'മി. പ്രേംനസീർ, ഈ അൺകൺവൻഷണൽ ക്യാമറാ മൂവ്‌മെന്റ്‌സിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താ?'

'മി. പ്രേംനസീർ, ഈ അൺകൺവൻഷണൽ ക്യാമറാ മൂവ്‌മെന്റ്‌സിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താ?'
Summary

ഇതു പ്രേംനസീർ അല്ലേ? അതെയല്ലോ. ആ കാലത്തെ മലയാളിക്ക് ഒരു പക്ഷെ ഏറ്റവും കണ്ടുപരിചയമുള്ള ആ മുഖം തിരിച്ചറിയാൻ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. മുപ്പതുവർഷക്കാലമായി മലയാളസിനിമയുടെ മയൂരസിംഹാസനത്തിൽ സ്ഥാനചലനമൊന്നും കൂടാതെ വാണരുളുന്ന നിത്യഹരിതനായകൻ. കണ്ടപ്പോൾ എല്ലാവർക്കും എക്‌സൈറ്റ്‌മെന്റ് ആയി.

പ്രേംനസീർ ഓർമയായിട്ട് 35 വർഷം. മലയാള സിനിമയുടെ പ്രിയപ്പെട്ട പ്രേംനസീറിനെ നേരിൽ കണ്ട അനുഭവവും പ്രേംനസീറിന്റെ വ്യക്തിത്വത്തെക്കുറിച്ചും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബൈജു ചന്ദ്രൻ എഴുതുന്നു.

ചെന്നൈ എന്ന ആദിദ്രാവിഡ നാമധേയം ഏറ്റുവാങ്ങുന്നതിന് മുന്‍പുള്ള മദിരാശി എന്ന സിനിമാനഗരത്തിലെ ഒരു സന്ധ്യാനേരം. സാലിഗ്രാമിലെ അരുണാചലം റോഡിലുള്ള തരംഗിണി സ്റ്റുഡിയോയുടെ റിക്കാര്‍ഡിങ് റൂമിന്റെ ഒരു മൂലയില്‍ ഞങ്ങള്‍ പത്തുപന്ത്രണ്ടു ചെറുപ്പക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കാലം 1982 ഡിസംബര്‍ മാസത്തിലെ ഒരു ദിവസം.

കേരള സര്‍വകലാശാലയുടെ ജേര്‍ണലിസം ഡിപ്പാര്‍ട്ടുമെന്റിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ ഞങ്ങ ളുടെ ടീം ലീഡര്‍ എം വിജയകുമാര്‍ എന്ന വിജയകുമാര്‍ സാറാണ്. മാധ്യമരംഗത്തെ വ്യത്യസ്ത മേഖലകളെക്കുറിച്ച് പ്രത്യേകിച്ച് കേരളത്തില്‍ അതുവരെ എത്തിയിട്ടില്ലാത്ത ഫോട്ടോ കംപോസിങ് (ഇന്നത്തെ ഡിടിപിയുടെ മുന്‍ഗാമി) ഓഫ്‌സെറ്റ് പ്രിന്റിങ് തുടങ്ങിയ സാങ്കേതികമുന്നേറ്റങ്ങള്‍ പലതും നേരിട്ടു കണ്ടു മനസ്സിലാക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന സ്റ്റഡിടൂറിന്റെ ഭാഗമായാണ് മദിരാശി സന്ദര്‍ശനം. സിനിമയെക്കുറിച്ച് അറിയാന്‍ വേണ്ടി എവിഎം സ്റ്റുഡിയോയും ടെലിവിഷന്‍ സ്റ്റുഡിയോയുടെ പ്രവർത്തനം നേരിട്ടുകണ്ട് മനസ്സിലാക്കാനായി ദൂരദര്‍ശനും സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമുണ്ട്.

എന്നാല്‍ തരംഗിണി സ്റ്റുഡിയോ സന്ദര്‍ശനം നേരത്തെ നിശ്ചയിക്കപ്പെട്ട ടൂര്‍ പ്രോഗ്രാമിലുണ്ടായിരുന്നതല്ല. ഞങ്ങളുടെ കൂട്ടത്തിലെ ജയകുമാറിന്റെ ആശയമായിരുന്നു അത്. ജയകുമാര്‍ അക്കാലത്തുതന്നെ പല പ്രധാന പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും അഭിമുഖങ്ങളും മറ്റും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ യേശുദാസുമായി നല്ല ഒരു പാട്ടുകാരൻ കൂടിയായ ജയകുമാര്‍ നടത്തിയ അഭിമുഖം വളരെ പ്രാധാന്യത്തോടെ വന്നത് ഇലസ്‌ട്രേറ്റഡ് വീക്കിലി എന്ന അന്നത്തെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണത്തിലാണ്. ഇലസ്‌ട്രേറ്റഡ് വീക്കിലിയില്‍ അന്ന് മലയാളികളെക്കുറിച്ചൊന്നും അങ്ങനെ ലേഖനങ്ങളോ അഭിമുഖങ്ങളോ വരാറില്ല. അതുകൊണ്ടു തന്നെ എഴുതിയ ആളിനുമാത്രമല്ല, എഴുതപ്പെട്ട ആളിനെ സംബന്ധിച്ചിടത്തോളവും അതൊരു നിസ്സാരകാര്യമായിരുന്നില്ല.

അന്ന് ബോംബെയില്‍ സ്ഥിരതാമസക്കാരനായിരുന്ന യേശുദാസ് അന്നേദിവസം ഒരു റിക്കാര്‍ഡിങിനായി മദ്രാസിലെത്തുമെന്ന് ജയകുമാര്‍ എങ്ങനെയോ അറിഞ്ഞു. അങ്ങനെയാണ് ആ നിര്‍ദ്ദേശവുമായി എത്തിയത്.

''നമുക്ക് പോയി ദാസേട്ടനെ ഒന്നു കണ്ടാലോ എല്ലാര്‍ക്കും പാട്ടിന്റെ റിക്കാര്‍ഡിങ് കാണാമല്ലോ."

എനിക്കതു കേട്ടപ്പോള്‍ വലിയ സന്തോഷമായി. യേശുദാസിനെ അടുത്തു കാണാം. പറ്റുമെങ്കില്‍ സംസാരിക്കാം. പാട്ടുകള്‍ റിക്കാര്‍ഡു ചെയ്യുന്നതും നേരിട്ടു കാണാം. എന്നാല്‍ വിജയകുമാര്‍ സാറിന് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. കൂട്ടത്തിലുള്ള രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ഏറെ വൈകുന്നതിന് മുമ്പ് താമസ സ്ഥലത്ത് കൂടണയേണ്ടതാണ്.

''ഏയ്, വൈകാനിടയില്ല. ദാസേട്ടന് നാളെ രാവിലെ തന്നെ മടങ്ങിപ്പോകേണ്ടതാണ്. സന്ധ്യയോടെ കഴിയും.''

ജയകുമാര്‍ ഉറപ്പിച്ചു പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന അമിഞ്ചിക്കര അത്ര അകലെയല്ല എന്നതും അനുകൂലഘടകമായി. അങ്ങനെയാണ് ആ വൈകുന്നേരം ഞങ്ങള്‍ റിക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ ഇടംപിടിച്ചത്.

യേശുദാസിന്റെ ഫ്‌ളൈറ്റ് ലേറ്റ് ആണെന്നും അതുകൊണ്ട് എത്താന്‍ ഇനിയും താമസിക്കുമെന്നും അവിടെ ചെന്നപ്പോള്‍ അറിഞ്ഞു. പക്ഷെ ആര്‍ക്കും ഒട്ടും ബോറടി തോന്നിയില്ല. കാരണം പാട്ടുകളുടെ സംഗീതം നിര്‍വഹിച്ച് ദക്ഷിണാമൂര്‍ത്തി സ്വാമി അവിടെ തമാശകളൊക്കെപ്പറഞ്ഞ് സകലരെയും രസിപ്പിച്ചുകൊണ്ട് ഓടിനടക്കുന്നുണ്ടായിരുന്നു. ഞങ്ങളോടും അദ്ദേഹം കുശലാന്വേഷണങ്ങളൊക്കെ നടത്തി സ്വാമി പാട്ടുകളുടെ നേരത്തെ റെക്കോര്‍ഡ് ചെയ്തുവച്ച് ട്രാക്ക് കേള്‍പ്പിച്ചു തന്നു. വാര്‍ദ്ധക്യത്തിന്റെ ലാഞ്ചനയൊന്നുമില്ലാത്ത ഒന്നാന്തരം ശബ്ദത്തില്‍ അദ്ദേഹം തന്നെയാണാ ട്രാക്ക് പാടിയിരിക്കുന്നത്. തരംഗിണി കാസറ്റിന് വേണ്ടിയുള്ള ലളിത ഗാനങ്ങളായിരുന്നു അതെന്നാണന്റെ ഓര്‍മ്മ. ദക്ഷിണാമൂര്‍ത്തി-യേശുദാസ് ടീമിന്റെ 'ആലാപനം...' (ഗാനം) 'നനഞ്ഞു നേരിയ പട്ടുറുമ്മാല്‍' (എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു) തുടങ്ങിയ പാട്ടുകളൊക്കെ ആയിടക്കായിരുന്നു സൂപ്പര്‍ ഹിറ്റുകളായി സംഗീത പ്രേമികളുടെ ഉള്ളില്‍ ചേക്കേറിയത്.

