കാലം മായ്ക്കാത്ത കലണ്ടർ

കാലം മായ്ക്കാത്ത കലണ്ടർ
Summary

മലയാളത്തിലെ ശ്രേഷ്ഠ സാഹിത്യകൃതികളുടെ മികച്ച അഭ്രാവിഷ്ക്കാരങ്ങളിലൂടെ സാഹിത്യവും സിനിമയും തമ്മിലുള്ള ജൈവബന്ധം ദൃഢ തരമാക്കിയ ചലച്ചിത്രകാരൻ. കെ എസ് സേതുമാധവന്റെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ ആ ചലച്ചിത്ര പ്രതിഭയെകുറിച്ചുള്ള അപൂർവാനുഭവം പങ്കുവെക്കുകയാണ്.

വർഷം 1993. അന്ന് മദ്രാസ് നഗരത്തിൽ ചെന്നിറങ്ങിയത് മലയാളസിനിമയുടെ ഇന്നലെകളെ ചിത്രീകരിക്കുന്ന -- പ്രത്യേകിച്ച് സത്യൻ,പ്രേംനസീർ എന്ന അഭിനയപ്രതിഭകളെ ഫീച്ചർ ചെയ്യുന്ന ചില എപ്പിസോഡുകൾ ചിത്രീകരിക്കാനാണ്. പഴയ സിനിമാക്കാലത്ത് സജീവമായിരുന്ന താരങ്ങൾ,സംവിധായകർ,നിർമ്മാതാക്കൾ,മറ്റ് അണിയറപ്രവർത്തകർ.... ഇങ്ങനെ പലരെയും കാണണം. അവരുടെ ഓർമ്മകൾ ക്യാമറയിൽ പകർത്തണം. അതാണ് ഉദ്ദേശ്യം. മലയാളസിനിമ മിക്കവാറും കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും,എഡിറ്റിങ്ങും ഡബ്ബിംഗും മറ്റ് പോസ്റ്റ്പ്രൊഡക്ഷൻ ജോലികളുമൊക്കെ അപ്പോഴും മദ്രാസിൽ തന്നെയാണ് നടന്നിരുന്നത്. ക്യാമറാമാനായി എന്റെയൊപ്പം ഉണ്ടായിരുന്നത് ഞങ്ങൾ മന്നൻ എന്നുവിളിക്കുന്ന സതീഷ്ബാബുവാണ്. ഇപ്പോൾ കൈരളി ചാനലിന്റെ ക്യാമറാ വിഭാഗം ചീഫാണ് മന്നൻ.

തീർത്തും അബദ്ധമെന്നു വിളിക്കാവുന്ന ഒരു ധാരണയുമായാണ് ഞങ്ങൾ നഗരത്തിൽ ലാന്റ് ചെയ്തതെന്ന് അധികം വൈകാതെ തന്നെ മനസ്സിലായി. ഇപ്പോൾ സിനിമാരംഗത്ത് സജീവമല്ലാത്ത,('ഫീൽഡ് ഔട്ട്' ആയ) താരങ്ങളെയും മറ്റ് സിനിമാപ്രവർത്തകരെയുമൊക്കെ 'കിട്ടാൻ' വളരെ എളുപ്പമായിരിക്കുമെന്നായിരുന്നു ഞങ്ങൾ കരുതിയത്. എന്നാൽ, തങ്ങൾക്ക് എത്രമാത്രം കടപ്പാടുള്ളവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാനാണെങ്കിൽ പോലും, സിനിമാക്കാർക്ക് സിനിമാഷൂട്ടിംഗിന് വേണ്ടിയല്ലാതെ ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുക എന്നത് വലിയ വിമുഖതയുള്ള കാര്യമാണെന്നും അവരെക്കൊണ്ട് സംസാരിപ്പിക്കുന്ന കാര്യം അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഒട്ടും വൈകാതെ തന്നെ ഞങ്ങൾക്ക് ബോദ്ധ്യമായി. താരങ്ങളുടെ ഗതകാലസ്മരണകൾ പ്രധാന 'കണ്ടെന്റ്' ആയി സ്വീകരിച്ച ടെലിവിഷൻചാനലുകളും യൂട്യൂബ് ചാനലുകളും ധാരാളമുള്ള ഇന്നത്തെ കാലത്ത്, സംഗതി കുറച്ചൊക്കെ മാറിയിട്ടുണ്ടെന്ന് തോന്നുന്നു. പൊതുബോധമണ്ഡലത്തിൽ നിന്ന് മാഞ്ഞുപോകാതെ നോക്കേണ്ടത് അവരുടെ കൂടി ആവശ്യമായി മാറിയതുകൊണ്ടാകാം.

പഴയ തലമുറയിലും പുതിയ തലമുറയിലും പെട്ട ചലച്ചിത്ര പ്രവർത്തകരുടെ ഫോൺ നമ്പറുകളടങ്ങിയ ഒരു ചെറിയ ഡയറക്ടറി ഞങ്ങൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. മൊബൈൽ ഫോണെന്ന സംഗതി സ്വപ്നത്തിൽ പോലുമില്ലാത്ത കാലം. എന്നാൽ ഇഷ്ടം പോലെ പബ്ലിക് ടെലിഫോൺ ബൂത്തുകളുണ്ട്. അവിടെ കയറി ആവശ്യമുള്ളവരെ വിളിക്കുന്നു. കാര്യം അവതരിപ്പിക്കുന്നു. മിക്കവാറും എല്ലാവരും അപ്പോൾ തന്നെ എന്തെങ്കിലും അസൗകര്യം പറഞ്ഞൊഴിയാൻ നോക്കും. അപൂർവം ചിലർ സമ്മതിച്ചെന്നു വരാം. പാതി മനസ്സു കാട്ടുന്നവരെ എങ്ങനെയെങ്കിലുമൊക്കെ പറഞ്ഞു സമ്മതിപ്പിക്കും ഒരു നിശ്ചിതസമയത്ത് വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുന്ന ചിലരുണ്ട്. പക്ഷെ അവിടെ ചെന്നെത്തിക്കഴിയുമ്പോഴാണ് സീൻ. വല്ല വിധേനെയും കഷ്ടപ്പെട്ട് വീടിന്റെ ഗേറ്റ് ഒന്നു തുറപ്പിക്കാനായാൽ തന്നെ,"മാഡം അല്ലെങ്കിൽ സാർ വീട്ടിലില്ലല്ലോ" എന്ന വാച്ച് മാന്റെ ഉറച്ച, ദയാരഹിതമായ നിലപാടിനോട് ഏറ്റുമുട്ടി പരാജയം സമ്മതിച്ച് തിരിച്ചുപോരുകയേ നിവൃത്തിയുള്ളൂ.

വളരെ പ്രതീക്ഷകളോടെയാണ് വിൻസെന്റ് മാസ്റ്റർ എന്ന സംവിധായകൻ എ.വിൻസെന്റിനെ ഞങ്ങൾ കാണാൻ ചെന്നത്. പക്ഷെ അദ്ദേഹം ആകെ കലിപ്പിലായിരുന്നു. ഞങ്ങളോടല്ല,മലയാള സിനിമയോടും മലയാളി പ്രേക്ഷകരോടും നിരൂപകരോടുമെല്ലാം! അദ്ദേഹത്തിന്റെ സേവനങ്ങളെ വേണ്ടവിധത്തിൽ ആദരിച്ചിട്ടില്ല എന്നതായിരുന്നു പരാതി.

എ വിൻസെന്റ്
എ വിൻസെന്റ്
മലയാള സിനിമയുടെ ജാതകം തിരുത്തിയെഴുതിയ 'നീലക്കുയിൽ' എന്ന ചിത്രത്തെ കുറിച്ചു പറയുമ്പോഴൊന്നും അതിന്റെ ഛായാഗ്രഹണം നിർവഹിച്ച തന്റെ പേര് ആരും പറയാറില്ല. പി ഭാസ്കരൻ,രാമുകാര്യാട്ട്, സത്യൻ,മിസ്‌കുമാരി,കെ രാഘവൻ... ഇങ്ങനെ കുറച്ചുപേർക്ക് മാത്രം എല്ലാ ക്രെഡിറ്റും നൽകുന്നു. ഇങ്ങനെ പരാതിപ്പെട്ടി തുറന്നുവെച്ച വിൻസെന്റ് മാഷ്,പതുക്കെ ശാന്തനായി തന്റെ മനസ്സു തുറന്ന് ഒരു മണിക്കൂറോളം നേരം, പണ്ടത്തെ പല പല ഓർമ്മകളിലൂടെയും സഞ്ചരിച്ചു. എന്നാൽ ഒരിക്കൽപ്പോലും ക്യാമറ പുറത്തെടുക്കാൻ സമ്മതിച്ചില്ല.

