ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും
Published on
Summary

ഒരു ഫെഡറല്‍ രാജ്യത്ത് സംസ്ഥാനങ്ങള്‍ക്കുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നാണു നാം ബദലുകള്‍ ഉയര്‍ത്തുന്നത്. ഇതാണ് നമ്മള്‍ പിഎം ശ്രീയിലും ചെയ്യുക. ഡോ.ടി.എം.തോമസ് ഐസക് എഴുതുന്നു.

ഒന്നില്ലെങ്കില്‍ കറുപ്പ് അല്ലെങ്കില്‍ വെളുപ്പ്. ചിലര്‍ക്ക് ഇവയ്ക്ക് രണ്ടിനുമിടയില്‍ മറ്റൊന്നും കാണുവാനാവില്ല. ഒന്നില്ലെങ്കില്‍ പിഎം ശ്രീ വേണ്ട എന്നുപറഞ്ഞു തള്ളണം. അല്ലെങ്കില്‍ അടിയറവു പറഞ്ഞു കീഴടങ്ങണം. അതിനിടയില്‍ നിന്ന് സമരം ചെയ്യാന്‍ ഒരിടവുമില്ല. ഇങ്ങനെയുള്ള വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുക ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് സ്‌കീമിനെക്കുറിച്ചാണ്. നമ്മള്‍ ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരിപാലനത്തിനു എതിരാണ്. പൊതു ആരോഗ്യ സംവിധാനത്തെ അടിസ്ഥാനമാക്കി നല്‍കേണ്ട ഒന്നാണ് ആരോഗ്യ പരിരക്ഷ എന്നതാണ് നമ്മളുടെ നിലപാട്. ജനകീയാരോഗ്യ പ്രസ്ഥാനത്തില്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു പ്രസംഗം 80 കളില്‍ ഡോ. ബി ഇക്ബാല്‍ നടത്തിയതാണ്. 'അമേരിക്കയുടെ ഇന്‍ഷുറന്‍സ് അടിസ്ഥാനത്തിലുള്ള ആരോഗ്യ പരിപാലനം ജനവിരുദ്ധമാണ്. നമുക്കഭികാമ്യം ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് സ്‌കീം ആണ്'. കേരളത്തിലെ പുരോഗമന പ്രസ്ഥാനം എക്കാലത്തും നിലനിന്നത് പൊതു ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്ന സമീപനത്തിനൊപ്പമാണ്. ഇതാണ് കഴിഞ്ഞ പത്തു വര്‍ഷ കാലമായി കേരളത്തില്‍ ചെയ്തുവരുന്നത്. എന്തൊരു വിസ്മയകരമായ മാറ്റമാണ് പൊതു ആരോഗ്യമേഖലയുടെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായത്.

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും
എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് സ്‌കീമുമായി എത്തി. നമ്മള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തി പക്ഷെ സ്‌കീം ഏറ്റെടുത്തില്ലെങ്കില്‍ എന്‍ എച്ച് എം ന്റെ ഫണ്ട് പോകും. എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് നമ്മള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. നമ്മള്‍ ചര്‍ച്ച ചെയ്തു ചില കാതലായ മാറ്റങ്ങള്‍ കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ചു. പിഎം ശ്രീ പദ്ധതി ഇപ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ആയുഷ്മാന്‍ ഭാരതില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കുള്ള പ്രീമിയവും സര്‍ക്കാരാണ് കൊടുക്കുന്നത്. അഥവാ സര്‍ക്കാര്‍ പണം സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറുന്ന ഒരു സ്‌കീം ആയിരുന്നു ഇത്. ഇതെങ്ങിനെ കുറയ്ക്കാം എന്നതായി ആലോചന. അതിനു കണ്ട മാര്‍ഗ്ഗം ലളിതമായിരുന്നു. ഓരോ ആശുപത്രി ഇനം ചെലവിനും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കേണ്ട തുക സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടിയിരുന്നത്. നമ്മള്‍ അത് താഴ്ത്തി നിശ്ചയിച്ചു. കനത്ത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ അതോടെ ഇന്‍ഷുറന്‍സ് കരാറില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ ആശുപത്രികളും, ഇടത്തരം ആശുപത്രികളും മാത്രമായി കേരളത്തിലെ സേവനദാതാക്കള്‍.

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും
തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?

ഒരു കാര്യം കൂടി നമ്മള്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ കിട്ടുന്ന ഇന്‍ഷുറന്‍സ് തുക സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട. പകരം അതത് ആശുപത്രികളുടെ വികസനചിലവിനായി ആ തുക ഉപയോഗിക്കാം. അതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍ തമ്മില്‍ ചെറിയൊരു മത്സരം ഉണ്ടായി. കാരണം കൂടുതല്‍ നല്ല സേവനം നല്‍കുന്ന ആശുപത്രികളിലേക്ക് കൂടുതല്‍ രോഗികളും കൂടുതല്‍ ഇന്‍ഷുറന്‍സ് തുകയും കിട്ടും എന്നതുതന്നെ.