യേശുദാസുമായി അഭിമുഖം നടത്തുകയാണെങ്കില്‍ കൗമുദി ഫിലിം മാഗസിനില്‍ അതു പ്രസിദ്ധീകരി ക്കാന്‍ വേണ്ടതു ചെയ്യാമെന്ന് വിജയകുമാര്‍ സാര്‍ ഏറ്റിട്ടുണ്ട്. അന്നത്തെ ഇന്റലക്ച്വല്‍ സിനിമാക്കാരുടെ പ്രസിദ്ധീകരണമാണ് ഫിലിം മാഗസിന്‍. സാര്‍ അതില്‍ എഴുതാറുണ്ട്. ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ അതില്‍ വരുന്നത് ചില്ലറക്കാര്യമല്ല. തറച്ചോദ്യങ്ങളൊന്നും ചോദിക്കരുതെന്ന് സാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സമയം അങ്ങനെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. വിജയകുമാര്‍ സാര്‍ മാത്രമല്ല മറ്റുള്ളവരും അക്ഷമരായി തുടങ്ങി.

ഒടുവില്‍ രാത്രി ഒന്‍പതുമണി കഴിഞ്ഞപ്പോള്‍ അദ്ദേഹം എത്തി. എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ടുള്ള വരവാണ്. ഉടനെ മടങ്ങുകയും വേണം. നാളെ രാവിലെ ബോംബെയില്‍ ഹിന്ദി സിനിമയുടെ റിക്കാര്‍ഡിങ് ഉണ്ട്. കിഷോര്‍ കുമാറിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് യേശുദാസിന്റെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച കാലമായിരുന്നു അത്.

യേശുദാസ് സ്റ്റുഡിയോയിലേക്ക് കടന്നുവന്നതോടെ അവിടെയാകെയൊരു മാറ്റം സംഭവിച്ചു. സകലരും കർമ്മനിരതരായി. ദക്ഷിണാമൂർത്തിസ്വാമിയുടെ പോലും ശരീരഭാഷ ആകെ മാറിയിരുന്നു. ഒരു വിനീതവിധേയനെപ്പോലെ ആയിരുന്നു അദ്ദേഹത്തിന്റെ നിൽപ്പും ഭാവവും.എന്നാൽ യേശുദാസ് ആകട്ടെ യാത്രാക്ഷീണമൊന്നും വകവയ്ക്കാതെ എല്ലാവരോടും കളിതമാശയൊക്കെ പറഞ്ഞ് അവിടെയാകെ നിറഞ്ഞുനിന്നു.

പെൺകുട്ടികളടക്കം കുറച്ചു ചെറുപ്പക്കാർ അവിടെ കൂടി നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരിക്കണം. എന്നാൽ അങ്ങനെ കുറേ മനുഷ്യജീവികളെ അദ്ദേഹം കണ്ടതായിപോലും ഭാവിക്കുന്നുണ്ടായിരുന്നില്ല. ജയകുമാർ അൽപം സ്വാതന്ത്ര്യത്തോടുകൂടിത്തന്നെ യേശുദാസിന്റെ അടുത്തെത്തി ''ദാസേട്ടാ'' എന്നു വിളിച്ചു. പാട്ടുകൾ പകർത്തിക്കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം തലയുയർത്തി നോക്കിയ നോട്ടത്തിൽ പ്രകടമായ അപരിചിതഭാവമുണ്ടായിരുന്നില്ലേ? ജയകുമാർ സ്വയം പരിചയപ്പെടുത്തിയപ്പോൾ ചെറുതായൊന്ന് തിരിച്ചറിഞ്ഞ മട്ടു കാണിച്ചു. ഞങ്ങൾ നിന്ന ഭാഗത്തേക്ക് ചൂണ്ടി കാര്യമൊക്കെ പറഞ്ഞപ്പോൾ ഒരലസഭാവത്തോടെ ഒന്നു നോക്കി ഗാനഗന്ധർവൻ പാട്ടിലേക്ക് തന്നെ തിരിച്ചുപോയി.

ജയകുമാർ പ്രകടമായ ജാള്യഭാവത്തോടെ ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നു. ആരുമൊന്നും ചോദിച്ചില്ല. പിന്നെ റിക്കാർഡിങ്ങിന്റെ ഒരുക്കങ്ങളായിരുന്നു. ദക്ഷിണാമൂർത്തിയോടും സൗണ്ട് എഞ്ചിനീയർമാരോടുമെല്ലാം യേശുദാസ് തമാശകൾ പൊട്ടിക്കുന്നുണ്ടായിരുന്നു. പാട്ടെടുക്കാനുള്ള തയ്യാറെടുപ്പായപ്പോഴേയ്ക്കും ഞങ്ങളുടെ കൂട്ടത്തിലെല്ലാവർക്കും മടങ്ങിപ്പോയാൽ മതിയെന്നായി. സാർ പ്രകടമായും അസ്വസ്ഥനായിരുന്നു. എനിക്കാണെങ്കിൽ റിക്കാർഡിങ് കാണണമെന്ന ആഗ്രഹവും. ഒടുവിൽ ഒരുപാട്ട് എടുത്തുകഴിഞ്ഞയുടനെ ഞങ്ങൾ പുറത്തിറങ്ങി.

