എന്താണ് എപ്സ്റ്റീന്‍ ഫയല്‍സ്? വിവാദം എന്തുകൊണ്ട്?
ജെഫ്രി എപ്സ്റ്റീന്‍ എന്ന ലൈംഗിക കുറ്റവാളിക്കെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച രേഖകള്‍. 30 ലക്ഷത്തിലേറെ പേജുകള്‍, 2000ല്‍ അധികം വീഡിയോകളും രണ്ട് ലക്ഷത്തോളം ഫോട്ടോകളും. അവയിലുള്ളത് ട്രംപും ക്ലിന്റണും മൈക്കിള്‍ ജാക്‌സണും അടക്കമുള്ളവരുടെ പേരുകള്‍. എന്താണ് എപ്സ്റ്റീന്‍ ഫയല്‍സ്? എന്തുകൊണ്ടാണ് അത് ഇത്ര വിവാദമാകുന്നത്?
ജെഫ്രി എപ്സ്റ്റീന്‍ എന്ന ലൈംഗിക കുറ്റവാളി 2019ല്‍ ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ കറക്ഷണല്‍ സെന്ററില്‍ വെച്ച് മരിക്കുന്നു. അയാള്‍ സ്വയം ജീവനൊടുക്കി എന്നതാണ് പുറത്തു വന്ന വാര്‍ത്ത. ആ സംഭവത്തിലെ ദുരൂഹതകളില്‍ അന്വേഷണങ്ങള്‍ നടന്നു. ട്രംപിന്റെ ഭരണകാലം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും കടത്തിക്കൊണ്ടുപോയി എന്നതുമായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. കരീബിയനിലുള്ള ലിറ്റില്‍ സെന്റ് ജെയിംസ് എന്ന തന്റെ പ്രൈവറ്റ് ദ്വീപിലെ എസ്റ്റേറ്റില്‍ ഇയാള്‍ ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള ശതകോടീശ്വരന്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമായി പാര്‍ട്ടികള്‍ നടത്തിയിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുത്തവരുടെ പേരുകള്‍ ഇയാള്‍ക്കെതിരായ അന്വേഷണത്തിലും പരാമര്‍ശിക്കപ്പെട്ടു. അമേരിക്കന്‍ ഏജന്‍സികള്‍ ശേഖരിച്ച രേഖകള്‍ ഏതാണ് 30 ലക്ഷം പേജുകളോളം വരും. 2000ല്‍ അധികം വീഡിയോകളും രണ്ട് ലക്ഷത്തോളം ഫോട്ടോകളും ഈ രേഖകളിലുണ്ട്. രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നവരില്‍ ലോക നേതാക്കളും ഹോളിവുഡ് താരങ്ങളും പ്രമുഖരും ഏറെ.
ഡോണള്‍ഡ് ട്രംപ് അമേരിക്കയില്‍ രണ്ടാം തവണ അധികാരത്തില്‍ എത്തിയപ്പോള്‍ കൂട്ടാളിയായി ശതകോടീശ്വരനും സ്‌പേസ് എക്‌സ് ഉടമയുമായ എലോണ്‍ മസ്‌കും ഉണ്ടായിരുന്നു. അധികം വൈകാതെ ആ കൂട്ടുകെട്ട് പിരിഞ്ഞു. പിണങ്ങിപ്പിരിഞ്ഞ മസ്‌ക് ഉന്നയിച്ച ഒരു ആരോപണമാണ് എപസ്റ്റീന്‍ ഫയല്‍സിനെ വിവാദമാക്കിയത്. എപ്സ്റ്റീന്‍ നടത്തിയ ബാലപീഡനങ്ങളില്‍ ട്രംപിന് പങ്കുണ്ടെന്ന് മസ്‌ക് പറഞ്ഞു. പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കാലത്ത് എപ്സ്റ്റീന്‍ ഫയല്‍സ് പുറത്തു വിടുമെന്ന് പറഞ്ഞിരുന്ന ട്രംപ് പിന്നീട് അതില്‍ നിന്ന് പിന്തിരിഞ്ഞതിന് കാരണം ട്രംപ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാലാണെന്ന് ചര്‍ച്ചയായി. മസ്‌ക് പൊട്ടിച്ച ബോംബിന്റെ പ്രഹരശേഷി അത്ര വലുതായിരുന്നു. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ വിഷയം ഏറ്റെടുത്തു. സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ 2025 നവംബറില്‍ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട് പാസാക്കി. ബില്ലിനെ 427 പേര്‍ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം എതിര്‍ത്തു.
