കഥാപാത്രങ്ങളിലൂടെ നിറഞ്ഞു, ദേശീയ പുരസ്‌കാരത്തോളം വളര്‍ന്നു; സലിം കുമാര്‍ വിടവാങ്ങുമ്പോള്‍

കഥാപാത്രങ്ങളിലൂടെ നിറഞ്ഞു, ദേശീയ പുരസ്‌കാരത്തോളം വളര്‍ന്നു; സലിം കുമാര്‍ വിടവാങ്ങുമ്പോള്‍
Published on

ഐക്കോണിക് കഥാപാത്രങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ശ്രദ്ധേയനായ നടന്‍. മിമിക്രിയില്‍ നിന്ന് തുടങ്ങി സിനിമയില്‍ ദേശീയ പുരസ്‌കാര നേട്ടത്തോളം വളര്‍ന്ന നടന്‍. സംവിധായകന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു സലിം കുമാര്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ചതിനൊപ്പം തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ രസിപ്പിക്കുകയും ചെയ്തു. അഭിനയ മികവിനും എഴുത്തിനും സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങി. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് സലിം കുമാര്‍ അന്തരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

എറണാകുളത്തെ ചിറ്റാറ്റുകരയില്‍ 1969 ഒക്ടോബര്‍ പത്തിനാണ് ജനനം. വടക്കന്‍ പറവൂരിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മാല്യങ്കര എസ്എന്‍എം കോളേജില്‍ പ്രീഡിഗ്രി. മഹരാജാസ് കോളേജിലായിരുന്നു ബിരുദം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനം വാങ്ങിയിരുന്ന സലിം കുമാര്‍ കൊച്ചിന്‍ കലാഭവനില്‍ നിന്നാണ് പ്രൊഫഷണല്‍ മിമിക്രി കലാകാരനായി ജീവിതം ആരംഭിച്ചത്. കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പിലും സലിം കുമാര്‍ കലാകാരനായിരുന്നു. ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ സിനിമ. ഏഷ്യാനെറ്റിലെ കോമിക്കോള, സിനിമാല തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധേയനായി.

വിജി തമ്പിയുടെ സത്യമേവ ജയതേ, റാഫി-മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലൂടെ സലിം കുമാര്‍ എന്ന ഹാസ്യതാരം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി കഥാപാത്രങ്ങള്‍ സലിം കുമാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കല്യാണരാമനിലെ പ്യാരിലാല്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍. ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, മായാവിയിലെ സ്രാങ്ക്, ചട്ടമ്പിനാടിലെ മാക്രി ഗോപാലന്‍ മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി എന്നിങ്ങനെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങളുടെ നിര. അവക്കൊപ്പം തന്നെ കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണിലെ തബലിസ്റ്റ് ഭാസ്‌കരന്‍ അടക്കമുള്ള കഥാപാത്രങ്ങളും.

അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ആദാമിന്റെ മകന്‍ അബു തുടങ്ങിയ ചിത്രങ്ങളിലൂടെ സലിം കുമാര്‍ എന്ന അഭിനയ പ്രതിഭയുടെ മറ്റൊരു വശവും മലയാളി പ്രേക്ഷകര്‍ കണ്ടു. അച്ഛനുറങ്ങാത്ത വീടിലൂടെ ആദ്യത്തെ സംസ്ഥാന പുരസ്‌കാരം 2005ല്‍ അദ്ദേഹത്തിന് ലഭിച്ചു. മികച്ച രണ്ടാമത്തെ നടനായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2010ല്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹനായി. 2012 മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ആദ്യമായി സംവിധാനം ചെയ്ത കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് മികച്ച കഥക്കുള്ള സംസ്ഥാന പുരസ്‌കാരം 2017ല്‍ ലഭിച്ചു. കംപാർട്ട്മെന്റ് , ദൈവമേ കൈതൊഴാം കെ കുമാറാകണം, കറുത്ത ജൂതൻ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

കഥാപാത്രങ്ങളിലൂടെ നിറഞ്ഞു, ദേശീയ പുരസ്‌കാരത്തോളം വളര്‍ന്നു; സലിം കുമാര്‍ വിടവാങ്ങുമ്പോള്‍
എല്ലാവരെയും ചിരിപ്പിച്ചു, ഇപ്പോള്‍ കരയിച്ചുള്ള യാത്ര, നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ; മുഖ്യമന്ത്രി വി.ഡി സതീശന്‍

മലയാളികള്‍ എന്നും ഓര്‍ത്തു വെക്കുകയും ദൈനംദിന ജീവിതത്തില്‍ പലപ്പോഴായി ഉപയോഗിക്കുകയും ചെയ്യുന്ന പ്രയോഗങ്ങളില്‍ പലതും സലിം കുമാര്‍ ഡയലോഗുകളായിരുന്നു. ആ ഡയലോഗുകളിലൂടെ സലിം കുമാര്‍ എന്ന പ്രതിഭ അവതരിപ്പിച്ച കഥാപാത്രങ്ങളും മലയാളിയുടെ ഓര്‍മയിലുണ്ടാകും.

logo
The Cue
www.thecue.in