മോഹൻലാൽ വൈക്കം മുഹമ്മദ് ബഷീർ, ശ്യാമപ്രസാദ് ചെയ്യാനിരുന്ന ഭാർ​ഗവി നിലയം

മോഹൻലാൽ വൈക്കം മുഹമ്മദ് ബഷീർ, ശ്യാമപ്രസാദ് ചെയ്യാനിരുന്ന ഭാർ​ഗവി നിലയം
Summary

"സാഹിത്യകാരനായി അഭിനയിക്കാൻ നിങ്ങളാരെയാ മനസ്സിൽ കണ്ടിരിക്കുന്നത്?"

അതേപ്പറ്റി ചില ധാരണകൾ ഞങ്ങൾക്കുണ്ടായിരുന്നു. എന്നെ ഒന്നു നോക്കിയിട്ട് ശ്യാം പറഞ്ഞു.

"ആ റോളിൽ മോഹൻലാലിനെ cast ചെയ്യണമെന്നാണ് വിചാരിക്കുന്നത്."

"അപ്പോൾ ഭാർഗ്ഗവിക്കുട്ടി?"

ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഭാർ​ഗവി നിലയം റീമേക്ക് ചെയ്യാൻ നടത്തിയ ആലോചനകളെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ എഴുതുന്നു

'ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാരാ ഫിലിം സിന്റെ മദ്രാസിലുള്ള ഓഫീസിൽ താമസിച്ചുകൊണ്ടാണ് ഞാൻ ഭാർഗവീനിലയത്തിന്റെ തിരക്കഥയെഴുതിയത്. ക്യാമറാമാൻ വിൻസെന്റ് ആയിരിക്കണം പടം സംവിധാനം ചെയ്യേണ്ടത് എന്നുള്ളതായിരുന്നു എന്റെ ഒരേയൊരു കണ്ടീഷൻ. വിൻസന്റും പ്രൊഡക്ഷൻ മാനേജർ ആർ.എസ്. പ്രഭുവും ശോഭനാ പരമേശ്വരൻ നായരും അടൂർ ഭാസിയുമൊക്കെ ചന്ദ്രതാരയിൽ തന്നെയാണ് താമസം. ഓരോ സീനുമെഴുതി കഴിയുമ്പോൾ ഞാൻ അവരെ അത് വായിച്ചു കേൾപ്പിക്കും. ചില സീനുകൾ കേൾക്കുമ്പോൾ വിൻസന്റോ അല്ലെങ്കിൽ പ്രഭുവോ പറയും " അതു വേണ്ട ബഷീറേ, ആ സീനെടുക്കാൻ കുറച്ചു ചെലവ് കൂടും. നമുക്ക് അത്രക്കൊന്നും ബജറ്റില്ല." അപ്പോൾ ഞാൻ നേരെ പോയി ആ രംഗം മാറ്റിയെഴുതും. അങ്ങനെ പരമാവധി ചെലവ് കുറച്ചെഴുതിയ സിനിമയാണ് ഭാർഗവി നിലയം.'

ബീനയും ലേഖകനും, ബഷീറിനും കുടുംബത്തോടുമൊപ്പം
ബീനയും ലേഖകനും, ബഷീറിനും കുടുംബത്തോടുമൊപ്പം

ബേപ്പൂരിലെ വൈലാലിൽ വീട്ടിന്റെ മുറ്റത്തുള്ള മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിലെ ചാരു കസേരയിലിരുന്നുകൊണ്ട് സാക്ഷാൽ വൈക്കം മുഹമ്മദ്‌ ബഷീറാണ് പഴയ കഥകൾ ഓർത്തെടുക്കുന്നത്. അതു കേട്ടുകൊണ്ട് ഞങ്ങൾ - ഞാനും ബീനയും ചിലപ്പോൾ ഞങ്ങളോടൊപ്പമുണ്ടാകാറുള്ള മറ്റു ചില സുഹൃത്തുക്കളും - വിടർന്ന കണ്ണുകളും കൂർപ്പിച്ച കാതുകളും കേൾക്കുന്ന ഓരോ വാക്കും അപ്പാടെ ഒപ്പിയെടുക്കുന്ന മനസ്സുമായി, മുന്നിലങ്ങനെ ചടഞ്ഞിരിക്കുന്നുണ്ടാകും. സമയവും സൗകര്യവും കിട്ടുമ്പോഴൊക്കെ ബേപ്പൂരിലെ വൈലാലിൽ വീട്ടിലേക്ക് തീർത്ഥാടനം നടത്താറുണ്ടായിരുന്നു അന്ന് ഞാനും എന്റെ ജീവിതപങ്കാളി ബീനയും. (മാദ്ധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ കെ എ ബീന. ജേർണലിസം പഠിക്കുമ്പോൾ ബഷീറുമായി കത്തുകളിലൂടെ ബീന സ്ഥാപിച്ച ആത്മസൗഹൃദമാണ് വൈലാലിൽ വീട്ടിലേക്കുള്ള ഞങ്ങളുടെ വഴി തുറന്നത്.) അന്ന് ഞാൻ ദൂരദർശനു വേണ്ടി ചെയ്തിരുന്ന പല ഡോക്യുമെന്ററികളിലും ബഷീറിന്റെ സാന്നിധ്യവും കൂടി ഉണ്ടാകാൻ പരമാവധി ശ്രമിച്ചിരുന്നു. മാവൂർ ഗ്വാളിയോർ റയൺസിലെ തൊഴിലാളി സമരം, വർഷാവസാനമുള്ള തിരിഞ്ഞുനോട്ടം, ബേപ്പൂരിലെ ഉരുനിർമ്മാണം... ഇങ്ങനെ പലതും. അവിടെ ചെല്ലുമ്പോഴൊക്കെ ഏറ്റവും ഇഷ്ടമുള്ള കാര്യം ബഷീറിനെ കൊണ്ട് ഇത്തരം പഴയ കഥകൾ പറയിക്കുക എന്നതായിരുന്നു.അക്കൂട്ടത്തിൽ ഭാർഗവീനിലയത്തെ കുറിച്ച് രസകരമായ പല കഥകളും കേട്ടു.

