Film News

രണ്ടാം തവണയും ശരിയായില്ല, ഒടുവില്‍ ആ പാട്ട് കരഞ്ഞ് പാടേണ്ടി വന്നു: വിധു പ്രതാപ്

താൻ കരഞ്ഞു പാടിയ പാട്ടാണ് സ്വപ്നക്കൂടിലെ മറക്കാം എല്ലാം മറക്കാം എന്ന പാട്ട് എന്ന് ​ഗായകൻ വിധു പ്രതാപ്. പാടിയതിൽ സം​ഗീത സംവിധായകൻ മോഹൻ സിത്താരയ്ക്ക് പൂർണ തൃപ്തി വരാത്തതിനാൽ മൂന്ന് തവണയാണ് ആ പാട്ട് പാടാൻ സ്റ്റുഡിയോയിലെത്തിയത്. ശേഷം മൂന്നാം തവണ അത് ഓക്കെ ആക്കാൻ മോഹൻ സിത്താര പ്രയോ​ഗിച്ച ടെക്നിക്കിനെക്കുറിച്ചും വിധു പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വിധു പ്രതാപിന്റെ വാക്കുകൾ

മറക്കാം എല്ലാം മറക്കാം എന്ന ​ഗാനം ഞാൻ മൂന്ന് തവണ പാടിയിട്ടുണ്ട്. തൃശൂർ ചേതന സ്റ്റുഡിയോയിൽ വച്ചായിരുന്നു അതിന്റെ റെക്കോർഡിങ്. ആദ്യത്തെ തവണ പാടി. പിന്നെയും പാടി. പക്ഷെ, മോഹൻ സിത്താരയ്ക്ക് എത്ര പാടിയിട്ടും ആ ഇമോഷൻ കിട്ടുന്നില്ല. അദ്ദേഹം പറയുകയാണ്, നീ കരഞ്ഞ് പാട്.. കരഞ്ഞ് പാടി ഉള്ള ഇമോഷനെല്ലാം കൊടുക്ക്, എന്ന്. ഞാനോ, എന്നാൽ സാധിക്കുന്ന ഇമോഷൻസ് അത്രയും കൊടുത്ത് പാടുന്നുണ്ട്, പക്ഷെ, സമ്മതിക്കുന്നില്ല. അന്ന് ഞാൻ താമസിച്ചിരുന്നത് തിരുവനന്തപുരത്തായിരുന്നു. ഇന്ന് പാട്ട് പാടി ഞാൻ പോകും, പിന്നേം അടുത്ത ആഴ്ച വീണ്ടും വിളിക്കും. ഇങ്ങനെ രണ്ട് തവണ പോയി.

മൂന്നാമതും ഞാൻ പാടാൻ വന്നു. അന്ന് സ്റ്റുഡിയോയിലെ മുഴുവൻ ലൈറ്റും ഓഫ് ചെയ്തു. എന്നിട്ട് എനിക്ക് ലിറിക്സ് കാണാൻ വേണ്ടി മാത്രം സ്റ്റാൻഡിന്റെ അടുത്ത് ഒരു ചെറിയ ലൈറ്റ് വച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, നീ കരഞ്ഞ് പാട്.. എന്ന്. അങ്ങനെ കരഞ്ഞ് പാടിയ പാട്ടായിരുന്നു അത്. ശരിക്കും കരഞ്ഞില്ലെങ്കിലും എന്റെ പരമാവധി ഇമോഷൻ കൊടുത്താണ് ഞാനത് പാടിയത്. ഇമോഷൻ കുറച്ച് കൂടിയാലും കുഴപ്പമില്ല എന്നാണ് മോഹൻ സിത്താര പറഞ്ഞിരുന്നത്. കാരണം, സ്ക്രീനിൽ പൃഥ്വി അങ്ങനെയാണ് അത് പാടുന്നത്.

കമൽ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, ഭാവന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലെ ​ഗാനങ്ങൾക്ക് ഈണം നൽകിയത് മോഹൻ സിത്താരയാണ്. ചിത്രത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു. അതിൽ കുറച്ചുകൂടി വിരഹം തുളുമ്പുന്ന ​ഗാനമായിരുന്നു വിധു പ്രതാപ് പാടിയ മറക്കാം എല്ലാം മറക്കാം.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT