പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം
അവർ വീണ്ടും ഒന്നിച്ചാൽ എന്താവും എന്ന് അറിയാമോ? ബ്ലാസ്റ്റ്...! മമ്മൂട്ടിയും മോഹൻലാലും കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ടീസർ ഏതാനും ആഴ്ചകൾക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ടീസറിലെ ഓരോ ഷോട്ടും സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ്.
മഹേഷ് നാരായണന്റെ അസോസിയേറ്റ് എഡിറ്ററായി കരിയർ ആരംഭിച്ച രാഹുൽ, ബി 32 മുതല്‍ 44 വരെ, അറിയിപ്പ്, തലവര തുടങ്ങിയ സിനിമകളുടെ എഡിറ്ററാണ്. പാട്രിയറ്റ് എന്ന സിനിമയുടെയും തന്റെ മറ്റു സിനിമകളുടെയും വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് രാഹുൽ രാധാകൃഷ്ണൻ.
എന്താണ് പാട്രിയറ്റ്?
ടീസറിൽ പ്രേക്ഷകർ കാണുന്നത് പോലെ, സ്ഥിരം മസാല ഫോർമാറ്റുകൾക്കപ്പുറം ഒരു മഹേഷ് നാരായണൻ ചിത്രം തന്നെയായിരിക്കും പാട്രിയറ്റ്. ഒരു തട്ടുപൊളിപ്പൻ മസാല സിനിമയായിരിക്കില്ല, പക്ഷേ ഒരു ഗംഭീര എന്റർടെയ്നർ തന്നെ പ്രതീക്ഷിക്കാം.
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ
ഹരികൃഷ്ണൻസ്, ട്വന്റി 20 എന്നിവ കണ്ടുവളർന്ന ഒരാൾക്ക് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന സീക്വൻസുകൾ എഡിറ്റ് ചെയ്യാൻ കഴിയുക ഭാഗ്യം തന്നെയാണ്. അതിനെ ഭാഗ്യം എന്നോ നേട്ടം എന്നോ വിളിക്കാം.
ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചുള്ള അധികം രംഗങ്ങൾ ചിത്രീകരിച്ചിട്ടില്ല. അവ ഇനി ഷൂട്ട് ചെയ്യാനുണ്ട്. ശ്രീലങ്കൻ ഷെഡ്യൂളിലാണ് അവരുടെ കോമ്പിനേഷൻ സീൻ ഷൂട്ട് ചെയ്തത്. ആ സമയത്ത് ഞാൻ തലവരയുടെ വർക്കുകളിലായിരുന്നു. അതിനാൽ അത് നേരിൽ കാണാൻ കഴിഞ്ഞില്ല. എന്നാൽ ആ സീനിന്റെ ഫൂട്ടേജ് കണ്ടപ്പോൾ... അതൊരു ലൈഫ് ടൈം മൊമെന്റായിരുന്നു.
ആ രംഗം ടീസറിൽ ഉണ്ട്. ആ രംഗം ടീസറിൽ കണ്ടപ്പോൾ പ്രേക്ഷകർക്ക് ലഭിച്ച ആ ‘ഹൈ’ ആദ്യം അനുഭവിച്ച ആളുകളിൽ ഒരാളാണ് ഞാൻ. “ഇത് സത്യമാണോ?” എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അത്.
സിനിമയുടെ ആദ്യ ടീസർ
ടീസർ റിലീസ് ചെയ്തത് കുറച്ച് നേരത്തെ ആയി പോയോ എന്ന ടോക്ക് ഉണ്ടായിരുന്നെങ്കിലും, മമ്മൂക്ക തിരിച്ചു വരുന്ന സമയത്ത് പ്രേക്ഷകർക്ക് ആ ആവേശം പകർന്നുതരാനായിരുന്നു ടീസർ പുറത്തിറക്കിയത്. ഒരു ദിവസം കൊണ്ടാണ് ആ ടീസർ എഡിറ്റ് ചെയ്തത്.
