അമിതാഭ് എന്ന ക്ഷുഭിത യൗവ്വനം

അമിതാഭ് എന്ന ക്ഷുഭിത യൗവ്വനം

തിരുവനന്തപുരത്തെ സൗത്ത് പാർക്ക് ഹോട്ടലിന്റെ ഫോയറിൽ ഞങ്ങൾ, ദൂരദർശൻ സംഘം ഒരു അതിവിശിഷ്ടാതിഥിയെ കാത്തുനില്ക്കുകയായിരുന്നു, അന്ന്.ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആ ദിവസങ്ങളിൽ തലസ്ഥാനത്ത് അരങ്ങേറുക യായിരുന്ന കുട്ടികളുടെ ദേശീയ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയ പല പ്രമുഖരും ആ ഹോട്ടലിലാണ് താമസിച്ചിരുന്നത്.അവിടെയപ്പോഴുണ്ടായിരുന്ന പഴയ കാല ബംഗാളി നടൻ, മേഘേ ഥക്ക താരാ, മഹാനഗർ തുടങ്ങിയ ചിത്രങ്ങളിലെ അഭിനേതാവ്, അനിൽ ചാറ്റർജിയുമായി ഞാൻ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് ഞങ്ങൾ ഒരു അഭിമുഖത്തിന് വേണ്ടി കാത്തിരുന്ന വ്യക്തി മുകളിലത്തെ നിലയിൽ നിന്ന് ഫോയറിലേക്ക് വന്നെത്തിയത് .ലിഫ്റ്റിൽ നിന്നിറങ്ങി പുറത്തു വന്നയുടനെ അദ്ദേഹം ആദ്യം കണ്ടത് അനിൽ ചാറ്റർജിയെയാണ്. ആ നിമിഷത്തിൽ തന്നെ കൈകൾ കൂപ്പി പ്രണമിച്ചുകൊണ്ട് സംഭാഷണമാരംഭിച്ച ആ മനുഷ്യൻ അടുത്ത പത്തുമിനിറ്റ് നേരവും കൈകൾ വേർപെടുത്താതെ അതേനില തന്നെ തുടരുന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ട് ഞാൻ അവിടെ നിന്നു.സിനിമയിൽ ഒരു ചെറിയ റോൾ ചെയ്തുകഴിഞ്ഞാലുടനെ ശരീരഭാഷയാകെ മാറുന്നത് പതിവ് സമ്പ്രദായമാണല്ലോ.തന്നെക്കാൾ വളരെ സീനിയർ ആയ ഒരു നടനോട് അങ്ങേയറ്റം ആദരവ് പ്രകടിപ്പിച്ചുകൊണ്ട് കണ്ടുനിന്നവരിലൊക്കെ ഹൃദ്യമായ ആഘാതം പകർന്ന ആ വ്യക്തി ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഏറ്റവും താരവിലയുള്ള, സാക്ഷാൽ അമിതാഭ് ബച്ചനായിരുന്നു.

1991 ൽ വൻ വിജയമായി മാറിയ 'ഹം' എന്ന ചിത്രത്തിന് പിന്നാലെ ശ്രീദേവിയോടൊപ്പം 'ഖുദാ ഹവാ'എന്ന സിനിമ അഭിനയിച്ചു തീർത്തശേഷം, 1991 ലെ ആ നവംബർ മാസത്തിൽ ജയാ ബച്ചന്റെ നേതൃത്വത്തിൽ ഗംഭീരമായി സംഘടിപ്പിക്കപ്പെട്ട കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ മുഖ്യാ തിഥിയായി പങ്കെടുക്കാൻ വേണ്ടി തിരുവനന്തപുരത്ത്‌ എത്തിയതായിരുന്നു, അമിതാഭ് ബച്ചൻ.

