പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?
Published on

അറസ്റ്റിലായാല്‍ പ്രധാനമന്ത്രി മുതല്‍ സംസ്ഥാന മന്ത്രിമാര്‍ വരെയുള്ളവരെ നീക്കം ചെയ്യാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്‍ കീറിയെറിഞ്ഞു കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. സഭയില്‍ സംസാരിച്ച പ്രതിപക്ഷ അംഗങ്ങള്‍ ബില്ലില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും 30 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്താല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ഈ ബില്ലിന്റെ പരിധിയില്‍ വരും.

അഴിമതി അവസാനിപ്പിക്കാനാണ് ഈ ബില്‍ കൊണ്ടുവരുന്നതെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

നാളെ നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിക്ക് എതിരെ എന്ത് കേസ് വേണമെങ്കിലും എടുക്കാനാകും. അറസ്റ്റ് ചെയ്ത് 30 ദിവസം ജയിലില്‍ ഇടാനാകും. അതോടെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു തന്നെ മാറ്റാനാകും. ഇത് തീര്‍ച്ചയായും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും നിര്‍ഭാഗ്യകരവുമാണ്
പ്രിയങ്കാ ഗാന്ധി

രാജ്യത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

ഈ ബില്‍ ഭരണഘടനാ വിരുദ്ധമാണ്, ആരാണ് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുക? ബിജെപി സര്‍ക്കാര്‍ രാജ്യത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റുകയാണ് ഇത്തരം ബില്ലുകളിലൂടെ. ഞങ്ങള്‍ അതിനെ എതിര്‍ക്കും. അധികാരം എക്കാലത്തേക്കുമുള്ളതല്ലെന്ന് ബിജെപി മറക്കുന്നു
അസദുദ്ദീന്‍ ഒവൈസി

സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ അപാകത കാണുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു.

ബില്ലില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. 30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിയായി തുടരാന്‍ കഴിയില്ലല്ലോ. അത് കോമണ്‍ സെന്‍സിന്റെ കാര്യമാണ്. സംയുക്ത പാര്‍ലമെന്ററി സമിതി പരിഗണിക്കട്ടെ.
ശശി തരൂര്‍

എന്താണ് സര്‍ക്കാര്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി

മന്ത്രിമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഭരണഘടനാ ഭേദഗതികളാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. 130-ാമത് ഭരണഘടനാ ഭേദഗിത് ബില്‍ 2025, ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിറ്ററീസ് ഭേദഗതി ബില്‍ 2025, ജമ്മു കാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്‍ 2025 എന്നിവയാണ് അവ. ഭേദഗതി നിര്‍ദേശം അനുസരിച്ച് പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ മുഖ്യമന്ത്രിമാരോ സംസ്ഥാന മന്ത്രിമാരോ ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി 30 ദിവസത്തില്‍ കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വരികയാണെങ്കില്‍, അഞ്ച് വര്‍ഷമോ അതിലേറെ ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റെങ്കില്‍ അവര്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടും.

കേന്ദ്രമന്ത്രിമാര്‍ ആണ് അറസ്റ്റിലാക്കപ്പെടുന്നതെങ്കില്‍ പ്രധാനമന്ത്രി അക്കാര്യം രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യണം. 30 ദിവസം ജയിലില്‍ കഴിയുകയാണെങ്കില്‍ രാഷ്ട്രപതി മന്ത്രിയെ നീക്കം ചെയ്യും. പ്രധാനമന്ത്രി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ 31-ാം ദിവസം മുതല്‍ പ്രതിയായ മന്ത്രിയുടെ സ്ഥാനം സ്വാഭാവികമായി നഷ്ടമാകും. പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കില്‍ അദ്ദേഹം രാജിവെക്കണം. അല്ലെങ്കില്‍ 31-ാം ദിവസം സ്ഥാനം സ്വമേധയാ നഷ്ടമാകും. സംസ്ഥാന മന്ത്രിമാര്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രിമാര്‍ അവരെ നീക്കുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണം. മുഖ്യമന്ത്രിമാരെ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in