ടീസറിലെ ഫഹദിന്റെ നരേഷൻ
സിനിമയുടെ വർക്കുകൾ നടക്കുമ്പോൾ തന്നെ ചില രംഗങ്ങൾ കാണുമ്പോൾ “ഇത് ടീസറിൽ ചേർക്കേണ്ട സീൻ ആണ്” എന്ന് തോന്നും. അത്തരത്തിലുള്ളതായിരുന്നു ഫഹദ് നൽകുന്ന ആ നരേഷൻ.
പ്രേക്ഷകർ ടീസർ ഡീകോഡ് ചെയ്യുന്നത് കാണുമ്പോൾ
പ്രേക്ഷകർ ഡീകോഡ് ചെയ്യട്ടെ, അതിൽ സന്തോഷമുണ്ട്. വളരെ സൂക്ഷ്മമായി ചെയ്തിരിക്കുന്ന ഡീറ്റൈലിംഗുകൾ അവർ കണ്ടെത്തുമ്പോൾ അത്ഭുതം തോന്നും. മഹേഷേട്ടനെ സംബന്ധിച്ചിടത്തോളം, സ്പോയ്ലറുകളെ അദ്ദേഹം അത്ര പരിഗണിക്കുന്നില്ല. “കണ്ടന്റ് ആണ് സ്റ്റാർ” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മറ്റുള്ള സസ്പെൻസുകളുടെ ആയുസ് ആദ്യ ഷോ കഴിഞ്ഞാൽ തീരും എന്നാണ് അദ്ദേഹം പറയാറുള്ളത്.
ചില സിനിമകളുടെ ടീസറും സിനിമയുടെ കഥയും തമ്മിൽ യാതൊരു ബന്ധവുമുണ്ടാകില്ല. ആ രീതിയോട് മഹേഷേട്ടന് താൽപര്യമില്ല. ടീസർ ആയാലും ട്രെയ്ലർ ആയാലും പ്രേക്ഷകരെ കബളിപ്പിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
മമ്മൂട്ടിക്കൊപ്പം
അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയുടെ സെറ്റിലാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കണ്ടത്. വർഷങ്ങൾക്കിപ്പുറം എനിക്ക് ഒരു മമ്മൂട്ടി ചിത്രം ഇൻഡിപെൻഡന്റായി ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ നിയോഗമാണ്.
എനിക്ക് യാതൊരു വ്യത്യാസവും തോന്നിയില്ല. അദ്ദേഹം ഇപ്പോഴും ഫുൾ ഓൺ എനർജിയിൽ തന്നെയാണ്. സെറ്റിൽ നിന്ന് ഏകദേശം ഏഴ് മാസത്തോളം മാറി നിന്നിരുന്നെങ്കിലും, മാസങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത കാര്യങ്ങൾ വരെ അദ്ദേഹത്തിന് കൃത്യമായി ഓർമ്മയുണ്ട്. ഒരു രംഗത്തിൽ എന്തെങ്കിലും കണ്ടിന്യൂട്ടി മിസ്റ്റേക്ക് ഉണ്ടായാൽ അത് അദ്ദേഹം തന്നെ ഞങ്ങൾക്ക് ചൂണ്ടിക്കാണിക്കും. മമ്മൂക്ക ഫുൾ ഓൺ പവറിൽ തന്നെയാണ്.
പാട്രിയറ്റ് ഒരു മഹേഷ് നാരായണൻ സിനിമ
സിനിമയുടെ വിഷ്വലുകൾ മികച്ച നിലവാരത്തിലായിരിക്കും, അതിൽ സംശയമില്ല. വിഎഫ്എക്സ് ആവശ്യമായ സിനിമയാണിത്, എന്നാൽ നിങ്ങൾ കാണുന്ന സ്കെയിലിന്റെ പകുതിപോലുമാകില്ല യഥാർത്ഥ ബജറ്റ്. മഹേഷേട്ടൻ ഒരേസമയം സംവിധായകനും എഡിറ്ററുമാണ്. അതിനാൽ അനാവശ്യമായ ഒരു രംഗം പോലും അദ്ദേഹം ചിത്രീകരിക്കാറില്ല.
ഷൂട്ടും എഡിറ്റും ഒരുമിച്ച് നടക്കുന്നു
പാട്രിയറ്റിന്റെ ഷൂട്ടിനൊപ്പം തന്നെ എഡിറ്റിംഗും നടക്കുന്നു. സിനിമയുടെ ചിത്രീകരണം അവസാനിച്ച് ഒരു വാരത്തിനുള്ളിൽ തന്നെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയാക്കാനാകും. ഈ സിനിമയ്ക്ക് സ്പോട്ട് എഡിറ്റിംഗ് ഇല്ല. രണ്ട് എഡിറ്റർമാർ ഉള്ളതിനാൽ അതിന്റെ ആവശ്യം ഉണ്ടായില്ല.
എങ്ങനെ മഹേഷ് നാരായണനിലേക്ക്?
ഞാൻ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് മഹേഷേട്ടൻ അവിടെ ഒരു വർക്ക്‌ഷോപ്പിനായി എത്തിയിരുന്നു. അന്ന് എന്റെ വർക്ക് ഇഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം എന്നെ കൂടെ കൂട്ടിയത്. അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമ മുതലാണ് ഞാൻ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ എഡിറ്റ് ടീമിൽ ഞാനും മഹേഷേട്ടനും മാത്രമാണ്. പണ്ട് ഒരേസമയം നിരവധി സിനിമകൾ ചെയ്തിരുന്നപ്പോൾ അദ്ദേഹത്തിന്റെ ടീമിൽ അഞ്ചോ പത്തോ പേർ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് രണ്ടുപേരായി ചുരുങ്ങിയിരിക്കുന്നു.
ഏറ്റവും ചലഞ്ചിങ് ‘സി യു സൂൺ’
കോവിഡ് സമയത്ത് ഒരു ദിവസം മഹേഷേട്ടൻ എന്നോട് കൊച്ചിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ സി യു സൂണിന്റെ ഭാഗമാകുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എന്റെ അച്ഛൻ മരണപ്പെട്ടു. അതുകൊണ്ട് ആദ്യത്തെ കുറച്ച് ദിവസത്തെ ഷൂട്ടിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അതിന് ശേഷമാണ് ജോയിൻ ചെയ്തത്.
ഞാൻ ഇതുവരെ വർക്ക് ചെയ്തതിൽ ഏറ്റവും കഠിനമായ ചിത്രം സി യു സൂൺ ആയിരുന്നു. മറ്റേതെങ്കിലും സ്റ്റുഡിയോയുടെ സഹായം ലഭിച്ചില്ല. ആ സിനിമയുടെ എഡിറ്റിംഗ് പ്രക്രിയ വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു. അതും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടി വന്നു.
ഫഹദിന്റെ സ്റ്റുഡിയോ ഫ്ലാറ്റിലും അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലുമാണ് ആ സിനിമ മുഴുവൻ ഷൂട്ട് ചെയ്തത്. അവിടെ തന്നെയായിരുന്നു എഡിറ്റിംഗും മറ്റെല്ലാ വർക്കുകളും. സത്യത്തിൽ അതൊരു ടോട്ടൽ ഇൻ-ഹൗസ് പ്രൊഡക്ഷൻ ആയിരുന്നു.
‘മാലിക്’ തിയറ്റർ മിസ്സായ സിനിമ
സി യു സൂണിന് മുമ്പ് വർക്ക് ചെയ്ത സിനിമയാണ് മാലിക്. ആ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല എന്നതിൽ വിഷമമുണ്ട്.
മാലിക്കിന്റെ ചിത്രീകരണം പൂർത്തിയാക്കി നാലോ അഞ്ചോ ദിവസത്തിനുള്ളിൽ അതിന്റെ എഡിറ്റിംഗും പൂർത്തിയാക്കിയിരുന്നു.
അത് മഹേഷ് നാരായണന്റെ ശൈലി
മഹേഷേട്ടന്റെ സിനിമകളിലെല്ലാം ഷൂട്ടിനൊപ്പം എഡിറ്റിംഗും നടക്കും. ശരിക്കും പറഞ്ഞാൽ, ഒരു ഹോംവർക്ക് പോലെ എല്ലാ ദിവസവും കൃത്യമായി ചെയ്തു പോകുന്നതാണ് പതിവ്. സിനിമയുടെ ഷൂട്ട് പാക്കപ്പ് ആകുമ്പോൾ മുഴുവൻ ക്രൂവിനെയും ആ സിനിമ കാണിക്കും. അത് മഹേഷേട്ടന്റെ ശൈലിയാണ്. അതിനുശേഷവും എഡിറ്റിംഗ് വർക്കുകൾ തുടരും.
മഹേഷ് നാരായണനിൽ നിന്ന് പഠിച്ച പാഠങ്ങൾ
ജോലിയിൽ വലിയ അച്ചടക്കമുള്ളതും അച്ചടക്കം ആവശ്യപ്പെടുന്നതുമായ വ്യക്തിയാണ് മഹേഷ് നാരായണൻ. അതാണ് അദ്ദേഹത്തിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം. അതുപോലെ മറ്റുള്ള സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമകളിൽ ചില എഫക്ടുകൾ, ചില ട്രാൻസിഷൻസ് ഒക്കെ ചേർക്കുമ്പോൾ, 'ഈ കഥയിൽ എന്താണ് ഇതിന്റെ ആവശ്യകത' എന്ന് അദ്ദേഹം ചോദിക്കും. ആ ചോദ്യമാണ് നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും മാറ്റം വരുത്തുന്നത്.
പലപ്പോഴും ആളുകൾ ഒരു ട്രാൻസിഷൻ കണ്ടാൽ “അടിപൊളി എഡിറ്റാണ്” എന്ന് പറയുന്നത് കേൾക്കാം. പക്ഷേ അത് സിനിമയുടെ ആവശ്യത്തിനായിരിക്കണം, അലങ്കാരത്തിനാകരുത്. ഇപ്പോൾ ആളുകൾക്ക് ഇൻസ്റ്റാഗ്രാം എഡിറ്റിംഗ് ആണ് ആവശ്യം. എന്നാൽ ഇൻസ്റ്റാഗ്രാം എഡിറ്റിംഗ് അല്ല ഫിലിം എഡിറ്റിംഗ്.
'തലവര' പ്രിയപ്പെട്ടത്
ഞാൻ വർക്ക് ചെയ്തതിൽ കുറച്ച് വ്യത്യസ്തമായ സിനിമയായിരുന്നു തലവര. ഷൂട്ടിംഗ് സമയം മുതൽ ഞാൻ ആ സിനിമയ്ക്കൊപ്പം ഉണ്ടായിരുന്നു. വളരെ രസകരമായിരുന്നു അഖിലിന്റെ ഫിലിം മേക്കിങ് പ്രോസസ്. കഴിഞ്ഞ വാരമാണ് സിനിമ ഒടിടി റിലീസ് ചെയ്തത്. അതിന് പിന്നാലെ നിരവധിപ്പേർ ആ സിനിമയെ പ്രശംസിച്ചുകൊണ്ട് മെസ്സേജ് അയച്ചിരുന്നു. സത്യം പറയാല്ലോ, അതൊക്കെ കാണുമ്പോൾ കുറച്ച് വിഷമം തോന്നും. ആ സിനിമ തിയറ്ററിൽ വലിയ വിജയം നേടണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു.
അടുത്ത പ്രോജക്റ്റുകൾ
പാട്രിയറ്റ് കഴിഞ്ഞ് മഹേഷേട്ടൻ തന്നെ നിർമ്മിക്കുന്ന മറ്റൊരു സിനിമയുടെ ചർച്ചകൾ നടക്കുന്നു. പിന്നെ പാട്രിയറ്റ് തന്നെ വലിയൊരു പ്രൊജക്റ്റ് ആണല്ലോ.

