ജനറൽ പിക്ചേഴ്സ് രവി, മലയാളത്തിന്റെ 'ക്ലാസിക് നിർമാതാവ്'

Achani ravi passed away
Achani ravi passed away
Summary

"എന്താണ് ഇപ്പോൾ സിനിമയെടുക്കാത്തത്?"അടൂരിനോടുള്ള രവിയുടെ ആദ്യത്തെ ചോദ്യമിതായിരുന്നു.

നിർമ്മാതാക്കളെ കിട്ടാത്തതുകൊണ്ടാണെന്ന് അടൂർ മറുപടി പറഞ്ഞു.

"എന്നാൽ നമുക്കൊരു പടം ചെയ്താലോ " എന്ന അടുത്ത ചോദ്യം അടൂരിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു. അത്രമേൽ ആശ്വാസവും ആഹ്ലാദവും പകരുന്നതും.

അങ്ങനെയാണ് എലിപ്പത്തായത്തിന്റെ ആരംഭം.

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരന്റെ സാമാന്യം ജനപ്രീതി നേടിയ ഒരു നോവൽ സിനിമയാക്കാനുള്ള അവസാനഘട്ടചർച്ചകൾ നടക്കുകയാണ്. നോവലിസ്റ്റ് എഴുതിപൂർത്തിയാക്കിയ തിരക്കഥ വായിക്കാൻ വേണ്ടി നിർമ്മാതാവിന്റെ വീട്ടിൽ കൂടിയിരിക്കുകയായിരുന്നു എഴുത്തുകാരനും സംവിധായകനും ചില സുഹൃത്തുക്കളും.തിരക്കഥയുടെ ഫയൽ കയ്യിലെടുത്ത്‌ വായിക്കാനായി സംവിധായകൻ വാ തുറന്ന ആ നിമിഷത്തിൽ,സദസ്സി ലുണ്ടായിരുന്ന മറ്റൊരെഴുത്തുകാരൻ -- പ്രസിദ്ധനായ ഒരു നോവലിസ്റ്റ്, തിരക്കഥാകൃത്ത്, എല്ലാത്തിനുമുപരി ഈ തിരക്കഥയുടെ സൃഷ്ടാവിന്റെ ആത്മസുഹൃത്ത് -- അപ്രതീക്ഷിതമായി ഇടയ്ക്കു കയറി:

"തുടങ്ങുന്നതിനു മുൻപ് എനിക്കൊരഭിപ്രായം... ഇതിന്റെ പേരൊന്നു മാറ്റിയാൽ കൊള്ളാം."

തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തു നിന്ന്, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സന്ദർഭത്തിൽ വന്ന ഈ അഭിപ്രായം കേട്ട് എല്ലാവരും അമ്പരന്നു. തുടർന്ന് സിനിമയുടെ 'പേരിന്റെ' പേരിലുള്ള വാദപ്രതിവാദങ്ങളായി .സ്വതവേ അന്തർമുഖനായ നോവലിസ്റ്റ്, തന്റെ ഏറ്റവുമടുത്ത ചങ്ങാതി മുൻകൂട്ടി ഒരു സൂചന പോലും തരാതെ ഇങ്ങനെയൊരു ബോംബ് പൊട്ടിച്ചതെന്തിനാണെന്നോർത്ത് അന്ധാളിച്ചിരിക്കുകയായിരുന്നു, അപ്പോൾ.എങ്കിലും താനിട്ട പേര് പ്രേക്ഷകർക്ക്‌ ഇഷ്ടപ്പെടാൻ സാധ്യതയില്ലെങ്കിൽ,അതു മാറ്റുന്നതിൽ വിരോധമൊന്നുമില്ലെന്നറിയിച്ചു. ഒരുപാട് ആലോചിച്ച് താൻ നോവലിനു നൽകിയ,ഒട്ടനേകം വായനക്കാർ ഹൃദയം കൊണ്ടു സ്വീകരിച്ച ആ ടൈറ്റിൽ അവിടെ കിടന്നോളുമല്ലോ.

ചിത്രത്തിന്റെ നിർമ്മാതാവായ ചെറുപ്പക്കാരൻ അങ്ങേയറ്റം സമചിത്തതയോടുകൂടി ഇതെല്ലാം കേട്ടുകൊണ്ട് അവിടെ മാറിയൊരിടത്ത് ഇരിപ്പുണ്ടായിരുന്നു. തർക്കം മൂർച്ഛിച്ചു വന്നതോടെ, ശാന്തത കൈവിടാതെ തന്നെ അയാൾ ഇടപെട്ടു.

"എന്തു വേണമെന്ന് അവസാനം എനിക്കു തോന്നും. അപ്പോൾ തീരുമാനിക്കാം."

വാഗ്വാദങ്ങളെല്ലാം അടങ്ങി. സംവിധായകൻ വായനയാരംഭിച്ചു ....

പി ഭാസ്‌ക്കരൻ എന്ന സംവിധായകൻ അന്നവിടെ വായിച്ച, കെ സുരേന്ദ്രൻ എന്ന നോവലിസ്റ്റ് ആദ്യമായെഴുതിയ തിരക്കഥ വൈകാതെ തന്നെ ചലച്ചിത്രമായി. നോവലിന് രചയിതാവിട്ട അതേ പേരോടുകൂടി തന്നെ -- 'കാട്ടുകുരങ്ങ്' .

നിർമ്മാതാവിന്റെ നന്മയ്ക്കു വേണ്ടിയാണ് താൻ നിൽക്കുന്നതെന്ന് കാണിക്കാൻ വേണ്ടി, ഉറ്റ ചങ്ങാതിയുടെ കൃതിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട സാഹിത്യകാരൻ ആരായിരുന്നുവെന്ന കാര്യം അവിടെ നിൽക്കട്ടെ.പ്രേക്ഷകർക്ക്‌ ഇഷ്ടപ്പെടുമോയെന്ന് ഒരു തീർച്ചയുമില്ലാത്ത 'കാട്ടുകുരങ്ങ്' എന്ന പേരു തന്നെ സിനിമക്കു മതി എന്ന ഉറച്ച നിലപാടെടുത്ത ആ യുവനിർമ്മാതാവ് രവി എന്ന 'കശുവണ്ടി മുതലാളി' ആയിരുന്നു.പിൽക്കാലത്ത് അച്ചാണി രവി, ജനറൽ പിക്ച്ചേഴ്സ് രവി, എന്നൊക്കെ അറിയപ്പെട്ടിരുന്ന കെ രവീന്ദ്രനാഥൻ നായർ.

വർഷങ്ങൾക്കു ശേഷമുള്ള അടുത്ത രംഗവും രവീന്ദ്രനാഥൻ നായരുടെ കൊല്ലത്തെ വീട് തന്നെയാണ്. മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിലെ സമുജ്ജ്വല വ്യക്തിത്വങ്ങളായ ചിലരടങ്ങിയ ഒരു സംഘം രവി മുതലാളിയെ കാണാനെത്തിയിരിക്കുകയാണ്. 'കാഞ്ചന സീത' മുതൽ 'പോക്കുവെയിൽ' വരെ അഞ്ചു സിനിമകൾ അരവിന്ദനെ കൊണ്ടു സംവിധാനം ചെയ്യിച്ച രവി പുതിയ ചിത്രത്തിന്റെ സംവിധാനച്ചുമതല അടൂർ ഗോപാലകൃഷ്ണനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഒരു കാരണവശാലും അടൂരിനെ കൊണ്ട് ആ പടം ചെയ്യിക്കരുത്.ഇതായിരുന്നു തിരുവനന്തപുരത്തു നിന്നെത്തിയ ആ ഡെലിഗേഷന്റെ ആവശ്യം.അവരുടെ ന്യായവാദങ്ങളെല്ലാം ക്ഷമയോടെ കേട്ടിരുന്നതിന് ശേഷം കൊല്ലത്തു കാരുടെ സഹജമായ ആ പ്രത്യേക ഈണത്തിലും താളത്തിലും പറഞ്ഞു.

"ഞാൻ ആരെക്കൊണ്ട് പടം ചെയ്യിക്കണം, ചെയ്യിക്കേണ്ട എന്നൊക്കെ തീരുമാനിക്കേണ്ട ബാധ്യത നിങ്ങടെയല്ലല്ലോ. ആരാ എന്റെ സിനിമ ചെയ്യേണ്ടതെന്ന് ഞാൻ തീരുമാനിച്ചോളാം ..."

അതായിരുന്നു ജനറൽ പിക്ചേഴ്സ് രവി എന്ന നിർമ്മാതാവ്. തനിക്കു വേണ്ടതെന്താണെന്ന കാര്യത്തിൽ തീർച്ച വന്നാൽ, സൗമ്യതയും സമചിത്തതയുമൊട്ടും കൈവിടാതെ, എടുക്കുന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കാനും അതിന്റെ പൂർണ്ണതയിൽത്തന്നെ നടപ്പിൽ വരുത്താനും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന,നൂറു ശതമാനം ജന്റിൽ മാനായ ബിസിനസുകാരൻ. 1952 ലെ തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി എന്നൊരു പുതിയ രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർഥിയായി മുഖ്യമന്ത്രി സി കേശവനെതിരെ മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട വെണ്ടർ കൃഷ്ണപിള്ളയുടെ മകന് ആത്മവിശ്വാസമെന്ന വാക്കിന്റെ അർത്ഥമാരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ടാണ്,കശുവണ്ടി വ്യവസായത്തിൽ വെച്ചടി വെച്ചടി കയറിക്കൊണ്ട് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന അതേ നാളുകളിൽ തന്നെ, നഷ്ടക്കച്ചവടമാണ് നല്ല സിനിമയുടെ നിർമ്മാണമെന്ന തികഞ്ഞ ബോദ്ധ്യത്തോടെ അക്കാര്യത്തിനിറങ്ങിത്തിരിച്ചത്. അവിടെ ഏറ്റുവാങ്ങിയ നഷ്ടങ്ങളെപ്പോലും മറ്റൊരു സിനിമാ നിർമ്മാതാവിനും കൈവരിക്കാനാകാത്ത വലിയ നേട്ടങ്ങളാക്കി മാറ്റിയത്.

സിനിമാ നിർമ്മാണ രംഗത്തേക്കുള്ള രവിയുടെ കടന്നുവരവ് പെട്ടെന്നൊരു ദിവസമങ്ങു സംഭവിക്കുകയായിരുന്നില്ല. അറുപതുകളുടെ മധ്യത്തിൽ മലയാള ചലച്ചിത്രരംഗത്ത് സംഭവിച്ച ഭാവുകത്വസംക്രമണവുമായി ആ സിനിമാ പ്രവേശത്തിന് ബന്ധമുണ്ട്. 1966 ന്റെ തുടക്കത്തിൽ എം കെ കെ നായർ, സി എൻ ശ്രീകണ്ഠൻ നായർ, എം വി ദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആലുവയിൽ നടന്ന റൈറ്റേഴ്സ് കോൺഫറൻസിന്റെ ഭാഗമായി കേരളത്തിലെ അന്നുള്ള ഒൻപതു ജില്ലകളിലും ക്ലാസ്സിക് സിനിമകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ചലച്ചിത്രോത്സവങ്ങൾ നടന്നു.ആ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം തൊട്ടു തലേവർഷം പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗ്രാജ്വെറ്റു ചെയ്തു പുറത്തുവന്ന അടൂർ ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റേതായിരുന്നു. തിരുവനന്തപുരത്ത്‌ അടൂരും കുളത്തൂർ ഭാസ്കരൻ നായരും മറ്റു ചില സുഹൃത്തുക്കളും ചേർന്നാരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ മാതൃകയിൽ ഈ ഒൻപതു ജില്ലകളിലും ഫിലിം സൊസൈറ്റികളും രൂപീകൃതമായി. ബൈ സൈക്കിൾ തീഫ്‌സ് ഉൾപ്പെടെയുള്ള ലോക ക്ലാസിക്കുകളും സത്യജിത്റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും മറ്റും ചിത്രങ്ങളും ഇതാദ്യമായി മലയാളിപ്രേക്ഷകരുടെ മുൻപാകെയെത്തി.