അമിതാഭ് ബച്ചൻ എന്ന അപൂർവ പ്രതിഭാസത്തിന്റെ മാസ്മരിക വലയത്തിലേക്ക് ആകർഷിക്കപ്പെട്ട ഒരു തലമുറയാണ് എന്റേത്. അന്നൊക്കെ പുതിയ ഹിന്ദി സിനിമകൾ പ്രദർശനത്തിനെത്തി യിരുന്ന തിരുവനന്തപുരത്തെ ശ്രീകുമാർ, എം പി ,ശ്രീകാന്ത്, ന്യൂ തുടങ്ങിയ തീയേറ്ററുകളിൽ 'കഭി കഭിയും' 'അമർ അക്ബർ ആന്റണിയും' 'മുക്കാദർ കാ സികന്ദറും' 'ഡോണും' 'ത്രിശൂലും' 'ഗ്രേറ്റ്‌ ഗാംബ്ലറും' 'ഷാനും' 'പർവരിഷും' 'ലാവാരിസു'മൊക്കെ ആദ്യത്തെ ദിവസം തന്നെ കാണാൻ തിക്കിത്തിരക്കുന്ന നീണ്ട ക്യൂവിൽ ഞാനും പ്രിയ സുഹൃത്ത് സുരേഷും മുറ തെറ്റാതെ സ്ഥാനം പിടിക്കാറുണ്ടായിരുന്നു.ഒരു തലമുറയുടെ കൗമാര യൗവനകാലത്തെയാകെ നിറപ്പകിട്ടുള്ളവയാക്കി തീർക്കുന്നതിൽ, അവരുടെ വികാരവിചാരങ്ങൾക്ക് തീഷ്ണതയണയ്ക്കുന്നതിൽ ആ ക്ഷുഭിത യൗവനം വഹിച്ച പങ്ക് ഒരുപാട് എഴുതപ്പെട്ടിട്ടുള്ളതാണല്ലോ. ഇവിടെ ഞാനോർമ്മിക്കുന്നത് എന്നിലെ സിനിമാ പ്രേമിയിലേക്ക് ആ മഹാപ്രതിഭ വന്നുചേർന്ന നാൾവഴികളെ കുറിച്ചാണ്.

ലെജൻഡുകളായ ദിലീപ് കുമാർ - രാജ് കപൂർ - ദേവാനന്ദ് ത്രിമൂർത്തികളെയും 'യാഹൂ' എന്ന് അലമുറയിടുന്ന ഷമ്മി കപൂറിനെയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന, അൻപതു വർഷങ്ങൾക്ക് മുമ്പുള്ള ഒരു പത്തു വയസുകാരനെ ഒന്നു സങ്കല്പിക്കാമോ? പത്രപ്രവർത്തകനായ അച്ഛൻ വീട്ടിൽ കൊണ്ടുവരാറുള്ള പത്രമാസികകളിലെ ഫിലിം ഫെയർ, സ്ക്രീൻ, സ്റ്റാർ ആൻഡ് സ്റ്റൈൽ തുടങ്ങിയ പ്രസിദ്ധീകരണങ്ങളായിരുന്നു ഹിന്ദി സിനിമയെ കുറിച്ചുള്ള അറിവും ഇഷ്ടവുമൊക്കെ എന്നിൽ വളർത്തിയത്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാറെന്ന കിരീടം ചരിത്രം തലയിലണിയിച്ച രാജേഷ് ഖന്നയുടെ കൊടുങ്കാറ്റ് പോലെയുള്ള വരവ് ആ നാളുകളിലായിരുന്നു. 'ആരാധന' യിൽ തുടങ്ങി 'ദോ രാസ്തേ','സച്ചാ ജ്ച്ചൂട്ടാ','ദി ട്രെയിൻ' 'സഫർ', 'കട്ടി പതംഗ്','ഹാത്തി മേരെ സാത്തി'.. തുടങ്ങിയ ഹിറ്റുകളുടെ പരമ്പര യിലൂടെ, ആനന്ദ് ബക്ഷി -- ആർ ഡി ബർമ്മൻ -- കിഷോർ കുമാർ ടീം ഒരുക്കിയ അതി മനോഹര ഗാനങ്ങളിലൂടെ വീശിയടിച്ച 'രാജേഷ് ഖന്ന തരംഗം' ഞങ്ങളുടെ തലമുറയെ വല്ലാതെയങ്ങു വശീകരിച്ചു.