താമസമെന്തേ വരുവാൻ എന്ന പാട്ടിനെക്കുറിച്ചുമുണ്ടൊരു കഥ. ആ പാട്ട് ഒന്നിനുപിറകെ ഒന്നായി എട്ടു പ്രാവശ്യം പാടിയിട്ടും ശരിയാകാതെ യേശുദാസും ബാബുരാജുമൊക്കെ ആകെ പരിക്ഷീണരായി നിൽക്കുമ്പോൾ ബഷീർ ഊരിപ്പിടിച്ച തന്റെ വിഖ്യാത കഠാരയുമായി സ്റ്റുഡിയോക്കുള്ളിലേക്ക് കയറി ചെന്നു. എന്നിട്ട് യേശുദാസിനെ ഭീഷണിപ്പെടുത്തി പാടിച്ച പാട്ടാണത്രെ സിനിമയിൽ കേൾക്കുന്ന 'താമസമെന്തേ വരുവാൻ'! (ബഷീറിന്റെ ഈ തമാശക്കഥ ആരോ പറഞ്ഞുകേട്ട് ഗാനഗന്ധർവ്വൻ വല്ലാതെ ക്ഷുഭിതനായി എന്നും കേട്ടിട്ടുണ്ട്!)

ഈ കഥകളൊക്കെ കേട്ടുകഴിഞ്ഞപ്പോൾ,

എപ്പോഴൊക്കെയോ മനസ്സിൽ തോന്നിയിരുന്ന ഒരു കാര്യം ബഷീറിനോട് ചോദിച്ചു. ഭാർഗവീനിലയം ഒരിക്കൽ കൂടി സിനിമയാക്കിയാൽ എങ്ങനെയുണ്ടാകും? ആരെങ്കിലും അങ്ങനെയൊരാവശ്യവുമായി വന്നാൽ സമ്മതിക്കുമോ?

"കൊള്ളാവുന്ന ആരെങ്കിലും വരട്ടെ. അപ്പോൾ ആലോചിക്കാം" അതായിരുന്നു മറുപടി.

1984-ൽ ദൂരദർശനിൽ ചേർന്ന ഞങ്ങളുടെ ആദ്യസംഘത്തിൽ അന്നുതന്നെ ഒരു ചലച്ചിത്രകാരന്റെ മിന്നലാട്ടം പ്രകടമായി കണ്ടത് ശ്യാമപ്രസാദ് എന്ന സ്കൂൾ ഓഫ് ഡ്രാമ ഗ്രാജ്വേറ്റിലായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ cult എന്ന പൂർവ വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി ശ്യാം ചെയ്ത ടെന്നസി വില്യംസിന്റെ glass menagerie യുടെ അഡാപ്റ്റേഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലാറ എന്നുപേരിട്ട ആ നാടകമാണ് പിന്നീട് അകലെ എന്ന സിനിമയായത്. കൾട്ടിനു വേണ്ടിത്തന്നെ കമ്യുവിന്റെ ദി ജസ്റ്റ് എന്ന നാടകത്തെ മോസ്കോ 1905 എന്ന പേരിൽ മലയാളത്തിൽ അവതരിപ്പിച്ചപ്പോഴും ഒരുപാട് പ്രശംസ നേടി. അത് പിൽക്കാലത്ത് ഉയിർത്തെഴുന്നേൽപ്പ് എന്ന ടെലിസിനിമയായി.1984-ൽ ദൂർദർശനിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയി ചേർന്നപ്പോൾ ശ്യാം ഏറ്റെടുത്തത് ഇംഗ്ലീഷ് പരിപാടികളും പാശ്ചാത്യ സംഗീതവും മറ്റുമാണ്. അപ്പോഴും സിനിമയായിരുന്നു ശ്യാമിന്റെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും. സ്കൂൾ ഓഫ് ഡ്രാമയിൽ ശ്യാമിന്റെ ബാച്ച് മേറ്റും നാടക സംവിധായകനുമായ എം.എ. ദിലീപ്, വിശ്വസാഹിത്യവും മറ്റും ആഴത്തിൽ വായിച്ചിരുന്ന ജി. സാജൻ, ഗ്രാഫിക് ആർട്ടിസ്റ്റും കഥാകൃത്തു മൊക്കെയായ കെ എസ് രഞ്ജിത്ത്,പിന്നെ ഞാൻ ഇങ്ങനെ ഒരു ടീമാണ് ദൂരദർശനിൽ തുടക്കം മുതൽക്ക്‌ തന്നെ ഒരുമിച്ചു കൂടിയിരുന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ ശ്യാമിന്റെയും ദിലീപിന്റെയും സഹപാഠിയായ പി. കെ. വേണുഗോപാലും മുരളീമേനോനും ദൂരദർശനിൽ ചേർന്നപ്പോൾ ഞങ്ങളുടെ സംഘത്തിലും അവർ അംഗത്വമെടുത്തു. അവരോടൊപ്പം പഠിച്ചിരുന്ന പി. ബാലചന്ദ്രൻ എന്ന ബാലേട്ടൻ, രഞ്ജിത്ത് (സംവിധായകൻ, ഇപ്പോൾ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ )എന്നിവരും പിന്നീട് അതിന്റെ ഭാഗമായി.