ബില്‍ പാസായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് പുറത്തു വിട്ടത് വളരെ കുറച്ച് രേഖകള്‍ മാത്രമായിരുന്നു. 2025 ഡിസംബര്‍ 19നകം എല്ലാ രേഖകളും പുറത്തുവിടും എന്നായിരുന്നു വാഗ്ദാനം. എന്തായാലും സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ മുഴുവന്‍ രേഖകളും പുറത്തു വിടാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായി. എപ്സ്റ്റീന്റെ കൂട്ടാളികളുടെയും ഇടപാടുകാരുടെയും പേരുകള്‍, കോണ്‍ടാക്ടുകള്‍, ചാറ്റുകള്‍, കോള്‍ റെക്കോര്‍ഡുകള്‍ തുടങ്ങിയവയായിരുന്നു ഇവയിലുണ്ടായിരുന്നത്. ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബില്‍ ഗേറ്റ്‌സ്, സ്റ്റീഫന്‍ ഹോക്കിംഗ്, ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരന്‍, മൈക്കിള്‍ ജാക്‌സണ്‍, ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റീന്‍, ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ദീപക് ചോപ്ര, അനില്‍ അംബാനി എന്നിങ്ങനെ നിരവധി പേരുകള്‍ ഇവക്കിടയില്‍ പരാമര്‍ശിക്കപ്പെട്ടു. അംബാനിയുമായി ബന്ധപ്പെട്ട ഭാഗത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് ഇന്ത്യ നിഷേധിച്ചിരിക്കുകയാണ്.
അമേരിക്കയിലെ ബ്രൂക്ക്‌ലിനില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന, കണക്ക് ടീച്ചറായിരുന്ന ഭൂതകാലത്തില്‍ നിന്ന് കോടീശ്വരന്‍മാരുടെ സാമ്പത്തിക ഉപദേഷ്ടാവായി മാറിയ ചരിത്രമാണ് ജെഫ്രി എപ്സ്റ്റീനുള്ളത്. രാഷ്ട്രീയ ബന്ധങ്ങള്‍ ഏറെയുള്ള ശതകോടീശ്വരനായി അയാള്‍ മാറി. 1998ല്‍ കരീബിയനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിര്‍ജിന്‍ ഐലന്‍ഡുകളില്‍ ഒന്നായ ലിറ്റില്‍ ജെയിംസ് ഐലന്റ് എട്ട് മില്യന്‍ ഡോളറിന് ഇയാള്‍ വാങ്ങി. ലക്ഷ്വറി സൗകര്യങ്ങളുള്ള ഈ പ്രൈവറ്റ് ദ്വീപില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിക്കുകയും പുറംലോകം അറിയാത്ത വിധത്തില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. കെണിയില്‍ പെട്ട പെണ്‍കുട്ടികളെ ഉപയോഗിച്ച് കൂടുതല്‍ പെണ്‍കുട്ടികളെ ഇരയാക്കുകയായിരുന്നു എപ്സ്റ്റീന്റെ രീതി. 2005ലാണ് ഇയാള്‍ നടത്തിയ ബാലപീഡനങ്ങള്‍ പുറത്താകുന്നത്. ഫ്‌ളോറിഡയിലെ പാംബീച്ച് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയായ പെണ്‍കുട്ടിയായിരുന്നു ആദ്യ പരാതിക്കാരി. സഹപാഠിയായ മറ്റൊരു പെണ്‍കുട്ടി തന്നെ ഒരു പണക്കാരന്റെ വീട്ടില്‍ എത്തിച്ചുവെന്നും മസാജ് ചെയ്താല്‍ 300 ഡോളര്‍ വരെ കിട്ടുമെന്ന് പറഞ്ഞാണ് കൊണ്ടുപോയെന്നും അവിടെ കണ്ടയാള്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. ആ പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ ഇരകളെ കണ്ടെത്തി. 35 പെണ്‍കുട്ടികളെയാണ് അവര്‍ തിരിച്ചറിഞ്ഞത്. അതില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. അവരില്‍ പലരും മയക്കുമരുന്നിന് ഇരകളായതായും കണ്ടെത്തി.
പ്രമുഖരായ അതിഥികള്‍ക്ക് സല്‍ക്കാരം നല്‍കുന്ന ലിറ്റില്‍ ജെയിംസിലെ എസ്റ്റേറ്റിലായിരുന്നു പീഡനങ്ങളില്‍ ഏറെയും നടന്നത്. മോഡല്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനം ഉപയോഗിച്ച് അയാള്‍ ഇരകളെ കണ്ടെത്തി. എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റായ ലോലിറ്റ എക്‌സ്പ്രസില്‍ ക്ലിന്റണും ട്രംപുമൊക്കെ യാത്ര ചെയ്തത് ആയിടക്ക് വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു. 2005ലെ കേസില്‍ എപ്സ്റ്റീന്റെ സുഹൃത്തായ മിയാമിയിലെ പ്രോസിക്യൂട്ടര്‍ അലക്‌സാന്‍ഡര്‍ അകേസ്റ്റ സഹായിക്കുകയും രണ്ട് കുറ്റങ്ങളില്‍ മാത്രം എപ്സ്റ്റീന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഒന്നര വര്‍ഷത്തെ തടവാണ് അയാള്‍ക്ക് ലഭിച്ചത്. 13 മാസങ്ങള്‍ക്ക് ശേഷം വര്‍ക്ക് റിലീസ് എന്ന പേരില്‍ അയാള്‍ പുറത്തിറങ്ങി. ജയിലില്‍ നിന്ന് ജോലിക്ക് പോകാവുന്ന സംവിധാനമാണ് ഇത്. ശേഷിച്ച ശിക്ഷാ കാലാവധി അയാള്‍ക്ക് ജയിലിലെ വിഐപി മുറി രാത്രി തങ്ങാനുള്ള കേന്ദ്രം മാത്രമായി മാറി.
2018ല്‍ പ്രായപൂര്‍ത്തിയാകാത്ത കു ട്ടികളെ ലൈംഗികവൃത്തിക്കായി മനുഷ്യക്കടത്ത് നടത്തിയതിന് ഇയാള്‍ പിടിയിലായി. ആ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന എപ്സ്റ്റീനെ 2019 ഓഗസ്റ്റ് 10ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായിരുന്ന ഗ്ലിസെയിന്‍ മാക്‌സ്വെല്‍ എന്ന സ്ത്രീക്കെതിരെ 2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യമായി എപ്സ്റ്റീന്‍ ഫയല്‍സ് വിവാദമായി മാറിയത്. പിന്നീട് എലോണ്‍ മസ്‌കിന്റെ വെളിപ്പെടുത്തലിലും. ഇപ്പോള്‍ രേഖകള്‍ പുറത്തു വിടാന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ബന്ധിതമായെങ്കിലും എപ്സ്റ്റീന്‍ നല്‍കിയ മൊഴികള്‍ എന്താണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. നിലവില്‍ പേര് പുറത്തു വന്ന പ്രമുഖരുമായി എപ്‌സ്റ്റീന്‍ ഏതു വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവരെ കേസുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയായിരിക്കുമെന്നതും അതുകൊണ്ടുതന്നെ വ്യക്തമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
