Filmy Features

ബാക് ബെഞ്ചേഴ്സ് വേണ്ട, ഇത് സിനിമയുടെ പോസിറ്റീവ് ഇൻഫ്ലുവൻസ്: സ്താനാർത്തി ശ്രീക്കുട്ടൻ സംവിധായകൻ വിനേഷ് വിശ്വനാഥ് അഭിമുഖം

ഒരു സിനിമ കൊണ്ട് സമൂഹത്തിൽ എന്ത് മാറ്റം കൊണ്ടുവരാൻ കഴിയും എന്ന് ചോദിച്ചാൽ ഒരു സിനിമ കൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ വ്യത്യാസങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നായിരിക്കും സംവിധായകൻ വിനേഷ് വിശ്വനാഥും സംഘവും ഉത്തരം നൽകുക. കാരണം സ്താനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തെമ്പാടുമുള്ള പല സ്‌കൂളുകളും ബാക് ബെഞ്ചിലേക്ക് കുട്ടികൾ പിന്തള്ളപ്പെടുന്ന രീതി ഒഴിവാക്കിയിരിക്കുകയാണ്. ഈ വേളയിൽ തങ്ങളുടെ ചെറിയ സിനിമയിലൂടെ വന്ന വലിയ മാറ്റത്തിന്റെ സന്തോഷം ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് വിനേഷ് വിശ്വനാഥ്.

രാജ്യമൊട്ടാകെ ചർച്ചയായ മാറ്റം

വളരെ അഭിമാനമുണ്ട്. സ്‌കൂളുകൾ ഈ മാതൃക പിന്തുടരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇത് ചെയ്യാൻ കഴിയുന്ന കാര്യമാണ് എന്ന് തെളിയിച്ചത് കെ ബി ഗണേഷ് കുമാർ സാറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൊല്ലം വാളകം ആർവിവി ഹൈസ്കൂളിലാണ് ഇത് ആദ്യമായി പ്രാവർത്തികമാക്കിയത്. പിന്നീടാണ് മറ്റു സ്‌കൂളുകളും ഈ മാതൃക പിന്തുടർന്നത്. ഞങ്ങളെ ഇതുവരെ ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടുള്ളത് എട്ട് സ്‌കൂളുകളാണ്. അതിൽ ഒരെണ്ണം പഞ്ചാബിൽ നിന്നാണ്. ഒഡീഷയിലും ഗുജറാത്തിലും തെലങ്കാനയിലുമെല്ലാം ഈ രീതി ഫോളോ ചെയ്യുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അതിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. തമിഴ്‌നാട് സർക്കാർ ഇത് എല്ലാ സ്‌കൂളുകളിലും പ്രാവർത്തികമാക്കണം എന്നുള്ള സർക്കുലർ പുറത്തുവിട്ടിട്ടുണ്ട്.

ഈ ആശയം എങ്ങനെ ലഭിച്ചു

ശ്രീക്കുട്ടൻ എന്ന കഥാപാത്രം എപ്പോഴും പിന്തള്ളപ്പെട്ടവനാണ്. അവന് ആദ്യ ബെഞ്ചിൽ ഇരിക്കണമെന്നല്ല, മറിച്ച് എല്ലാവരും തുല്യരായിരിക്കണം എന്നാണ് ആഗ്രഹം. അത് നടക്കുന്നിടത്താണ് സിനിമയുടെ ക്ലൈമാക്സ്. ഇത് വലിയ മാറ്റത്തിന് തുടക്കം കുറിക്കും എന്ന് കരുതി ചെയ്തൊരു ക്ലൈമാക്സ് അല്ല. ഒരു സിനിമാറ്റിക് ഹൈ ലഭിക്കാനാണ് ഇത്തരമൊരു ക്ലൈമാക്സ് ചെയ്യാമെന്ന് തീരുമാനിച്ചത്.

സിനിമയുടെ പോസിറ്റീവ് ഇൻഫ്ലുവൻസ്

ഇത് തീർച്ചയായും സിനിമയുടെ പോസിറ്റീവ് ഇൻഫ്ലുവൻസ് തന്നെയാണ്. എന്നാൽ ഇത് ആദ്യമായല്ല ഉണ്ടാകുന്നത്. ട്രാഫിക് റിലീസായത്തിന് പിന്നാലെ ഓർഗൻ ഡൊണേഷനും ഉസ്താദ് ഹോട്ടൽ ഇറങ്ങിയ സമയം ഫുഡ് ചാരിറ്റിയും വൈഡ് സ്‌പ്രെഡ്‌ ആയി മാറിയിരുന്നു. സിനിമകൾക്ക് ആളുകളെ ഇൻഫ്ലുവൻസ് ചെയ്യാൻ കഴിയുമെന്നത് യാഥാർഥ്യമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി സ്താനാർത്തി ശ്രീക്കുട്ടൻ മാറിയതിൽ സന്തോഷമുണ്ട്.