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും
ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

രണ്ടാമത് ഒരു കാര്യം കൂടി കേരളം ചെയ്തു. കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു. കേരളം പറഞ്ഞു അത് പറ്റില്ല ആരോഗ്യ കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണം. ഏതാണ്ട് മറ്റൊരു 20 ലക്ഷം പേര്‍ക്ക് കൂടി അതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വലിയ തര്‍ക്കങ്ങള്‍ക്ക് ഇത് വഴിവെച്ചു. അവസാനം ഒത്തുതീര്‍പ്പായി ബിപിഎല്‍ ഇതര കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക കേന്ദ്രം നല്‍കില്ല. പക്ഷെ കേന്ദ്ര ഇന്‍ഷുറന്‍സ് പോര്‍ട്ടലിനു സമാനമായ ഒന്ന് ഉപയോഗിക്കാന്‍ നമ്മുക്ക് അനുവാദം കിട്ടി. അപ്പോള്‍ നമ്മള്‍ മറ്റൊരു കാര്യം കൂടി ചെയ്തു. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉള്ളതുകൊണ്ട് പ്രീമിയം വളരെ ചെറുതാണ്. ആ തുക അടയ്ക്കുക ആണെങ്കില്‍ നമ്മുടെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരുവാന്‍ ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്കും അനുവാദം കൊടുത്തു.

ആയുഷ്മാന്‍ ഭാരതുമായി ഒത്തുതീര്‍പ്പില്‍ എത്തിയതുകൊണ്ട് കേരളത്തിന്റെ ആരോഗ്യരംഗം തകര്‍ന്നോ? തര്‍ക്കങ്ങള്‍ പലതും പിന്നീടും ഉണ്ടായിട്ടുണ്ട്. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഹിന്ദി പേര് വയ്ക്കണമെന്ന് കേന്ദ്രത്തിന്റെ വാശി. എന്‍എച്ച്എം ഫണ്ട് വേണമെങ്കില്‍ നമ്മള്‍ വഴങ്ങിയേ തീരൂ. കേന്ദ്രത്തിന്റെ ആരോഗ്യമന്ദിറിന്റെ ബോര്‍ഡിനേക്കാള്‍ വലിപ്പത്തില്‍ നമ്മുടെ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് ആ പ്രശ്‌നം നാം മറികടന്നു.

കേന്ദ്രം ബിജെപിയും സംസ്ഥാനം ഇടതുപക്ഷവും ആയിരിക്കുന്നിടത്തോളം കാലം ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ തുടരും. അതുകൊണ്ട് ഒരു കാര്യത്തില്‍ ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പ്, നയം മാറ്റവും കീഴടങ്ങലുമായി തെറ്റിദ്ധരിക്കേണ്ടതില്ല. കേരളത്തിന്റെ വിശ്രുതമായ ഭൂപരിഷ്‌കരണത്തിന്റെ കാര്യമെടുക്കു. പ്ലാന്റേഷന്‍ മേഖലകളെ ഒഴിവാക്കണം എന്നായിരുന്നു 1957ലെ കേന്ദ്ര നിലപാട്. അതിനൊരുപായവും അവര്‍കണ്ടു പ്ലാന്റേഷനുകളില്‍ വിദേശകമ്പനികള്‍ ഉണ്ടല്ലോ? അവയ്ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിനു അധികാരമില്ല. അങ്ങിനെയാണ് പ്ലാന്റേഷനുകള്‍ ഒഴിവാക്കി അന്ന് ഭൂപരിഷ്‌കരണ നിയമം പാസാക്കിയത്.

ഒരു ഫെഡറല്‍ രാജ്യത്ത് സംസ്ഥാനങ്ങള്‍ക്കുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നാണു നാം ബദലുകള്‍ ഉയര്‍ത്തുന്നത്. ഇതാണ് നമ്മള്‍ പിഎം ശ്രീയിലും ചെയ്യുക. ആര്‍എസ്എസ് വിദ്യാഭ്യാസനയത്തിനെതിരായ കേരളത്തിന്റെ പോരാട്ടം നമ്മള്‍ തുടരും. എന്നാല്‍ 5000 കോടി രൂപ വേണ്ട എന്ന് വയ്ക്കുവാന്‍ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ല. അതുകൊണ്ട് പിഎം ശ്രീയില്‍ ഒപ്പു വയ്ക്കേണ്ടിവരും. പക്ഷെ, പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഊന്നിക്കൊണ്ടുള്ള നമ്മളുടെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള കരുക്കള്‍ നാം കണ്ടെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in