന്ന ആധി.

കേളോത്ത് അബ്ദുല്ല ഹാജിയുടെ കൂടെയാണ് അന്ന് താമസം. അങ്ങനെ രണ്ടാഴ്ചയോളം കഴിഞ്ഞു. യുദ്ധം തുടര്‍ന്നു. ഷെയ്ഖ് ഒന്നും പറയുന്നില്ല. ഇടയ്ക്കു നാട്ടുകാരനും സുഹൃത്തുമായ കെ.പി. മുഹമ്മദ് ഹാജിയുടെ മക്കള്‍ ഫൈസലും കുഞ്ഞുമുഹമ്മദും വന്ന് ആശ്വസിപ്പിക്കും. ഇവിടെ കാര്യങ്ങള്‍ മോശമാണെന്നും ഒരുപക്ഷെ തിരിച്ചെത്താന്‍ കഴിയാതെ വന്നേക്കുമെന്നും സൂചിപ്പിച്ച് ഞാന്‍ നാട്ടിലേക്ക് എഴുത്തയക്കുകപോലും ചെയ്തു.

ഇടക്കൊരു വൈകുന്നേരം, നേരത്തേ പരിചയമുണ്ടായിരുന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഷെയ്ഖ് അബ്ദുല്‍ മുഇസ്സ് അബ്ദുല്‍ സത്താറിനെ ചെന്നുകണ്ടു. നാട്ടില്‍നിന്നു പോവുമ്പോള്‍ എടുത്തുവെച്ചിരുന്ന സ്ഥലത്തിന്‍റെ ഫോട്ടോ ഞാന്‍ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം പറഞ്ഞു: 'ഈ ഭൂമി ദൈവികമായ ഒരു ഉപഹാരമാണ്. ഈ പദ്ധതി നിങ്ങള്‍ ഉപേക്ഷിക്കരുത്. നിങ്ങളുടെ കയ്യിലുള്ളതെല്ലാം ഇതില്‍ നിക്ഷേപിക്കൂ. ബാക്കിയുള്ളതിന് പരമകാരുണികനായ അല്ലാഹു വഴി കാണിച്ചുതരും'- പ്രചോദനം നല്‍കുന്ന വാക്കുകള്‍.
വളരെ വലിയ പദ്ധതിയാണ് ഏറ്റെടുത്തിരിക്കുന്നത്. കയ്യിലുള്ളതെല്ലാം നൽകിയത് കൊണ്ട് ഒന്നും ആവില്ല; അറബികളുടെ സഹായം കൂടാതെ പൂര്‍ത്തിയാക്കുക അസാധ്യം.

എന്തുചെയ്യണമെന്നറിയാതെ സുഹൃത്ത് പി.എ. അബൂബക്കറുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നു ഞാന്‍. എന്‍റെ അവസ്ഥ കണ്ട് മൂന്നുലക്ഷത്തിന്‍റെ ചെക്ക്, താന്‍ ജനറല്‍ മാനേജരായ അല്‍ മിഫ്താ ഗ്രൂപ്പിന്‍റെ വകസംഭാവനയായി അദ്ദേഹം കൈയില്‍ തന്നു. (ഈ തുക സ്വന്തം കൈയില്‍നിന്നെടുത്ത് അദ്ദേഹം സഹോദരതുല്യനായി കണ്ടിരുന്ന അബ്ദുറഹ്മാന്‍ അല്‍ മിഫ്തായുടെപേരില്‍ തരികയായിരുന്നുവെന്ന് വളരെക്കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്). അത് ഒരു തുടക്കമായിരുന്നു.

പക്ഷെ, പിന്നെയും സ്ഥലത്തിനു മറ്റു പദ്ധതികള്‍ക്കുമായി വലിയ തുക കണ്ടെത്തണം. അതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കാണാനാവാതെ ഞങ്ങള്‍ വിഷമിച്ചു. യുദ്ധം ഇങ്ങനെ മുന്നോട്ടു പോയാൽ അതൊരിക്കലും സാധ്യമാവില്ല. പദ്ധതി ഉപേക്ഷിക്കുകയാവില്ലേ നല്ലതെന്നുപോലും ചിന്തിച്ചുപോയി. അബൂബക്കറിന്‍റെ വാക്കുകളില്‍ ആ ഭയം ഒളിഞ്ഞുനിന്നു. സുഹൃത്തും എന്‍റെ ബലവുമായിരുന്ന ഹൈദര്‍ ഹാജിയാവട്ടെ, സുഖമില്ലാതെ നാട്ടിലും.

ഈ സമയത്ത് അബൂബക്കറിന്‍റെ ഫോണിലേക്കു ഒരുവിളി വന്നു. എനിക്കുള്ള ഫോണായിരുന്നു അത്. ദുബായില്‍നിന്ന് എം.വി കുഞ്ഞുമുഹമ്മദ് ഹാജിയാണ്. ഹാജിയോട് ഞാന്‍ പ്രശ്നത്തിന്‍റെ ഗൗരവം സംസാരിച്ചു. പദ്ധതി ഉപേക്ഷിക്കേണ്ടിവരുമോ എന്ന വിഷമവും നിരാശയുമെല്ലാം കേട്ട ഹാജി ചോദിച്ചു: "ധര്‍മസ്ഥാപനം എന്നതിനുപകരം കച്ചവടാടിസ്ഥാനത്തില്‍ നടത്താന്‍ സമ്മതമുണ്ടോ? കുറച്ചു സ്ഥലം അനാഥശാലയ്ക്കു നീക്കിവച്ച്, ബാക്കി ബിസിനസ്സെന്ന രീതിയില്‍ ഉയര്‍ന്നതലത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങാം. അങ്ങനെയെങ്കില്‍ പണം മുടക്കാന്‍ ദുബൈയില്‍ ആളുകളുണ്ട്". നിര്‍ബ്ബന്ധിതാവസ്ഥയില്‍ അതാവും നല്ലതെന്നു പി എ അബൂബക്കറും പറഞ്ഞു.

രണ്ടുംകല്‍പ്പിച്ച് ദുബായിലേക്ക് പുറപ്പെടാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. തുടങ്ങുമ്പോഴുള്ള ആഗ്രഹവും സങ്കല്‍പങ്ങളും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ മുന്നിൽ തെളിഞ്ഞ ഒരു വഴിയായിരുന്നു ആ ഫോൺ കാൾ. ഞാന്‍ ദുബായിലേക്ക് പുറപ്പെട്ടു.

ദുബൈയില്‍ കാസര്‍കോട്ടുകാരനായ എന്‍.എ. അബൂബക്കറിന്‍റെ അടുത്തേക്കാണ് ഹാജി എന്നെ കൊണ്ടുപോയത്. ഒരുപാട് വിശദീകരിക്കേണ്ടിവന്നില്ല. രണ്ടുലക്ഷം രൂപ വേണമെന്ന് ഹാജി പറഞ്ഞതനുസരിച്ച് അബൂബക്കര്‍ ഒരുലക്ഷത്തിന്‍റെ ചെക്ക് അപ്പോള്‍ത്തന്നെ എഴുതി കൈയില്‍ തന്നു. ബാക്കി ഒരുലക്ഷം വൈകാതെ അയക്കാമെന്നും. ഒരു മുന്‍പരിചയവുമില്ലാത്ത അദ്ദേഹത്തിന്‍റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. ബിസിനസ്സിന്‍റെ കണ്ണുകണ്ട ഈ യുവാവിന് പിഴയ്ക്കാന്‍ വഴിയില്ല, ഞാന്‍ ചിന്തിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്ത തുകകൂടി കിട്ടുന്നതോടെ ഭൂമിക്ക് ആദ്യഗഡു നല്കാനുള്ള പണം ലഭ്യമാവും. അങ്ങിനെ നാട്ടിലേക്ക് മടങ്ങി.