എനിക്ക്‌ തോന്നിയ നിരാശ ഒട്ടും ചെറുതായിരുന്നില്ല. എങ്കിലും, ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചലച്ചിത്രകാരന്റെ സംഭാഷണം കേട്ടുകൊണ്ട് അടുത്തു കുറേനേരം അങ്ങനെ ഇരിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു ഉള്ളിൽ. (കുറെ വർഷങ്ങൾ കഴിഞ്ഞ് വിൻസെന്റ് മാഷിന് മലയാള സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയൽ പുരസ്‌കാരം കിട്ടിയപ്പോൾ മലയാളികളെ കുറിച്ചുള്ള ആ വലിയ സംവിധായകപ്രതിഭയുടെ ആക്ഷേപം കുറച്ചെങ്കിലും മാറിക്കാണുമെന്ന് പ്രതീക്ഷിക്കാം!)

വിൻസെന്റ് മാഷ് ഒഴിഞ്ഞുമാറിയതോടെ,എന്റെ മൂഡ് നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. പിന്നീടുള്ള ദിവസങ്ങളിൽ പ്രമുഖരായ ചിലരെയെല്ലാം കിട്ടിയെങ്കിലും ഞാൻ ഒട്ടും തൃപ്തനായിരുന്നില്ല.. അങ്ങനെ ആകെ തിരക്കുപിടിച്ച ഞങ്ങളുടെ കോടമ്പാക്കം ദിനങ്ങൾ അവസാനിക്കാറായി. എന്തു വന്നാലും,ഒരിക്കലുമൊഴിവാക്കാൻ പറ്റാത്ത ഒരാൾ കൂടി എന്റെ ലിസ്റ്റിലുണ്ട്. പ്രതിഭയുടെ കാര്യത്തിൽ,വിൻസെന്റിനോടൊപ്പം തന്നെ തലപ്പൊക്കമുള്ള ഒരാൾ. അത് കെ എസ് സേതുമാധവനാണ്. ഒരുപക്ഷേ വിൻസെന്റ് മാഷിനെക്കാൾ ( ഭാർഗവീനിലയവും നദിയും ഒഴിച്ചുനിർത്തിയാൽ) എനിക്ക് ഒരുപൊടിയ്ക്ക് കൂടുതൽ ഇഷ്ടം സേതുമാധവനോടാണ് എന്നതാണ് സത്യം.

കെ എസ് സേതുമാധവൻ
കെ എസ് സേതുമാധവൻ

ഏറ്റവുമധികം സാഹിത്യകൃതികളെ സെല്ലുലോയ്ഡിലേക്ക് പകർത്തിയ ചലച്ചിത്രകാരൻ. തകഴിയുടെ ഓമനക്കുട്ടനിലും(അച്ഛനും മകനും എന്ന കഥ)കേശവദേവിന്റെ ഓടയിൽ നിന്നിലും തുടങ്ങി എം ടിയുടെ ഓപ്പോൾ വരെ,മലയാളസാഹിത്യത്തിലെ എണ്ണപ്പെട്ട എത്രയെത്ര കൃതികളാണ് സേതുമാധവൻ അഭ്രപാളികളിലേക്ക് പകർത്തിയത്! മികച്ച നിലവാരം കാത്തുസൂക്ഷിച്ച ബാനർ എന്നു പേരെടുത്ത,എം ഓ ജോസഫിന്റെ മഞ്ഞിലാസിന്റെ സ്ഥിരം സംവിധായകൻ. സത്യൻ,തോപ്പിൽ ഭാസി,മെല്ലി ഇറാനി,വയലാർ,ദേവരാജൻ എന്നിവരൊത്തു ചേർന്ന മഞ്ഞിലാസ് ടീമിന്റെ ഓരോ ചിത്രവും ഒന്നിനൊന്നു മികച്ചുനിന്നു.യക്ഷി,അടിമകൾ,കടൽപ്പാലം,വാഴ് വേ മായം,അരനാഴികനേരം, അനുഭവങ്ങൾ പാളിച്ചകൾ.... അതുപോലെതന്നെ ഇളയ സഹോദരനായ കെ എസ് ആർ മൂർത്തിയോടൊപ്പമാരംഭിച്ച ചിത്രാഞ്ജലിയുടെ(പിന്നീട് ചിത്രകലാകേന്ദ്രം) ബാനറിൽ സംവിധാനം ചെയ്ത,,അമ്മ എന്ന സ്ത്രീ,ഒരു പെണ്ണിന്റെ കഥ,ഇൻക്വിലാബ് സിന്ദാബാദ്,പണി തീരാത്ത വീട്,സുപ്രിയ യ്ക്ക് വേണ്ടി സംവിധാനം ചെയ്ത കരകാണാക്കടൽ.... പിന്നെ കൂട്ടുകുടുംബം,മിണ്ടാപെണ്ണ് ദേവി,ചട്ടക്കാരി... അങ്ങനെയെത്രയെത്ര മികച്ച ചിത്രങ്ങൾ... സത്യനുമായി സഹോദരതുല്യമായ ബന്ധം പുലർത്തിയിരുന്ന സേതുമാധവന്റെ ഭൂരിഭാഗം ചിത്രങ്ങളിലെയും നായകൻ സത്യനാണ്. അതുകഴിഞ്ഞാൽ പ്രേം നസീറും. ഇങ്ങനെയൊക്കെയുള്ള സേതുമാധവനെ എങ്ങനെ ഒഴിവാക്കാനാകും?