ഫാദർ റൊസാരിയോ അദ്ധ്യക്ഷനായി രൂപീകരിക്കപ്പെട്ട കൊല്ലം ഫിലിം സൊസൈറ്റിയുടെ നിർവാഹക സമിതിയംഗമായിരുന്നു രവീന്ദ്രനാഥൻ നായർ. വെറും പേരിന് ഒരംഗം അല്ല, മാസന്തോറും സൊസൈറ്റി നടത്തിവന്ന പ്രദർശനങ്ങളിൽ കൃത്യമായി പങ്കുകൊള്ളുകയും ആ സിനിമകളൊക്കെ ഗൗരവപൂർവം കണ്ടാസ്വദിക്കുകയും ചെയ്ത ഒരാൾ. സാധാരണ കണ്ടു ശീലിച്ച സിനിമകളിൽ നിന്ന് പാടെ വ്യത്യസ്തമായ, കലാപരമായ ഉന്നത മൂല്യങ്ങൾ പുലർത്തുന്ന ആ ചിത്രങ്ങൾ അദ്ദേഹത്തിൽ പുതിയൊരു ചലച്ചിത്രാവബോധം സൃഷ്ടിക്കാൻ കാരണമായി.ഇതോടൊപ്പം തന്നെ വായനയോടുള്ള കമ്പവും രവിക്കുണ്ടായിരുന്നു.കൊല്ലം പബ്ലിക് ലൈബ്രറിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളെന്ന നിലയിൽ പുസ്തകങ്ങളുമായി സ്വാഭാവികമായി തന്നെ ഒരടുപ്പമുണ്ടായിരുന്നു.

രവിയുടെ ജീവിതപങ്കാളിയായ ഉഷയുടെ പിതാവ് തൃശൂർ ടൗണിൽ അന്നൊരു സിനിമാ പ്രദർശനശാല നടത്തിയിരുന്നു. തൃശൂർ മാതാ എന്ന ആ തീയേറ്ററിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്നത് രവിയുടെ ഭാര്യാ സഹോദരനായ ടി സി ശങ്കറാണ് .ചലച്ചിത്ര വ്യവസായവുമായി അങ്ങനെ അടുത്തു പരിചയമുണ്ടായിരുന്ന ശങ്കറാണ് ഒരു സിനിമയെടുത്താലോ എന്ന ആശയം മുന്നോട്ടുവെക്കുന്നത്.

ചലച്ചിത്രകലയും സാഹിത്യവുമായുള്ള നാഭി നാള ബന്ധത്തിന്റെ പേരിലാണ്,1960 കളിലെ മലയാളസിനിമയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.പേരുകേട്ട മലയാള നോവലുകളും , നാടകങ്ങളും ചില ചെറുകഥകളും വരെ അങ്ങനെ സെല്ലുലോയ്ഡിലെത്തി.കുടുംബപ്രേക്ഷകർ അന്ന് തീയേറ്ററിലേക്കെത്തിയിരുന്നത്, പുസ്തകങ്ങളിലൂടെ അവർക്ക് പരിചിതമായിരുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമൊക്കെ, തങ്ങൾക്കിഷ്ടപ്പെട്ട അഭിനേതാക്കൾ അവതരിപ്പിക്കുന്നത് എങ്ങനെയെന്നു കാണാനും ആ അഭിനയ മുഹൂർത്തങ്ങൾ ആസ്വദിക്കാനുമായിരുന്നു.ചന്ദ്രതാര, രൂപവാണി, കണ്മണി ഫിലിംസ് തുടങ്ങിയ ബാനറുകളും രാമുകാര്യാട്ട്, എ വിൻസെന്റ്, പി ഭാസ്ക്കരൻ, കെ എസ് സേതുമാധവൻ എന്നീ സംവിധായകരുമാണ് സാഹിത്യകൃതികളുടെ ചലച്ചിത്ര ഭാഷ്യങ്ങളൊരുക്കാൻ മുന്നിട്ടിറങ്ങിയവർ.ചലച്ചിത്രഭാഷയെയൊന്നാകെ അഴിച്ചുപണിയാനോ പുതിയൊരു ഭാവുകത്വത്തിന്റെ വരവിനു വഴിയൊരുക്കാനോ ഗണ്യമായ സംഭാവനയൊന്നും നൽകിയില്ലെങ്കിലും കലാപരമായി സാമാന്യം ഭേദപ്പെട്ട ഒരു നിലവാരം കാത്തുസൂക്ഷിക്കാൻ അവരുടെ ചിത്രങ്ങൾക്ക് കഴിഞ്ഞു.

അറുപതുകളുടെ രണ്ടാം പകുതിയിൽ ഈ ദൗത്യമേറ്റെടുത്തുകൊണ്ട് സിനിമാ നിർമ്മാണരംഗത്ത് തുടക്കം കുറിച്ചത് മൂന്നു ബാനറുകളാണ്:സുപ്രിയാ ഫിലിംസ്, മഞ്ഞിലാസ്, പിന്നെ ജനറൽ പിക്ച്ചേഴ്‌സും.

മലയാള സാഹിത്യത്തിലും സിനിമയിലും ഒരുപോലെ പ്രാഗല്ഭ്യം തെളിയിച്ച പി ഭാസ്‌ക്കരനെയാണ് ജനറൽ പിക്ച്ചേഴ്സിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായി നിശ്ചയിച്ചത്.കെ ബാലകൃഷ്ണന്റെ കൗമുദി വാരികയിലൂടെ ഒട്ടേറെ വായനക്കാരെ വശീകരിച്ച നോവലാണ് പാറപ്പുറത്തിന്റെ 'അന്വേഷിച്ചു കണ്ടെത്തിയില്ല'.മദ്ധ്യാതിരുവിതാംകൂറുകാരിയായ സൂസമ്മ എന്ന മിലിട്ടറി നേഴ്സിന്റെ കദനത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥ അന്നു വായിക്കുമ്പോൾ തന്നെ രവിക്ക് ഇഷ്ടമായതായിരുന്നു .പാറപ്പുറത്ത്‌ എഴുതിയ മറ്റു രണ്ട് പ്രശ്‌സ്ത നോവലുകൾ -- 'നിണമണിഞ്ഞ കാൽപാടുകളും' 'ആദ്യകിരണങ്ങളും' ചലച്ചിത്രങ്ങളെന്ന നിലയിലും പ്രസിദ്ധി നേടി.'ആദ്യകിരണങ്ങൾ' സംവിധാനം ചെയ്തത് പി ഭാസ്‌ക്കരൻ തന്നെയാണ്. ആ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് തോപ്പിൽ ഭാസിയാണെങ്കിലും 'നിണമണിഞ്ഞ കാൽപാടുകളു'ടെയും തൊട്ടു തലേവർഷം പി ഭാസ്‌ക്കരനെടുത്ത 'തറവാട്ടമ്മ' എന്ന ചിത്രത്തിന്റെയും തിരക്കഥയെഴുതിയത്പാറപ്പുറത്താണ്. അങ്ങനെ പാറപ്പുറത്തിനെ തന്നെ തിരക്കഥയെഴുതാനേൽപ്പിച്ചു. സൂസമ്മയായി കെ ആർ വിജയ അഭിനയിച്ചു.സത്യൻ, മധു, തിക്കുറിശ്ശി, പി ജെ ആന്റണി, മുത്തയ്യ, നെല്ലിക്കോട് ഭാസ്‌ക്കരൻ അടൂർ ഭാസി, ബഹദൂർ, ജി കെ പിള്ള, ആറന്മുള പൊന്നമ്മ, കവിയൂർ പൊന്നമ്മ, മീന, സുകുമാരി, വിജയനിർമ്മല ഇങ്ങനെ താരനിബിഡമായിരുന്നു ചിത്രം. പി ഭാസ്‌ക്കരൻ -- ബാബുരാജ് ടീം ഒരുക്കിയ ആലപിച്ച പാട്ടുകളായിരുന്നു മറ്റൊരാകർഷണം.

മദ്രാസിലെ സ്റ്റുഡിയോ ഫ്ലോറിൽ വെച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ചില ഔട്ട്‌ ഡോർ ദൃശ്യങ്ങൾ കൊല്ലത്തെ കുണ്ടറയിലാണ് ചിത്രീകരിച്ചത്.

തിരക്കഥ വായിക്കുമ്പോൾ പറഞ്ഞ ചില അഭിപ്രായങ്ങളല്ലാതെ, നിർമ്മാണത്തിന്റെ മറ്റൊരു ഘട്ടത്തിലും രവി നേരിട്ട് ഇടപെട്ടിരുന്നില്ല.തുടക്കം മുതൽക്കു തന്നെ നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചത് ശങ്കറാണ്.പടത്തിന്റെ പ്രിവ്യൂ കണ്ടപ്പോൾ രവിക്ക് മൊത്തത്തിൽ ഇഷ്ടപ്പെട്ടു. എങ്കിലും കോരുത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഭാസിയുടെ തമാശപ്രകടനങ്ങൾ കുറച്ചു നിയന്ത്രണം വിട്ടുപോയി എന്ന അഭിപ്രായവും മറച്ചുവെച്ചില്ല.

1967 ലെ ഓണത്തിന് പ്രദർശനത്തിനെത്തിയ 'അന്വേഷിച്ചു കണ്ടെത്തിയില്ല' നല്ല അഭിപ്രായവും സാമ്പത്തിക വിജയവും നേടി.ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളി മെഡലും.

'അന്വേഷിച്ചു കണ്ടെത്തിയില്ല'യുടെ വിജയം ജനറൽ പിക്ച്ചേഴ്സിന്റെ അടുത്ത ചിത്രവും പി ഭാസ്‌ക്കരനെ തന്നെയേൽപ്പിക്കാൻ രവിയെ പ്രേരിപ്പിച്ചു. പുതിയ പടത്തിന്റെ തീമായി ഭാസ്‌ക്കരൻ മാഷ് കണ്ടെത്തിയത് അതുവരെ മലയാളത്തിൽ ആരും പരീക്ഷിച്ചുനോക്കിയിട്ടില്ലാത്ത ഒരു സംഭവമാണ്. പൊളിറ്റിക്കൽ സറ്റയർ. അതിന്റെ കഥയും തിരക്കഥയുമെഴുതിയ ആളിനുമുണ്ടായിരുന്നു പ്രത്യേകതകൾ. പി ഭാസ്‌ക്കരനെ പോലെ ഒരു മുൻ കമ്മ്യൂണിസ്റ്റ് കാരൻ.1954 ൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്ന് തിരുകൊച്ചി നിയമസഭയിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ട, ആലുവ യു സി കോളേജിൽ പി കെ വാസുദേവൻ നായരുടെയും പി ഗോവിന്ദപ്പിള്ളയുടെയും സഹപാഠിയായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ.പിന്നീട് ഐ എ സിൽ ചേർന്ന മലയാറ്റൂർ അപ്പോൾ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്ന സ്ഥാപനത്തിന്റെ മേധാവിയായിരുന്നു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയാണ് അന്ന് അധികാരത്തിൽ. രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളും അധികാരം പങ്കിടുകയാണെങ്കിലും പരസ്പരം കടുത്ത ശത്രുത വെച്ചുപുലർത്തിയിരുന്ന നാളുകൾ.