അന്ന് ഞാൻ വാർത്തകൾക്ക് പുറമേ, സമീക്ഷ എന്ന സാഹിത്യസംബന്ധിയായ പരിപാടികളുടെ പ്രൊഡ്യൂസർ കൂടി ആയിരുന്നു.അതിനുവേണ്ടി ചെറുകഥകൾ ദൃശ്യവൽക്കരിക്കുന്നതിനെ കുറിച്ച് ശ്യാമും ഞാനും ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു. ബഷീറിന്റെ 'മതിലുകൾ' ഉൾപ്പെടെ എത്രയെത്ര കഥകളുടെ ദൃശ്യസാധ്യതകളെ കുറിച്ചാണ് അന്നൊക്കെ ഞങ്ങൾ തല പുകഞ്ഞാലോചിച്ചിരുന്നത്!

അതിനിടെ മലയാളത്തിലെ ചില ക്ലാസിക് ചെറുകഥകൾ ടെലിവിഷനിലേക്ക് പകർത്തുന്ന ഒരു പദ്ധതിയെ കുറിച്ച് ബാലേട്ടന്റെ സഹോദരീഭർത്താവും ഞങ്ങളുടെ ഗുരുതുല്യനുമായ ശ്രീവരാഹം ബാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ദിലീപ്, ശ്യാം, രഞ്ജിത്ത് ( ഗ്രാഫിക് ആർട്ടിസ്റ്റും സാഹിത്യതല്പരരനുമൊക്കെയായ ഇദ്ദേഹം ഈ സംരംഭത്തിന്റെ പ്രധാന സൂത്രധാരന്മാരിലൊരാണ്.) തുടങ്ങിയവരൊത്തു ചേർന്ന് ആലോചിക്കാൻ തുടങ്ങി. ഞാനും സാജനും വേണുവും മുരളിയുമൊക്കെ കൂട്ടത്തിലുണ്ട്. പരമ്പരയുടെ തുടക്കമെന്ന നിലയിൽ ബഷീറിന്റെ പൂവമ്പഴം എന്ന കഥയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് തിരുവനന്തപുരത്ത്‌ പ്രവർത്തിച്ചിരുന്ന മെട്രോ സ്റ്റുഡിയോയുടെ ഉടമസ്ഥനും ഞങ്ങളുടെ സുഹൃത്തുമായ ബാബുവായിരുന്നു നിർമ്മാണത്തിനാവശ്യമായ പണം മുടക്കിയത്.അന്ന് ഞങ്ങളുടെ ഡയറക്ടറായിരുന്ന കുഞ്ഞികൃഷ്ണൻ സാറിന്റെ നിശ്ശബ്ദ പിന്തുണയും ഈ പ്രോജക്ടിനുണ്ടായിരുന്നു.

ശ്യാമപ്രസാദിനൊപ്പം ലേഖകൻ
ശ്യാമപ്രസാദിനൊപ്പം ലേഖകൻ

ദിലീപും ബാലേട്ടനും ശ്യാമും ഒക്കെയടങ്ങുന്ന സംഘം ബേപ്പൂരിൽ വെച്ചാണ് ആ ഫിലിം ചിത്രീകരിച്ചത്. നെടുമുടി വേണു അബ്ദുൽ ഖാദറിന്റെയും സീനത്ത്‌ ജമീലാ ബീവിയുടെയും വേഷമിട്ട ആ ചിത്രത്തിൽ ബഷീർ അവസാനം പ്രത്യക്ഷപ്പെടുന്നുണ്ട്.

ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു സംഭവമുണ്ടായി. ആ ദിവസങ്ങളിലൊന്നിലാണ് ശ്യാമിന്റെ ഭാര്യ ഷീബ പ്രസവിക്കുന്നത്. ശ്യാമിനെ വിവരമറിയിക്കാൻ വേറെ മാർഗമൊന്നുമില്ലാത്തതു കൊണ്ട് ബഷീറിന്റെ വീട്ടിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. അങ്ങനെ തനിക്ക് പുത്രൻ ജനിച്ച വിവരം ശ്യാം അറിയുന്നത് വൈക്കം മുഹമ്മദ്‌ ബഷീർ സ്വതസിദ്ധമായ ശൈലിയിൽ സംഗതി അവതരിപ്പിക്കുമ്പോഴാണ്.