സ്ഥലത്തിന് അഡ്വാന്‍സ് കൊടുക്കേണ്ട ദിവസമടുത്തു. അതോടൊപ്പം പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. കച്ചവടം പറഞ്ഞുവെച്ച സ്ഥലത്തു പഴയ രണ്ട് കെട്ടിടങ്ങള്‍ താല്‍ക്കാലികമായി ഉപയോഗിക്കാന്‍ പറ്റിയതായുണ്ടെങ്കിലും സ്ഥാപനത്തിനുവേണ്ടി പുതിയ രൂപത്തിലുള്ള കെട്ടിടങ്ങള്‍ പണിയുക നിര്‍ബ്ബന്ധം. സ്ഥാപനം ആരംഭിക്കാനും ജീവനക്കാര്‍ക്ക് കുറേമാസങ്ങളില്‍ ശമ്പളം നല്കാനും നല്ലൊരു സംഖ്യ കാണണം. ഇക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കാനായി കോഴിക്കോട് അളകാപുരിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫ. വി. മുഹമ്മദ്, പി.എ. അബൂബക്കര്‍, പി.പി. കോയ, ഹൈദര്‍ ഹാജി, എന്‍.വി. കുഞ്ഞുമുഹമ്മദ് ഹാജി, കെ. കുഞ്ഞലവി, ഓഫീസ് സെക്രട്ടറി അബ്ദുസ്സലാം എന്നിവരും ഞാനും പങ്കെടുത്തു. ഈ യോഗത്തിലേക്ക് എറണാകുളത്തെ പ്രഗത്ഭ ഓഡിറ്റര്‍ കൃഷ്ണയ്യരും ക്ഷണിക്കപ്പെട്ടിരുന്നു.

സ്ഥാപനം കച്ചവടാടിസ്ഥാനത്തില്‍ നടത്തുന്നത് മുഖ്യവിഷയമായി. സേവനവും കച്ചവടവും കൂട്ടിക്കുഴക്കരുത്; അത് പലതരം ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്നതിനാല്‍ സേവനമാണെങ്കില്‍ തീര്‍ത്തും സേവനമാക്കുക, കച്ചവടമാണെങ്കില്‍ മുഴുവനായി കച്ചവടം ആക്കുക. അല്ലാതെ നാല് ഏക്കര്‍ അനാഥശാലയ്ക്കു ബാക്കി കച്ചവടമാക്കുന്നരീതി ശരിയല്ല എന്ന് കൃഷ്ണയ്യർ പറഞ്ഞു.

കച്ചവടസ്ഥാപനം നടത്താന്‍ പറ്റിയ ആളല്ല താനെന്നും അതാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിൽ മറ്റുള്ളവർ അതുമായി മുന്നോട്ടുപോകണമെന്നും ഉള്ള എന്റെ അഭിപ്രായം ഞാൻ എല്ലാവരുടെയും മുന്നിൽ വെച്ചു. അത് കൂടി ആയപ്പോൾ ഓഡിറ്ററുടെ വാക്കുകള്‍ സ്വീകരിച്ചു കേന്ദ്രം സേവനത്തിന് മാത്രമാക്കാമെന്നു യോഗതീരുമാനമുണ്ടായി.

യോഗത്തിൽ ഉണ്ടായിരുന്ന പി എ അബൂബക്കർ തന്റെ മൂന്നു ലക്ഷം സംഭാവനയായി കണക്കാക്കാൻ അപ്പോൾ തന്നെ സമ്മതിച്ചു. കച്ചവടരീതിയാവാമോ എന്ന ആശയം മുന്നോട്ടുവെച്ച കുഞ്ഞുമുഹമ്മദ് ഹാജി, അദ്ദേഹം മുഖേന എന്‍.എ. അബൂബക്കര്‍ നല്‍കിയ തുകയെപ്പറ്റി ആവശ്യമുന്നയിച്ചില്ല എന്നതും വലിയ കാര്യമായി തോന്നി.