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ കടുത്ത നിറക്കൂട്ടുപയോഗിച്ച് മലയാറ്റൂർ എഴുതിയ കഥയുടെ പേര് മുഖ്യമന്ത്രി എന്നായിരുന്നു. ശുദ്ധ നാട്ടിൻ പുറത്തുകാരനും കൃഷിക്കാരനുമായ കുറുപ്പ് യാദൃ ച്ഛികമായി രാഷ്ട്രീയത്തിൽ വന്നുപെടുകയും തക്കാളി പാർട്ടിയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയായി തീരുകയും ചെയ്യുന്നു. അവിടെ അയാൾ കാണിച്ചുകൂട്ടുന്ന അബദ്ധങ്ങളാണ് പിന്നീട്. ഒടുവിൽ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച കുറുപ്പ് തന്റെ കൃഷിഭൂമിയിലൂടെ ഉല്ലാസവാനായി ട്രാക്ടർ ഓടിച്ച് പോകുന്നിടത്താണ് മലയാറ്റൂർ അവസാനിപ്പിക്കുന്നത്.അന്ന് മലയാളസിനിമയിലെ ഹാസ്യരംഗത്തെ മുടിചൂടാ മന്ന നായിരുന്ന അടൂർ ഭാസിയുടെ ഭാഹാവാദികളോടെയാണ് മലയാറ്റൂർ കുറുപ്പിനെ സൃഷ്ടിച്ചത്.അയാളുടെ മകളായ രാധയും ജേർണലിസ്റ്റായ രാജനും തമ്മിലുള്ള പ്രണയത്തിന്റെ സമാന്തര ട്രാക്കുമുണ്ട്.

തിരക്കഥ വായിച്ചുകേട്ടപ്പോൾ തന്നെ രവിയിലെ കൂർമ്മ ബുദ്ധിയുള്ള ബിസിനസ്സുകാരൻ അപകടം മണത്തു. ഇങ്ങനെയൊരു ചിത്രം സെൻസർ ബോർഡ്‌ ഒരിക്കലും അനുവദിക്കില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ സിക്സ്ത് സെൻസ്. മലയാറ്റൂർ അന്ന് ചില വിവാദങ്ങളുടെ നടുവിലായിരുന്നു. സി പി ഐ ക്കാരനായ വ്യവസായ മന്ത്രി ടി വി തോമസിന്റെ അടുത്ത ആളായി മുദ്രകുത്തിക്കൊണ്ട്,റവന്യൂ മന്ത്രി കെ ആർ ഗൗരിയുടെ നേതൃത്വത്തിൽ സി പി എം മലയാറ്റൂരിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട സമയമാണ്.

ഈ പ്രോജക്റ്റ്‌ ഉപേക്ഷിക്കുകയാണ് നല്ലതെന്നു രവി പറഞ്ഞെങ്കിലും,പി ഭാസ്‌ക്കരൻ സ്ക്രിപ്റ്റ് പ്രീ സെൻസറിംഗിന് സമർപ്പിച്ചു.പ്രതീക്ഷിച്ചതുപോലെ അനുമതി നിഷേധിക്കപ്പെട്ടു. മലയാറ്റൂർ പെട്ടെന്നു തന്നെ മറ്റൊരു തിരക്കഥ തയ്യാറാക്കി. മുഴു നീള ഹാസ്യം തന്നെയാണ് സംഭവം. രാഷ്ട്രീയം പാടേ എടുത്തുകളഞ്ഞിട്ട് കഥാപാത്രങ്ങൾ ചിലരെ നിലനിർത്തി. പ്രാരാബ്ധ ക്കാരനായ ഒരു വക്കീൽ ഗുമസ്തന് അവിചാരിതമായി നിധി കിട്ടി ലക്ഷപ്രഭുവായി മാറുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് 'ലക്ഷപ്രഭു ' എന്നു തന്നെ പേരിട്ട സിനിമയുടെ പ്രതിപാദ്യമായത്.കുറുപ്പ് എന്ന കേന്ദ്രകഥാപാത്രമായി അഭിനയിച്ച അടൂർ ഭാസി സിനിമയിലുടനീളം നിറഞ്ഞുനിന്നു. മകൾ രാധയായി ഷീലയും വക്കീൽ രാജനായി പ്രേം നസീറും അഭിനയിച്ചു. പി ജെ ആന്റണി,മീന, സുകുമാരി, ബഹദൂർ, ഉമ്മർ, ശങ്കരാടി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.

പടത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂർണ്ണമായും മദ്രാസിലെ സ്റ്റുഡിയോയിലും ഔട്ട്‌ ഡോറിലുമായാണ് നടന്നത്. .1968 ജൂണിൽ റിലീസ് ചെയ്ത ചിത്രം രവിക്ക് തൃപ്തി നൽകിയെങ്കിലും സാമ്പത്തികമായി വലിയൊരു വിജയമായിരുന്നില്ല.

മുഖ്യമന്ത്രി എന്ന തിരക്കഥ പിന്നീട് കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയ വാരികയിലൂടെ സഹൃദയ ലോകത്തിന് മുമ്പാകെയെത്തിക്കാൻ മലയാറ്റൂർ ധൈര്യം കാണിച്ചു.അന്നത് സിനിമയായി പുറത്തു വന്നിരുന്നെങ്കിൽ, കെ ജി ജോർജ്ജിന്റെ 'പഞ്ചവടിപ്പാല'ത്തിന് പകരം ആദ്യത്തെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായി 'മുഖ്യമന്ത്രി' ചരിത്രത്തിൽ സ്ഥാനം പിടിച്ചേനെ.

ഇടത്തരക്കാരായ മനുഷ്യർ തമ്മിലുള്ള പൊരുത്തങ്ങളിലും പൊരുത്തക്കേടുകളിലും കേന്ദ്രീകരിച്ചു കൊണ്ട് ബന്ധങ്ങളിലെ സങ്കീർണ്ണതകളെ ചിത്രീകരിക്കുന്ന നോവലുകളാണ് കെ സുരേന്ദ്രൻ എന്ന എഴുത്തുകാരന്റേത്.'താള'മെന്ന ആദ്യനോവലിലെ കഥാപാത്രങ്ങളായ പ്രഭാകരൻ, സൗദാമിനി, തുളസി, ചക്രപാണി, വാസവൻ സാർ, ഇവരുടെയിടയിലേക്ക് കടന്നുവന്ന് പ്രഭ - മിനി ബന്ധത്തിൽ താളപ്പിഴകൾ തീർക്കാൻ കാരണമായിതീരുന്ന അമ്പിളി എന്ന പെൺകുട്ടി -- ഇവരുടെ അവസ്ഥാന്തരങ്ങൾ വരച്ചുകാട്ടുന്ന 'കാട്ടുകുരങ്ങ്' വായനക്കാർ സഹർഷം സ്വീകരിച്ച നോവലായിരുന്നു.

'കാട്ടുകുരങ്ങ്' സിനിമയാക്കണമെന്ന് നിശ്ചയിച്ചപ്പോൾ കെ സുരേന്ദ്രനോട് സംസാരിച്ചതും മദ്രാസിലേക്ക് ക്ഷണിച്ച് തിരക്കഥയുടെ സൂത്രപ്പണികളൊക്കെ പറഞ്ഞുകൊടുത്ത് കരട് രൂപമെഴുതിച്ചതും പി ഭാസ്‌ക്കരനാണ്. സുരേന്ദ്രന്റെ ആത്മസ്നേഹിതനായ പാറപ്പുറവും ശങ്കറും ഒപ്പമുണ്ടായിരുന്നു.അതിനു ശേഷം കൊല്ലത്തെ രവിയുടെ വീട്ടിൽ വെച്ചാണ് പകർത്തിയെഴുതിയ തിരക്കഥ വായിക്കുന്നത്.നിർമ്മാതാവിനെ അടുത്തുപരിചയപ്പെട്ട പ്പോഴുള്ള എഴുത്തുകാരന്റെ വിലയിരുത്തൽ ഇതാണ്.

"അടുത്തുനിന്ന് ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലാകുന്നത് മഹാകുബേരനായ ഈ മുതലാളി, അന്നു വെറും യുവാവ്, നെയ്യുപോലും തൊടാത്ത ചപ്പാത്തിയാണ് അത്താഴത്തിനു കഴിച്ചതെന്ന്. അതേസമയം ഞങ്ങൾക്ക് സ്കോച്ചും അതിനുചേർന്ന വിഭവങ്ങളും തന്നു. ഒപ്പമിരിക്കുന്നതിനു വിരോധമില്ലെങ്കിലും ഒരു തുള്ളി പോലും തൊടില്ല. മുതലാളിത്തവും ഒരു തപസ്യയാവാമെന്ന് അന്നെനിക്കു തോന്നി."('ജീവിതവും ഞാനും' -- കെ സുരേന്ദ്രൻ )

(രവിയുടെ ഈ ചിത്രം പിന്നീട് തിരുവിതാംകൂർ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ എഴുതിയ 'പതാക'എന്ന നോവലിൽ കൊല്ലത്തുകാരനായ ഒരു കശുവണ്ടി മുതലാളിയുടെ കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ സുരേന്ദ്രൻ മാതൃകയായി ഉപയോഗിച്ചു.)

തിരക്കഥാ വായനയുടെ ഘട്ടത്തിൽ ചിത്രത്തിന്റെ പേരു മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ കുറിച്ചും രവി അക്കാര്യത്തിൽ സ്വീകരിച്ച കർക്കശമായ നിലപാടിനെ കുറിച്ചുമൊക്കെ തുടക്കത്തിൽ പറഞ്ഞതാണല്ലോ.

നോവലിൽ നിന്ന് വ്യത്യസ്തമായി, സൗദാമിനി എന്ന നായികയുടെ ആത്മഹത്യാ ശ്രമം പരാജയപ്പെട്ട് എല്ലാം കലങ്ങി തെളിയുന്നിടത്ത് അവസാനിക്കുന്ന തിരക്കഥ വായിച്ചുതീർന്നപ്പോൾ, രവി എന്ന നിർമ്മാതാവിന്റെ ഇന്റലിജന്റ്സ് വെളിവാക്കുന്ന ഒരു സംഭവമുണ്ടായത് സുരേന്ദ്രൻ വിവരിക്കുന്നു.

"വായിച്ചുതീർന്നപ്പോൾ നിശബ്ദനായി കേട്ടുകൊണ്ടിരുന്ന രവി മർമ്മത്തിൽ തൊടുന്ന ഒരു ചോദ്യം ചോദിച്ചു. മിനിയുടെ ആത്മഹത്യാ ശ്രമം കൺവിൻസിങ് ആണോ എന്ന്.