പൂവമ്പഴത്തിന്റെ പ്രൊഡക്ഷനിൽ ശ്യാമിന് കാര്യമായ പങ്കൊന്നുമുണ്ടായിരുന്നില്ല. ബാലേട്ടൻ സ്ക്രിപ്റ്റ് എഴുതി ദിലീപാണ് ചിത്രം സംവിധാനം ചെയ്തത്. അപ്പോഴേക്കും ശ്യാം മാധവിക്കുട്ടിയെഴുതിയ 'വേനലിന്റെ ഒഴിവ്' എന്ന ചെറുകഥ ചിത്രമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എല്ലാ അർത്ഥത്തിലും പ്രതിഭാധനനായ ഒരു ചലച്ചിത്രകാരൻ എന്ന നിലയിലെ ശ്യാമിന്റെ പിറവി വിളിച്ചറിയിക്കുന്ന ചിത്രമായിരുന്നു 'വേനലിന്റെ ഒഴിവ്'.

അന്ന് കലാകൗമുദിയിൽ ജോലി ചെയ്യുകയായിരുന്ന ബീന ഫിലിം മാഗസിനിൽ 'വേനലിന്റെ ഒഴിവി'നെ കുറിച്ചെഴുതി. അതാണെന്ന് തോന്നുന്നു ശ്യാമപ്രസാദ്‌ എന്ന ചലച്ചിത്രകാരനെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്ന ആദ്യത്തെ കുറിപ്പ്. 'വേനലിന്റെ ഒഴിവ്' ടെലികാസ്റ്റ് ചെയ്ത് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ,1988 ഒടുവിൽ, ശ്യാം ഹൾ യൂണിവേഴ്സിറ്റിയിലും ബിബിസി-യിലും നാടകവും ടെലിവിഷനും സംബന്ധിച്ച ഉപരിപഠനത്തിനായി യുകെ-യിലേക്ക് പോയി.

അന്ന് ഞാനും സാജനും ചെയ്യാറുള്ള ഡോക്യുമെന്ററികളുടെയും മറ്റു പരിപാടികളുടെയുമൊക്കെ സ്ഥിരം കമന്റേറ്ററും അവതാരകനുമൊക്കെയായിരുന്ന രഞ്ജിത്ത് അപ്പോഴേക്കും പെരുവണ്ണാപുരത്തെ വിശേഷങ്ങളിലൂടെ കാലുറപ്പിച്ചു കഴിഞ്ഞിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ ഇവരുടെ രണ്ടുപേരുടെയും ജൂനിയറായി പഠിച്ച അലക്സ്‌ കടവിൽ (നല്ലൊരു നടൻ കൂടിയായ അലക്സ് അകാലത്തിൽ വിടപറഞ്ഞു.) ശ്യാമിനും രഞ്ജിത്തിനും ഉറച്ച പിന്തുണയുമായി എപ്പോഴും ഒപ്പം നിന്നു .ശ്യാമിനെ launch ചെയ്യാൻ ഒരു പടം തന്നെ പ്രൊഡ്യൂസ് ചെയ്‌തുകളയാമെന്ന നിലപാടിലായിരുന്നു അലക്സ്.

1989 അവസാനം യുകെ -യിൽ നിന്ന് ശ്യാം മടങ്ങി വന്നതിനു ശേഷം ഞങ്ങൾ രണ്ടാളും തമ്മിലുള്ള സിനിമാ ചർച്ചകൾ പുനരാരംഭിച്ചു. പണ്ട് ടെലിവിഷന് വേണ്ടിയായിരുന്നെങ്കിൽ ഇപ്പോൾ വലിയ സ്ക്രീന് വേണ്ടിയാണെന്നുള്ളതായിരുന്നു വ്യത്യാസം. അങ്ങനെ ചർച്ച ചെയ്തു ചെയ്താണ് ഭാർഗവീനിലയം എന്നപേരിൽ എത്തിച്ചേരുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമായ ക്ലാസ്സിക് ചിത്രം. അത്രയും ഗംഭീരമായ ചിത്രമാണെങ്കിൽ കൂടി, പല രംഗങ്ങളുടെയും സന്ദർഭങ്ങളുടേയുമൊക്കെ ചിത്രീകരണം കുറേക്കൂടി മെച്ചപ്പെടുത്താമെന്ന് ശ്യാമിന് ആത്മവിശ്വാസമുണ്ടായിരുന്നു

ഭാർഗവീനിലയം വീണ്ടുമെടുക്കുന്ന ആശയത്തെ കുറിച്ച് കേട്ടപ്പോൾ അലക്സ്‌ കടവിൽ ആകെ excited ആയി.ഒട്ടും സമയം കളയാതെ, പറ്റുമെങ്കിൽ അപ്പോൾ തന്നെ ബഷീറിനെ പോയിക്കണ്ട് കാര്യങ്ങൾ പറഞ്ഞുറപ്പിക്കണമെന്ന് അലക്സ്‌ നിർബന്ധം പിടിച്ചു.