പ്രൊഫ. വി. മുഹമ്മദ്, കെ കുഞ്ഞലവി, എന്‍.എ അബൂബക്കര്‍
പ്രൊഫ. വി. മുഹമ്മദ്, കെ കുഞ്ഞലവി, എന്‍.എ അബൂബക്കര്‍

അവര്‍ക്കു വേണമെങ്കില്‍ കച്ചവടലക്ഷ്യവുമായി മുന്നോട്ടുപോകാമായിരുന്നു. ചുരുങ്ങിയപക്ഷം പണംതന്ന രണ്ടു സുഹൃത്തുക്കള്‍ക്കും (പി.എ. അബൂബക്കര്‍, എന്‍.എ. അബൂബക്കര്‍) തുക തിരിച്ചുവേണമെന്ന് പറയുകയെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍, അത് ചെയ്യാതെ അവര്‍ കേന്ദ്രത്തിനും എന്നോടുള്ള സൗഹൃദത്തിനും നല്‍കിയ പരിഗണന എന്നില്‍ വലിയ സ്വാധീനം ചെലുത്തി. അങ്ങിനെ ഈ കേന്ദ്രം ആരംഭത്തില്‍ സങ്കല്പിച്ചപോലെത്തന്നെ തുടങ്ങാനായി. തന്ന സഹായത്തിനുള്ള കൃതജ്ഞതയോടെ എൻ .എ. അബൂബക്കറിന് ട്രസ്റ്റില്‍ അംഗത്വം നല്‍കാന്‍ യോഗം പിന്നീട് തീരുമാനിച്ചു. .


ഭൂമിക്ക് അഡ്വാന്‍സുകൊടുക്കേണ്ട തിയ്യതിക്ക് മുമ്പ് എന്‍.എ.അബൂബക്കര്‍ വാഗ്ദാനം ചെയ്തിരുന്ന ഒരുലക്ഷം രൂപ ചില കാരണങ്ങളാൽ എത്തിയില്ല. കരാര്‍ പാലിക്കാന്‍ വഴി കണ്ട മാർഗം ഒരർത്ഥത്തിൽ വിചിത്രമായിരുന്നു: കൈവശമുളള ഭൂമിയില്‍ നിന്ന് അല്‍പഭാഗം വിൽക്കുക. ദയാപുരത്തിന്‍റെ ആദ്യകാലചരിത്രത്തില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ കടപ്പാടിന്‍റെ സന്ദര്‍ഭമാണത്. അഡ്വാന്‍സ് തുകപോലും ലഭിക്കുന്നതിനുമുമ്പേ ഭൂമി കൈവശം തന്നും അഡ്വാന്‍സ് തുക കണ്ടെത്താന്‍ ഇതേ ഭൂമിയില്‍നിന്ന് ഒരുഭാഗം വില്ക്കാന്‍പോലും അനുവാദം നല്കിയും മഹാമനസ്ക്കത പുലര്‍ത്തി സി സി കുടുംബം. ഈ കേന്ദ്രത്തോടും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ സദുദ്ദേശ്യത്തോടും അവര്‍ക്കുള്ള വിശ്വാസത്തെക്കൂടി സാക്ഷ്യപ്പെടുത്തുന്നതാണിത്. നല്ല ഒരു സംഖ്യക്ക് മുറിച്ചു വിൽക്കാനുള്ള മരവും റബ്ബറുമൊക്കെ ആ ഭൂമിയിൽ ഉണ്ടായിരുന്നു എങ്കിലും അവർ അവക്കൊന്നും പ്രത്യേകം വില ഇടുക പോലും ചെയ്തിരുന്നില്ല.