ഏതായാലും ഒരു ഭാഗ്യപരീക്ഷണം നടത്തി നോക്കാൻ തന്നെ തീരുമാനിച്ചു. പബ്ലിക് ബൂത്തിൽ ചെന്ന് സേതുമാധവന്റെ നമ്പർ ഡയൽ ചെയ്തപ്പോൾ,ഭാഗ്യത്തിന് അദ്ദേഹം തന്നെയാണ് ഫോണെടുത്തത്. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ഞാൻ പതുക്കെ കാര്യമവതരിപ്പിച്ചു. പ്രതീക്ഷിച്ച പ്രതികരണം തന്നെയായിരുന്നു.

കെ എസ് സേതുമാധവൻ നടൻ സത്യനോടൊപ്പം
കെ എസ് സേതുമാധവൻ നടൻ സത്യനോടൊപ്പം

"അയ്യോ,ഇന്റർവ്യൂ വോ? ഏയ്,അതു ശരിയാകില്ല..ഞാനതിന് പറ്റിയ ആളേ അല്ല... I am not at all comfortable in front of the camera. പ്ളീസ് എന്നെ ഒഴിവാക്കൂ."

എത്രയെത്ര,പ്രഗത്ഭരായ അഭിനേതാക്കളെ,എത്രയോ പുതുമുഖങ്ങളെ ക്യാമറയുടെ മുന്നിൽ കൈകാര്യം ചെയ്ത് തഴക്കവും പഴക്കവും വന്ന മനുഷ്യനാണീ പറയുന്നത്! ഞാനേതായാലുംഅങ്ങനെയങ്ങ് പിന്തിരിയാൻ ഒരുക്കമായിരുന്നില്ല. സാമവും ദാനവും പ്രയോഗിച്ചുനോക്കി.ങേ ഹേ... അമ്പിനും വില്ലിനും അടുക്കുന്നില്ല! ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു കീഴടങ്ങാൻ തന്നെ തീരുമാനിച്ചു.

"എന്നാൽ ശരി സാർ.ഇത്രത്തോളം ബുദ്ധിമുട്ട് സാറിന് ഇക്കാര്യത്തിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഏതായാലും ഫോണിൽ കൂടെയാണെങ്കിലും പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞത് തന്നെ എന്റെ മഹാഭാഗ്യം."

"I am sorry if I disappointed you. എന്റെ ഒരു nature ഇങ്ങനെയാണ്.അത് ബൈജു മനസിലാക്കുമല്ലോ. Any way, ഇന്റർവ്യൂ എടുക്കുന്നില്ല എന്നുകരുതി നമ്മൾ തമ്മിൽ meet ചെയ്യേണ്ട എന്നില്ലല്ലോ. അതും നാട്ടിൽ നിന്ന് മദ്രാസ് വരെ വന്നിട്ട്. ഇവിടെ എന്റെ വീട്ടിൽ വന്ന് ഒരു കപ്പ് കോഫി കുടിച്ചിട്ടുപോകുകയാണെങ്കിൽ I will be most happy. വരൂ,നമുക്ക് എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാമല്ലോ."

ആ ക്ഷണം എനിക്ക് ഒരുപാട് സന്തോഷം തരുന്നതായിരുന്നു. വിൻസെന്റ് മാഷ് പറഞ്ഞതുപോലെയുള്ള പഴയ കുറേ കഥകൾ കേൾക്കാനായാലോ? -- ക്യാമറയിൽ പകർത്താൻ കഴിഞ്ഞില്ലെങ്കിൽക്കൂടി. ഞങ്ങൾ അപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്ന് ഒരുപാട് ദൂരമൊന്നുമുണ്ടായിരുന്നില്ല സേതുമാധവൻ സാർ താമസിക്കുന്ന ഡയറക്റ്റേർസ് കോളനിയിലേക്ക്. ഞാനും മന്നനും കൂടി ഒരു ടാക്സിയിൽ അപ്പോൾത്തന്നെ അങ്ങോട്ടേക്ക് പോയി. ദക്ഷിണേന്ത്യൻ സിനിമയിലെ പല പ്രമുഖ സംവിധായകരും താമസിക്കുന്ന ഡയറക്റ്റേർസ് കോളനിയിലെ, സാറിന്റെ വീട് കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ക്യാമറയും മറ്റും സൂക്ഷിക്കാൻ മന്നന്റെ അസിസ്റ്റന്റിനെ കാറിൽ തന്നെ ഇരുത്തിയിട്ട് ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി. പകിട്ടുകളോ ആർഭാടങ്ങളോ ഒന്നുമില്ലാത്ത ഒരിടത്തരം വീട്. വിൻസെന്റ് മാഷിന്റെ വീടും ഇതുപോലെ ഒന്നാണ്. എത്രയോ വർഷങ്ങൾ സിനിമാരംഗത്ത് അധീശത്വം പുലർത്തിയ മനുഷ്യരാണ് അവരൊക്കെ!

ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന ഒരു ബന്ധുവിനെയോ ചങ്ങാതിയെയോ എതിരേൽക്കുന്നതുപോലെയാണ് സേതുമാധവൻസാർ ഞങ്ങളെ സ്വീകരിച്ചത്. ഇന്റർവ്യൂ തരാൻ പറ്റാത്തതിന് വീണ്ടും വീണ്ടും ക്ഷമാപണം നടത്തി. സംസാരിക്കുന്ന കാര്യത്തിൽ താൻ പൊതുവെ ലജ്ജാലുവാണ്. ഒന്നും തോന്നരുത്. അദ്ദേഹം പലതവണ പറഞ്ഞു.

അങ്ങനെ ഞങ്ങളുടെ വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞുമിരിക്കുമ്പോൾ കാപ്പി വന്നു. പാലക്കാട്ടുകാരാണെങ്കിലും ആകെ ഒരു തമിഴ് മട്ടാണ്,അവിടെ. അമ്മയും ഭാര്യയും മക്കളും സഹോദരന്റെ കുടുംബവുമെല്ലാം അടങ്ങിയ ഒരു കൂട്ടുകുടുംബ മാണെന്നു തോന്നുന്നു. അമ്മയാണ് സാറിന്റെ എല്ലാം എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.

കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ,ഞാൻ സാധാരണ എല്ലാവരും ചെയ്യാറുള്ളതുപോലെ, ചുമരിലേക്ക് വെറുതെയൊന്നു കണ്ണോടിച്ചു. നിറയെ ഫോട്ടോകൾ. കൂടുതലും കുടുംബത്തിന്റെ ചിത്രങ്ങളാണ്. സിനിമാസംബന്ധിയായ പടങ്ങൾ കൂട്ടത്തിൽ കുറവായിരുന്നു. പെട്ടെന്നാണ് എന്റെ ശ്രദ്ധ ഒരു സംഗതിയിൽ ചെന്നുടക്കിയത്. അതൊരു മനോഹരമായ കലണ്ടർ ആയിരുന്നു. ഒരു മദ്യക്കമ്പനി ഇറക്കിയ 1993 എന്ന വർഷത്തിലെ കലണ്ടർ. അതിനൊരു പ്രത്യേകത ഉണ്ടായിരുന്നു. വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയായിരുന്നു കലണ്ടറിന്റെ തീം. റേയുടെ അത്യപൂർവമായ ചില ചിത്രങ്ങളും ,അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിത്രങ്ങളിലെ രംഗങ്ങളും ഇടകലർത്തി ഡിസൈൻ ചെയ്ത ആ കലണ്ടർ,മഹാനായ ആ ചലച്ചിത്രകാരനുള്ള ഒരു tribute ആയിരുന്നു. തലേ വർഷം 1992 മാർച്ചിലായിരുന്നു റേയുടെ വിയോഗം.

സിനിമാരംഗത്തെ ആഘോഷങ്ങളിൽ നിന്നെല്ലാം അകന്നുനിൽക്കുന്ന,വളരെ വ്യത്യസ്ഥസ്വഭാവക്കാരനായ, ഒരു മദ്യവിരോധി എന്ന് പരക്കെ അറിയപ്പെടുന്ന കെ എസ് സേതുമാധവന്റെ വീട്ടിൽ അങ്ങനെയൊരു മദ്യക്കമ്പനിയുടെ കലണ്ടർ പ്രത്യക്ഷപ്പെട്ടതിൽ അതിശയം തോന്നേണ്ടതാണെങ്കിലും സത്യത്തിൽ എനിക്കങ്ങനെ തോന്നിയില്ല. കാരണം,ചലച്ചിത്ര കലയെ പ്രണയിക്കുന്ന ,സത്യജിത് റേ യെ ആരാധിക്കുന്ന, ഏതൊരു വ്യക്തിയെയും മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ഒരൊന്നാന്തരം കലാസൃഷ്ടിയായിരുന്നു ആ കലണ്ടർ.

ഞാൻ പതുക്കെ മന്നനെ തൊട്ടു വിളിച്ച്,ആ കലണ്ടർ കാണിച്ചുകൊടുത്തു.അതുകണ്ടപ്പോൾ,മന്നനും ആകെ ആവേശമായി.അൽപ്പം ഉയരത്തിലുള്ള ചുമരിൽ തൂക്കിയിട്ടിരിക്കുന്നത്‌ കൊണ്ട്,ഞങ്ങൾക്ക് അതടുത്തു കാണാൻ കഴിയുമായിരുന്നില്ല.ആകെ നിരാശ പ്പെട്ടങ്ങനെ നിൽക്കുമ്പോൾ പുറകിൽ നിന്ന് ഒരു ചോദ്യം കേട്ടു.

"എന്താ,നിങ്ങൾക്കാ കലണ്ടർ കയ്യിലെടുത്തു കാണണമെന്നുണ്ടോ?"

ഞങ്ങളുടെ ഈ ആവേശപ്രകടന മൊക്കെ കണ്ടുകൊണ്ട് സേതുമാധവൻസാർ അവിടെയിരിപ്പുള്ള കാര്യം ഞാൻ മറന്നുപോയിരുന്നു.

"കാണണം സാർ "

അതേ ആവേശത്തോടെ ഞങ്ങൾ വിളിച്ചുപറഞ്ഞു. സാർ ഉടനെ മകനെ വിളിച്ചു. സന്തോഷ് എന്നു പേരായ,മെലിഞ്ഞു നീണ്ട ആ ചെറുപ്പക്കാരൻ, അന്ന് പരസ്യചിത്രരംഗത്ത് പ്രവർത്തിക്കുകയായിരുന്നു. സാർ ആവശ്യപ്പെട്ടതനുസരിച്ച് സന്തോഷ്, ഉയരമുള്ള ഒരു സ്റ്റൂളിന്റെയോ മറ്റോ മുകളിൽ കയറി നിന്ന്,ഒരു കമ്പുപയോഗിച്ച്‌ ആ കലണ്ടർ ചുമരിൽ നിന്നെടുത്ത് എന്റെ നേരെ നീട്ടി. ആശിച്ച കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടികളെപ്പോലെ,ആ കലണ്ടറിന്റെ പേജുകളോരോന്നായി മറിച്ചു മറിച്ച്, ഞാനും മന്നനും ആ അപൂർ വമനോഹരമായ ചിത്രങ്ങൾ ആസ്വദിച്ചു.ഞങ്ങളുടെ ഈ ആർത്തിയും ആക്രാന്തവും കൗതുകത്തോടെ കണ്ടുകൊണ്ടിരുന്ന സേതുമാധവൻസാർ ആത്മഗതം പോലെ പറയുന്നതു കേട്ടു.

കെ എസ് സേതുമാധവൻ എംടിക്കൊപ്പം
കെ എസ് സേതുമാധവൻ എംടിക്കൊപ്പം

" സിനിമയിലും അഡ്വേർട്ടൈസിംഗ് ഫീൽഡിലും ഒക്കെ work ചെയ്യുന്ന പലരും ഈ വീട്ടിൽ വരാറുണ്ട്. എന്നിട്ട്,അവരാരും ഇന്നേവരെ ആ കലണ്ടർ കിടക്കുന്ന ഭാഗത്തേക്ക് ഒന്നു നോക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല."

ഞാൻ മുഖമുയർത്തി,ലേശം ചമ്മലോടെ, അദ്ദേഹത്തെ നോക്കി ചിരിച്ചു. സേതുമാധവൻ സാറും ചിരിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ചോദ്യം തീർത്തും അപ്രതീക്ഷിതമായിരുന്നു.

"നിങ്ങൾ ക്യാമറയൊക്കെ കൊണ്ടാണോ വന്നത് ?"

ഞങ്ങൾ അവിശ്വസനീയതയോടെ അദ്ദേഹത്തെ നോക്കി.

" അതല്ല,സിനിമയോട്, especially സത്യജിത് റേയെപ്പോലെ ഒരാളോട് ഇത്രയും എക്സൈറ്റ്‌മെന്റ് കാണിക്കുന്ന നിങ്ങളോട് ഞാനിങ്ങനെ പെരുമാറുന്നത് ശരിയല്ല എന്നെനിയ്ക്കൊരു ഫീലിംഗ്.ഏതായാലും നമുക്കൊന്ന് try ചെയ്തുനോക്കാമെന്നു തോന്നുന്നു.ക്യാമറ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ എടുത്തുകൊണ്ടു വരൂ.എനിക്ക് കഴിയുന്നതുപോലെ ഞാൻ സംസാരിക്കാം.Let's make an attempt."

ഞങ്ങൾ അപ്പോൾ തന്നെ പുറത്തേക്കോടിപ്പോയി കാറിൽ നിന്ന്ക്യാമറയും മറ്റു സന്നാഹങ്ങളും എടുത്തുകൊണ്ടുവന്നു. സാറിനിരിക്കാനുള്ള ഇടം സജ്ജീകരിച്ചു. എന്റെ ചോദ്യങ്ങൾക്കൊക്കെ ഒരു തട്ടും തടവുമില്ലാതെ വളരെ വ്യക്തതയോടെ തന്നെ അദ്ദേഹം മറുപടി നൽകി. സത്യനെ കുറിച്ച്, പ്രേംനസീറിനെ കുറിച്ച്,മഞ്ഞിലാസ് എന്ന ബാനറിൽ ചെയ്ത ചിത്രങ്ങളെ കുറിച്ച്,സിനിമയിലെ മറ്റ് അവിസ്മരണീയമായ സംഭവങ്ങളെ കുറിച്ചൊക്കെ വളരെ വിശദമായി സംസാരിച്ചു.എനിക്ക് ലഭിച്ച ഏറ്റവും നല്ല അഭിമുഖങ്ങളിലൊന്നാ യിരുന്നു അത്.

എല്ലാം കഴിഞ്ഞ്, യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ അദ്ദേഹത്തോട് ഒരിക്കൽ കൂടി നന്ദി പറഞ്ഞു.

" ബൈജു എന്നോടല്ല നന്ദി പറയേണ്ടത്.പറയേണ്ടയാൾ ദാ, ആ ചുമരിലിരിക്കുന്നു.... He is the real reason for this interview. ഞാനും ബൈജുവുമെല്ലാം ഒരുപാട് ആരാധിക്കുന്ന, നമ്മെ യൊക്കെ ഒത്തിരി inspire ചെയ്തിട്ടുള്ള the Real Great Master of the Art of cinema!"

Related Stories

No stories found.
logo
The Cue
www.thecue.in