ശ്യാമപ്രസാദിനും സാജനുമൊപ്പം ലേഖകൻ
ശ്യാമപ്രസാദിനും സാജനുമൊപ്പം ലേഖകൻ

1990-ലെ മാർച്ചുമാസത്തിലായിരുന്നു ഞങ്ങളുടെ 'മിഷൻ ഭാർഗവീ നിലയം' യാത്ര. ശ്യാം, ഞാൻ,ബീന, അന്ന് എട്ടു മാസം പ്രായമുള്ള ഞങ്ങളുടെ മകൻ അപ്പു, ഷീബ, അപ്പുവിനെക്കാൾ ഒരു വയസ്സ് പ്രായക്കൂടുതലുള്ള വിഷ്ണു, ദൂർദർശനിലെ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അലക്സിന്റെ നേതൃത്വത്തിൽ മലബാർ എക്സ്പ്രസ്സിന്റെ സ്ലീപ്പർ ക്ലാസ്സിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ബീനയുടെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിലെ ഇന്നത്തെ ജോലിക്ക് വേണ്ടി യുപിഎസ്സി യിൽ വെച്ചു നടന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഞങ്ങൾ രണ്ടാളും കൂടി ഡൽഹിയിൽ പോയി മടങ്ങിവന്നതിന്റെ അന്നുരാത്രി തന്നെയാണ് കോഴിക്കോട്ടേക്ക്‌ പുറപ്പെട്ടത്. മൂന്നു ദിവസം ഡൽഹിയിൽ നിന്ന് - തിരുവനന്തപുരം വരെ ട്രെയിനിലിരുന്നതിന്റെ അതിഭയങ്കര ക്ഷീണം വിട്ടുമാറുന്നതിനു മുൻപ് ഇങ്ങനെ ഒരു യാത്രയ്ക്ക് ബീന സമ്മതിച്ചത് ബഷീറിനെ കാണാൻ വേണ്ടി ആയതുകൊണ്ടു മാത്രമായിരുന്നു. മാത്രമല്ല, ബഷീറിനെ ക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കുന്ന കാര്യത്തിൽ ബീനയ്ക്കും സഹായിക്കാൻ കഴിയുമെന്നൊരു പ്രതീക്ഷയും ഞങ്ങൾക്കുണ്ട്.

ശ്യാം, രഞ്ജിത്ത് ( സംവിധായകൻ), കെ എസ് രഞ്ജിത്ത് (ദൂരദർശൻ) ബൈജു ചന്ദ്രൻ, കെ എ ബീന, വിശ്രുത ഗായകനായ പി ബി ശ്രീനിവാസ് എന്നിവർ 1987 ൽ
ശ്യാം, രഞ്ജിത്ത് ( സംവിധായകൻ), കെ എസ് രഞ്ജിത്ത് (ദൂരദർശൻ) ബൈജു ചന്ദ്രൻ, കെ എ ബീന, വിശ്രുത ഗായകനായ പി ബി ശ്രീനിവാസ് എന്നിവർ 1987 ൽ

അസാമാന്യമായ ചൂടുള്ള ഒരു വേനൽക്കാലത്തിന്റെ ആരംഭനാളുകളായിരുന്നു അത്. രണ്ടു കൊച്ചുകുട്ടികൾ അടങ്ങുന്ന എട്ടു പേരുടെ സംഘം ഒരു അംബാസ്സഡർ കാർ തിങ്ങി നിറഞ്ഞങ്ങനെ പോകുകയാണ്. ചൂട് സഹിക്കാനാകാതെ കുഞ്ഞുങ്ങൾ വലിയ വായിൽ കരയുന്നുണ്ട്. ഇന്നത്തെ പ്പോലെ എസി ടാക്സികളൊന്നും അധികമില്ല .രണ്ട് കാറുകളിൽ 'ലാവിഷായി' പോകണമെന്ന തോന്നലൊക്കെ ഉണ്ടായിരുന്നെങ്കിലും, ഒരു ടാക്സി കൂടി പിടിക്കാൻ പ്രൊഡ്യൂസറുടെ സാമ്പത്തികം അനുവദിച്ചിരുന്നില്ല. പുള്ളിക്കാരനെ പിള്ളേരുടെ കരച്ചിലൊന്നും അലട്ടിയ ലക്ഷണവുമില്ല. അങ്ങനെ ഇടയ്ക്കിടയ്ക്ക് നിറുത്തിയും കുഞ്ഞുങ്ങൾക്ക് വെള്ളം വാങ്ങിച്ചു കൊടുത്തും പേപ്പർ കൊണ്ടു വീശിക്കൊടുത്തുമൊക്കെകരച്ചിലടക്കി ഒരു വിധത്തിൽ വൈലാലിൽ വീട്ടിൽ എത്തി.

ഞങ്ങൾ ചെല്ലുമെന്ന് നേരത്തെ വിളിച്ചുപറഞ്ഞിരുന്നതു കൊണ്ട് ബഷീറും കുടുംബവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പുവിന് ഏതാണ്ട് നാലുമാസം പ്രായമുള്ളപ്പോൾ 'ബഷീറപ്പൂപ്പനെ' കൊണ്ടുചെന്ന് കാണിച്ചിരുന്നു മൂർദ്ധാവിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തിരുന്നു. വിഷ്ണുവിനെയും ഷീബയെയുമൊക്കെ ആദ്യമായി കാണുകയാണ്.

കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ വിഷയമവതരിപ്പിച്ചു. ചെറിയൊരു മൗനം. പിന്നെ നീട്ടിയൊന്ന് മൂളി. എന്നിട്ട് ചോദിച്ചു.

"സാഹിത്യകാരനായി അഭിനയിക്കാൻ നിങ്ങളാരെയാ മനസ്സിൽ കണ്ടിരിക്കുന്നത്?"

അതേപ്പറ്റി ചില ധാരണകൾ ഞങ്ങൾക്കുണ്ടായിരുന്നു. എന്നെ ഒന്നു നോക്കിയിട്ട് ശ്യാം പറഞ്ഞു.

"ആ റോളിൽ മോഹൻലാലിനെ cast ചെയ്യണമെന്നാണ് വിചാരിക്കുന്നത്."

"അപ്പോൾ ഭാർഗ്ഗവിക്കുട്ടി?"

"ഇപ്പോൾ മലയാളത്തിലുള്ള നടികളെ ആരും suit ആയി തോന്നുന്നില്ല. അന്വേഷിക്കണം."

"ഉം. സാഹിത്യകാരൻ ഞാൻ തന്നെയാ. അറിയാമല്ലോ. എനിക്കുണ്ടായ ഒരനുഭവമാണ് ആ കഥ. നീലവെളിച്ചം. വായിച്ചിട്ടുണ്ടോ?"

"അറിയാം. കഥ വായിച്ചിട്ടുണ്ട്."ശ്യാം പറഞ്ഞു.

"ങാ. ഗോപാലകൃഷ്ണൻ മതിലുകൾ എടുത്തല്ലോ. എന്റെ വേഷത്തിൽ അഭിനയിപ്പിച്ചത് മമ്മൂട്ടിയെയാ. ദാ ഇപ്പോൾ നിങ്ങൾ മോഹൻലാലിനെയും. പക്ഷെ ഒരു സങ്കതി അറിയാവോ? അവർ രണ്ടാളും എന്റത്ര പോര."

ഞങ്ങൾ എല്ലാവരും ചിരിച്ചു. ഇതൊക്കെ കേട്ടുകൊണ്ട് അവിടെ നിന്നിരുന്ന മ്മച്ചി എന്ന ഫാബി ബഷീർ എന്തോ ഒരു കമന്റ് പറഞ്ഞു.

എഗ്രിമെന്റ് ഒപ്പിടീക്കലും അഡ്വാൻസ് കൊടുക്കലുമൊന്നും ഉണ്ടായില്ല.

"നിങ്ങൾ എന്താന്നു വെച്ചാൽ ചെയ്തോ. പടം ഗംഭീരമാകണം." എന്നു മാത്രം പറഞ്ഞു.

ഭാർഗവീനിലയം സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ എന്നോട് പറഞ്ഞിട്ടുള്ള പഴയ കഥകൾ ചിലതൊക്കെ എന്റെ പ്രേരണ മൂലം ഒന്നുകൂടി പറഞ്ഞു.

ശ്വാസം മുട്ടൽ കാരണമുള്ള അസ്വസ്ഥതയും വായിൽ ഊറിക്കൂടുന്ന ദ്രാവകം കൂടെക്കൂടെ തുപ്പുന്നതിന്റെ ബുദ്ധിമുട്ടും വല്ലാതെ അലട്ടിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ ബഷീർ പതിവുപോലെ ഒരുപാട് വർത്തമാനം പറഞ്ഞിരുന്നു. ഒടുവിൽ കുഞ്ഞുങ്ങൾ പിന്നെയും കരച്ചിൽ തുടങ്ങിയപ്പോൾ മനസ്സില്ലാമനസ്സോടെയാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്.

വൈലാലിൽ വീട്ടിൽ നിന്നിറങ്ങുന്നതിന് മുൻപ് പെട്ടെന്നുണ്ടായ ഉൾവിളിയിൽ ഞാൻ ബഷീറിനെ മുൻകൂറായി ഒരഭിനന്ദനമറിയിച്ചു .

"അതെന്തിനാ?" ബഷീർ അതിശയം പ്രകടിപ്പിച്ചു.

" നാളെയാണ് സ്റ്റേറ്റ് ഫിലിം അവാർഡ് അനൗൺസ് ചെയ്യുന്നത്. കഴിഞ്ഞ കൊല്ലത്തെ മികച്ച കഥാകൃത്തിനുള്ള അവാർഡ് വേറെ ആർക്കാ കിട്ടാൻ പോകുന്നത്?"

"പിന്നേ, അതെഴുതിയിട്ട് വർഷമെത്ര കഴിഞ്ഞു. ഇനിയിപ്പോഴാ അവാർഡ്. ചുമ്മാ പോ..."

