Filmy Features

സുന്ദരവനത്തിൽ കണ്ടുമുട്ടുന്ന അമിതാവ് ഘോഷും വിപിൻ വിജയും

പരസ്പരം കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ ലോകസാഹിത്യകാരൻ അമിതാവ് ഘോഷും അന്താരാഷ്ട്രസമ്മിതി നേടിയ കേരളത്തിന്റെ ചലച്ചിത്രകാരൻ വിപിൻ വിജയും തങ്ങളുടെ സൃഷ്ടികളിലൂടെ ബംഗാളിലെ സുന്ദരവനത്തിൽ ആകസ്മികമായല്ല കണ്ടുമുട്ടുന്നത്. പരിസ്ഥിതിയെയും ജനജീവിതത്തേയും കുറിച്ചുള്ള ആശങ്കകളാണ് അവരെ യുനെസ്കോ ലോകപൈതൃകകേന്ദ്രമായി തിരഞ്ഞെടുത്ത സുന്ദർബൻ ദ്വീപിലെത്തിക്കുന്നത്. ഘോഷിന്റെ ആദ്യകവിതാരചന ജം‌‌ഗിൾനാമ, (Junglenama, 2021), വിപിൻ വിജയ് യുടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഡോക്യുമെന്ററി ആന്ത്രൊപ്പസീൻ റീലുക്ക്ഡ് (Anthropocene relooked, 2019) എന്നിവ സുന്ദർബൻ ഡെൽറ്റ അഭിമുഖീകരിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ വ്യത്യസ്തരീതികളിൽ ആവിഷ്ക്കരിക്കുകയാണ്. ജങ്കിൾനാമ അലിഗറിയുടെ രൂപത്തിലും ആന്ത്രൊപസീൻ റിലുക്ക്ഡ് ശക്തിയാർന്ന ദൃശ്യങ്ങൾ വഴിയും അവിടത്തെ ജനജീവിതം നേരിടുന്ന ദുരന്തങ്ങൾ ലോകവുമായി പങ്കുവെക്കുന്നു.

ഇംഗ്ലീഷിലെഴുതി ആദ്യമായി ജ്ഞാനപീഠം നേടുന്ന എഴുത്തുകാരൻ അമിതാവ് ഘോഷിന്റെ (Amitav Gosh) രചനകൾ ലോകം നേരിടുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകുകയും ഭൂമിയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇവയിൽ, തന്റെ ജന്മസ്ഥലമായ ബംഗാളിലെ സുന്ദർബൻ ഡെൽറ്റയിലെ മണ്ണൊലിപ്പും അത് അവിടത്തെ ജീവിതത്തിലുണ്ടാക്കുന്ന ദുരന്തങ്ങളും അദ്ദേഹം ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്. സുന്ദർബൻ പ്രദേശവുമായി അദ്ദേഹത്തിനുള്ള ആത്മബന്ധം ഈ രചനകളിൽ വായനക്കാർക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.

സുന്ദർബൻ എപ്പോഴും അമിതാവ് ഘോഷിന്റെ ജീവിതവുമായി ചേർന്ന് നിന്നിരുന്നു. ഭാവിയിലും അത് തുടരുമെന്ന് തീർച്ച. 'കുട്ടിക്കാലത്ത് ഞാൻ പതിവായി അവിടം സന്ദർശിക്കാറുണ്ടായിരുന്നു. ഭൂമിക്ക് ജീവനുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ലോകത്തിലെ അപൂർവ്വം സ്ഥലങ്ങളിലൊന്നാണിത്. എന്നാൽ ഇന്ന് നാം അവിടെച്ചെന്നാൽ, ആ പ്രദേശം നേരിടുന്ന പരിസ്ഥിതിനാശം നമ്മെ അത്ഭുതപ്പെടുത്തും. അതുമൂലമുണ്ടാവുന്ന കാലാവസ്ഥാവ്യതിയാനവും വനനശീകരണവും കാരണം ആ പ്രദേശത്തെ ജലനിരപ്പിന്റെ അനിനിയന്ത്രിതമായ ഉയർച്ചയും ശക്തമായ മണ്ണൊലിപ്പും ഏതൊരാളിലും ആശങ്കയുണ്ടാക്കുന്നതാണ്. ഇപ്പോൾ അവിടെ കാണപ്പെടുന്ന മൺകൂമ്പാരങ്ങൾ ഭാവിയിലുണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ ശക്തമായ സൂചനകളാണ്. ദ ഹംഗ്രി ടൈഡ് (The Hunry Tide), ഗൺ ഐലൻഡ് (The Gun Island) എന്നീ നോവലുകൾക്ക് ശേഷം അമിതാവ് ഘോഷ് എഴുതുന്ന ആദ്യത്തെ കാവ്യരചന ജം‌‌ഗിൾ നാമ (Junglenama) സുന്ദർബന്റെ ദാരുണമായ സമകാലീന അവസ്ഥ ഒരു അലിഗറിയായി വായനക്കാരിലെത്തിക്കുകയാണ്.

