'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം
Published on

വ്യത്യസ്തമാർന്ന, കൗതുകമുണർത്തുന്ന പോസ്റ്ററുകളിലൂടെ മലയാളികൾക്ക് സുപരിചതമാണ് ഏസ്തറ്റിക്ക് കുഞ്ഞമ്മ, അരുൺ അജികുമാർ എന്നീ പേരുകൾ. പൂക്കാലം, പടക്കളം തുടങ്ങിയ സിനിമകളിലൂടെ അരുൺ എന്ന അഭിനേതാവിന്റെ മികവും പ്രേക്ഷകർ കണ്ടതാണ്. ഇപ്പോൾ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെ അരുൺ അജികുമാർ എന്ന നടനും ഏസ്തറ്റിക്ക് കുഞ്ഞമ്മ എന്ന പോസ്റ്റർ ഡിസൈനിങ് ടീമും ഒരുപോലെ കയ്യടി നേടുകയാണ്. ഈ വേളയിൽ ഡീയസ് ഈറേയിൽ വർക്ക് ചെയ്തതിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു അരുൺ അജികുമാർ.

'ഡീയസ് ഈറേ'യിലേക്ക്

കുറച്ച് വർഷങ്ങളായി രാഹുലേട്ടനുമായി (രാഹുൽ സദാശിവൻ) എനിക്ക് പരിചയമുണ്ട്. ഏസ്തറ്റിക്ക് കുഞ്ഞമ്മ ആരംഭിച്ച കാലം മുതൽ അദ്ദേഹത്തെ എനിക്ക് അറിയാം. ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളും ഞങ്ങളാണ് ചെയ്തത്. അദ്ദേഹം പറയുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ 'പുള്ളി പൊളിയാണല്ലോ' എന്നാണ് തോന്നാറുള്ളതും. ഭൂതകാലത്തിലെ ഷെയ്ൻ നിഗത്തിന്റെ പ്രകടനം എനിക്ക് ഏറെ ഇഷ്ടമാണ്. അത്തരം ഒരു കഥാപാത്രം ചെയ്യുക, അല്ലെങ്കിൽ അത്തരമൊരു വേഷത്തിലേക്ക് പരിഗണിക്കപ്പെടുക എന്നത് ഏതൊരു നടന്റെയും സ്വപ്നമാണ്. ഭൂതകാലത്തിന്റെ സമയം മുതൽ ഞാൻ അദ്ദേഹത്തോട് അഭിനയിക്കാൻ ഒരു അവസരം ചോദിച്ചിട്ടുമുണ്ട്. ഇപ്പ്രാവശ്യമാണ് എനിക്ക് അവസരം ലഭിച്ചത്.

ഈ കഥാപാത്രം ഒരു ഭാഗ്യം

ഒരു നടൻ എന്ന നിലയിൽ ഇത്തരമൊരു അവസരം ലഭിക്കുക എന്നത് അൽപ്പം ഷോക്കിങ്ങും അതേസമയം പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷം നൽകുന്ന കാര്യവുമാണ്. എന്റെ ഈ ഇനീഷ്യൽ കാലഘട്ടത്തിൽ തന്നെ ഇത്തരമൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമാണ്.

രാഹുൽ സദാശിവൻ എന്ന ഫിലിം മേക്കറിലുള്ള വിശ്വാസം

എനിക്ക് എന്നേക്കാൾ വിശ്വാസം രാഹുലേട്ടനെയായിരുന്നു. പല അഭിനേതാക്കളെയും വളരെ രസകരമായ രീതിയിൽ റീ ബ്രാൻഡ് ചെയ്തിട്ടുള്ള സംവിധായകനാണല്ലോ അദ്ദേഹം. ഭ്രമയുഗത്തിലെ സിദ്ധാർഥ് ഭരതന്റെ കഥാപാത്രം തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. അന്നുവരെ സിദ്ധുവേട്ടൻ ചെയ്തിരുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ മീറ്ററിലുളള കഥാപാത്രമായിരുന്നു അത്. അതിനാൽ തന്നെ രാഹുൽ സദാശിവൻ എന്ന സംവിധായകനൊപ്പം വർക്ക് ചെയ്യുമ്പോൾ എനിക്ക് ഈ കഥാപാത്രത്തെ നല്ല രീതിയിൽ തന്നെ പുൾ ഓഫ് ചെയ്യാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. അതുപോലെ ഇത്തരത്തിൽ ഏറെ ലെയറുകളുള്ള കഥാപാത്രം ചെയ്യണമെന്ന് ഏറെ നാളായി ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ ഈ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ കഴിയുമെന്ന വിശ്വാസവും ഉണ്ടായിരുന്നു.

ഫുട്ബോൾ കിക്ക് ചെയ്യുന്ന സീനിന് പ്രചോദനം റിയൽ ലൈഫിൽ നടന്ന സംഭവം

പ്രണവ് മോഹൻലാൽ എന്റെ കഥാപാത്രത്തെ കാണാൻ വരുന്ന രംഗത്തിലെ റിയാക്ഷൻസ്, എന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നാണ് ഞാൻ ഇൻസ്പയർ ചെയ്തത്. ഒരു സുഹൃത്തിന്റെ അച്ഛൻ മരിച്ച ദിവസം അവൻ ബീഹെവ് ചെയ്ത രീതികളായിരുന്നു ഈ സീൻ വായിക്കുമ്പോൾ എന്റെ മനസ്സിൽ വന്നത്. അവൻ ഒരു ഫുട്ബോൾ തട്ടികൊണ്ട്, തികച്ചും റാൻഡമായ കുറെ കാര്യങ്ങളായിരുന്നു ഞങ്ങളോട് സംസാരിച്ചത്. താൻ ഒട്ടും എഫക്ടഡല്ല എന്ന് കാണിക്കാനാണ് അന്ന് അവൻ ശ്രമിച്ചത്. അത് നേരിൽ കണ്ടിട്ട് ഞാൻ ട്രോമറ്റൈസ്ഡായി പോയി. രാഹുലേട്ടനോട് ഈ അനുഭവം ഞാൻ പങ്കുവെക്കുകയും ചെയ്തു. രാഹുലേട്ടന് ഇത് ഇഷ്ടമാവുമായും, അദ്ദേഹം ആ രംഗത്തിനായി ഒരു ഫുട്ബോൾ കൊണ്ടുവരികയുമൊക്കെ ചെയ്തു. മാത്രമല്ല ആ രംഗത്തിൽ 'നിനക്ക് ഇഷ്ടമുള്ളത് ചെയ്തോ' എന്നാണ് അദ്ദേഹം പറഞ്ഞതും.

മുന്നൊരുക്കങ്ങൾ അധികം ഉണ്ടായില്ല

ഈ കഥാപാത്രത്തിനായി വലിയ മുന്നൊരുക്കങ്ങൾ ഒന്നും എടുത്തിട്ടില്ല. കഥാപാത്രത്തിനായി രാഹുലേട്ടൻ തന്ന ഫീഡുകൾ ഗംഭീരമായിരുന്നു. കഥാപാത്രത്തിന്റെ മനസ്സിലൂടെ എന്തൊക്കെ കാര്യങ്ങൾ പോകുന്നുണ്ട് എന്നും എന്തുകൊണ്ട് കഥാപാത്രം ഇങ്ങനെ പെരുമാറുന്നു എന്നുമെല്ലാം അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. ആ ഫീഡുകൾ മതിയായിരുന്നു കഥാപാത്രം അവതരിപ്പിക്കാൻ. അതല്ലതെ ഞാൻ സ്വീകരിച്ച ഒരു മുന്നൊരുക്കം എന്തെന്നാൽ, ഈ സിനിമയുടെ സെറ്റിൽ ഞാൻ അധികം ആളുകളോട് ഒന്നും മിണ്ടിയിരുന്നില്ല. പരമാവധി ഒറ്റയ്ക്കിരിക്കാനാണ് ശ്രമിച്ചത്. പൊതുവെ ആളുകളോട് ഏറെ വർത്തമാനം പറയുവാനും ജോളി അടിച്ചിരിക്കുവാനും ആഗ്രഹമുള്ള ആളാണ് ഞാൻ. എന്നാൽ ഇവിടെ ടേക്കിന്റെ സമയത്ത് മാത്രമാണ് ഞാൻ സംസാരിച്ചത്.