ഡയറക്ടറോടൊപ്പം വേറെയും ആരൊക്കെയോ പറഞ്ഞു :അതെയല്ലോ വളരെ വളരെ.

നമ്മളെന്താ മിണ്ടാത്തത്? രവി എന്നോടു ചോദിച്ചു.

ഞാൻ പറഞ്ഞു : ഞാൻ വളരെ ആലോചിച്ച ഒരു കാര്യമാണിത്. ജീവിതത്തിൽ നടക്കുന്ന മിക്ക ആത്മഹത്യകളും എനിക്കു കൺവീൻസിങ് ആയി തോന്നാറില്ല. കാരണം നാം പുറത്തു നിന്നു നോക്കുന്നു. ആത്മഹത്യ യഥാർത്ഥത്തിൽ നടക്കുന്നത് മനസിന്റെ അന്തർഭാഗത്താണ് --- അവിടത്തെ കാര്യകാരണ ബന്ധമനുസരിച്ച്, ആ കാര്യകാരണ ബന്ധം കുറച്ചൊക്കെ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്.വിശ്വസനീയമായിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇത്തരം സന്ദർഭത്തിൽ ചില സ്ത്രീകൾ ചെയ്യും, ചിലർ ചെയ്യില്ല.

ബുദ്ധിമാനായ രവി കൂടുതലൊന്നും പറഞ്ഞില്ല."('ജീവിതവും ഞാനും' -- കെ സുരേന്ദ്രൻ )

ഒരു നല്ല കുടുംബചിത്രത്തിന്റെ എല്ലാ ചേരുവകളുമുണ്ടായിരുന്ന കാട്ടുകുരങ്ങ് പ്രേക്ഷകരെ ഏറെ ആകർഷിച്ച ചിത്രമായിരുന്നു. സത്യൻ, ശാരദ എന്നിവർ മത്സരിച്ച് അഭിനയിച്ച സിനിമയിൽ, കവിയൂർ പൊന്നമ്മ,പി ജെ ആന്റണി,ജോസ് പ്രകാശ്, ഉമ്മർ, മീന എന്നിവരും സ്ഥിരം വേഷങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്തി. ജയഭാരതി എന്ന പുതിയൊരു നായികയുടെ കടന്നുവരവ് വിളംബരം ചെയ്ത ചിത്രം കൂടിയായിരുന്നു കാട്ടുകുരങ്ങ്. പി ഭാസ്‌ക്കരൻ -- ദേവരാജൻ ടീമിന്റെ പാട്ടുകളായിരുന്നു മറ്റൊരു സവിശേഷത. രാഗമാലികയിൽ ചിട്ടപ്പെടുത്തിയ "നാദ ബ്രഹ്മത്തിൻ സാഗരം നീന്തി വരും" എന്ന യേശുദാസ് പാടിയ ഗാനം തലമുറകളെ അതിജീവിച്ച് ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.

സിനിമയ്ക്ക് പറ്റിയതെന്ന് തോന്നുന്ന മികച്ച സാഹിത്യകൃതികൾ ശ്രദ്ധയിൽ പെടുമ്പോഴോ അല്ലെങ്കിൽ പി ഭാസ്‌ക്കരനെ പോലെ ആരെങ്കിലും ശ്രദ്ധയിൽ കൊണ്ടുവരുമ്പോഴോ അവയുടെ റൈറ്റ്സ് വാങ്ങി വെക്കുന്ന ശീലം രവിയ്ക്കുണ്ടായിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'മതിലുകൾ' എന്ന വിഖ്യാതമായ ചെറുനോവൽ 1964 ലെ കൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ തന്നെ രവി വായിച്ചിരുന്നു. 'കാട്ടുകുരങ്ങി'ന് ശേഷം ഇനിയെന്ത് എന്നാലോചിച്ചപ്പോൾ 'മതിലുകളാ'ണ് അനുയോജ്യമായി തോന്നിയത്. ബഷീറിന്റെ 'ഭാർഗവീ നിലയ'വും 'ബാല്യകാല സഖി'യും അതിനോടകം സിനിമകളായികഴിഞ്ഞിരുന്നു.. ചെമ്മീന് ശേഷം കണ്മണി ഫിലിംസിന്റെ ബാനറിൽ രാമുകാര്യാട്ട് 'ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന്'എടുക്കാനുള്ള തീരുമാനം എന്തുകൊണ്ടോ പിന്നീട് അലസിപ്പോയി. അപ്പോഴൊന്നും 'മതിലുകൾ' സിനിമയാക്കുന്നതിനെ ക്കുറിച്ച് ആരും ആലോചിച്ചില്ല. പൂർണ്ണമായും ജയിലിനുള്ളിൽ വെച്ച് ഒരു സിനിമ നിർമ്മിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും അന്നത്തെ പ്രേക്ഷകർ അതിനെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുമൊക്കെ ആകാം അവരെ പിന്തിരിപ്പിച്ചത്.

'മതിലുകൾ'തന്നെ അടുത്ത ചിത്രം എന്നു തീരുമാനമായതോടെ പി ഭാസ്‌ക്കരൻ, പാറപ്പുറത്ത്, രവിയുടെ പിൽക്കാല സിനിമകളുടെയെല്ലാം നിർമ്മാണ നിർവഹണ ചുമതല വഹിച്ച ജെ രാജശേഖരൻ നായർ എന്നിവർ ബഷീറിനെ ബേപ്പൂരിൽ ചെന്നുകണ്ടു സംസാരിച്ചു. പണ്ട് മദിരാശിയിലെ ജയകേരളത്തിന്റെ നാളുകളിൽ ഒരുമിച്ച് താമസിക്കുമ്പോൾ പി ഭാസ്‌ക്കരന് 'പിസ്ക്കി ഭാസ്‌ക്രംസ്കി' എന്നുപേരിട്ട ബഷീർ തടസ്സമൊന്നും പറഞ്ഞില്ല. ജയിലിൽ വെച്ച് ചിത്രീകരണം നടത്തുന്നതിന്റെ പ്രായോഗികവശങ്ങളെ കുറിച്ചു മാത്രമേ ചോദിച്ചുള്ളൂ.

ബഷീറിന്റെ സമ്മതം വാങ്ങി തിരിച്ചുവന്നിട്ട് ഈ സംഘം തിരുവനന്തപുരം സെൻട്രൽ ജയിലിൽ സന്ദർശനം നടത്തി.

അന്നാളുകളിൽ, പി ഭാസ്‌ക്കരന്റെ പല ചിത്രങ്ങളുടെയും തിരക്കഥ യെഴുതിയിരുന്നത് പാറപ്പുറത്താണ്. അതുകൊണ്ട് അദ്ദേഹത്തെയാണ് 'മ തിലുകളുടെ'യും സ്ക്രിപ്റ്റ് എഴുതാനേ ൽപ്പിച്ചത്.

പാറപ്പുറത്ത് എഴുതിയ 'മതിലുകളു'ടെ തിരക്കഥ വായിച്ചുകേട്ടപ്പോൾ രവിയ്ക്ക് തീരെ ഇഷ്ടമായില്ല.ട്രീറ്റ്‌മെന്റ്, സംഭാഷണം..... ഇതൊന്നും ശരിയായില്ല എന്ന് തുറന്നു തന്നെ പറഞ്ഞു. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ പിന്നെ മുന്നോട്ടുപോയില്ല.

1970 കളുടെ തുടക്കത്തിൽ തമിഴ്നാട്ടിലെ സാധാരണക്കാരായ നാടകപ്രേമികൾക്ക്, ദുഃഖവും സന്തോഷവുമിടകലർന്നവൈകാരികാനുഭൂതികൾ സമ്മാനിച്ച നാടകമായിരുന്നു കാരക്കുടി നാരായണന്റെ 'അച്ചാണി'.കുടുംബത്തിലെ കാരണവരുടെ സ്ഥാനത്തുള്ള ത്യാഗമൂർത്തിയായ ജ്യേഷ്ട സഹോദരൻ, അയാളുടെ ശാസനയും വാത്സല്യവും കൊണ്ടു തീർത്ത സംരക്ഷണ വലയത്തിൽ നിന്ന് കുതറിച്ചാടി ധനികയുവാവിന്റെ കൂടെയിറങ്ങിപ്പോകുന്ന അനുജത്തി, ലക്ഷ്മണൻ രാമനെയെന്ന പോലെ സഹോദരനെ പൂജിക്കുന്ന അനുജൻ, സർവം സഹയായ ഭാര്യ, ആ കുടുംബം നേരിടുന്ന ദുരിതങ്ങളും ദുരന്തങ്ങളും.... അക്കാലത്തെ നാടക /സിനിമാ പ്രേക്ഷകർക്ക് കണ്ണും മനവും നിറഞ്ഞാസ്വദിക്കാൻ വേണ്ടുന്ന നിരവധി ചേരുവകളുള്ള ടിപ്പിക്കൽ മെലോഡ്രാമയായിരുന്നു ആ നാടകം.നാടകം കണ്ടിഷ്ടപ്പെട്ട സംവിധായകൻ എ വിൻസെന്റ് ആണ് ശങ്കറിനോട് അതേക്കുറിച്ച്‌ പറയുന്നത്. ശങ്കർ നാടകം പോയി ക്കണ്ടിട്ട് രവിയോട് വന്ന് അനുകൂലമായ അഭിപ്രായം പറഞ്ഞു.

വൈകാതെ രവി തമിഴ് നാട്ടിൽ പോയി നാടകം കണ്ടു. കുടുംബത്തിന്റെ ആണിക്കല്ലായി നില കൊണ്ട, മണ്മറഞ്ഞ സ്വന്തം ജ്യേഷ്ഠ സഹോദരനെയാണ് രവിക്ക് നാടകം കണ്ടപ്പോൾ ഓർമ്മ വന്നത്. ഉടനെ തന്നെ സിനിമയാക്കാനുള്ള അവകാശം വാങ്ങാൻ ശങ്കറിനെ ചുമതല പ്പെടുത്തി.

കാട്ടുകുരങ്ങിന് ശേഷം ഏതാണ്ട് നാലുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് രവി മടങ്ങിവരുന്നത്.ജനറൽ പിക്ച്ചേഴ്സിന്റെ പടങ്ങൾ സ്ഥിരമായി സംവിധാനം ചെയ്തിരുന്ന പി ഭാസ്‌ക്കരനെയല്ല, ഈ നാടകം കാണാൻ നിർദ്ദേശിച്ച വിൻസെന്റിനെയാണ്, ഇത്തവണ സംവിധായകനായി നിശ്ചയിച്ചത്. എന്നാൽ പാട്ടുകൾ പതിവുപോലെ ഭാസ്‌ക്കരൻ മാഷ് എഴുതി. കാട്ടുകുരങ്ങിലെ പാട്ടുകൾ ഏറെ ജനപ്രീതി നേടിയതുകൊണ്ടാകാം ദേവരാജനെ സംഗീത സംവിധാനവും ഏൽപ്പിച്ചു. തിരക്കഥ യും സംഭാഷണവും രചിച്ചത്, നാടകരചനയിലും തിരക്കഥയെഴുത്തിലുമൊരുപോലെ തഴക്കവും പഴക്കവും ചെന്ന തോപ്പിൽ ഭാസിയായിരുന്നു.