സ്ഥാപനത്തിന്‍റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവിധം കാമ്പസിന് പേര് വേണമെന്ന് എന്‍.കെ ഉമ്മര്‍കോയ ഞങ്ങൾ മൂന്ന് പേരും ഇരിക്കുമ്പോൾ അഭിപ്രായപ്പെട്ടു. പല പേരുകളും ആലോചനാവിഷയമായി. എം.എന്‍ കാരശ്ശേരി 'ദയാപുരം' എന്ന പേരു നിർദ്ദേശിച്ചു. "ദയാപുരി" എന്നാക്കിയാലോ എന്ന് ഞാൻ അഭിപ്രായപ്പെട്ടെങ്കിലും അവസാനം ദയാപുരത്തിൽ ഉറപ്പിക്കുകയായിരുന്നു. വിദ്യ തേടല്‍ നിര്‍ബന്ധമെന്നു രേഖപ്പെടുത്തിയ ചന്ദ്രക്കലയോടു ചേര്‍ന്നുനില്ക്കുന്ന മിനാരം എന്ന സ്ഥാപനചിഹ്നത്തിന്റെ കരട് രൂപം വരച്ചതും കാരശ്ശേരി തന്നെ. അതിന്റെ അസ്സല്‍ പകര്‍പ്പ് പിന്നീട് സിഗ്നി ദേവരാജന്‍ ഉണ്ടാക്കി.
23/12/1983 ന് എനിക്ക് ഷെയ്ഖ് അന്‍സാരിയുടെ ടെലിഗ്രാം വന്നു. 25/12/1983-ന് കൊച്ചിയില്‍ എത്തുന്നു. സ്വീകരിക്കാന്‍ അവിടെയുണ്ടാവണം.

രണ്ടു ദിവസമേയുള്ളു. ഷെയ്ഖ് നാട്ടില്‍ വരുന്ന സമയത്ത് സ്ഥാപനത്തിന്‍റെ തറക്കല്ലിടല്‍ നടത്താമെന്നു ഞങ്ങള്‍ ആലോചിച്ചു. കച്ചവടം പൂര്‍ത്തിയായിട്ടില്ലെങ്കിലും കാര്യം പറഞ്ഞപ്പോള്‍ തറക്കല്ലിടല്‍ നടത്താന്‍ സി.സി കുടുംബം സമ്മതിച്ചു. ചേന്ദമംഗല്ലൂര്‍, ചാത്തമംഗലം, കൊടുവളളി ഗ്രാമങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കാടുപിടിച്ചുകിടന്നിരുന്ന ഭൂമി വെട്ടിത്തെളിയിച്ച് രണ്ടുദിവസംകൊണ്ട് തറക്കല്ലിടല്‍ വേദി സജ്ജമാക്കി.
ഷെയ്ഖിനെയും കൂട്ടി എറണാകുളത്തുനിന്ന് പുറപ്പെട്ടു. കോഴിക്കോട് എത്താറായപ്പോള്‍ മാനം കറുക്കുന്നുവെന്നു തോന്നി. മഴ പെയ്ത് പരിപാടി ആകെ നാശമാകുമോ? ഞാന്‍ ആശങ്ക പ്രകടിപ്പിച്ചു. അതു കേട്ടു ഷെയ്ഖ് പറഞ്ഞു: തറക്കല്ലിടുമ്പോള്‍ നേരിയ ചാറല്‍ മഴവേണം. അത് ദൈവാനുഗ്രഹമാണ്.

ഷെയ്ഖ് ദയാപുരത്തിനു തറക്കല്ലിടുമ്പോള്‍ നേരിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. കുട നിവര്‍ത്തിയാണ് കര്‍മ്മം നടത്തിയത്. എന്‍റെ നേരെ തിരിഞ്ഞു അദ്ദേഹം പറഞ്ഞു: "ഞാന്‍ പറഞ്ഞില്ലേ തറക്കല്ലിടുമ്പോള്‍ ചാറ്റല്‍മഴ അനുഗ്രഹമാണെന്ന്".

തറക്കല്ലിടല്‍ കഴിഞ്ഞു പിറ്റേന്ന് കോഴിക്കോട് കടപ്പുറത്ത് കാറ്റുകൊണ്ടിരിക്കുമ്പോള്‍ ഷെയ്ഖ് എന്നോട് പറഞ്ഞു: "ഇത് എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും അഭയസ്ഥാനമായി എന്നും നിലകൊള്ളുന്ന കേന്ദ്രമാവണം."

(തുടരും...)

Related Stories

No stories found.
logo
The Cue
www.thecue.in