കെ എ അബ്ബാസിന്റെ 'സാത് ഹിന്ദുസ്ഥാനി' എന്ന ഹിന്ദി സിനിമയിൽ മലയാളത്തിന്റെ മധു ഒരു പ്രധാന വേഷമഭിനയിക്കുന്നു എന്ന വാർത്ത വായിക്കുന്നത് ആയിടയ്ക്കാണ്. പോർച്ചുഗീസുകാരുടെ കയ്യിൽ നിന്ന് ഗോവയെ വിമോചിപ്പിക്കാൻ പോകുന്ന ഏഴ് ഇന്ത്യാക്കാരുടെ കൂട്ടത്തിലെ ഉത്തർപ്രദേശ്കാരനായ കവിയെ അവതരിപ്പിക്കുന്ന,മെലിഞ്ഞു നീണ്ട ചെറുപ്പക്കാരനെ കുറിച്ച് ഫിലിം ഫെയറിൽ വന്ന ലേഖനവും കുർത്തയും പൈജാമയുമണിഞ്ഞയുമണിഞ്ഞു നിൽക്കുന്ന പടവും കണ്ടപ്പോൾ അബ്ബാസെഴുതിയ നോവലിൽ വായിച്ചറിഞ്ഞ അൻവർ അലിയ്ക്ക് ജീവൻ വെച്ചതുപോലെ തോന്നി. ആയിടയ്ക്ക് തന്നെയാണ് ഋഷികേശ് മുഖർജിയുടെ 'ആനന്ദ്' തീയേറ്ററുകളിലെത്തുന്നത്. രാജേഷ് ഖന്ന ഓരോ ഫ്രെയ്മിലും നിറഞ്ഞു നിൽക്കുന്ന, ആനന്ദ്.എന്നാൽ കാണികളെ കണ്ണീർപ്പുഴയിലാഴ്ത്തിയ ദുരന്തനായകന് തുല്യം കയ്യടി നേടാൻ ഡോക്ടർ ഭാസ്‌ക്കർ ബാനർജി യെന്ന ബാബു മൊശായിയുടെ സൈഡ് റോളിൽ വന്ന പുതുമുഖ നടന് സാധിച്ചു. തന്നേക്കാൾ പ്രതിഭാധനയായ ഗായികയായ ഭാര്യയോട് , നിന്ദാപൂർവ്വം പെരുമാറി പ്രേക്ഷകരെയാകെ വെറുപ്പിക്കുന്ന അസൂയാലുവായ ഗായകൻ സുബീറിന്റെ വേഷത്തിൽ, ഋഷികേശ് മുഖർജിയുടെ 'അഭിമാനി'ലാണ് 'ലമ്പൂജി'യെ പിന്നീട് കാണുന്നത്.

'ബക്കറ്റി'ന്റെ ഇന്ത്യൻ പതിപ്പായ 'നമക്ക് ഹരാ'മിൽ വീണ്ടുമൊരിക്കൽ കൂടി രാജേഷ് ഖന്ന യോടൊപ്പം സ്ക്രീൻ പങ്കിടാനെത്തുമ്പോഴേക്കും നായകനായ സോമുവിനെ ക്കാൾ പ്രതിനായകനായ വിക്കി ഒരുപാട് മുന്നേറിക്കഴിഞ്ഞിരുന്നു. 'സഞ്ജീറി'ലെ വിജയ്ക്ക്‌ തൊട്ടു പിന്നാലെ 'ദീവാറി'ലെ വിജയ് യും അതേവർഷം തന്നെ 'ഷോലെ'യിലെ ജയ് യും കൂടി എത്തിയതോടെ, രാജേഷ് ഖന്നയിൽ നിന്ന് അമിതാഭ് ബച്ചനിലേക്ക് സൂപ്പർ സ്റ്റാർഡത്തിന്റെ ചെങ്കോൽ കൈമാറുന്ന കാഴ്ചയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു.പ്രകാശ് മെഹ്റയും യാഷ് ചോപ്രയും മൻ മോഹൻ ദേശായിയും രമേഷ് സിപ്പിയും ചേർന്ന് പണിതു നൽകിയ ആ മയൂര സിംഹാസനം നായകനെന്ന നിലയിലുള്ള അവസാനത്തെ ഹിറ്റായ 'ഖുദാ ഹവാ' വരെ അമിതാഭിന് വിട്ടൊഴിയേണ്ടി വന്നില്ല.