സ്ഥിരമായി പ്രേമനായകന്റെ വേഷം കെട്ടുന്ന പ്രേംനസീറിന്റെ വളരെ വ്യത്യസ്തമായ ഒരു മുഖമാണ് അച്ചാണി യിലെ കുടുംബത്തിന്റെ ആധാരശിലയായ തയ്യൽക്കാരൻ വാസു വിലൂടെ കണ്ടത്. അഭിനയത്തിൽ നസീർ പ്രകടമാക്കിയ ഒതുക്കവും മിതത്വവും മാത്രമല്ല കട്ടി മീശയും വിഗ്ഗുമൊക്കെ വെച്ച് രൂപഭാവങ്ങളിൽ വരുത്തിയ മാറ്റവും ശ്രദ്ധേയമായി.1973 ൽ തന്നെ 'സ്വപ്നം', 'പണി തീരാത്ത വീട്' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ നായികയായെത്തിയ ബംഗാളി നടി നന്ദിതാ ബോസ്, പുതു തലമുറയിലെ ശ്രദ്ധേയരായ വിൻസെന്റ്, സുധീർ, സുജാത എന്നിവർക്ക് പുറമേ പരിചയസമ്പന്നരായ കൊട്ടാരക്കര, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ,മീന, ഫിലോമിന, മാസ്റ്റർ സത്യജിത് എന്നിവരും അച്ചാണിയിൽ അഭിനയിച്ചു. "എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ " എന്ന ഗാനമാലപിച്ചുകൊണ്ട് യേശുദാസ് ഒരു രംഗത്ത് പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരെ ആകർഷിച്ച ഒരു നമ്പറായിരുന്നു.

തമിഴ് സിനിമയുടെ ശൈലിയിൽ ഒരുക്കിയ ഭേദപ്പെട്ട മെലോഡ്രാമ എന്നു മാത്രമേ 'അച്ചാണി' യെ വിശേഷിപ്പിക്കാനാകൂ. വിൻസെന്റിന്റെ പൂർവചിത്രങ്ങളായ "ഭാർഗവി നിലയം', 'മുറപ്പെണ്ണ്', 'നഗരമേ നന്ദി','നദി', 'അസുരവിത്ത്' തുടങ്ങിയ ചിത്രങ്ങളുടെ നിലവാരത്തോളം അച്ചാണി യ്ക്ക് എത്താൻ കഴിഞ്ഞില്ല. എന്നാൽ ആ ചിത്രങ്ങൾക്കൊന്നും ലഭിക്കാത്ത ജനപ്രീതിയും കച്ചവടവിജയവും അച്ചാണി നേടി.അതിൽ നിന്നു കിട്ടിയ ലാഭം മുഴുവനുമെടുത്തിട്ടാണല്ലോ രവീന്ദ്രനാഥൻ നായർ കൊല്ലം പട്ടണത്തിന്റെ സാംസ്കാരിക ശോഭയ്ക്ക് മാറ്റുകൂട്ടിയ പബ്ലിക് ലൈബ്രറി മന്ദിരം പണിഞ്ഞു കൊടുത്തത്.

"അന്വേഷിച്ചു കണ്ടെത്തിയില്ല'മുതൽ 'അച്ചാണി' വരെയുള്ള ചിത്രങ്ങൾ,രവിയെന്ന നിർമ്മാതാവിന്റെയും ജനറൽ പിക്ചേഴ്സ് എന്ന ബാനറിന്റെയും ചരിത്രനാൾവഴികളിലെ ഒന്നാംഘട്ടത്തെ കുറിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ സാഹിത്യാധിഷ്ഠിത സിനിമയെന്ന പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും ,സിനിമയ്ക്ക് ആധാരമായ കൃതികളോട് വലിയൊരു പരിധി വരെ നീതിപുലർത്തിക്കൊണ്ട് കലാമൂല്യമുള്ള സിനിമകളായി അവയെ പുനസൃഷ്ടിക്കുകയുമാണ് ജനറൽ പിക്ച്ചേഴ്സ് ചെയ്തത്.

രണ്ടാമതായി, ഇന്നേവരെയിറങ്ങിയ മലയാള സിനിമാ ഗാനങ്ങളുടെ കൂട്ടത്തിൽ, സംഗീതപ്രേമികൾ എന്നും ഓർക്കുകയും മൂളി നടക്കുകയും ചെയ്യുന്ന ഒരു പിടി നല്ല ഗാനങ്ങൾ -- "ഇന്നലെ മയങ്ങുമ്പോൾ" പോലെയോ "നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും" പോലെയോ എക്കാലത്തേയും ഒന്നാന്തരം പാട്ടുകൾ ആ ചിത്രങ്ങളിലൂടെയാണ് നമ്മുടെ സാംസ്കാരിക ഈടുവെയ്പ്പായി തീർന്നത്.

അച്ചാണിയുടെ ചരിത്രത്തിൽ ഇടം പിടിച്ച വിജയത്തിന് ശേഷം, ഒരു സിനിമാ പ്രസിദ്ധീകരണത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലൂടെ നിർമ്മാതാവ് എന്ന നിലയിലുള്ള മാനിഫെസ്റ്റോ വ്യക്തമാക്കുന്നുണ്ട് രവി.

"സിനിമയെ കല, വ്യവസായം എന്നു തിരിക്കരുത്. ഇതു രണ്ടുമാണ് സിനിമ. സിനിമയിൽ കലയും വ്യവസായവും പൊരുത്തപ്പെട്ടു കിടക്കണം. ഒരു ചിത്രം നിർമ്മിക്കുമ്പോൾ അതിന്റെ കലാപരമായ മേന്മ യ്ക്കു ഹാനി സംഭവിക്കാതെ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങൾ കൂടി നടത്തിയിരിക്കണം. നിർമ്മാതാക്കൾക്ക് സമൂഹത്തോട് കൂടെ കടപ്പാടുണ്ട്. ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ ആ കടപ്പാട് മറക്കരുത്."( ചിത്രരമ സിനിമാ വാരികയ്ക്ക് വേണ്ടി മണ്ണാറക്കയം ബേബി നടത്തിയ അഭിമുഖത്തിൽ നിന്ന് )

എന്നാൽ ആ മാനിഫെസ്റ്റോയെ അതു പ്രഖ്യാപിച്ച വ്യക്തി തന്നെ മനഃപൂർവമോ അല്ലാതെയോ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതാണ് നിർമ്മാതാവെന്ന നിലയിലുള്ള രവീന്ദ്രനാഥൻ നായരുടെ രണ്ടാം ഘട്ടത്തിൽ നാം കാണുന്നത്.

'അച്ചാണി'യ്ക്ക് ശേഷം അടുത്ത ചിത്രമായി ലോക ചെറുകഥാ മത്സരത്തിൽ സമ്മാനം നേടിയ എം ടിയുടെ 'വളർത്തു മൃഗങ്ങൾ' എന്ന കഥയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്, രവിയുടെ സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്

ജന്മം കൊണ്ടു കൊല്ലംകാരനാണെങ്കിലും, പ്രവർത്തി മേഖലയും സ്ഥിരവാസസ്ഥലവുമൊക്കെ യായി കോഴിക്കോട് നഗരത്തെ തെരഞ്ഞെടുത്ത പ്രശസ്ത ചെറുകഥാ കൃത്ത് പട്ടത്തുവിള കരുണാകരൻ ചലച്ചിത്രനിർമ്മാണത്തി ത്തിലേക്കിറങ്ങിയത് ആകസ്മികമായിട്ടായിരുന്നു.എം ടി വാസുദേവൻ നായർ, എൻ പി മുഹമ്മദ്‌, തിക്കോടിയൻ, എം വി ദേവൻ, ജി അരവിന്ദൻ, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയ കോഴിക്കോട്ടെ പ്രതിഭാശാലികളുടെ സംഘത്തിൽ നിന്ന് 'നിർമ്മാല്യം'എന്ന ചിത്രവുമായി എം ടി സംവിധാനരംഗത്ത് പ്രവേശിക്കുകയുംദേശീയ അവാർഡ് നേടുകയും ചെയ്തു.മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഒരു കാലഘട്ടത്തിന്റെ അടയാളമുദ്രയായി മാറിയ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവ് അരവിന്ദനെക്കൊണ്ട് ഒരു ചിത്രം സംവിധാനം ചെയ്യിക്കാനായിരുന്നു ചങ്ങാതിമാരുടെ ശ്രമം.തിക്കോടിയൻ തിരക്കഥയെഴുതിയ ചിത്രത്തിന്റെ പേര് 'ഉത്തരായണം'.അടൂരിന്റെ 'സ്വയംവര'ത്തിൽ ആരംഭിച്ച മലയാളസിനിമയിലെ നവതരംഗം എം ടിയുടെ 'നിർമ്മാല്യ'ത്തിലൂടെ അരവിന്ദന്റെ 'ഉത്തരായണ'ത്തിൽ എത്തിയപ്പോൾ കൂടുതൽ കരുത്തും ഊർജ്ജവുമാർജ്ജിച്ചിരുന്നു.തൊഴിലില്ലായ്മയും നഷ്ടസ്വപ്‌നങ്ങളും വ്യർത്ഥതാ ബോധവുമൊക്കെ ചേർന്ന് ക്ഷുഭിതരും നിഷ്‌ക്രിയരുമൊക്കെ യാക്കി മാറ്റിയ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യുവത്വത്തെ ക്കുറിച്ചു പറയുന്ന ചിത്രത്തിൽ ഡോ. മോഹൻ ദാസ്, മോഹമല്ലിക, സുകുമാരൻ, വിജയൻ തുടങ്ങിയ പുതുമുഖങ്ങളാണ് അഭിനയിച്ചത്. ഒപ്പം അടൂർ ഭാസി, പ്രേംജി,ബാലൻ കെ നായർ, കുഞ്ഞാണ്ടി, നിലമ്പൂർ ബാലൻ, ശാന്താ ദേവി തുടങ്ങിയ പരിചയസമ്പന്നരും. എങ്കിലും പടം വിതരണത്തിനെടുക്കേണ്ട ഘട്ടമെത്തിയപ്പോൾ മലയാളത്തിലെ മുൻ നിര വിതരണക്കമ്പനികളൊക്കെ പിൻ വലിഞ്ഞു.

അറുപതുകളുടെ ഒടുവിൽ എം വി ദേവൻ, നമ്പൂതിരി, കാനായി കുഞ്ഞിരാമൻ, ജയപാലപ്പണിക്കർ തുടങ്ങിയ കെ സി എസ് പണിക്കരുടെ ശിഷ്യന്മാർ കൊല്ലം പട്ടണത്തിലെ പൊതു ഇടങ്ങളിൽ പലയിടത്തും ശിൽപ്പങ്ങളും ചുവർ ചിത്രങ്ങളുമൊരുക്കുന്ന ഒരു പരിപാടിക്കു തുടക്കം കുറിച്ചു .രവിയുടെ കൂടി മുൻകൈയ്യിലാണ് കൊല്ലം പബ്ലിക് ലൈബ്രറി ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പ്രഗത്ഭരായ ഈ കലാകാരന്മാർ മനോഹരസൃഷ്ടികൾ പണിതുയർത്തിയത് .അങ്ങനെ അടുത്തു പരിചയപ്പെട്ട എം വി ദേവനാണ് 'ഉത്തരായണ'ത്തെ കുറിച്ച് രവിയോട് സംസാരിക്കുന്നത്. കൊല്ലത്തെ മറ്റൊരു പ്രശസ്ത കുടുംബത്തിൽപ്പെട്ട പട്ടത്തുവിള സഹോദരന്മാരുമായി രവിയ്ക്ക് അടുത്ത സൗഹൃദവുമുണ്ട്.ആയിടെ നടന്ന സ്ക്രീനിംഗിൽ വെച്ച് ഉത്തരായണം കണ്ട രവിക്ക് പടം വളരെ ഇഷ്ടമായി. കച്ചവട സിനിമാക്കാരുടെ ഒരു പിന്തുണയുമില്ലാത്ത, അങ്ങനെയുള്ള ആരോടും അങ്ങോട്ടുചെന്ന് സഹായമാവശ്യപ്പെടാത്ത അരവിന്ദനെ പോലെയുള്ള പ്രതിഭാശാലികളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് രാജശേഖരൻ നായരോട് പറയുകയും ചെയ്തു. അതനുസരിച്ച് വിതരണാവകാശത്തെ കുറിച്ചു സംസാരിക്കാൻ രാജശേഖരൻ നായർ കോഴിക്കോട് മഹാറാണി ഹോട്ടലിൽ ചെന്നു. എം ടി, തിക്കോടിയൻ, എം വി ദേവൻ, പട്ടത്തുവിള, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവർ അരവിന്ദനോടൊപ്പം അവിടെയുണ്ടായിരുന്നു. പ്രതാപ് ഫിലിംസ് വിതരണമെറ്റെടുത്ത 'ഉത്തരായണം' വൈകാതെ തീയേറ്ററുകളിലെത്തി.പടം കാര്യമായി ഓടിയില്ലെങ്കിലും ആ വർഷത്തെ മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥാകൃത്തിനും ഛായാഗ്രാഹകനുമുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചു. സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി പ്രമാണിച്ചുള്ള പ്രത്യേക പുരസ്‌കാരവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും നേടി.

രാമായണകാവ്യത്തിലെ രാമന്റെ അന്തസംഘർഷങ്ങളും ശംബൂക വധവും അശ്വമേധയാഗവും സീതയുടെ തിരോധനവുമൊക്കെ പ്രമേയമായി വരുന്ന 'കാഞ്ചന സീത' എന്ന സി എൻ ശ്രീകണ്ഠൻ നായരുടെ നാടകം ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ രവി വായിച്ചിരുന്നതാണ്.പിന്നീട് കൗമുദി വാരികയിൽ 'രാജ്യശുൽക്കം' എന്ന പേരിൽ ആദ്യം പ്രസിദ്ധീകരിക്കുകയും പിന്നീട് 'സാകേതം' എന്ന് പേരിൽ അറിയപ്പെടുകയും ചെയ്ത അതിന്റെ ആദ്യഭാഗവും വായിച്ചു. ടി ആർ സുകുമാരൻ നായർ രാമനും ദശരഥനുമായി അഭിനയിച്ച ഈ രണ്ടു നാടകങ്ങളും അടുത്തടുത്ത ദിവസങ്ങളിലായി അരങ്ങേറിയപ്പോൾ പോയി കാണുകയും ചെയ്തു.വൈകാരിക സംഘട്ടനങ്ങൾ ഏറെയുള്ള 'കാഞ്ചനസീത' ഇഷ്ടപ്പെട്ടതുകൊണ്ട് സി എന്റെ കയ്യിൽ നിന്ന് സിനിമയാക്കാനുള്ള അവകാശം വാങ്ങിവെച്ചു. പി ഭാസ്‌ക്കരനെ കൊണ്ട് സംവിധാനം ചെയ്യിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ എഴുപതു കളായപ്പോഴേക്കും നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചുമുള്ള സി എൻ ശ്രീകണ്ഠൻ നായരുടെ കാഴ്ചപ്പാടുകളിലാകെ മാറ്റം വന്നിരുന്നു. പി ഭാസ്‌ക്കരന്റേതു പോലെയുള്ള ഒരു സംവിധാനശൈലി അല്ല തന്റെ നാടകം ആവശ്യപ്പെടുന്നതെന്നായിരുന്നു സി എന്റെ അഭിപ്രായം.നാടകത്തിന്റെ പ്രമേയത്തെയും അതിൽ അന്തർലീനമായ സീത പ്രകൃതിയാണെന്നുള്ള സങ്കല്പത്തെ ക്കുറിച്ചുമൊക്കെ വ്യത്യസ്തവും വ്യതിരിക്തവുമായ ഒരു ദർശനം തന്നെ ഉള്ള പ്രതിഭയാണ് തന്റെ അബ്സേർഡ് നാടകമായ 'കലി' സംവിധാനം ചെയ്ത അരവിന്ദൻ. 'കാഞ്ചനസീത' അരവിന്ദൻ സംവിധാനം ചെയ്യുന്നതായിരുന്നു സി എൻ ശ്രീകണ്ഠൻ നായർക്ക് ഇഷ്ടം.രവിയ്ക്ക് അഭിപ്രായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.അരവിന്ദൻ ഒരു ദിവസം കൊല്ലത്തു വന്ന് ചിത്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ ക്കുറിച്ചും ട്രീറ്റ്മെന്റ് എങ്ങനെയായിരിക്കുമെന്നും അദ്ദേഹത്തിന്റെ ശൈലിയിൽ അൽപ്പം ചില വാക്കുകളിൽ വിശദീകരിച്ചു.അതിലെ വ്യത്യസ്തതയും പുതുമയും രവിയെ ആകർഷിച്ചു.ഗോത്രവർഗത്തിൽ പെട്ടവരെ രാമനും ലക്ഷ്മണനുമായി അഭിനയിപ്പിച്ചുകൊണ്ട് ആന്ധ്രാ പ്രദേശത്തുള്ള ഗോദാവരി തീരത്തു വെച്ച് ചിത്രീകരണം നടക്കുമ്പോൾ രവി അവിടേക്ക് പോയതേയില്ല. ശങ്കറി നായിരുന്നു പൂർണ്ണ നിർമ്മാണ ചുമതല. 1976 ലാണ് ഷൂട്ടിംഗ് നടന്നത്. ആ വർഷം ഡിസംബർ മാസത്തിൽ സി എൻ ശ്രീകണ്ഠൻ നായർ വിടപറഞ്ഞു.

മലയാളസിനിമയുടെ ഭാവുകത്വപരിണാമത്തിലും മലയാളി പ്രേക്ഷകരുടെ അതുവരെയുണ്ടായിരുന്ന സിനിമാ സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതിലും 'കാഞ്ചന സീത' വഹിച്ച പങ്ക് ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്.ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മലയാളസിനിമ ശ്രദ്ധാ കേന്ദ്രമാകാൻ നിമിത്തമായെങ്കിലും കാഞ്ചനസീത പ്രേക്ഷകരിലെ ബഹുഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തിയില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.1977ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം അരവിന്ദൻ നേടി. 'കാഞ്ചന സീത' സിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ സംഭാവന ഷാജി എൻ കരുൺ എന്ന ഛായാഗ്രാഹകനാണ്.

എന്നാൽ അടുത്ത ചിത്രമായ 'തമ്പ്' നിർമ്മാതാവിന്റെ കൈ പൊള്ളിച്ചില്ല. ഒരു ഗ്രാമത്തിലെത്തുന്ന സർക്കസ് കമ്പനി എന്ന ഒറ്റവരിയാണ് കഥയായി അരവിന്ദന് നിർമ്മാതാവിനോട് പറയാനുണ്ടായിരുന്നത്.എം ടിയുടെ 'വളർത്തു മൃഗങ്ങളു'ടെ ചലച്ചിത്രാവകാശം കൈവശമുണ്ടായിരുന്നെങ്കിലും ഒന്നും പറയാതെ എല്ലാം അരവിന്ദന്റെ ഇഷ്ടത്തിനു വിടുകയാണ് രവി ചെയ്തത്.

കാഞ്ചനസീത ഉണർത്തിയ ഉത്സാഹത്തിൽ അരവിന്ദന് പിന്തുണയുമായി സുഹൃത്തുക്കളുടെ ഒരു സംഘം തന്നെ ചിത്രീകരണം നടന്ന തിരുവാനായായിൽ ഒപ്പമുണ്ടായിരുന്നു. ആരും ഹോട്ടലിൽ താമസിച്ചില്ല. ഒരു വീട് വാടകക്ക് എടുത്ത് തറയിൽ പായ വിരിച്ചു കിടന്നു.

ജി.അരവിന്ദന്റെ തമ്പ് ചിത്രീകരണത്തിനിടെ
ജി.അരവിന്ദന്റെ തമ്പ് ചിത്രീകരണത്തിനിടെ

സർക്കസ് കമ്പനിയുടെ മാനേജരായി അഭിനയിക്കുന്ന കോടിയേറ്റം ഗോപി ഒഴിച്ചാൽ നേരത്തെ സിനിമയിൽ തല കാണിച്ചിട്ടുള്ള ആരുമില്ലെന്നു തന്നെ പറയാം.അരവിന്ദൻ സംവിധാനം ചെയ്ത കാവാലം നാരായണപ്പണിക്കരുടെ നാടകമായ 'അവനവൻ കടമ്പ'യിലെ ഒന്നാം പാട്ടുപരിഷയുടെ വേഷത്തിൽ ശ്രദ്ധേയനായ നെടുമുടി വേണു, വേണുവിന്റെ നിർദ്ദേശമനുസരിച്ച് അഭിനയിക്കാനെത്തിയ ജലജ എന്ന പെൺകുട്ടി, വി കെ ശ്രീരാമൻ പിന്നെ ഇടയ്ക്കയിൽ വിസ്മ യങ്ങൾ തീർക്കുന്ന ഞെരളത്ത് രാമപ്പൊതുവാൾ.... ഇവരൊക്കെ 'തമ്പി'ന്റെ ഭാഗമായി.ഷാജിയുടെ ക്യാമറ ഇത്തവണ കറുപ്പിലും വെളുപ്പിലുമാണ് അസാമാന്യമായ ഫ്രെയിമുകൾ ഒരുക്കിയത്.

കാവാലം എഴുതിയ " "കാനകപ്പെണ്ണ് ചെമ്മരുത്തീ, കണ്ണേറാം കുന്നുമ്മേൽ ഭജനം പാർത്തൂ "എന്ന പാട്ടിന് ഈണം പകർന്നത് എം ജി രാധാകൃഷ്ണനാണ്. അരവിന്ദന്റെ പ്രിയപ്പെട്ട ആകാശവാണി ലളിതഗാനമായ " ഓടക്കുഴൽ വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപര യുഗ സന്ധ്യയിൽ "ഒരുക്കിയ അതേ ടീം. രവിയുടെ സഹധർമ്മിണിയായ ഉഷാ രവി കാനകപ്പെണ്ണ് പാടിയത് കാവാലത്തിന്റെയും രാധാകൃഷ്ണന്റെയും കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ്.