'വർഷങ്ങൾക്ക് മുമ്പ്, എന്റെ ബാല്യകാലത്താണ് ഞാൻ അവസാനമായി കവിതകളെഴുതിയത്. നമ്മുടെയുള്ളിലെ വികാരങ്ങൾ കൃത്യവും ശക്തവുമായി ആവിഷ്കരിക്കാൻ കവിതകൾക്കേ കഴിയൂ.' ഘോഷ് അഭിപ്രായപ്പെടുന്നു. ബംഗാളിലെ ജാത്രസംഘങ്ങളുടെ നാടകങ്ങളിൽ പ്രമേയവൽക്കരിക്കുന്ന, സുന്ദർബൻ സംരക്ഷിക്കുന്ന ദയാലുവായ ബോൺബീബിയുടേയും അവരുടെ ഇരട്ടസഹോദരനും കൂട്ടാളിയുമായ ഷാ ജോങ്കോളിയുടെയും കഥയിലൂടെ, അവിടെ നിലനിൽക്കുന്ന ഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ജങ്കിൾനാമ വായനക്കാരെയെത്തിക്കുന്നു. ധാർമ്മികവും പാരിസ്ഥിതികവുമായ സമതുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്ന ബോൺബീബിയുടെ കഥയിൽ, അത്യാഗ്രഹിയായ അമ്മാവൻ ധോണയുടെ വഞ്ചനയിലകപ്പെടുന്ന ദുഖയെ ബോൺ ബീബി രക്ഷിക്കുന്നു. അതിരില്ലാത്ത ആഗ്രഹങ്ങളും ദുരയും ജീവിതത്തെ കൊണ്ടെത്തിക്കുന്ന ദുരന്തമുഖങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ജംഗിൾനാമ, അമിതമായ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാനാണ് നമ്മോടാവശ്യപ്പെടുന്നത്.' ഈ വരികൾ നോക്കുക. 'നിങ്ങൾ സ്വന്തം പരിധികൾ തിരിച്ചറിയണം. ഒരിക്കലും അവ മറികടക്കരുത്. എന്താണോ കൈയിലുള്ളത്, അത് കൊണ്ട് സന്തോഷമായി ജീവിക്കുക, കൂടുതൽ ആഗ്രഹിക്കരുത്, അവയ്ക്കായി അന്വേഷിക്കയുമരുത്.'

സുന്ദർബനത്തിലെ കാലാവസ്ഥാവ്യതിയാനവും അവയുണ്ടാക്കുന്ന ദുരന്തങ്ങളും കേന്ദ്രീകരിക്കുമ്പോഴും കൂടുതൽ വിസ്തൃതമായ ആഗോളക്യാൻവാസാണ് ജംഗിൾനാമ പശ്ചാത്തലമാക്കുന്നത്. കാട്ടിലെ സമ്പത്ത് കവർന്ന് സമ്പന്നനാകുന്ന ധോണ സമകാലികവും സമാനവുമായ ആഗോളഅവസ്ഥകളിലേക്കാണ് വിരൽചൂണ്ടുന്നത്. 'മുതലാളിത്തം വളരുന്നത് ജനങ്ങളുടെ അസംതൃപ്തിയിലാണ്. അത് ജനങ്ങളുടെ ആവശ്യങ്ങളെ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കും. ഇപ്പോൾ നാമതിന്റെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു. മനുഷ്യസംസ്കാരം തന്നെ അസ്തമിക്കാൻ പോകുന്ന അപകടഘട്ടത്തിലേക്കാണ് അത് നമ്മെ കൊണ്ടെത്തിക്കാൻ പോകുന്നത്'. പരിസ്ഥിതിയിലും വികസനത്തിലുമുള്ള തന്റെ കൃത്യമായ രാഷ്ട്രീയനിലപാട് അമിതാവ് ഘോഷ് രേഖപ്പെടുത്തുന്നു.