പുറത്ത് റോഡിലെത്തിയ ഉടനെതന്നെ വിജയകുമാർ സാർ ജയകുമാറിനോട് പൊട്ടിത്തെറിച്ചു. ഇങ്ങനെ ഒരു അപമാനം നേരിടാനായി ഞങ്ങളെ എന്തിനിവിടെ കൊണ്ടുവന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജയകുമാർ ആകെ വിഷണ്ണനായി തലകുനിച്ചു നിന്നു. മറ്റുള്ളവരും സാറിനോടൊപ്പം കൂടി.

"ഇന്റർവ്യുവിന്റെ കാര്യം പോട്ടെ, യേശുദാസിന് നമ്മളെ ഒന്ന് മൈൻഡ് ചെയ്യുകയെങ്കിലും ആകാമായിരുന്നല്ലോ" എന്നുള്ളതായിരുന്നു പൊതുവേ പ്രകടമായി കണ്ട വികാരം.

''യേശുദാസ് വളരെ തിരക്കുള്ള വലിയ മനുഷ്യൻ. ഉടനെ മടങ്ങിപ്പോകുകയും വേണം. അതിന്റെ ബദ്ധപ്പാടുകൾക്കിടയിൽ അങ്ങനെ ചെയ്തതായിരിക്കും. നമുക്ക് ഏതായാലും സോങ്ങ് റിക്കാർഡിങ് ചെയ്യുന്നത് കാണാൻ പറ്റിയല്ലോ''

എന്നൊക്കെപ്പറഞ്ഞ് ഞാൻ രംഗം തണുപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആരുടേയും രോഷം അടങ്ങുന്ന മട്ട് കണ്ടില്ല.

പിറ്റേന്ന് ഞങ്ങൾക്ക് തിരക്കിട്ട പരിപാടികളാണ്. ആദ്യം വടപളനിയിലുള്ള എവിഎം സ്റ്റുഡിയോയിൽ പോകണം. സിനിമാ ഷൂട്ടിങും സ്റ്റുഡിയോ സംവിധാനങ്ങളുമൊക്കെ കണ്ടിട്ട് ഹിന്ദുപത്രമോഫീസിൽ പോകണം. സമയമുണ്ടെങ്കിൽ ഒരു തമിഴ് പത്രത്തിന്റെ ഓഫീസിലും. എവിഎംമ്മിൽ പോകാൻ എല്ലാവർക്കും വലിയ ഉത്സാഹമായിരുന്നു. രജനീകാന്തിനെയോ കമലഹാസനെയോ മറ്റോ കാണാൻ പറ്റിയാലോ? ഏങ്ങാനും ശ്രീദേവിയെ?

എവിഎം സ്റ്റുഡിയോസ് എന്ന ബ്രഹ്മാണ്ഡ അക്ഷരങ്ങളുമായി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗോളം ശിരസിൽ വഹിച്ച് കൂറ്റൻ കവാടം കടന്നുചെന്നപ്പോൾ ഒരു സ്വപ്‌നലോകത്ത് പ്രവേശിച്ച പ്രതീതിയായിരുന്നു. പാസൊക്കെ മേടിച്ചുകഴിഞ്ഞപ്പോൾ ഇനിയെങ്ങോട്ടു പോകണമെന്ന കൺഫ്യൂഷൻ ആയി. ക്യാമറയും ലൈറ്റും ട്രോളിയുമൊക്കെയായി തിരക്കിട്ടു നടന്നുപോകുന്ന ലൈറ്റ് ബോയ്‌സ്... പടുകൂറ്റൻ കാറുകളിൽ സ്റ്റുഡിയോ ഫ്‌ളോറുകളിലേക്ക് പാഞ്ഞുപോകുന്ന താരങ്ങൾ... സംവിധായകരും... ഫ്‌ളോറുകളുടെ മുൻവശത്തുള്ള മരത്തണലുകളിൽ തങ്ങളുടെ ഊഴവും കാത്ത് ഭൂമിയോളം ക്ഷമയോടെ ഇരിക്കുന്ന എക്‌സ്ട്രാകൾ... എഡിറ്റിങ്, സൗണ്ട് റിക്കാർഡിങ്, പ്രോസസിങ് ലാബുകളുടെ മുൻപിൽ സിഗരറ്റു വലിച്ചും ചായകുടിച്ചും 'ബ്രേക്ക് ടൈം' ചിലവിടുന്ന പിന്നണി പ്രവർത്തകർ.. സിനിമയുടെ മായാലോകത്തെ അതിശയക്കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ മുന്നോട്ടു നടക്കുകയായിരുന്നു.

അപ്പോഴാണ് ഒരു സ്റ്റുഡിയോ ഫ്‌ളോറിന്റെ മുന്നിലുള്ള മരത്തണലിലൊരിടത്ത് ഇരിക്കുന്ന, മധ്യവയസുപിന്നിട്ട ഒരാളെ കണ്ടത്. നരച്ച തലമുടിയുടെ വി​​ഗ്​ഗും കൃത്രിമ താടിയും വലിയ ഫ്രെയിമുള്ള കണ്ണടയും ധരിച്ച് ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ആളിനെ കണ്ടപ്പോൾ എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നി. ഇതു പ്രേംനസീർ അല്ലേ? അതെയല്ലോ. ആ കാലത്തെ മലയാളിക്ക് ഒരു പക്ഷെ ഏറ്റവും കണ്ടുപരിചയമുള്ള ആ മുഖം തിരിച്ചറിയാൻ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. മുപ്പതുവർഷക്കാലമായി മലയാളസിനിമയുടെ മയൂരസിംഹാസനത്തിൽ സ്ഥാനചലനമൊന്നും കൂടാതെ വാണരുളുന്ന നിത്യഹരിതനായകൻ. കണ്ടപ്പോൾ എല്ലാവർക്കും എക്‌സൈറ്റ്‌മെന്റ് ആയി. എന്നാൽ ആർക്കും അടുത്തുപോകാൻ ഒട്ടു ധൈര്യവുമില്ല. കാരണം തലേദിവസം ചെന്ന് വീണത് വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിലായിരുന്നല്ലോ. മൃഗശാലയിലെ കൂട്ടിൽ വിശ്രമിക്കുന്ന സിംഹരാജനെ കാണുന്ന അതേ വികാരത്തോടെ ഞങ്ങൾ അദ്ദേഹത്തെ ഇമവെട്ടാതെ നോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു. അതിനിടയിൽ വിജയകുമാർ സാർ ആ പഴയ നിർദ്ദേശം പൊടിതട്ടിയെടുത്തു.

''നിങ്ങൾ പറ്റുമെങ്കിൽ ചെന്ന് ഒരു ഇന്റർവ്യൂ കിട്ടുമോന്ന് നോക്കൂ. നമുക്ക് ഫിലിം മാഗസിനിൽ...? "ആ പ്രലോഭനത്തിൽ ആരും വീണില്ല.

അതിനിടെ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് ചുറ്റുപാടും നോക്കുന്നതിനിടയിൽ അൽപം അകന്നു മാറി 'സംശയകരമായ സാഹചര്യത്തിൽ' നിൽക്കുന്ന ഞങ്ങളിൽ പ്രേംനസീറിന്റെ നോട്ടം വന്നു വീണു. ഷൂട്ടിങ് കാണാൻ നാട്ടിൽ നിന്നെത്തിയ അഭിനയമോഹികളാരോ ആണെന്ന് തോന്നിക്കാണണം. എന്നാൽ അങ്ങനെയുള്ളവർ ഒറ്റയ്‌ക്കൊറ്റയ്ക്കല്ലാതെ കൂട്ടമായി ചാൻസ് അന്വേഷിച്ചുവരില്ലല്ലോ. പോരെങ്കിൽ രണ്ടു പെൺകുട്ടികളുമുണ്ട് കൂട്ടത്തിൽ. റസ്റ്റ്ഹൗസ്, പിക്‌നിക്, സേതുബന്ധനം തുടങ്ങിയ എത്രയോ സിനിമകളിൽ കോളേജ് കുമാരനായി സ്റ്റഡിടൂറൊക്കെ ആടിപ്പാടി അടിപൊളിയാക്കിയ പ്രേംനസീറിന് ഞങ്ങൾ ഒരു വിദ്യാർത്ഥി സംഘമാണെന്ന് മനസ്സിലായിയെന്ന് തോന്നുന്നു. അദ്ദേഹം കൈകൊണ്ട് ഞങ്ങളെ മാടിവിളിച്ചു. അറച്ചറച്ച് അടുത്തേയ്ക്ക് ചെന്ന ഞങ്ങളോട് ചോദിച്ചു.

''അല്ലാ, നിങ്ങൾ കേരളത്തിൽ നിന്ന് വരികയാണോ?''

അതെയെന്ന് അറിഞ്ഞപ്പോൾ ചോദ്യങ്ങൾ തുരുതുരാ പിന്നാലെയെത്തി. എവിടെനിന്നാണ്, ഇവിടെയെന്തിന് വന്നതാണ് തുടങ്ങിയങ്ങനെ ഞങ്ങൾ പത്രപ്രവർത്തനം പഠിക്കുന്നവരാണെന്നും അതിന്റെ ഭാഗമായി മദ്രാസിലെ മാധ്യമസ്ഥാപനങ്ങൾ കാണാൻ വന്നതാണെന്നും കേട്ടപ്പോൾ ആ മുഖത്ത് അത്ഭുതവും കൗതു കവും വിടർന്നു.

''ജേർണലിസം പഠിക്കുന്നെന്നോ? അതെവിടെയാണ് ജേർണലിസം പഠിപ്പിക്കുന്നത്?"

പത്രപ്രവർത്തനം അങ്ങനെ സർവകലാശാലാ തലത്തിൽ പഠിപ്പിക്കുന്ന എന്നു കേട്ടതിലുള്ള അതിശയമായിരുന്നു അദ്ദേഹത്തിന്. അതിനിടെ അവിടവിടെയായി കിടക്കുന്ന ഏതാനും കസേരകളിലും മരത്തിന്റെ ചുറ്റുമായി പണിഞ്ഞിട്ടിരിക്കുന്ന കൽത്തറയിലുമൊക്കെയായി എല്ലാവരെയും ഇരുത്തി. എല്ലാവരും സ്വസ്ഥമായി ഇരുപ്പു പിടിച്ചുവെന്ന് തീർച്ചയായപ്പോൾ പിന്നെയും വന്നു ചോദ്യങ്ങൾ.

ജേർണലിസം കോഴ്‌സ്, സിലബസ്, അദ്ധ്യാപകർ, തൊഴിൽ സാധ്യതകൾ... ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി അന്വേഷണങ്ങൾ വന്നുകൊണ്ടിരുന്നു.ഇന്റർവ്യൂ എടുക്കാൻ പറ്റുമോന്ന് തിരക്കാനെത്തിയ ഞങ്ങൾ അങ്ങനെ ഇന്റർവ്യൂ ചെയ്യപ്പെടാനാരംഭിച്ചുനസീർ സാറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ഓരോരുത്തരും മത്സരിക്കുകയായിരുന്നു

ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ എല്ലാം കേട്ടിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് സിനിമയിലൂടെ മലയാളികൾക്ക് മുഴുവനും സുപരിചിതമായ ഭാവഹാവാദികളൊക്കെ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്ക് പ്രൊഡക്ഷൻ ബോയിയെ വിളിച്ച് എല്ലാവർക്കും ചായയും കടിയുമൊക്കെ നൽകാൻ നിർദ്ദേശം നൽകി.

കോഴ്‌സ് കഴിഞ്ഞാലുള്ള ഭാവി പരിപാടികളെക്കുറിച്ച് ഞങ്ങളോട് ചോദിച്ചറിഞ്ഞു. അപ്പോഴേയ്ക്കും സ്റ്റുഡി യോ ഫ്‌ളോറിനുള്ളിൽ നിന്ന് നസീറിന്റെ മകൻ ഷാനവാസും പ്രശസ്ത നടി ശ്രീവിദ്യയുമെത്തി. അവർക്ക് ഞങ്ങളെ അദ്ദേഹം വിശദമായി പരിചയപ്പെടുത്തിക്കൊടുത്തു. ഞങ്ങളുടെ കൂട്ടത്തിലുള്ള പെൺകുട്ടികളായ സുചേതയോടും വ്യോമയോടും ശ്രീവിദ്യ ഒരു സ്വകാര്യമായി എന്തോ തിരക്കുന്നത് കണ്ടു.

("ഇത്രയും ആൺ പിള്ളേരുടെ ഒപ്പം തനിച്ച് സ്റ്റഡി ടൂറിന് വിടുന്ന കാര്യത്തിൽ വീട്ടുകാർക്ക് പ്രശ്നമൊന്നുമില്ലേ?" എന്ന സംശയമായിരുന്നത്രെ അവർ സ്വകാര്യമായി ചോദിച്ചത്.)

ഫ്‌ളോറിനുള്ളിൽ നിന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്ന് 'ഷോട്ട് റെഡി സാർ' എന്ന് പറഞ്ഞപ്പോൾ നസീർസാർ എഴുന്നേറ്റു. ഒപ്പം ഞങ്ങളോട് ചോദിച്ചു :

''നിങ്ങൾക്ക് ഷൂട്ടിങ് കാണണ്ടേ?''

പിന്നെ വേണ്ടേ? എല്ലാവരും ചാടിയെഴുന്നേറ്റ് ഒപ്പം കൂടി. ശ്രീവിദ്യയും ഷാനവാസും ആ രംഗത്ത് അഭിനയിക്കാനുണ്ടായിരുന്നു. വിശാലമായ ഫ്‌ളോറിൽ സജ്ജീകരിച്ചിരുന്നത് ഒരു ബെഡ്‌റൂമിന്റെ സെറ്റാണ്. സിനിമ യുടെ വിശദാംശങ്ങളൊക്കെ നസീർ സർ പറഞ്ഞുതന്നു. പടത്തിന്റെ പേര് പ്രതിജ്ഞ എന്നാണ്. അയോദ്ധ്യ, ആയിരംജന്മങ്ങൾ തുടങ്ങിയ ഹിറ്റ് പടങ്ങൾ സംവിധാനം ചെയ്ത പിഎൻ സുന്ദരമാണ് ഡയറക്ടർ. പ്രേംനസീർ അഭിനയിക്കുന്നത് വലിയൊരു പണക്കാരന്റെ വേഷത്തിലാണ്.ശ്രീവിദ്യ അദ്ദേഹത്തിന്റെ ഭാര്യ, വഴിതെറ്റിപ്പോയ മകൻ ഷാനവാസ്. നസീറിന്റെ നല്ലവനായ സഹായിയായി മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. അന്നേ ദിവസം മമ്മൂട്ടിക്ക് സീനൊന്നുമില്ലാത്തതു കൊണ്ട് വന്നിട്ടില്ല.നസീറും ശ്രീവിദ്യയും കിടന്നുറങ്ങുമ്പോൾ ഷാനവാസ് മോഷണത്തിനായെത്തുന്നതും ഞെട്ടിയുണർന്ന് നസീർ അയാളെ കടന്നുപടിക്കുന്നതും മകനാണെന്ന് തിരിച്ചറിയുന്നതും മറ്റുമാണ് സീൻ. അക്കാലത്തെ സിനിമകളിൽ മധു, ജോസ് പ്രകാശ് തുടങ്ങിയവർ സ്ഥിരമായി ധരിച്ചുകാണാറുള്ള ആ വലിയ നൈറ്റ് കോട്ട് ആയിരുന്നു നസീർ സാറിന്റെ വേഷം. നല്ല വിലകൂടിയ പട്ടുസാരിയൊക്കെ ഉടുത്ത് ശ്രീവിദ്യയും ഉറങ്ങാൻ കിടന്നു. ഷൂട്ടിങ് ആരംഭിച്ചു.

മുൻപ് സ്വയംവരം, അതിഥി, ഏണിപ്പടികൾ തുടങ്ങി ചില ചിത്രങ്ങളുടെയും ഷൂട്ടിങ് കണ്ടിട്ടുണ്ടായിരുന്നെങ്കിലും എനിക്ക് ഇതൊരു വ്യത്യസ്ത കാഴ്ചാനുഭവമായിരുന്നു. 'നിത്യത്തൊഴിലഭ്യാസം' എന്ന് പറഞ്ഞതുമാ തിരി നസീർസാറിന് എല്ലാം അനായാസമായിരുന്നു. സിനിമയിൽ വർഷങ്ങളായി കണ്ടിട്ടുള്ള 'ടിഷ്യും ടിഷ്യും അങ്ങനെ നേരിട്ടുകണ്ടു. കറുത്തു തടിച്ച് കണ്ണടധാരിയായ സംവിധായകൻ തമിഴിൽ എന്തൊക്കെയോ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ടയിരുന്നു.

ടേക്ക് കഴിഞ്ഞപ്പോൾ നസീർ സാർ ഞങ്ങൾക്ക് സ്റ്റുഡിയോയിലെ സംവിധാനങ്ങളെക്കുറിച്ചൊക്കെ വിശദമായി വിവരിച്ചുതന്നു. വീണ്ടും പുറത്തുവന്നിരുന്ന് സംഭാഷണം അനസ്യൂതം തുടർന്നു. അദ്ദേഹത്തെ ഇന്റർവ്യു ചെയ്യുന്നതിനെക്കുറിച്ച് നേരത്തെ ആലോചിച്ച് കാര്യമൊക്കെ എല്ലാവരും മറന്നുപോയിരുന്നു. ബുദ്ധിജീവി നാട്യങ്ങളൊക്കെ വെടിഞ്ഞ് അദ്ദേഹം പറയുന്നതൊക്കെ കുട്ടികളെപ്പോലെ വെറുതെ കേട്ടിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. കച്ചവടസിനിമയുടെയും പ്രേംനസീറിന്റെയും കടുത്ത വിമർശകനും ആർട്ട് സിനിമയുടെ ഒന്നാന്തരം വക്താവുമായ വിജയകുമാർ സാറും അതേവഴിയിൽ തന്നെ മുന്നോട്ടുപോകുന്ന ബാലരാമനും ഫ്രാൻസിസും ശ്രീനിവാസനും താനൊഴിച്ച് ലോകത്തെ മറ്റാരെക്കുറിച്ചും മതിപ്പില്ലാത്ത ശ്രീകുമാറും നസീർ സിനിമകളുടെ ആയിരമായിരും ആരാധകരിൽപ്പെട്ട സന്തോഷും ഞാനും ഉൾപ്പടെ എല്ലാവരും. ഇടയ്ക്ക് പെട്ടെ ന്നെന്തോ ഓർമ്മവന്നതുപോലെ വിജയകുമാർ സാർ ഒരു ചോദ്യം തൊടുത്തുവിട്ടു.

''മി. പ്രേംനസീർ, ഈ അൺകൺവൻഷണൽ ക്യാമറാ മൂവ്‌മെന്റ്‌സിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താ?''

ആരെയും നിരായുധനാക്കുന്ന സ്വതസിദ്ധമായ തന്റെ 'ഹ..ഹ..ഹ.. ചിരികൊണ്ട് ആ ചോദ്യത്തെ അദ്ദേഹം തട്ടിത്തെറിപ്പിച്ച് ദൂരത്തേയ്ക്കെറിഞ്ഞു.

അപ്പോഴേയ്ക്കും ഉച്ചകഴിഞ്ഞിരുന്നു.ലഞ്ച് ബ്രേക്കായി നസീർ സാറിനുള്ള ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരികയാണ്. കൂടെ അഭിനയിക്കുന്നവരും സംവിധായകനും ക്യാമറാ മാനുമുൾപ്പെടെ എല്ലാവർക്കും വിഭവസമൃദ്ധമായ ആ ടിഫിൻ വിതരണം ചെയ്യുകയാണത്രെ പതിവ്.

''നിങ്ങൾ ഇന്ന് ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കിൽ കുറച്ചധികം കൊടുത്തയയ്ക്കാൻ പറയാമായിരുന്നു."

അൽപം ഖിന്നനായി അദ്ദേഹം പറഞ്ഞു. എന്നിട്ട് സെറ്റിൽ എല്ലാവർക്കും കൊടുക്കുന്ന ഉച്ചഭക്ഷണം ഞങ്ങൾക്ക് കൂടി തരാൻ ഏർപ്പാടു ചെയ്യുന്നതിന് വേണ്ടി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെ വിളിച്ചു.

എന്നാൽ ഞങ്ങളുടെ അന്നത്തെ പരിപാടിയിൽ ഹിന്ദുവിന്റെ ഓഫീസുൾപ്പെടെ ഒന്നു രണ്ടു സന്ദർശനങ്ങൾ കൂടി ഉണ്ടായിരുന്നല്ലോ. അത് ക്യാൻസൽ ചെയ്താൽ മറ്റൊരു ദിവസത്തേക്ക് അനുവദിക്കുമെന്ന് ഒരുറപ്പുമുണ്ടായിരുന്നില്ല. വേറെ ഒരിടത്തും പോകാതെ അന്ന് മുഴുവൻ നസീർ സാറിനോടൊപ്പം ചിലവഴിക്കണമെന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷെ വിജയകുമാർ സാർ നന്ദി പറഞ്ഞെഴുന്നേറ്റതോടെ ആ മോഹം വടി കുത്തിപ്പിരിഞ്ഞു.

''അപ്പോൾ നമുക്കിനി കേരളത്തിൽ വെച്ചു കാണാമല്ലേ... എല്ലാവരും വലിയ ജേർണലിസ്റ്റുകളായി മാറട്ടെ എന്ന് ഞാനാശംസിക്കുന്നു." അദ്ദേഹം ഞങ്ങളെ യാത്രയാക്കി.

ഞങ്ങളന്ന് എവിഎം സ്റ്റുഡിയോയുടെ കവാടം വിട്ടു പുറത്തേക്കിറങ്ങിയത് എന്തോ വല്യകാര്യം നേടിയെടുത്ത ഭാവത്തോടെയായിരുന്നു.....

നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ചെന്നിറങ്ങിയ മദിരാശി പട്ടണത്തിനും അന്നവിടെ കാണാൻ കഴിഞ്ഞ കാഴ്ചകൾക്കുമെല്ലാം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. സ്റ്റുഡിയോയുടെ അകത്തളങ്ങളിൽ നിന്ന് വിശാല പ്രകൃതിയുടെ പുറം കാഴ്ചകളിലേക്ക് സിനിമ കൂടുവിട്ടിറങ്ങി. അഭ്രപാളി എന്ന വാക്ക് ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായി മാറി. പ്രേംനസീർ കാലത്തിന്റെ ഇരുണ്ട തിരശീലയ്ക്കപ്പുറത്തേക്ക് നടന്നുമറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട് തികയുന്നു.

എന്നാൽ ഇപ്പോഴും ആ ദിവസവും ആ സ്റ്റുഡിയോ അന്തരീക്ഷവും അവിടെ ഞങ്ങളെ ഹൃദ്യമായി സ്വീകിരിക്കുന്ന ആ വലിയ മനുഷ്യനുമെല്ലാം, ഒരിക്കലും ഫേഡ് ആകാത്ത ഓർമ്മചിത്രമായി എന്റെയുള്ളിൽ തറഞ്ഞുകിടക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in