ചിത്രീകരണ വേളയിൽ രവി പല തവണ ലൊക്കേഷൻ സന്ദർശിച്ചു എന്നൊരു പ്രത്യേകതയുണ്ട് തമ്പിന്. പടം കണ്ടപ്പോൾ പൂർണ്ണ തൃപ്തിയുമായി.എന്നുതന്നെയല്ല രവി എടുത്ത അരവിന്ദൻ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമായതും 'തമ്പ്' തന്നെയാണ്.ചിത്രം ഒരാഴ്ചയോളം ഓടുകയും ചെയ്തു.പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'തമ്പ്' ഈയിടെ പുനർജ്ജനിച്ചപ്പോൾ നാലു പതിറ്റാണ്ടിന് ശേഷമുള്ള തലമുറ സഹർഷം ചിത്രത്തെ സ്വീകരിച്ചു.

'കുമ്മാട്ടി' യുടെ കഥ കാവാലം പറഞ്ഞപ്പോൾ തന്നെ രവിക്ക് ഇഷ്ടമായി.മിത്തിനെ അടിസ്ഥാനമാക്കി മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് സവിശേഷഭംഗിയുണ്ടായിരുന്നു.ചീമേനിയുടെ ഗ്രാമീണ ഭൂമികയും പ്രധാന വേഷമണിഞ്ഞ അമ്പലപ്പുഴ രാമുണ്ണിയുടെയും മാസ്റ്റർ അശോകിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘത്തിന്റെയും കഥാപാത്രങ്ങളായുള്ള പകർന്നാട്ടവും കാവാലം -- എം ജി രാധാകൃഷ്ണൻ ടീം ഒരുക്കിയ സംഗീതവും കുട്ടികളെപ്പോലെ മുതിർന്നവരെയും ആകർഷിച്ചു വർഷങ്ങൾക്കു ശേഷം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'കുമ്മാട്ടി' പ്രേക്ഷകരുടെ മുമ്പാകെ വീണ്ടുമെത്തിയപ്പോൾ, കാലപ്പഴക്കമുണ്ടായിട്ടും നശിക്കാത്ത ആവിഷ്കാരത്തിലെ പുതുമ കൗതുകം പകർന്നു.

അരവിന്ദന്റെ കാവ്യാത്മകമായ സംവിധാനശൈലി കൂടുതൽ ഔനത്യങ്ങളിൽ ചെന്നു തൊട്ട 'എസ്തപ്പാൻ' നീണ്ടകരയുടെയും ചവറയുടെയും ഇടയ്ക്കുള്ള കരിത്തുറ എന്ന കടലോര ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. രവിക്ക് വളരെ അടുത്തുപരിചയമുണ്ടായിരുന്ന കുടുംബമാണ് കാക്കനാടൻ സഹോദരന്മാരുടേത്. അവരിൽ ഇളയ ആളായ ചിത്രകാരൻ രാജൻ കാക്കനാടൻ അഭിനയിക്കുന്ന, അദ്ദേഹത്തെ പോലെ തന്നെ ജന്മനാ അവധൂതനായ,വിശുദ്ധ പുസ്തകത്തിൽ പറയുന്നതുപോലെയുള്ള എസ്തപ്പാന്റെ കഥ ആദ്യം കേട്ടപ്പോൾ തന്നെ രവിക്ക്‌ അതിൽ മഹത്തായ ഒരു സിനിമ കാണാൻ കഴിഞ്ഞു. ചിത്രത്തിലെ ഒരു ചെറിയ സീനിൽ രവിയും കുടുംബവും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.ചിത്രത്തിനുംസംവിധാനത്തിനുമുള്ള ക്യാമറയ്ക്കുമുള്ള സംസ്ഥാന അവാർഡുകൾ പതിവുപോലെ 'എസ്തപ്പാൻ' നേടി.

എസ്തപ്പാനു ശേഷം രണ്ടു ചിത്രങ്ങൾ ഒരുമിച്ചെടുക്കുകയായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനെ നായകനാക്കി സ്കീസോഫ്രീനിക്കായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന 'പോക്കുവെയിൽ'അരവിന്ദൻ സംവിധാനം ചെയ്തപ്പോൾസ്വന്തം നോവലിനെ ആസ്പദമാക്കിയെടുത്ത 'മഞ്ഞ്' എം ടി തന്നെ സംവിധാനം ചെയ്തു.ചുള്ളിക്കാടിനോടൊപ്പം ചവറ വി പി നായർ ഭാര്യ വിജയലക്ഷ്മി, മകൾ കല്പന തുടങ്ങിയവര ഭിനയിച്ച 'പോക്കുവെയിൽ' ചിത്രീകരിച്ചത് ശാസ്താം കോട്ടയിൽ വെച്ചാണ്. ശങ്കർ മോഹനും സംഗീതാ നായിക്കും പ്രധാന വേഷങ്ങളിൽ വന്ന 'മഞ്ഞ്' നൈനിറ്റാളിലും.

ELIPPATHAYAM (RAT TRAP)
ELIPPATHAYAM (RAT TRAP)

നിർമ്മാതാവെന്ന നിലയിൽ രവിയെ സാമ്പത്തിക നഷ്ടത്തിന്റെ ആഴവും വ്യാപ്തിയും അറിയിച്ച പടങ്ങളായിരുന്നു രണ്ടും. പ്രത്യേകിച്ച് മഞ്ഞ്.മാത്രമല്ല കാഞ്ചനസീത തൊട്ടുള്ള രവിയുടെ ചലച്ചിത്ര നിർമ്മാണ സപര്യയിൽ ഒരൊറ്റ അവാർഡ് പോലും നേടിക്കൊടുക്കാത്ത ഏക ചിത്രവും 'മഞ്ഞാ'ണ്.

സിനിമയിൽ നിന്നുള്ള സാമ്പത്തിക ലാഭത്തെ കുറിച്ച് രവി ഒരിക്കലും ആശങ്കകളോ ആകുലതകളോ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും നഷ്ടം മാത്രം സമ്മാനിക്കുന്ന സിനിമാ നിർമ്മാണ സംരംഭങ്ങളോട് ബന്ധുക്കളിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.ദേശീയ സംസ്ഥാന അവാർഡുകൾ നേടാത്ത അരവിന്ദന്റെ ചിത്രങ്ങൾ കുറവായിരുന്നു. ആദ്യമൊക്കെ അരവിന്ദൻ പടത്തിന്റെ പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉത്സാഹം കാണിച്ചിരുന്നെങ്കിലും പിന്നീട് അക്കാര്യം നിർമ്മാതാവിന്റെ പൂർണ്ണ ഉത്തരവാദിത്തമായി മാറി. ഒരു സംവിധായകനെ വെച്ചുതന്നെ തുടർച്ചയായി സിനിമ നിർമ്മിക്കുന്ന കാര്യത്തെക്കുറിച്ച് പുനർചിന്തനം ആവശ്യമാണെന്ന് തോന്നിയപ്പോൾ ആദ്യം രവിയുടെ മനസിലേക്ക് എത്തിയത് അടൂർ ഗോപാലകൃഷ്ണന്റെ പേരാണ്.

1965 ൽ ചിത്രലേഖ ഫിലിം സൊസൈറ്റിയും തുടർന്ന് ആദ്യത്തെ ചലച്ചിത്ര സഹകരണ സംഘമായ ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവും സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ അടൂർ ഗോപാലകൃഷ്ണൻ, താൻ കൂടി ചേർന്നുകൊണ്ട് ജന്മം കൊടുത്ത പ്രസ്ഥാനവുമായി വഴിപിരിഞ്ഞ നാളുകളായിരുന്നു അത്. ദേശീയ - അന്തർദ്ദേശീയ തലങ്ങളിൽ അംഗീകരിക്കപ്പെട്ട 'സ്വയം വരം', 'കോടിയേറ്റം' എന്ന രണ്ടു ചിത്രങ്ങൾക്കു ശേഷം ചിത്രലേഖ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളും അടുത്ത ചിത്രത്തിന്റെ പ്രാരംഭജോലികളുമൊക്കെയായി സജീവമായി മുന്നോട്ടുപോകുമ്പോഴാണ് ആത്മസ്നേഹിതനായിരുന്ന കുളത്തൂർ ഭാസ്‌ക്കരൻ നായരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത്. അപ്പോൾ തന്നെ അടൂർ ചിത്രലേഖയുടെ പടിയിറങ്ങി.അടൂരിനെ പോലെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരു ചലച്ചിത്രകാരനെ കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കാൻ മറ്റു നിർമ്മാതാക്കളോ ബാനറുകളോ മുന്നോട്ടുവന്നില്ല.കടുത്ത മാനസികക്ഷോഭത്തിലും സംഘർഷങ്ങളിലും കൂടി കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ആ നാളുകളിലാണ് അടൂരിനെ തിരക്കി ഒരു ഫോൺ കാൾ എത്തുന്നത്.ഒരു കൂടിക്കാഴ്ചക്കായി കൊല്ലത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള രവിയുടെ വിളിയായിരുന്നു അത് .'പോക്കുവെയിലി'ന്റെ ചിത്രീകരണം അപ്പോൾ ശാസ്താം കോ ട്ടയിൽ ആരംഭിച്ചിരുന്നു. 'മഞ്ഞി'ന്റെ പ്രാരംഭപ്രവർത്തനങ്ങളും.

അടൂർ ചിത്രലേഖ വിട്ടതുമായി ബന്ധപ്പെട്ട വിവരങ്ങൾ രവിയുടെ കാതു കളിലുമെത്തിയിരുന്നു. 'സ്വയം വര'വും 'കൊടിയേറ്റ'വും കണ്ടപ്പോൾ അടൂരിന്റെ സംവിധാനശൈലിയോട് ഇഷ്ടം തോന്നി.അടൂരിനെ കൊണ്ട് ഒരു സിനിമ ചെയ്യിപ്പിക്കുന്നതിനെ കുറിച്ച് രാജശേഖരൻ നായരുമായി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തതിനുശേഷമാണ് കൊല്ലത്തേക്ക് ക്ഷണിച്ചുകൊണ്ട് കാർ അയച്ചുകൊടുത്തത്.

"എന്താണ് ഇപ്പോൾ സിനിമയെടുക്കാത്തത്?"അടൂരിനോടുള്ള രവിയുടെ ആദ്യത്തെ ചോദ്യമിതായിരുന്നു.

നിർമ്മാതാക്കളെ കിട്ടാത്തതുകൊണ്ടാണെന്ന് അടൂർ മറുപടി പറഞ്ഞു.

"എന്നാൽ നമുക്കൊരു പടം ചെയ്താലോ " എന്ന അടുത്ത ചോദ്യം അടൂരിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു. അത്രമേൽ ആശ്വാസവും ആഹ്ലാദവും പകരുന്നതും.

അങ്ങനെയാണ് എലിപ്പത്തായത്തിന്റെ ആരംഭം.