ഒടിടിയിൽ ലഭിച്ച സ്വീകാര്യത

തിയറ്ററുകളിൽ റിലീസായ സമയം ഈ സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ആഴ്ച പുഷ്പ 2 പോലൊരു വമ്പൻ സിനിമ വന്നപ്പോൾ അമ്പതോളം സ്ക്രീനുകൾ നമുക്ക് നഷ്ടമാവുകയായിരുന്നു. എന്നാൽ ഒടിടിയിൽ വരുമ്പോൾ എല്ലാ പ്രേക്ഷകരും ഈ സിനിമയെ സ്വീകരിക്കും എന്ന് ഞങ്ങൾക്ക് 100 ശതമാനവും ഉറപ്പുണ്ടായിരുന്നു.

ഇനിയും മാറ്റങ്ങൾ വേണം

ഈ അവസരത്തിൽ ഞങ്ങൾക്കൊരു സജഷനുണ്ട്. ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ എണ്ണം 30 മുതൽ 35 വരെ എന്ന രീതിയിൽ കൊണ്ടുവന്നാൽ നന്നാകും. അതിൽ കൂടുതൽ വിദ്യാർത്ഥികൾ വന്നാൽ ഒരു അധ്യാപകന് അവരെ മാനേജ് ചെയ്യുവാൻ ബുദ്ധിമുട്ടാകും. എന്നാൽ ഇതിനെ ഒരു വിദഗ്ധ അഭിപ്രായമായി കാണേണ്ട ആവശ്യമില്ല. ഇത് ബാക് ബെഞ്ച് എന്ന തരംതിരിക്കൽ ഒഴിവാക്കുന്നതിന് ഒരു ഏഴാം ക്ലാസ്സുകാരന്റെ ചിന്ത മാത്രമാണ്. ഇതല്ലാതെ മറ്റു മാർഗ്ഗങ്ങളുണ്ട്. അത് കണ്ടെത്തുക.

സിനിമയിൽ ഇതിനപ്പുറം സംസാരിച്ച മറ്റൊരു വിഷയമുണ്ട്. ഈ സിനിമ കണ്ട എല്ലാവരും അജു വർഗീസ് ചെയ്ത കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എല്ലാവരുടെ ജീവിതത്തിലും അതുപോലൊരു അധ്യാപകൻ ഉണ്ടായിട്ടുണ്ടാകും. ആ കഥാപാത്രത്തെ പോലെ ടോക്സിക് ടീച്ചിങ് കൾച്ചർ പിന്തുടരുന്ന അധ്യാപകരെ ചൂണ്ടിക്കാട്ടാനും ഞങ്ങൾ ശ്രമിച്ചിരുന്നു. അത്തരം അധ്യാപകരെ തിരിച്ചറിയാനും ഈ സിനിമ മാതൃകയാകട്ടെ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

ഓസീസ് ഹുങ്ക് തകര്‍ത്ത വിന്‍ഡീസ് പ്രതികാരം | Watch

നാലില്‍ കൂടുതല്‍ തവണ അണുബാധിതയായി, ഒരുപാട് വേദന സഹിച്ചു; ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് ചൈതന്യ പ്രകാശ്

ലഹരിയുടെ പരിണാമം; സിന്തറ്റിക് മയക്കുമരുന്നുകള്‍ എന്ന പുതിയകാല പ്രതിസന്ധി

മലയാളി ​ഗായകരുടെ പ്രധാന വരുമാന മാർ​ഗം ഒരിക്കലും സിനിമ ​ഗാനങ്ങളല്ല: തുറന്ന് പറഞ്ഞ് വിധു പ്രതാപ്

സിനിമക്കുള്ളിലെ സിനിമയുമായി 'മോളിവുഡ് ടൈംസ്'; പൂജ ചടങ്ങുകൾ പൂർത്തിയായി

SCROLL FOR NEXT