

ഗോളി തന്നെ സെല്‍ഫ് ഗോള്‍ അടിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ച നടപടി. സിപിഐയെ സംബന്ധിച്ചിടത്തോളം ഒരു കാരണവശാലും സ്വീകാര്യമല്ലാത്ത കാര്യം സംഭവിച്ചിരിക്കുന്നു. സിപിഐ എംപി പി.സന്തോഷ് കുമാർ സംസാരിക്കുന്നു.
പിഎം ശ്രീയില്‍ സംസ്ഥാനം ഒപ്പുവെച്ചത് മുന്നണി മര്യാദകള്‍ പാലിക്കാതെയെന്ന് സിപിഐ എംപി പി.സന്തോഷ് കുമാര്‍. പിഎം ശ്രീയില്‍ ഒപ്പുവെച്ച നടപടി ഗോളി തന്നെ സെല്‍ഫ് ഗോള്‍ അടിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിയില്‍ ഒപ്പ് വെക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിപിഎം നടപടി മര്യാദകേടാണ്, അപ്രതീക്ഷിതമാണ്. സമീപകാലത്തെങ്ങും ഇതിന് സമാനമായ ഒരു ഉദാഹരണവുമില്ല. പിഎം ശ്രീയുടെ ഫ്രെയിംവര്‍ക്കിനകത്ത് എന്‍ഇപി നടപ്പാക്കുന്നതിനുള്ള വ്യക്തമായ നിര്‍ദേശമുണ്ട്. അത് എങ്ങനെയാണ് എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം. എസ്എസ്‌കെ ഫണ്ട് നമുക്ക് ന്യായമായും കിട്ടേണ്ടതാണ്. തമിഴ്‌നാടിന് ഫണ്ട് കിട്ടാതെ വന്നപ്പോള്‍ അവര്‍ കോടതിയില്‍ പോയി. പിഎം ശ്രീ നടപ്പാക്കിയാല്‍ മാത്രമേ എസ്എസ്‌കെ ഫണ്ട് കിട്ടൂ എന്ന് പറയുന്ന എന്തെങ്കിലും ഒരു സര്‍ക്കുലര്‍, നിര്‍ദേശം കേന്ദ്രം ഉള്ളതായി അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ എളുപ്പത്തില്‍ കോടതിയില്‍ പോകാനാകും. അങ്ങനെയുള്ള സര്‍ക്കുലര്‍ തന്നെ ഭരണഘടനാ വിരുദ്ധമാണ്. അത് മാത്രമല്ല, ദിഗ് വിജയ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ഇത് തെറ്റായ കാര്യമാണെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു ബ്ലാക്ക്‌മെയില്‍ തന്ത്രം പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും സന്തോഷ് കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.
പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പ് വെച്ചു. എന്താണ് പ്രതികരണം?
ഗോളി തന്നെ സെല്‍ഫ് ഗോള്‍ അടിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ച നടപടി. സിപിഐയെ സംബന്ധിച്ചിടത്തോളം ഒരു കാരണവശാലും സ്വീകാര്യമല്ലാത്ത കാര്യം സംഭവിച്ചിരിക്കുന്നു. ഒരു വിഷയം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചയുണ്ടാകുക, ചര്‍ച്ചയെ തുടര്‍ന്നോ അല്ലാതെയോ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുക, അത് രൂക്ഷമാകുക ഒക്കെ രാഷ്ട്രീയത്തില്‍ പുതിയ കാര്യങ്ങളല്ല. അത് നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്, നടക്കുകയും ചെയ്യും. പക്ഷേ ഇത്തരം സമീപനം എന്നത് അങ്ങേയറ്റത്തെ മര്യാദകേടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ മുന്നണി മര്യാദകളുടെ ലംഘനവുമാണ്. വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം അനുസരിച്ച് ഡല്‍ഹിയില്‍ പോയും ഇങ്ങോട്ടു വന്നും ഒപ്പിടുകയുമൊക്കെ ചെയ്യും. അത് വേറൊരു കാര്യമാണ്. ഇത് നയപരമായ, ഗുരുതരമായ വിഷയമാണ്. ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ക്ക് ഒരു നയമാണ് എന്‍ഇപിയെ എതിര്‍ക്കുന്നതിലുള്ളത്.
മുന്നണിയില്‍ ഓരോ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന ചില സാമാന്യ മര്യാദകളുണ്ട്. ആ മര്യാദകള്‍ എന്ന് പറയുന്നത്, നമ്മള്‍ തര്‍ക്കിക്കും വിയോജിക്കും, പല കാര്യങ്ങളും ഉണ്ടാകാം. അതിനകത്ത് ആരും അറിയാതെ, എല്ലാവരും മുന്നോട്ട് നോക്കി കളിക്കുമ്പോള്‍ ഗോളി തന്ന സെല്‍ഫ് ഗോള്‍ അടിക്കുന്ന സാഹചര്യമുണ്ടായാല്‍ അല്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് പോയി അത് ചെയ്തുവെന്നത് അപ്രതീക്ഷിതമായ ഒരു കാര്യമാണ്. സിപിഐയുടെ പരാജയമായിട്ടല്ല ഞങ്ങള്‍ അതിനെ കണക്കാക്കുന്നത്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അനുസരിച്ച് രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ ഒരു തര്‍ക്കമുണ്ടാകാന്‍ വഴിയില്ല, പാടില്ല. അതേപോലെ തര്‍ക്കമില്ലാത്ത ഒരു കാര്യമാണ് എന്‍ഇപിയോടുള്ള സമീപനം. എന്‍ഇപിയുടെ ഒരു ഷോകേസ് പദ്ധതിയാണ് പിഎം ശ്രീ. എന്‍ഇപിയെയും പിഎം ശ്രീയെയും ഡീലിങ്ക് ചെയ്തുകൊണ്ട് രണ്ടും രണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്ന് പറയുന്നത് പാഴ്ശ്രമമാണ്. ഫ്രെയിംവര്‍ക്ക് വായിച്ചാല്‍ അത് മനസിലാക്കാന്‍ സാധിക്കും. ഇതേ സംവിധാനങ്ങളുണ്ടായിട്ടും ഈ നാലു വര്‍ഷക്കാലം ഇത് എന്തുകൊണ്ട് ഒപ്പിട്ടില്ല? അന്നും ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് പോയ സെക്രട്ടറിയെപ്പോലെ ഒരാള്‍ അവിടെയുണ്ടാകുമല്ലോ? എന്തുകൊണ്ട് ഇത് ചെയ്തില്ല? ചെയ്യാത്തതിന് ഒരു കാരണമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പലതും 2022ല്‍ അത് ഒപ്പിട്ടപ്പോഴും എന്തുകൊണ്ട് കേരളം ഒപ്പിട്ടില്ല? അതിന്റെ കാരണങ്ങള്‍ വാലിഡായിട്ട് നില്‍ക്കുന്നു. കേന്ദ്രം എടുക്കുന്ന നിരവധി നിലപാടുകളുണ്ട്. ലേബര്‍ കോഡ് അവര്‍ എങ്ങനെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്? പൂര്‍ണ്ണമായി പറ്റില്ലെങ്കിലും ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിനുള്ള തന്ത്രം കേന്ദ്രം നടപ്പാക്കുമ്പോള്‍ അതിനൊരു രാഷ്ട്രീയം കൂടിയുണ്ട്. ഞങ്ങള്‍ ഇതിനെ എതിര്‍ക്കാനുള്ള കാരണം തന്നെ ഇത് ഇന്ത്യന്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു കാര്യമായതിനാലാണ്. തമിഴ്‌നാട്ടില്‍ അല്ലെങ്കില്‍ കര്‍ണാടകത്തില്‍ ഇടതുപക്ഷം വലിയൊരു ഫോഴ്‌സ് ആയിരിക്കില്ല. പക്ഷേ അതൊരു അവബോധത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറൊരു ധാരയുടെയും പേരാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് ഇതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.
സിപിഎം ജനറല്‍ സെക്രട്ടറി അടക്കം ഇങ്ങനെയൊരു നീക്കം ഉണ്ടാവില്ലെന്ന തരത്തില്‍ പ്രതികരിച്ചിരുന്നതാണ്. സംസ്ഥാന തലത്തില്‍ സിപിഎം ന്യായീകരിച്ചിരുന്നെങ്കില്‍ പോലും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഇങ്ങനെ ഒപ്പിടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുന്നണിയില്‍ ഓരോ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന ചില സാമാന്യ മര്യാദകളുണ്ട്. ആ മര്യാദകള്‍ എന്ന് പറയുന്നത്, നമ്മള്‍ തര്‍ക്കിക്കും വിയോജിക്കും, പല കാര്യങ്ങളും ഉണ്ടാകാം. അതിനകത്ത് ആരും അറിയാതെ, എല്ലാവരും മുന്നോട്ട് നോക്കി കളിക്കുമ്പോള്‍ ഗോളി തന്ന സെല്‍ഫ് ഗോള്‍ അടിക്കുന്ന സാഹചര്യമുണ്ടായാല്‍ അല്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് പോയി അത് ചെയ്തുവെന്നത് അപ്രതീക്ഷിതമായ ഒരു കാര്യമാണ്. സിപിഐയുടെ പരാജയമായിട്ടല്ല ഞങ്ങള്‍ അതിനെ കണക്കാക്കുന്നത്. കേരള ഘടകം ഉണ്ടാക്കിയ ഒരു നിലപാട് ഞങ്ങള്‍ക്കില്ല. ഒരു ഓള്‍ ഇന്ത്യ നിലപാട് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിലപാട് ഞങ്ങളുടെ മാത്രം തീരുമാനമാണ്. അതിനെ മറ്റുള്ളവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയില്ല. പക്ഷേ ഒരു തീരുമാനം നടപ്പാക്കുമ്പോള്‍ അത് മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യുമെന്ന് വെച്ചോളൂ. എല്ലാവരും പറയുമ്പോള്‍ അത് മുന്നണി മര്യാദയുടെ ഭാഗമായി ഞങ്ങള്‍ ചിലപ്പോള്‍ ഉള്‍ക്കൊള്ളേണ്ടി വരും. അത് വേറൊരു ഭാഗമാണ്. ഇവിടെ ഒരു ചര്‍ച്ച പോലും നടത്താതെ മര്യാദകെട്ട ഒരു സമീപനം സ്വീകരിച്ചു എന്നുള്ളതാണ്. അതിന് സമീപകാല കേരള ചരിത്രത്തില്‍ എന്തെങ്കിലും ഉദാഹരണമുള്ളതായി ഞാന്‍ കണക്കാക്കുന്നില്ല.
സമീപകാലത്ത് മുന്നണിയില്‍ ഘടകക്ഷികളെ എടുക്കുന്നു, ചില കാര്യങ്ങള്‍ തീരുമാനിക്കുന്നു. ഭൂരിപക്ഷം അവര്‍ അഭിപ്രായം പറയുകയാണ്. മുന്നണി അങ്ങനെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കേണ്ട ഒന്നല്ലെങ്കിലും നമ്മള്‍ സ്വാഭാവികമായി അതിനെ ഉള്‍ക്കൊള്ളേണ്ടി വരും. അപ്പോഴും ഞങ്ങള്‍ക്ക് ഞങ്ങളുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കാം. അതിന്റെ ശരിതെറ്റുകള്‍, നിലപാട് ദോഷമാണെങ്കില്‍ ഞങ്ങള്‍ അനുഭവിച്ചോളും. ശരിയാണെങ്കില്‍ ഞങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടും. പക്ഷേ ഇത് ഒരു മര്യാദകെട്ട കാര്യമാണ്, അപ്രതീക്ഷിതമാണ്. സമീപകാലത്തെങ്ങും ഇതിന് കണക്കായ ഒരു ഉദാഹരണവുമില്ല. മര്യാദകേട് ഞങ്ങളുടെ നിലപാടിനോട് മാത്രമാണെന്ന ഒരു തെറ്റിദ്ധാരണയും വേണ്ട. ഇരു പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെ അഖിലേന്ത്യാ നേതൃത്വങ്ങള്‍, സംസ്ഥാന നേതൃത്വങ്ങള്‍ യുവജന സംഘടനകളുടെ നേതൃത്വങ്ങള്‍, അവരോട് എല്ലാവരോടും കാണിച്ച മര്യാദകേടായിട്ടേ ഇതിനെ കാണുന്നുള്ളു.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ വ്യക്തമായ നയം സ്വീകരിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ എടുത്ത സമീപനം ആ നയത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതിന് തുല്യമല്ലേ?
വിദ്യാഭ്യാസ മേഖലയില്‍ കണ്ടുവരുന്ന ഒരു അപകടകരമായ വ്യതിയാനം, അത് ഈ ഗവണ്‍മെന്റിന്റെ കാലത്ത് മാത്രമല്ല, കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഒരു കാര്യം. അതില്‍ ഏകപക്ഷീയമായി നയങ്ങള്‍ പാസാക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ബജറ്റ് വിഹിതം പ്രൊജക്ടുകളിലൂടെ നടപ്പാക്കുന്നു. പ്രൊജക്ടുകള്‍ക്കാണ് പണം കിട്ടുന്നത്. അതിനാണെങ്കില്‍ ഒരുപാട് ഓപ്ഷനുകളില്ല. ഇപ്പോള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കേരളത്തിന്റെ ഒരു കണ്‍സേണ്‍ അല്ല. നമുക്ക് എല്ലാ സ്‌കൂളുകളും ഒരുപോലെയല്ലെങ്കിലും വളരെ നല്ല മെച്ചമുണ്ട്. നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പലതും ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ട്. അതായത് ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ അനുസരിച്ചിട്ട്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ നമുക്ക് പറ്റില്ല. ഇന്ത്യാ ചരിത്രം ഒരുപോലെ പഠിപ്പിക്കാന്‍ പറ്റും. പക്ഷേ മറ്റു കാര്യങ്ങള്‍ പലതും അതുപോലെ പ്രായോഗികമല്ല. ആ വൈവിധ്യങ്ങള്‍ നിലനിര്‍ത്തണം. മഹാരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഇവര്‍ക്ക് വഴങ്ങേണ്ടി വന്നല്ലോ?
