ഉള്ളടക്കത്തിലെ സാധ്യതകള്‍ മുന്നോട്ട് വെയ്ക്കുന്ന ആഘോഷം, ഡ്രാമ, സംഘര്‍ഷം എന്നിവയുടെ സാധ്യതകളാണ് നമ്മുടെ സിനിമ ചെറുപ്പത്തിന്റെ പ്രണയത്തെയും സൗഹൃദത്തെയും മുന്‍നിര്‍ത്തി അവതരിപ്പിച്ച് വന്നിട്ടുള്ളത്. അതിനാല്‍, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ഇത്തിരി നേര'ത്തിലെ പ്രണയാത്മാക്കളെ മലയാളികള്‍ക്ക് സിനിമയില്‍ അത്ര പരിചയമുണ്ടായിരിക്കണമെന്നില്ല.
അങ്ങേയറ്റം അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എത്രത്തോളം പരസ്പരം മനസ്സിലാക്കിയിരുന്നുവെന്നും, എന്തുമാത്രം വേണ്ടപ്പെട്ടവരായിരുന്നു ജീവിതത്തില്‍ അവരെന്ന് തിരിച്ചറിയുന്നതും ചിലപ്പോള്‍ പിരിഞ്ഞതിന് ശേഷമായിരിക്കും. തുറന്ന് സംസാരിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളെന്നും സുന്ദരമായ കഥയ്ക്കുള്ള സാധ്യതകള്‍ കരുതി വെയ്ക്കാറുണ്ട്. അത് കാണാനും അറിയാനും അനുഭവിക്കാനും എല്ലാവര്‍ക്കും ഇഷ്ടവുമാണ്. കാരണം, പൊതുവെ ആരും ജീവിതത്തില്‍ അത്ര തുറന്ന പുസ്തകങ്ങളാകാറില്ല. ജീവിത ചുറ്റുപാടുകളും ബന്ധങ്ങളിലെ സങ്കീര്‍ണ്ണതയും അതിന് അനുവദിക്കുകയുമില്ല.
ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത് 1945ല്‍ പുറത്തിറങ്ങിയ 'ബ്രീഫ് എന്‍കൗണ്ടര്‍' എന്ന ബ്രിട്ടീഷ് പ്രണയചിത്രം പ്രണയത്തിന്റെയും, കടമകളെക്കുറിച്ചുള്ള തീവ്രമായ ആന്തരിക സംഘര്‍ഷത്തിന്റെയും, വികാരപരമായ ഒതുക്കിനിര്‍ത്തലിന്റെയും ക്ലാസിക് ആവിഷ്‌കാരമാണ്. ഒരു റെയില്‍വേ സ്റ്റേഷനിലെ കാന്റീനില്‍ വെച്ച് ആകസ്മികമായി കണ്ടുമുട്ടുന്നതോടെ സാധാരണക്കാരായ രണ്ട് വിവാഹിതര്‍ക്കിടയില്‍ അവിചാരിതമായി ഉടലെടുക്കുന്ന ആഴമേറിയ പ്രണയബന്ധമാണ് 'ബ്രീഫ് എന്‍കൗണ്ടര്‍' ആവിഷ്‌കരിച്ചത്. റിച്ചാര്‍ഡ് ലിങ്ക്ലേറ്റര്‍ സംവിധാനം ചെയ്ത ബിഫോര്‍ ട്രിലജിയിലെ ആദ്യചിത്രം 'ബിഫോര്‍ സണ്‍റൈസ്' സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ട് പോകുന്ന, അതിയാദൃച്ഛികമായ ഒരു ആത്മബന്ധത്തെക്കുറിച്ചുള്ള അതിമനോഹരമായ ചലച്ചിത്രമാണ്.
'ഇത്തിരി നേരം' അഭിനന്ദിക്കപ്പെടേണ്ട, കാണുകയും കയ്യടിക്കുകയും ചെയ്യേണ്ട സിനിമ തന്നെയാണ്. കേവലം ഉള്ളുപൊള്ളയായ പ്രണയ സല്ലാപമല്ല കഥാപാത്രങ്ങളായ അനീഷും അഞ്ജനയും തമ്മിലുള്ളത്. അതില്‍ കാലവും അനുഭവവും വിമര്‍ശനവും ചിന്തയും ജീവിതസങ്കല്പവുമുണ്ട്. തിരുത്തലും പൊള്ളലും വെളിപ്പെടലുമുണ്ട്.
യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഒരു രാത്രി മുഴുവന്‍ നഗരത്തിലൂടെ നടന്ന്, പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അവരുടെ വീക്ഷണങ്ങള്‍ പങ്കുവെച്ചും പരസ്പരം കണ്ടെത്തിയും ആഴമുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ആ ചിത്രത്തിന്റെ കാതല്‍. ഒറ്റ രാത്രിയുടെ സൂര്യോദയത്തോടെ ആ ബന്ധം അവസാനിക്കുമോ എന്ന ആകാംക്ഷയാണ് ആ സിനിമയുടെ കരുത്തും സൗന്ദര്യവും.
'മിനിമലിസ്റ്റ് സമീപനം' അല്ലെങ്കില്‍ 'മിനിമലിസം' ശക്തമായ ആഖ്യാന രീതിക്ക് വഴിയൊരുക്കാറുണ്ടെന്ന് പറയാനാണ് രണ്ട് സിനിമകളെ ഉദാഹരണമായി പറഞ്ഞത്. സൗഹൃദം, പ്രണയം, കൂടിച്ചേരല്‍ എന്നത് സിനിമയിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇതിവൃത്തമായിരിക്കുമ്പോള്‍ തന്നെ ഇത്തരം ഉള്ളടക്കത്തിലെ സാധ്യതകള്‍ മുന്നോട്ട് വെയ്ക്കുന്ന ആഘോഷം, ഡ്രാമ, സംഘര്‍ഷം എന്നിവയുടെ സാധ്യതകളാണ് നമ്മുടെ സിനിമ ചെറുപ്പത്തിന്റെ പ്രണയത്തെയും സൗഹൃദത്തെയും മുന്‍നിര്‍ത്തി അവതരിപ്പിച്ച് വന്നിട്ടുള്ളത്. അതിനാല്‍, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ഇത്തിരി നേര'ത്തിലെ പ്രണയാത്മാക്കളെ മലയാളികള്‍ക്ക് സിനിമയില്‍ അത്ര പരിചയമുണ്ടായിരിക്കണമെന്നില്ല.
മിനിമലിസം എന്നാല്‍ 'കുറഞ്ഞത്, കൂടുതല്‍' (Less is more) എന്ന ആശയമാണ്. അനാവശ്യമായ ബഹളങ്ങളോ, അമിതമായ ആഡംബരങ്ങളോ ഒഴിവാക്കി, കഥയുടെ കാമ്പ് പ്രേക്ഷകരിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്. മിനിമലിസ്റ്റ് സമീപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം, കാണികള്‍ കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാവണം. മിനിമലിസ്റ്റ് സിനിമകളില്‍ കൂറ്റന്‍ സെറ്റുകളോ, അതിവിപുലമായ ആക്ഷന്‍ രംഗങ്ങളോ ഉണ്ടാകാറില്ല. പകരം, കഥാപാത്രങ്ങളുടെ ആന്തരിക വികാരക്ഷോഭങ്ങള്‍ക്കും, മാനസിക സംഘര്‍ഷങ്ങള്‍ക്കും അവരുടെ സംഭാഷണങ്ങള്‍ക്കും ആയിരിക്കും പ്രാധാന്യം. ഇത്, കാണികളെ കഥാപാത്രങ്ങളെ ആഴത്തില്‍ അറിയാനും, അവരുടെ ചിന്തകളെയും വികാരങ്ങളെയും അടുത്തറിയാനും സഹായിക്കുന്നു. ഇത്തരം ചിത്രങ്ങളുടെ ആകര്‍ഷണ ഘടകം കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ ആഴമാണ്, അല്ലാതെ സംഭവബാഹുല്യമല്ല.
യാഥാര്‍ത്ഥ്യബോധത്തിലൂന്നി കൃത്രിമമായ പ്രകാശ സങ്കലന രീതികള്‍ ഒഴിവാക്കിയും, അമിതമായ പശ്ചാത്തല സംഗീതം ഒഴിവാക്കി ഏതാണ്ട് ജീവിതം പോലെ തന്നെ ലളിതവും സ്വാഭാവികവുമായി സിനിമയെ അവതരിപ്പിക്കുന്നത് വഴി, കാണികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ജീവിതം കാണുന്ന അനുഭവം തന്നെ ലഭിച്ചെന്ന് വരാം. സാധാരണ ജീവിതത്തിലെ നിസ്സാരമെന്ന് തോന്നുന്ന സംഭാഷണങ്ങള്‍ പോലും വലിയ വൈകാരികഭാരം ഉള്‍ക്കൊള്ളുന്നവയായി മാറുന്നു. ദുഃഖം, സന്തോഷം, പ്രണയം എന്നിവയെല്ലാം വളരെ നിയന്ത്രിതമായി അവതരിപ്പിക്കുമ്പോള്‍ കാണുന്നവരില്‍ അതിന് കുറേക്കൂടി കൂടുതല്‍ ഉയര്‍ന്ന വൈകാരികമായ തലം ലഭിക്കും. ഒരു ചെറിയ ഭാവം, ഒരു നോട്ടം, അല്ലെങ്കില്‍ ഒരു നിശബ്ദത പോലും ശക്തമായ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഈ ശൈലിയില്‍ സംവിധായകന്‍ ഉപയോഗിച്ചേക്കാം.
അതിശയങ്ങളുടെ വേനല്‍, ദായം എന്നിവ കഴിഞ്ഞ് 'ഇത്തിരി നേര'ത്തിലെത്തുമ്പോള്‍ പ്രശാന്ത് വിജയ് സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകളും അതിലെ സ്റ്റോറി ടെല്ലിംഗ് മെത്തേഡുകളും കൂടുതല്‍ കാണികളെ ഇരുത്തി കാണിക്കും വിധം തഴക്കമുള്ള ഒരാളായി വളര്‍ന്നിരിക്കുന്നു
ചുരുക്കത്തില്‍, സിനിമയിലെ മിനിമലിസ്റ്റ് സമീപനം എന്നത് സാങ്കേതിക തികവിനേക്കാളും, ദൃശ്യവിസ്മയത്തേക്കാളും, കഥാപാത്രങ്ങളുടെ ഉള്ളിലേയ്ക്കും അവരുടെ ബന്ധങ്ങളിലെ സത്യസന്ധതയിലേക്കും കാണികളെ കൂടുതല്‍ അടുപ്പിക്കുന്ന, ഒരു കലാപരമായ സാധ്യതയാണ്. സംഭവവികാസങ്ങളേക്കാള്‍ സംഭാഷണ കേന്ദ്രീകൃതമാകുന്നു എന്നതാണ് വേണമെങ്കില്‍ ഇത്തരം ആഖ്യാനരീതിക്ക് പറയാവുന്ന ന്യൂനത. 'ഇത്തിരി നേര'ത്തിലേക്ക് വരുമ്പോള്‍ അതിനെ മറികടക്കാനെന്നവണ്ണം സിനിമ മധ്യഭാഗത്ത് ഒരു നരേറ്റിവ് ഷിഫ്റ്റ് നടത്തുന്നുണ്ട്. ഉദ്വേഗവും ഒപ്പം ചിരിയും കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ തുടങ്ങിയിടത്തേക്ക് തന്നെ തിരികെ പോകുന്നുവെങ്കിലും ചിത്രാരംഭത്തിലെ ഭാവം ഇടയ്‌ക്കൊന്ന് അയഞ്ഞുപോയി എന്ന രീതിയില്‍ കാണികളില്‍ ചിലരെങ്കിലും അതിനെ വിലയിരുത്തിയാല്‍ കുറ്റം പറയാനാകില്ല. 'ഇത്തിരി നേരം' അഭിനന്ദിക്കപ്പെടേണ്ട, കാണുകയും കയ്യടിക്കുകയും ചെയ്യേണ്ട സിനിമ തന്നെയാണ്. കേവലം ഉള്ളുപൊള്ളയായ പ്രണയ സല്ലാപമല്ല കഥാപാത്രങ്ങളായ അനീഷും അഞ്ജനയും തമ്മിലുള്ളത്. അതില്‍ കാലവും അനുഭവവും വിമര്‍ശനവും ചിന്തയും ജീവിതസങ്കല്പവുമുണ്ട്. തിരുത്തലും പൊള്ളലും വെളിപ്പെടലുമുണ്ട്. അതുകൊണ്ടായിരിക്കും സംഗതി കണക്ടായി, കണ്ട് ഹാപ്പിയായ, സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ച് പങ്കുവെച്ച ഭൂരിഭാഗവും ഏതാണ്ടൊരു മുപ്പതുകള്‍ക്ക് മുകളില്‍ ഓടിക്കൊണ്ടിരിക്കുന്നവരായത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാലുപേരും ഒന്നാന്തരമായിട്ടുണ്ട്. റോഷന്റെയും സെറിന്‍ ഷിഹാബിന്റെയും നന്ദുവിന്റെയും ആനന്ദ് മന്മഥന്റെയും മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ നിശ്ചയമായും ഇനി മുതല്‍ 'ഇത്തിരി നേര'വും ഉണ്ടാകും. ഷെറിന്‍ ശിഹാബ് മലയാള സിനിമ കൂടുതല്‍ കൂടുതല്‍ പരിഗണിക്കേണ്ട ഒരു പേരായും റോഷന്‍ മാത്യു കൂടുതല്‍ കൂടുതല്‍ ആഴമുള്ള കഥാപാത്രങ്ങളിലേക്ക് ടേക്ക് ഓഫ് ചെയ്യാന്‍ പരുവപ്പെട്ടതായും നമുക്ക് അനുഭവപ്പെടും.
പശ്ചാത്തല സംഗീതം സിനിമയില്‍ വയറിളക്കാനുള്ള മരുന്നുപോലെ ഉപയോഗിക്കരുതെന്ന സങ്കല്‍പ്പമുള്ളയാളായി സംഗീതസംവിധായകന്‍ ബേസിലിനെ കുറിച്ച് മുന്‍ ചിത്രങ്ങളില്‍ നിന്നുതന്നെ തോന്നിയിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളെല്ലാം കൂടുതല്‍ തിയറ്ററുകളെയും കാണികളെയും ലക്ഷ്യം വെയ്ക്കാത്ത നീഷ് ഓഡിയന്‍സിന് വേണ്ടിയുള്ള സിനിമകളായിരുന്നു. അവിടെ മാത്രമല്ല തനിക്ക് ഇവിടെയും പിടിയുണ്ടെന്ന് ബേസില്‍ പാട്ടിലൂടെയും അതിന്റെ വരികളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും ഈ ചിത്രത്തില്‍ തെളിയിച്ചത് കരിയറില്‍ അതിവേഗം ബഹുദൂരം പോകാനാകട്ടെ എന്ന വിധം ഫലം ചെയ്യട്ടെയെന്ന് ആശിക്കുന്നു. ചിത്രത്തിലെ ചില പാട്ടുകള്‍ നമ്മള്‍ ആവര്‍ത്തിച്ച് മൂളുകയും വരികള്‍ ഓര്‍ക്കുകയും ചെയ്‌തേക്കും.
അതിശയങ്ങളുടെ വേനല്‍, ദായം എന്നിവ കഴിഞ്ഞ് 'ഇത്തിരി നേര'ത്തിലെത്തുമ്പോള്‍ പ്രശാന്ത് വിജയ് സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകളും അതിലെ സ്റ്റോറി ടെല്ലിംഗ് മെത്തേഡുകളും കൂടുതല്‍ കാണികളെ ഇരുത്തി കാണിക്കും വിധം തഴക്കമുള്ള ഒരാളായി വളര്‍ന്നിരിക്കുന്നുവെന്നത് എഴുത്തിലും വായനയിലും സിനിമയിലും നടത്തിയ നിരീക്ഷണത്തിന്റെയും മനസ്സിലാക്കാന്‍ മാറ്റിവെച്ച നീണ്ടകാലത്തിന്റെ തിരുശേഷിപ്പ് തന്നെ എന്നതില്‍ സംശയിക്കാനില്ല.
സിനിമ വിജയിക്കേണ്ടത് തിയറ്ററില്‍ തന്നെയാകുന്നതാണ് പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്ക് നല്ലത് എന്നതിനാല്‍ തീര്‍ച്ചയായും റെക്കമന്റ് ചെയ്യുന്നു. വിശേഷിച്ചും ഏതെങ്കിലും കാലത്ത് പ്രണയ രോഗം ബാധിച്ച് വീണുപോയവര്‍ക്കും പിന്നീട് എണീറ്റ് നില്‍ക്കാന്‍ പറ്റിയവര്‍ക്കും പറ്റാതെ പോയവര്‍ക്കും ആ വസന്തം തുടരുന്നവര്‍ക്കും.