ഞങ്ങൾ തിരുവനന്തപുരത്ത്‌ മടങ്ങിയെത്തിയ ദിവസം തന്നെ സംസ്ഥാന ചലച്ചിത്രഅവാർഡ് പ്രഖ്യാപനം നടന്നു. എന്തുകൊണ്ടെന്നറിയില്ല, എംഎസ് സത്യു അദ്ധ്യക്ഷനായ അവാർഡ് കമ്മിറ്റി മതിലുകളെ പാടേ തഴയുകയാണ് ചെയ്തത്.(മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത് മൃഗയ, വടക്കൻ വീരഗാഥ, മഹായാനം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ പരിഗണിച്ചു കൊണ്ടായിരുന്നു.) എന്നാൽ 1964-ൽ എഴുതിയ കഥയ്ക്ക് ഇരുപത്തിയാറു വർഷങ്ങൾക്കു ശേഷം പുരസ്‌കാരം നൽകിക്കൊണ്ട് ബഷീറിനെ ആദരിക്കാൻ കമ്മിറ്റി മറന്നില്ല!

'ഭാർഗവീനിലയം' സംബന്ധിച്ചുള്ള ചർച്ചകൾ കുറേനാളുകൾ കൂടി കാര്യമായിത്തന്നെ മുന്നോട്ടുപോയി. സാഹിത്യകാരന്റെ റോളിൽ മോഹൻ ലാലിനെയാണ് ആദ്യമേ സങ്കല്പിച്ചത്. അപ്പോഴേക്കും മലയാളസിനിമയുടെ നായകനിരയിലെ മൂന്നാമനായി മാറിയ ജയറാം, ശശികുമാറിന്റെ റോളിലേക്ക് നല്ല ഒരു ചോയ്സ് ആയി ഞങ്ങൾക്ക്‌ തോന്നി. ഭാർഗവിക്കുട്ടിയായി വേഷമിടാൻ പറ്റിയ പുതുമുഖ നായികനടിമാരെ പലരെയും തിരയുന്ന കൂട്ടത്തിൽ ആയിടയ്ക്ക് ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ മധു ബാല (അവർ പിന്നീട് യോദ്ധാ, നീലഗിരി, എന്നോടിഷ്ടം കൂടാമോ എന്നീ മലയാള സിനിമകളിലും റോജ എന്ന മണി രത്നം ചിത്രത്തിലും ജന്റിൽ മാൻ എന്ന തമിഴ് പടത്തിലുമൊക്കെ അഭിനയിച്ച് താരപദവിയിലേക്ക് ഉയർന്നു ) അനുയോജ്യയാണെന്നു തോന്നിയിരുന്നു. ബഷീറിന്റെ ശൈലിയിലുള്ള സാഹിത്യകാരന്റെ വേഷമണിയാൻ മോഹൻലാൽ സമ്മതിച്ചു എന്നാണ് അറിഞ്ഞിരുന്നത്. ശ്യാമപ്രസാദിന്റെ പടവുമായി സഹകരിക്കാൻ സൂപ്പർ താരങ്ങൾ ഇങ്ങോട്ട് താല്പര്യം പ്രകടിപ്പിച്ചിരുന്ന നാളുകൾ. ആ വർഷത്തെ ഓണക്കാലത്താണ് എൻ മോഹനന്റെ കഥയെ ആസ്പദമാക്കി 'പെരുവഴിയിലെ കരിയിലകൾ' ദൂരദർശനു വേണ്ടി സംവിധാനം ചെയ്തു കൊണ്ട് ശ്യാം ചലച്ചിത്ര രംഗത്തും ആസ്വാദകർക്കിടയിലും വീണ്ടും പ്രതീക്ഷകളുണർത്തിയത്. എങ്കിലും സിനിമയെ സംബന്ധിച്ചിടത്തോളം ഒരു തുടക്കക്കാരന്റെ പ്രൊജക്റ്റ്‌ ഓൺ ആകാൻ പ്രതിഭയൊന്നു മാത്രം പോരല്ലോ. എനിയ്ക്ക് വലിയ പിടിയില്ലാത്ത പല കാരണങ്ങൾ കൊണ്ടും ഭാർഗവീനിലയം തുടക്കത്തിൽ തന്നെ വഴിമുട്ടി നിന്നുപോയി.

ഭാർഗവീ നിലയത്തിന്റെ സംവിധായകൻ എ വിൻസെന്റ്, നിർമ്മാതാവ് ടി കെ പരീക്കുട്ടി എന്നിവർ ബഷീറിനോടൊപ്പം
ഭാർഗവീ നിലയത്തിന്റെ സംവിധായകൻ എ വിൻസെന്റ്, നിർമ്മാതാവ് ടി കെ പരീക്കുട്ടി എന്നിവർ ബഷീറിനോടൊപ്പം

സിനിമയുടെ കാര്യം എത്രത്തോളമായി എന്ന് ബഷീർ പലപ്പോഴും തിരക്കാറുണ്ടായിരുന്നു. നടക്കുന്നുണ്ട് എന്നു പറയുന്നതല്ലാതെ കൃത്യമായൊരു മറുപടി നൽകാൻ എനിക്ക് സാധിച്ചിരുന്നില്ല. സിനിമ എന്ന മേഖലയുടെ ഏറ്റവും വലിയ സവിശേഷതയായ അനിശ്ചിതത്വത്തെ കുറിച്ച് കുറെയൊക്കെ മനസിലാക്കിയിട്ടുള്ള ബഷീർ പിന്നീട് അക്കാര്യംചോദിക്കാതെയായി.(ചെമ്മീൻ കഴിഞ്ഞ് കണ്മണി ഫിലിംസിന്റെ അടുത്ത ചിത്രമായി രാമുകാര്യാട്ട് സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത് 'ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന് 'ആയിരുന്നു. ബഷീർ തിരക്കഥ എഴുതുകയും ചെയ്തു എന്നാണറിവ്.)

ന്റുപ്പൂപ്പാക്കോരാനേണ്ടാർന്ന്... ചർച്ചകൾ
ന്റുപ്പൂപ്പാക്കോരാനേണ്ടാർന്ന്... ചർച്ചകൾ

'പെരുവഴിയിലെ കരിയിലകൾ'ക്ക് ശേഷം ശ്യാം ദൂരദർശനു വേണ്ടി ചെയ്തത് 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന കഥയുടെ ദൃശ്യപരിഭാഷയാണ്. ബഷീർ കഥയുടെ കാർട്ടൂൺ സ്വഭാവം ആഴത്തിൽ ഉൾക്കൊണ്ട്, അന്നത്തെ പരിമിതമായ സാങ്കേതികമായ സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ ആ ടെലിച്ചിത്രം, രൂപത്തിലും ഭാവത്തിലും അസാധാരണമായ ഒരു സർഗ്ഗസൃഷ്ടിയായിരുന്നു. പ്രേക്ഷകരെ ആകെ ഞെട്ടിച്ചുകളഞ്ഞ, അടിമുടി ബഷീറിയൻ നർമ്മം നിറഞ്ഞുകവിഞ്ഞു നിൽക്കുന്ന നറേറ്റീവ് ശൈലി. അന്ന് വല്ലാതെ അലട്ടിയിരുന്ന കടുത്ത ശാരീരിക അവശതകൾക്കിടയിലും, ആ ചിത്രം ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ബഷീറിന് ദൃശ്യ മാധ്യമത്തിലേക്കുള്ള തന്റെ കഥയുടെ പകർന്നാട്ടം ഒരുപാട് ഇഷ്ടമായി. 'ഭാർഗവീനിലയം' നടക്കാതെ പോയതിന് ശ്യാം പ്രായശ്ചിത്തം ചെയ്തത് അങ്ങനെയായിരുന്നു. എനിക്കും വാസ്തവം പറഞ്ഞാൽ മനസ്സിന് സമാധാനമായത് അപ്പോഴാണ്.

ലേഖകന് വൈക്കം മുഹമ്മദ് ബഷീർ അയച്ച കത്ത്
ലേഖകന് വൈക്കം മുഹമ്മദ് ബഷീർ അയച്ച കത്ത്

എന്നാലിപ്പോൾ ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം മറ്റൊന്നാണ്. ക്ലാസ്സിക് എന്നു വിളിക്കപ്പെടുന്ന കലാസൃഷ്ടികളെ അങ്ങു വെറുതെ വിട്ടേക്കുകയല്ലേ നല്ലത്? നവസാഹിത്യവും നവസിനിമയുമൊക്കെ പൂത്തു തളിർത്തുനിൽക്കുന്ന ഈ നാളുകളിൽ നല്ല സബ്ജക്ടിനാണോ പഞ്ഞം?

നീലക്കുയിലും ചെമ്മീനും (ഓളവും തീരവും വന്നുകഴിഞ്ഞു) അതുപോലെ പ്യാസയും മധുമതിയും കാഗസ് കേ ഫുലുമൊക്കെ ഇങ്ങനെ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനർജ്ജന്മം കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരം പുനസൃഷ്ടികളൊക്കെ visual treatment ന്റെ കാര്യത്തിൽ ഒറിജിനലിനെ കടത്തിവെട്ടും എന്നതിനും സംശയമില്ല.

എങ്കിലും ഒരു സത്യം ഓർമ്മിപ്പിക്കണമെന്ന് വിചാരിക്കുന്നു. ആ മനോഹരചിത്രങ്ങൾക്ക്‌ ആത്മാവ് എന്നൊന്ന് ഉള്ളതു കൊണ്ടാണ് അവയെ നമ്മൾ ക്ലാസിക്കുകൾ എന്ന് ആദരവോടെ വിളിക്കുന്നത്. അലങ്കാരപ്പണികളും ആവേശത്തിമിർപ്പുമായി അവയുടെ പുനസൃഷ്ടി നടത്തുമ്പോൾ, ആത്മാവ് ശരീരത്തിൽ നിന്ന് ചോർന്നുപോകാതെ നോക്കുക കൂടി വേണം. അതിന് പക്ഷെ ആവശ്യത്തിനും അനാവശ്യത്തിനും എടുത്തു പ്രയോഗിക്കുന്ന, വിഷ്വൽ ഗിമ്മിക്കുകൾ കൊണ്ടുള്ള ചെപ്പടിവിദ്യ മാത്രം പോരല്ലോ.!

ലേഖകന് വൈക്കം മുഹമ്മദ് ബഷീർ അയച്ച കത്ത്
ലേഖകന് വൈക്കം മുഹമ്മദ് ബഷീർ അയച്ച കത്ത്

Related Stories

No stories found.
logo
The Cue
www.thecue.in