അമിതാവ് ഘോഷ്

അമിതാവ് ഘോഷിന്റെ മുൻകാല രചനകളും വികസനത്തിലും പരിസ്ഥിതിസംരക്ഷണത്തിലും അദ്ദേഹത്തിനുള്ള കാഴ്ചപ്പാടുകൾ കൃത്യമായി ആവിഷ്ക്കരിക്കുന്നുണ്ട്. ദ ഗ്രെയിറ്റ് ഡീറേഞ്ച്മെന്റ് (The Great Derangement) എന്ന അദ്ദേഹത്തിന്റെ ദീർഘലേഖനം ലോകം ഇന്ന് അഭിമുഖീകരിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളുടെ കാരണങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി പരിശോധിക്കുന്നു. ഇന്നത്തെ ഈ നില തുടർന്നാൽ, അപകടാവസ്ഥയിലെത്തുന്ന ഭൂമിയെ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടി വരുമെന്ന് ഘോഷ് മുന്നറിയിപ്പ് നൽകുന്നുണ്ട്. 'ഒന്നും അസാദ്ധ്യമല്ല എന്ന് കുട്ടിക്കാലത്ത് എല്ലാവരും നമ്മെ പഠിപ്പിക്കുമ്പോൾ, പരിസ്ഥിതി പോലുള്ള കാര്യങ്ങളെ അവയിൽ നിന്നൊഴിവാക്കണമെന്ന് ആരും ഓർമ്മിപ്പിക്കാറില്ല.' ഘോഷ് പറയുന്നു. അമിതാവ് ഘോഷിന്റെ പുതിയ നോവൽ ഗൺ ഐലന്റും (Gun Island) കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഉള്ളടക്കമാണ് കൈകാര്യം ചെയ്യുന്നത്.

സുന്ദർബനിലെ കാലാവസ്ഥാവ്യതിയാനവും അതുണ്ടാക്കുന്ന ദുരന്തങ്ങളും കൃത്യവും തീവ്രവുമായി അമിതാവ് ഘോഷ് തന്റെ എഴുത്തിലൂടെ ഓർമ്മിപ്പിക്കുമ്പോൾ, മലയാളി ചലച്ചിത്രകാരൻ വിപിൻ വിജയ് (Vipin Vijay) തന്റെ ഡോക്യുമെന്ററി, ആന്ത്രൊപ്പൊസീൻ റീലുക്ക്ഡിലൂടെ (Anthropocene relooked) സമാനമായ പ്രമേയം ആവിഷ്ക്കരിക്കുന്നു. പ്രകൃതിയിലും മനുഷ്യജീവിതത്തിലും രണ്ട് പേർക്കുമുള്ള ആശങ്കകളാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഓരോ സംസ്കാരത്തിനും അതിന്റേതായ ഒരു കോഡ് ഉണ്ടെന്ന് നിരീക്ഷിക്കുന്ന വിപിൻ വിജയ് അത് തിരിച്ചറിയാതിരിക്കുന്നതാണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നു കരുതുന്നു. വർത്തമാനകാല പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഇമേജുകൾ സൃഷ്ടിക്കുകയും പഴയവയ്ക്ക് പുതിയ അർത്ഥങ്ങൾ കണ്ടെത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഇമേജുകൾ കൂട്ടിച്ചേർക്കുന്ന ത്രെഡ് ഉണ്ടാക്കുകയാണ് ചലച്ചിത്രകാരന്റെ ജോലി. അതിൽ കൃത്യമായ കണക്റ്റിവിറ്റി സൃഷ്ടിക്കുകയെന്നതാണ് അയാൾ നേരിടുന്ന പ്രധാന വെല്ലുവിളി.