1970 കളിൽ ഋഷികേശ് മുഖർജിയും ഗുൽസാറും ബസു ചാറ്റർജിയും നൽകിയ മനോഹര ചിത്രങ്ങൾ മദ്ധ്യവർത്തി സിനിമയുടെ ഒതുങ്ങിയ നാട്ടുവഴി വെട്ടിയൊരു രുക്കുകയായിരുന്നു ചെയ്തത്.'യേ ദോസ്തീ' പാടിക്കൊണ്ട് ആത്മ സൗഹൃദത്തിന്റെ അനശ്വര ഗാഥ രചിച്ച വീരുവും ജയ് യും ചേർന്ന് 'ചുപ് കേ ചുപ്കെ' യിൽ 'സാരീ ഗമാ' പാടി രസിപ്പിച്ചപ്പോൾ ശർമ്മിളാ ടാഗോറിന്റെ സുലേഖയോടൊപ്പം കുടുകുടാ ചിരിക്കാൻ പ്രേക്ഷകർ മുഴുവനും കൂട്ടിനു ണ്ടായിരുന്നു.'അമർ അക്ബർ ആന്റണി'യിലും 'ലാ വാരീസി'ലും പിന്നെ മറ്റനേകം ചിത്രങ്ങളിലും അമിതാഭിലെ കോമേഡിയൻ നിറഞ്ഞാടുന്നത് കണ്ടു. എന്നാൽ ആ നാളുകളിൽ തന്നെ ഋഷിദായുടെ 'മിലി'യിലെ ശേഖറിൽ തെളിഞ്ഞു കാണാൻ കഴിഞ്ഞത് അമിതാഭിന്റെ സൂക്ഷ്മാഭിനയത്തിലെ മികവാണ്. 'അഭിമാനി'ൽ എന്നപോലെ ജയാഭാദുരി അവിടെയും ഒരുപടി മുന്നിൽ നിൽപ്പുണ്ടായിരുന്നുവെന്നു മാത്രം.

'കൂലി' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് മരണത്തിന്റെ ഗുഹാമുഖം വരെ കൂട്ടിക്കൊണ്ടുപോയ അപകടം ഒരു രാജ്യത്തെ മുഴുവൻ പ്രാർത്ഥനാ നിരതമാക്കി. ദാമ്പത്യത്ത കർച്ചയുടെ പടിവാതിൽക്കലോളം കൊണ്ടുചെന്നെത്തിച്ച രേഖയുമായുള്ള പ്രണയവും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കുള്ള ചുവടു വെയ്പ്പും പിന്നീടുള്ള പിൻവാങ്ങലും വിവാദ പുരുഷന്റെ പട്ടം ചാർത്തിക്കൊടുത്തു.

അമിതാഭ് ബച്ചന്റെ ഇന്നത്തെ രൂപത്തിലുള്ള കഥാപാത്രങ്ങളും അവയിലേക്ക് അദ്ദേഹം അനായാസമായി നടത്തുന്ന പരകായ പ്രവേശവും പണ്ടെത്തതിനേക്കാളേറെ പക്വതയും പാകതയും പ്രകടമാക്കുന്നവയാണ്, സംശയമില്ല. ആ മഹാപ്രതിഭയുടെ നടനചാരുതയുടെ അക്കാദമിക് വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പ്രതീക്ഷാ നിർഭരവും അതേസമയം സംഘർഷ ഭരിതവുമായ ഒരു ജീവിതകാലഘട്ടത്തിൽ നമ്മളെ ഒരുപാടൊരുപാട് ആഹ്ലാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും നൊമ്പരപ്പെടുത്തുകയും മോഹിപ്പിക്കുകയും അതിശയിപ്പിക്കുകയുമൊക്കെ ചെയ്ത ഒരു മഹാപ്രതിഭയോടുള്ള ഇഷ്ടം രേഖപ്പെടുത്തുക എന്നത് മാത്രമാണ്. മുപ്പതു വർഷങ്ങൾക്ക് ആ അഭിമുഖം ചിത്രീകരിക്കുമ്പോൾ, എന്തൊരു സൗമനസ്യവും സൗഹൃദവുമാണ് ആ താരചക്രവർത്തി ഞങ്ങളോട് പ്രകടിപ്പിച്ചതെന്നോർമ്മിക്കുന്നു.

അമിതാഭ് ബച്ചൻ എന്ന പേരോർമ്മിക്കുമ്പോൾ എന്റെ മനസിലേക്കാദ്യം ഓടിയെത്തുന്നത് ആരെയും വശീകരിക്കുന്ന ആ താര ശരീരമല്ല. തന്നോടൊപ്പം പ്രവർത്തിക്കാൻ ഒരിക്കലും അവസരമുണ്ടായിട്ടില്ലാത്ത ഒരു ജ്യേഷ്ഠ കലാകാരന്റെ മുന്നിൽ ഇരുകൈകളും തൊഴുതുപിടിച്ച് എത്രയോ നേരം ഒരേപടി നിൽക്കുന്ന വിനയത്തിന്റെ, എളിമയുടെ ആ ദീർഘകായരൂപമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in