രാഹുലേട്ടൻ നൽകിയ ബ്രീഫ് മാത്രം മതി

രാഹുലേട്ടൻ അതിഗംഭീര ആക്ടറാണ്. അദ്ദേഹത്തിന്റെ മനസ്സിൽ രു കഥാപാത്രത്തിന്റെ ജെസ്റ്ററുകൾ സംബന്ധിച്ച് വ്യക്തമായ ഒരു പിക്ചറുണ്ട്. കൈകളുടെ ചലനം മുതൽ നോട്ടം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹം സജഷൻസ് തരും. എന്നാൽ ചില സമയങ്ങളിൽ നമുക്ക് അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യവും നൽകും. ഏറെ ക്ലാരിറ്റിയുള്ള സംവിധായകനാണ് അദ്ദേഹം. അതാരാമത്തിൽ ഒരു മേക്കർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ കഥാപാത്രത്തെ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ കഴിയും. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് സ്ട്രെസ് അല്ല, സുഖമുള്ള ഒരു പ്രോസസായിരുന്നു.

'ഡീയസ് ഈറേ' പോസ്റ്ററുകളിൽ നിരവധി പരീക്ഷങ്ങൾ നടത്തിയിട്ടുണ്ട്

ഭൂതകാലം മുതൽ പോസ്റ്ററുകളുടെ കാര്യത്തിൽ ഏറെ ഫ്രീഡം നൽകുന്ന സംവിധായകനാണ് രാഹുലേട്ടൻ. ഈ സിനിമയുടെ വർക്കുകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ തിരക്കഥ എനിക്ക് വായിക്കാൻ നൽകിയിരുന്നു. ഈ സിനിമയുടെ നിർമ്മാതാക്കളും രാഹുലെട്ടനെ പോലെ വിഷനറിയാണ്. അതുപോലെ ഏസ്തറ്റിക്ക് കുഞ്ഞമ്മ ടീമും വളരെ അത്യുത്സാഹമുള്ള പിള്ളേരാണ്. അവരും ഓരോ കാര്യങ്ങളിലും ഏറെ റിസർച്ച് ചെയ്തിരുന്നു. കുറച്ച് സമയം എടുത്ത് തന്നെയാണ് ഓരോ പോസ്റ്ററും ക്രിയേറ്റ് ചെയ്തത്. പല പോസ്റ്ററുകളിലും ഞങ്ങൾ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിന് ധൈര്യം നൽകുന്ന സംവിധായകനും നിർമാതാവും ഒപ്പമുണ്ടാവുക എന്നതും ഒരു ഭാഗ്യമാണ്.

പോസ്റ്ററുകളിൽ ഒരു മുഖം മാത്രം

ഈ സിനിമയുടെ പോസ്റ്ററുകളിൽ ഒരു ബ്രാൻഡിംഗ് ഒരുക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. റെഡ്, ബ്ലാക്ക് കളറുകൾ പെട്ടെന്ന് ഡീയസ് ഈറേയുമായി കണക്ടഡ് ആകണമെന്ന പ്ലാൻ ആദ്യമേ മുതൽ ഉണ്ടായിരുന്നു. ഫോണ്ട് ചെയ്യുന്നതിലും ഒരു പ്ലാൻ ഉണ്ടായിരുന്നു. ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല, ഈ സിനിമയുടെ പോസ്റ്ററുകളിലെല്ലാം പ്രണവ് ചേട്ടന്റെ മുഖം മാത്രമേ ഞങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ. മറ്റൊരു അഭിനേതാവിനെയും കാണിച്ചിട്ടില്ല.

റെഡ് ടോൺ

പോസ്റ്ററുകളുടെ ആലോചന തുടങ്ങിയ സമയം നമുക്ക് ഒരു റെഡ് ടോൺ പിടിക്കണോ എന്ന് രാഹുലേട്ടൻ ഞങ്ങളോട് ചോദിച്ചിരുന്നു. ആ സമയം ചില സിനിമകളുടെ പോസ്റ്ററുകളിൽ റെഡ് ടോൺ ഉപയോഗിച്ചിരുന്നു. എനിക്കും മോണോക്രോമിൽ പോകുന്നതിനോട് വലിയ താല്പര്യമുണ്ടായിരുന്നു. എന്നാൽ ആ ഐഡിയ ഞങ്ങൾ പിന്നീട് ഉപേക്ഷിച്ചു. അങ്ങനെയാണ് നീല, കറുപ്പ് എന്നീ കളറുകൾ കൂടി ആഡ് ചെയ്യാൻ പ്ലാൻ ചെയ്തത്.

ലാലേട്ടൻ ഉൾപ്പടെ ഡി പി മാറ്റി

ഞങ്ങളുടെ ടീമിലെ കിഷോർ എന്ന പയ്യനാണ് ട്രെയ്ലർ റിലീസ് ചെയ്യുന്ന ദിവസം എല്ലാവരുടെയും ഡി പി റെഡ് കളർ ആക്കിയാലോ എന്ന ഐഡിയ കൊണ്ടുവന്നത്. 'ഇത് കുറച്ച ഓവർ ആകുവോ' എന്നായിരുന്നു രാഹുലേട്ടൻ ആദ്യം ചോദിച്ചതെങ്കിലും ഞങ്ങൾ അദ്ദേഹത്തെ പറഞ്ഞ് കൺവിൻസ് ചെയ്തു. പിന്നീട് ആണ് ലാലേട്ടനും ഒരു ഡി പി നമുക്ക് റെഡി ആക്കാം എന്ന് രാഹുലേട്ടൻ പറയുന്നത്. ഞങ്ങൾ ഉടൻ തന്നെ അത് ഡിസൈൻ ചെയ്തു കൊടുക്കുകയും ചെയ്തു.

ഇനി വരുന്ന സിനിമകൾ

സർവ്വം മായ, പാട്രിയറ്റ് എന്നീ സിനിമകളാണ് അടുത്തതായി ഞങ്ങൾ ചെയ്യുന്നത്. അത് കൂടാതെ തമിഴ്, തെലുങ്ക് സിനിമകളുണ്ട്. ഒരു ബോളിവുഡ് സിനിമയും ചെയ്യുന്നുണ്ട്.

പാട്രിയറ്റിനായി കാത്തിരിക്കുന്നു

ഞങ്ങളും ഏറെ എക്സൈറ്റഡായി കാത്തിരിക്കുന്ന പ്രൊജക്ടാണത്. അതിന്റെ ഫോട്ടോഷൂട്ട് വർക്കുകൾ ഒന്നും ആരംഭിച്ചിട്ടില്ല. മമ്മൂക്കയെയും ലാലേട്ടനെയും ഒരുമിച്ച് കാണാൻ കാത്തിരിക്കുകയാണ്. ആ സിനിമയുടെ വർക്കുകളിൽ എന്ത് പുതുമ പിടിക്കാം എന്ന ആലോചനകളുണ്ട്.

സർവ്വം മായ ഒരു പക്കാ നിവിൻ പോളി ചിത്രം

സർവ്വം മായ ഒരു ഫൺ മൂവി ആണ്. നിവിൻ ചേട്ടനെ വളരെ രസകരമായി പോട്രൈ ചെയ്തിരിക്കുന്ന സിനിമയാണത്. നിവിൻ ചേട്ടൻ-അജു ചേട്ടൻ കൊമ്പോയെ വീണ്ടും കാണാൻ ഞാനും ഏറെ എക്സൈറ്റഡാണ്. ആ ചിത്രത്തിൽ ഞാൻ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in