പ്രശ്‌നം എന്നത് പിഎം ശ്രീയുടെ ഫ്രെയിംവര്‍ക്കിന് അകത്ത് തന്നെ അത് എന്‍ഇപി നടപ്പാക്കുന്നതിന് വേണ്ടിയുള്ള മുന്‍ ഉപാധികളിലൊന്നാണ് അഥവാ അതിന്റെ ഭാഗമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് വായിച്ച് മനസിലാക്കാന്‍ വണ്ണം ചെറുതാണ് ഈ ആളുകള്‍ എന്ന് പറയുന്നില്ല. ഉദ്യോഗസ്ഥന്‍മാര്‍ക്ക് എപ്പോഴും അവരുടേതായ താല്‍പര്യങ്ങളുണ്ടാകാം. അതൊന്നും ഒരു പൊളിറ്റിക്കല്‍ താല്‍പര്യങ്ങളല്ല. രാഷ്ട്രീയ നേതൃത്വത്തിന് മുകളില്‍ എങ്ങനെയാണ് ഉദ്യോഗസ്ഥ മേധാവിത്വം വരുത്താന്‍ പറ്റുക? ഉദ്യോഗസ്ഥരെയും കൂടി നിയന്ത്രിക്കേണ്ട ഒന്നാണ് രാഷ്ട്രീയ സംവിധാനം എന്ന് പറയുന്നത്. കാരണം ജനങ്ങളോട് അക്കൗണ്ടബിലിറ്റി ഉള്ളത് രാഷ്ട്രീയ നേതൃത്വത്തിനാണ്. അല്ലെങ്കില്‍ പിന്നെ നിലപാട് എടുക്കരുത്. ഞങ്ങള്‍ക്ക് ഒരു നിലപാടുണ്ട്, അത് എന്‍ഇപിയുടെ ഷോകേസ് പദ്ധതിയാണ് പിഎം ശ്രീ എന്നുള്ളതാണ്.
പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ എസ്എസ്‌കെ പോലെയുള്ള ഫണ്ടുകള്‍ കിട്ടില്ലെന്നതാണ് വിദ്യാഭ്യാസമന്ത്രി അടക്കം ഉന്നയിക്കുന്ന വാദം.
അത് തുടക്കം മുതല്‍ ഉന്നയിക്കുന്ന വാദമാണ്. ഏത് ഫണ്ടാണ് കിട്ടാനുള്ളത്? പിഎം ശ്രീക്ക് വേണ്ടി മാത്രമുള്ള തുകയെന്നത് വളരെ ചെറിയ ഒന്നാണ്. 14,500 സ്‌കൂളുകള്‍ക്ക് 27,000 കോടി രൂപ വിഭജിച്ചാല്‍ കിട്ടുന്ന തുക മാത്രമാണ് അത്. ഇന്ത്യയില്‍ ആകെ ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളില്‍ മാത്രമാണെങ്കില്‍ പോലും എല്ലാ ബ്ലോക്കിലും അതില്ല. 150നും 200നും ഇടയില്‍ സ്‌കൂളുകളില്‍ മാത്രമാണ് കേരളത്തില്‍ ഈ പണം കിട്ടുക. പദ്ധതി നടപ്പാക്കിയിട്ട് മൂന്ന് അധ്യയന വര്‍ഷങ്ങള്‍ പൂര്‍ണ്ണമായും കഴിഞ്ഞു. ഒരു കോടി പത്ത് ലക്ഷം എന്ന തുകയെ അഞ്ച് അക്കാഡമിക് ഇയര്‍ എന്ന് കണക്കാക്കിയാല്‍ 22 ലക്ഷം വീതം കിട്ടും. അതില്‍ തന്നെ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. നാലാമത്തെ അക്കാഡമിക് ഇയറില്‍ എന്താണ് ബാക്കിയുണ്ടാവുക എന്ന് നമുക്ക് അറിയാം.
നമ്മുടെ സ്‌കൂളുകളില്‍ കുളിമുറികള്‍, മൂത്രപ്പുരകള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ റാമ്പുകള്‍ മറ്റ് സൗഹൃദ സംവിധാനങ്ങള്‍, മുറികള്‍ ഒക്കെയുണ്ടാവും. ഇതൊക്കെ ചെയ്യുന്നതിന് വേണ്ടി കേന്ദ്രം പണം തരുമ്പോള്‍ എയ്ഡഡ് സ്‌കൂള്‍ ആണെങ്കില്‍ പണം അവര്‍ക്ക് നേരിട്ട് പോകും. സംസ്ഥാനത്തിന് 60 ശതമാനം മാത്രമേ കിട്ടൂ. പിഎം ശ്രീക്ക് കിട്ടുന്ന തുക അടിസ്ഥാന സൗകര്യ വികസനത്തിനും ബോര്‍ഡ് വെക്കുന്നതിനുമായാണ്. ബോര്‍ഡ് വെക്കുന്നത് ചെറിയ കാര്യമാണ്. ഫോട്ടോയോടുള്ള അലര്‍ജി എന്ന് പറയുന്നത് ദുര്‍വ്യാഖാനമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ വ്യക്തിയെന്ന നിലയില്‍ എതിര്‍പ്പുണ്ടെങ്കിലും ആ പോസ്റ്റിനെ നമ്മള്‍ അംഗീകരിക്കേണ്ടി വരും. നമുക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റിനുള്ള ഫണ്ടാണ് കിട്ടുക. എന്നാല്‍ പിഎം ശ്രീയുടെ ഫ്രെയിംവര്‍ക്കിനകത്ത് എന്‍ഇപി നടപ്പാക്കുന്നതിനുള്ള വ്യക്തമായ നിര്‍ദേശമുണ്ട്. അത് എങ്ങനെയാണ് എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം.
പിന്നെയുള്ളത് എസ്എസ്‌കെയുടെ ഫണ്ടാണ്. അത് നമുക്ക് ന്യായമായും കിട്ടേണ്ട ഫണ്ടാണ്. തമിഴ്‌നാടിന് ഫണ്ട് കിട്ടാതെ വന്നപ്പോള്‍ അവര്‍ കോടതിയില്‍ പോയി, അത് സ്വാഭാവികമായും പോകണം. പിഎം ശ്രീ നടപ്പാക്കിയാല്‍ മാത്രമേ എസ്എസ്‌കെ ഫണ്ട് കിട്ടൂ എന്ന് പറയുന്ന എന്തെങ്കിലും ഒരു സര്‍ക്കുലര്‍, നിര്‍ദേശം കേന്ദ്രം ഇറക്കിയതായിട്ട് നമുക്ക് അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ എളുപ്പത്തില്‍ നമുക്ക് കോടതിയില്‍ പോകാം. ആ സര്‍ക്കുലര്‍ തന്നെ ഭരണഘടനാ വിരുദ്ധമാണ്. അത് മാത്രമല്ല, ദിഗ് വിജയ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ഇത് ഇത് ഡീലിങ്ക് ചെയ്യണമെന്നും വളരെ തെറ്റായ കാര്യമാണെന്നും പറഞ്ഞിട്ടുണ്ട്. ഈയൊരു ബ്ലാക്ക്‌മെയില്‍ തന്ത്രം പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
എന്‍എച്ച്എം ഫണ്ട് അടക്കം തരാതെ കേന്ദ്രം ബുദ്ധിമുട്ടിച്ച കാര്യമാണ് മന്ത്രി അടക്കം മുന്നോട്ട് വെക്കുന്നത്.
ഒരു ഫെഡറല്‍ സംവിധാനത്തിന് അകത്ത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഏറെയുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ അവിടെ നിന്ന് ഫണ്ട് വാങ്ങിയില്ലേ എന്നത് മര്യാദയുള്ള ചോദ്യമല്ല. അതുപോലെയുള്ള ഒരു കാര്യമല്ല എന്‍ഇപി എന്ന് പറയുന്നത്. ഇന്ത്യാ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന, സ്വാതന്ത്ര്യ സമരത്തിന്റെ റോളിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന മഹാത്മാഗാന്ധി വധം ഉള്‍പ്പെടെയുള്ള ചരിത്രത്തെ തെറ്റായി പഠിപ്പിക്കുന്ന ഒന്നിനെ അതുമായി താരതമ്യം ചെയ്യരുത്. കേന്ദ്രഫണ്ട് വാങ്ങിക്കാന്‍ ആ നിലയില്‍ കോംപ്രമൈസ് ചെയ്യരുത് എന്നതാണ് ഞങ്ങളുടെ അഭിപ്രായം.