വിപിൻ വിജയ് സംവിധാനം ചെയ്ത മിക്കവാറും എല്ലാ ചിത്രങ്ങളും അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടർഡാം, കാർലോവ് വാരി, സാവോപോളൊ, ഒബർഹൗസൻ, നാന്റ്സ്, മോൺട്രിയൽ തുടങ്ങിയ മേളകൾ കൂടാതെ ലണ്ടൻ, പാരീസ്, ബീജിങ്ങ് എന്നിവിടങ്ങളിലെ ആർട്ട് ഗാലറികളും ഈ സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദേശീയപുരസ്കാരങ്ങളിൽ നോൺ-ഫീച്ചർ വിഭാഗത്തിൽ മികച്ച ചിത്രമായി വിപിൻ വിജയുടെ സ്മോൾ സ്കെയിൽ സൊസൈറ്റീസ് (Small scale societies) ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

വിപിൻ വിജയ്

കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ഒരു പരിഛേദം എന്ന നിലയിലാണ് പശ്ചിമബംഗാളിലെ ഫലഭൂയിഷ്ഠമായ സുന്ദർബൻ ഡൽറ്റയിലെ ഘോരമാരയിൽ ജനജീവിതം നേരിടുന്ന ദുരന്തങ്ങൾ ആന്ത്രൊപ്പൊസീൻ റിലുക്ക്ഡ് എന്ന സിനിമ ചിത്രീകരിക്കുന്നത്.

വെള്ളത്തിനടിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപിലെ ജനസംഖ്യ 40,000-ൽ നിന്ന് 3000-മായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഭയാർത്ഥികളായി മറ്റ് സ്ഥലങ്ങളിൽ കുടിയേറിയും മരണത്തിനു കീഴടങ്ങിയും ജനങ്ങൾ ഭൂമിയോട് വിട പറഞ്ഞുകഴിഞ്ഞു. കേവലം ഒരു ദ്വീപിന്റെ കഥ ഒരു അപകടസൂചനയായി ലോകത്തിനുമുമ്പിൽ നിൽക്കുന്നു.

വീട് നഷ്ടപ്പെട്ട് മണലിൽ പൂണ്ട് കിടക്കുന്ന തകർന്ന തോണിയിൽക്കഴിയുന്ന കുടുംബത്തിന്റെ ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്. ആഗോളതാപനം വർദ്ധിച്ചതോടെ ഹിമാലയത്തിൽ നിന്ന് ഉൽഭവിക്കുന്ന നദികൾ ഗതിമാറിയൊഴുകാനും അവയുടെ വ്യാപ്തി വർദ്ധിക്കാനും തുടങ്ങി. ഇത് സുന്ദർബൻ ദ്വീപുകളെ അപകടത്തിൽപ്പെടുത്തുകയായിരുന്നു. അവയിലൊരു ദ്വീപായ ഘോരമാര മണ്ണൊലിപ്പും കടൽനിരപ്പിന്റെ ക്രമാതീതമായ ഉയർച്ചയും കാരണം വെള്ളത്തിൽ മുങ്ങാൻ പോകുകയാണ്. ഘോരമാരയുടെ വിസ്തീർണ്ണം ഇതിനകം അഞ്ച് ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിക്കഴിഞ്ഞു.സ്വന്തം വീട് വെള്ളത്തിൽ മുങ്ങിത്താഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്ന വൃദ്ധനോട് വേപ്പ് മരം മന്ത്രിക്കുന്നു 'ലോകം അവസാനിക്കുന്നത് വൻമുഴക്കത്തോടെയായിരിക്കില്ല, അത് പരാതിപറച്ചിലിനെ ഓർമ്മിപ്പിക്കുന്ന ഒരു ചെറുമർമ്മരത്തോടെയായിരിക്കും.

വിപിന്റെ ഷോർട്ട് ഫിലിമുകളിൽ ദൃശ്യപരമായി ഏറ്റവും മികച്ച രചനയാണിത്. പുഴയെടുത്ത മണൽത്തിട്ടകൾ, സമൃദ്ധമായ പച്ചപ്പിലൂടെ ഉതിർന്നുവീഴുന്ന സൂര്യവെളിച്ചം, വെള്ളം നിറഞ്ഞ കിടക്കുന്ന സ്ഥലത്ത് കാണപ്പെടുന്ന ഒറ്റപ്പെട്ട മരവും മനുഷ്യനും...! മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട് മനുഷ്യജീവിതത്തിലേക്ക് നടന്നുകയറിയ ദുരന്തത്തിന്റെ ചരിത്രപരവും സാമൂഹ്യവും സംസ്കാരികവുമായ പ്രതിഫലനങ്ങൾ സിനിമ കാട്ടിത്തരുന്നു. സിനിമയുടെ തിരക്കഥ, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയും പതിവ് പരിസ്ഥിതിചിത്രങ്ങളിൽ നിന്ന് വളരെയേറെ വേറിട്ട് നിൽക്കുന്നു.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT