
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025 ഫെബ്രുവരി 21, 22 തിയതികളില്‍ കൊച്ചിയില്‍ നടക്കും. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന സമ്മിറ്റ് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും നടക്കുക. ഫെബ്രുവരി 21ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ.കെ.ജി.എസ് ഉത്ഘാടനം ചെയ്യും. സമ്മിറ്റില്‍ രണ്ടായിരത്തോളം നിക്ഷേപകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, കോണ്‍സല്‍ ജനറല്‍മാര്‍, വിവിധ വിദേശ കമ്പനികളുടെ പ്രതിനിധികള്‍, ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായികള്‍, വിവിധ കമ്പനികളുടെ പ്രതിനിധികള്‍, സംരംഭകര്‍, കേരളത്തിലെ പ്രധാന വ്യവസായികള്‍, വ്യാപാര വ്യവസായ മേഖലയിലെ സംഘടനകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കണ്‍ട്രി പാര്‍ട്ണര്‍മാരായി 9 രാജ്യങ്ങള്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ വാണിജ്യ സംഘടനകളായ സി.ഐ.ഐ, ഫിക്കി, ടൈ കേരള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളാകും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടക്കുന്ന സമ്മിറ്റില്‍ 22 സെഷനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യവസായ മേഖലകളില്‍ നിലവിലുള്ള ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള തുടര്‍ പദ്ധതികളും ചര്‍ച്ചയാകും. സസ്റ്റെയ്നബള്‍ ടെക്‌നോളോജിസ്, ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി 4.0, സ്ട്രാറ്റജിക് ഇന്‍ഡസ്ട്രീസ്, ഇന്നോവേഷന്‍ ഇന്‍ ഹെല്‍ത്ത്, ഫിന്‍ടെക്, ടൂറിസം, ഫുഡ് പ്രോസസ്സിംഗ് തുടങ്ങിയ വിവിധ ഫോക്കസ് സെക്ടറുകളിലൂന്നിയായിരിക്കും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നടത്തുക. വിവിധ മേഖലകളില്‍ നിന്നായി നൂറോളം പ്രഭാഷകര്‍ പങ്കെടുക്കും.
മേഖലാ മീറ്റിംഗുകളും, റോഡ് ഷോകളും, കോണ്‍ക്ലേവുകളും ഉള്‍പ്പെടെ 34 പരിപാടികളാണ് ഐ.കെ.ജി.എസിന് മുന്നോടിയായ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്. സംരംഭകരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും, നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും, നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായാണ് ഇവ. അവയില്‍ 24 എണ്ണം പൂര്‍ത്തിയായി. ഇന്റര്‍നാഷണല്‍ ജെന്‍ എഐ കോണ്‍ക്ലേവ്, റോബോട്ടിക്സ് റൗണ്ട് ടേബിള്‍, ലൈഫ് സയന്‍സസ് & ബയോടെക്നോളജി, ഫുഡ് ടെക്നോളജി & പ്രോസസിംഗ്, മാരിടൈം & ലോജിസ്റ്റിക്സ്, റീസൈക്ലിംഗ് & വേസ്റ്റ് മാനേജ്മെന്റ്, ആയുര്‍വേദം & ഫാര്‍മസ്യൂട്ടിക്കല്‍സ്, മൂല്യവര്‍ദ്ധിത റബ്ബര്‍ & ഹൈ-ടെക് ഫാമിംഗ്, ടൂറിസം, റീടെയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ നടത്തിയ സെക്ടറല്‍ മീറ്റിംഗുകള്‍ ഇതില്‍ ശ്രദ്ധേയമായി. എയ്‌റോസ്‌പേസ് & ഡിഫന്‍സ്, കയര്‍, ഹാന്‍ഡ്ലൂം എന്നീ മേഖലകളിലും യോഗങ്ങള്‍ സംഘടിപ്പിക്കും.
കൂടാതെ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ റോഡ്ഷോകള്‍ സംഘടിപ്പിച്ചിരുന്നു. വിദേശ രാജ്യങ്ങളിലും റോഡ്‌ഷോകള്‍ സംഘടിപ്പിച്ചു വരികയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ചതും അനുകൂലവുമായ നിക്ഷേപ സൗഹൃദാന്തരീക്ഷത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് മികച്ച ഫലം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) നടത്തുന്ന വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങില്‍ കേരളം ടോപ് അച്ചീവര്‍ സ്ഥാനം നേടിയിരുന്നു. സംരംഭക വര്‍ഷം പദ്ധതിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍, 'ഇന്നൊവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് മൂലധന നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുന്നതിനും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേക മേഖലകളിലെ നിക്ഷേപ ലക്ഷ്യ സ്ഥാനമായി സംസ്ഥാനത്തെ മാറ്റിയെടുക്കുന്നതിനുമാണ് 2023ലെ വ്യവസായനയം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സവിശേഷ സാഹചര്യം മുന്‍നിര്‍ത്തി നിക്ഷേപ സാദ്ധ്യതകളുള്ള 22 മുന്‍ഗണനാ മേഖലകള്‍ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിന് സഹായകരമായ രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കിയിരുന്നു. സംസ്ഥാനത്തെ നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷം നിക്ഷേപകരിലേക്കും രാജ്യങ്ങളുടെ പ്രതിനിധികളിലേക്കും വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളിലേക്കും ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സികളിലേക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിലാണ് നിക്ഷേപക സംഗമം നടത്തുന്നത്.