Achani ravi passed away
കാലം മായ്ക്കാത്ത കലണ്ടർ
Achani ravi passed away
മോഹൻലാൽ വൈക്കം മുഹമ്മദ് ബഷീർ, ശ്യാമപ്രസാദ് ചെയ്യാനിരുന്ന ഭാർ​ഗവി നിലയം

അടൂരിന്റെ സവിശേഷമായ ശൈലിയിൽ ഓരോ രംഗവും അതിന്റെ സകല വിശദാമ്ശങ്ങളോടെ എഴുതിയ പൂർണമായ സ്ക്രിപ്റ്റോടെയായിരുന്നു അടുത്ത കൂടിക്കാഴ്ച്ച.നശിച്ചുകൊണ്ടിരിക്കുന്ന ഫ്യൂഡലിസത്തിന്റെ അവശിഷ്ടമായ ക്ഷയിച്ച നായർ തറവാടിനെയും , അവിടുത്തെ ആർക്കും ഒന്നും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത, അങ്ങേയറ്റം അലസനായ ഉണ്ണിക്കുഞ്ഞ് എന്ന കഥാപാത്രത്തെപ്പോലെ ഉള്ളവരെയുമൊക്കെ അടുത്തു കണ്ടുപരിചയമുള്ളതുകൊണ്ട് രവിക്ക് പൂർണ്ണ തൃപ്തിയായി.ശാസ്താംകോട്ടക്ക് അടുത്ത് കാരാളി മുക്കിലുള്ള പഴയ വീട്ടിൽ വെച്ചായിരുന്നു ചിത്രീകരണം.കരമന ജനാർദ്ദനൻ നായർ, ശാരദ, ജലജ തുടങ്ങിയവരുൾപ്പെടുന്ന അഭിനേതാക്കളുടെ കാര്യമടക്കം സകലതും അടൂരിന്റെ തീരുമാനത്തിന് വിടുകയാണ് രവി ചെയ്തത്.

'പോക്കുവെയിലും' 'എലിപ്പത്തായ'വും 1982ൽ മാസങ്ങളുടെ ഇടവേളയിലാണ് റിലീസ് ചെയ്തത്.'എലിപ്പത്തായ'ത്തിന് തീയേ റ്ററിൽ മികച്ച പ്രതികരണം ലഭിച്ചപ്പോൾ മറിച്ചായിരുന്നു 'പോക്കുവെയിലി'ന്റെ അനുഭവം.'എലിപ്പത്തായ'ത്തിന് കൂടുതൽ പബ്ലിസിറ്റി കൊടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അരവിന്ദൻ പരാതി പറഞ്ഞത് നിർമ്മാതാവും സംവിധായകനും തമ്മിലുണ്ടായിരുന്ന ദീർഘകാലത്തെ ധാരണയ്‌ക്കും സൗഹൃദത്തിനും ഉലച്ചിൽ തട്ടിയെന്നുള്ളതിന്റെ സൂചനയായിരുന്നു.മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും 'പോക്കുവെയിൽ' നേടിയപ്പോൾ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് 'എലിപ്പത്തായ'ത്തി നായിരുന്നു. . ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഖ്യാത പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും 'എലിപ്പത്തായ'ത്തെ തേടിയെത്തി.മാത്രമല്ല ലോക സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന ഖ്യാതിയും.

Achani ravi passed away
ഒരിക്കലും ഒഴിഞ്ഞുപോകാത്ത സത്യൻ
Achani ravi passed away
ഗുരുത്വദോഷികളായ ഞങ്ങൾ മലയാളികളോട് ദയവു ചെയ്ത് പൊറുക്കുക

അടൂർ പിന്നീട് സംവിധാനം ചെയ്ത 'മുഖാമുഖ'മായിരുന്നു ജനറൽ പിക് ചേഴ്സ് നിർമ്മിച്ച അടുത്ത ചിത്രം. പി ഗംഗാധരൻ നായർ, തിലകൻ, കരമന, കവിയൂർ പൊന്നമ്മ, ലളിത, അശോകൻ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കൾ വേഷമിട്ടു.സഖാവ് ശ്രീധരൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ഉയർച്ചയും പതനവും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് സാമൂഹിക രാഷ്ട്രീയാവസ്ഥകളെ പ്രവചനാത്മകമായി അവതരിപ്പിക്കുന്ന 'മുഖാമുഖം' ഏറ്റവും മികച്ച രാഷ്ട്രീയ ചിത്രമെന്ന നിലയിലും ശ്രദ്ധ നേടി.സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കടുത്ത വിമർശനത്തിന് വിധേയമാകുകയും ചെയ്തു.ലെനിന്റെ ചിത്രം താഴെയിട്ടു പോലീസ് ബൂട്ടുകൊണ്ട് ചവിട്ടുന്നതുപോലെയുള്ള സന്ദർഭങ്ങളോടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ എങ്ങനെയായിരിക്കുമെന്ന് രവിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒരിക്കൽപോലും അടൂരിനോട് ഒരക്ഷരം പോലും അതേക്കുറിച്ച് മിണ്ടിയില്ല. കമ്മ്യൂണിസ്റ്റുകാരുടെ വിമർശനം പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വിഷമവും തോന്നിയില്ല.എന്നാൽ ആരും അതിന്റെ പേരിൽ നിർമ്മാതാവിനെ ആക്രമിക്കാൻ മുതിർന്നില്ല എന്ന കാര്യം എടുത്തുപറയണം.1984 ലെ പ്രധാന ദേശീയ - സംസ്ഥാന അവാർഡുകളെല്ലാം 'മുഖാമുഖ'ത്തിനായിരുന്നു.

Achani ravi passed away
അമിതാഭ് എന്ന ക്ഷുഭിത യൗവ്വനം

രണ്ടു വർഷം കഴിഞ്ഞ് 1987 ൽ 'അനന്തരം' എത്തി. കാരാളി മുക്ക്, എറണാകുളം തിരുവനന്തപുരം മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചായിരുന്നു ചിത്രീകരണം. 'അച്ചാണി'ക്കു ശേഷം താരമുഖങ്ങൾ ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, മമ്മൂട്ടിയും ശോഭനയും അശോകനുമാണ് പ്രധാന വേഷങ്ങളിൽ വന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക വിജയം നേടിയേക്കുമെന്നൊരു പ്രതീക്ഷ രവിക്കുണ്ടായിരുന്നു.ചിത്രത്തിന്റെ സവിശേഷമായ ആഖ്യാനഘടന പ്രേക്ഷകർക്ക്‌ ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയവും. സാമ്പത്തികമായി വലിയ വിജയമായില്ലെങ്കിലും സവിശേഷതയുള്ള ആ അവതരണ ശൈലി ഗൗരവബുദ്ധിയോടെ സിനിമയെ സമീപിക്കുന്ന പ്രേക്ഷകരെ ആകർഷിച്ചു.പ്രധാന അവാർഡുകൾ പതിവുപോലെ 'അനന്തര'ത്തിനും ലഭിച്ചു.

ദൂരദർശനു വേണ്ടി ഒരു ചിത്രം ചെയ്യാനായി അടൂരിന് അവസരം ലഭിച്ചപ്പോൾ 'മതിലുകൾ' ചെയ്യാനാണ് താല്പര്യം പ്രകടിപ്പിച്ചത്.നോവലിന്റെ ചലച്ചിത്രാവകാശം അപ്പോഴും കൈവശം സൂക്ഷിച്ചിരുന്ന രവി, അടൂരിന്റെ താല്പര്യമറിഞ്ഞപ്പോൾ സന്തോഷത്തോടെ വിട്ടുകൊടുത്തു.

വീശിഷ്ട സാഹിത്യ കൃതികളെ ആധാരമാക്കി ചിത്രങ്ങളെടുക്കുന്ന നിർമ്മാതാവ് എന്ന പഴയ സ്ഥാനം വീണ്ടെടുത്ത ചിത്രമായിരുന്നു 'വിധേയൻ'.സക്കറിയയെഴുതിയ 'ഭാസ്‌കര പട്ടേ ലരും എന്റെ ജീവിതവും' എന്ന ലഘു നോവൽ സിനിമയാക്കാമെന്ന അടൂരിന്റെ നിർദ്ദേശത്തോട് രവി യോജിച്ചത് നോവലിലെ രാഷ്ട്രീയപരമായ ഉള്ളടക്കവും അതിൽ ഉൾചേർന്നു കിടക്കുന്ന ദൃശ്യപരമായ സാധ്യതകളും ഉൾക്കൊണ്ടു തന്നെയാണ്.മംഗലാപുരത്തു നിന്ന് ഇരുനൂർ കിലോമീറ്റർ അപ്പുറത്തുള്ള പുത്തൂർ വെച്ചായിരുന്നു ചിത്രീകരണം.

പല മാനങ്ങളുള്ള പട്ടേലർ എന്ന കഥാപാത്രമായി ഗംഭീര പകർന്നാട്ടം നടത്തിയ മമ്മൂട്ടി,നിരുപാധികവും സാഷ്ടാംഗവുമായ വിധേയത്വത്തിന്റെ ആൾരൂപമായ തൊമ്മിയെ അവതരിപ്പിച്ച എം ആർ ഗോപകുമാർ,തൻവി ആസ്മി, സബിത, തുടങ്ങിയ അഭിനേതാക്കളുടെ നിര വിധേയന്റെ ആഖ്യാനത്തിന് കരുത്തു നൽകി.താൻ നിർമ്മിച്ച ചിത്രത്തിനുവേണ്ടി അവസാനമായി സംസ്ഥാന അവാർഡ് രവി ഏറ്റുവാങ്ങിയത് 'വിധേയന്' വേണ്ടിയാണ്.

അവാർഡുകളോട് എന്നും നിർമ്മമത സൂക്ഷിച്ച വ്യക്തിയായിരുന്നു രവി. തനിക്ക് അർഹതപ്പെട്ട നിരവധി അംഗീകാരങ്ങളിൽ, ജെ സി ഡാനിയൽ പുരസ്‌കാരം ഉൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളോടും ലഭിക്കാതെ പോയ പത്മ പുരസ്‌കാരത്തോടുമുള്ള അദ്ദേഹത്തിന്റെ സമീപനം ഒന്നുതന്നെയായിരുന്നു.

ഇടുങ്ങിയ സ്വാർത്ഥ താല്പര്യങ്ങൾ വേണ്ടെന്ന് വെച്ച് വിശാലമായ സാമൂഹികാവശ്യങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഒരായുസ്സ് മുഴുവനും ജീവിച്ചു തീർത്ത രവി മുതലാളി എന്ന ജനറൽ പിക്ചേഴ്സ് രവി എന്ന രവീന്ദ്രനാഥൻ നായർ ഒരു അപൂർവ വ്യക്തിത്വം തന്നെയായിരുന്നു.അവനവന്റെ നേട്ടങ്ങളെ കുറിച്ച് സദാ ചിന്തിച്ചു വേവലാതിപ്പെടുകയും ലാഭചേതങ്ങളുടെ കണക്കു പുസ്തകത്തിലൂടെ മാത്രം ജയവും തോൽവിയും അളന്നുതിട്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു കർമ്മമേഖലയിൽ, ഒറ്റയാനെ പ്പോലെ തലയുയർത്തിപ്പിടിച്ചു നിലകൊണ്ട അത്യപൂർവ പ്രതിഭാസം.

മലയാള സിനിമയിലെ അവിസ്മരണീയ വ്യക്തിത്വങ്ങളിലൊന്നായ ജനറൽ പിക്ച്ചേഴ്സ് രവി വിട പറഞ്ഞപ്പോൾ സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ ചലച്ചിത്ര സമീക്ഷയിലെഴുതിയ ലേഖനം പുനപ്രസിദ്ധീകരിച്ചത്

Achani ravi passed away
'മി. പ്രേംനസീർ, ഈ അൺകൺവൻഷണൽ ക്യാമറാ മൂവ്‌മെന്റ്‌സിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താ?'

Related Stories

No stories found.
logo
The Cue
www.thecue.in