അസോസിയേറ്റ് ഡയറക്ടര്‍ക്ക് പോലും ഷൂട്ടിന് തൊട്ട് മുമ്പ് വരെ സീന്‍ കൊടുക്കാറില്ല; അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് മനോജ് കെ ജയന്‍

അസോസിയേറ്റ് ഡയറക്ടര്‍ക്ക് പോലും ഷൂട്ടിന് തൊട്ട് മുമ്പ് വരെ സീന്‍ കൊടുക്കാറില്ല; അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് മനോജ് കെ ജയന്‍
Published on

അടൂർ ​ഗോപാലകൃഷ്ണൻ തന്റെ സിനിമകളിൽ അഭിനേതാക്കൾക്ക് ഷൂട്ടിന് മുമ്പ് സീൻ പോലും വായിക്കാൻ കൊടുക്കാറില്ലെന്ന് നടൻ മനോജ് കെ ജയൻ. തന്റെ കഥാപാത്രങ്ങൾ എങ്ങനെ ചലിക്കണം എന്നതിനെക്കുറിച്ച് തനിക്ക് മാത്രമേ അറിയൂ എന്നും വിളിക്കുമ്പോൾ പറയുന്നത് പെർഫോം ചെയ്താൽ മതിയെന്ന കൂട്ടത്തിലാണ് അടൂർ ​ഗോപാലകൃഷ്ണനെന്നും ക്യു സ്റ്റുഡിയോയോട് മനോജ് കെ ജയൻ പറഞ്ഞു.

മനോജ് കെ ജയന്റെ വാക്കുകൾ

ഒരു കഥ കേൾക്കുമ്പോൾ ആ കഥാപാത്രം എങ്ങനെ ചെയ്യണം, ഏത് രീതിയായിരിക്കും എന്നൊക്കെയുള്ള ഒരു പ്രിപ്പറേഷൻ ഉണ്ടാകും എന്ന് വിനീത് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. ഇതിന് നേരെ ഓപ്പോസിറ്റ് ഞാൻ വലിയൊരു സ്കൂളിൽ കണ്ടിട്ടുണ്ട്. അടൂർ ​ഗോപാലകൃഷ്ണന്റെ സെറ്റിൽ. പുള്ളിക്കാരൻ ആർക്കും നേരത്തേ സീൻ കൊടുക്കാറില്ല. ഇത് ഞാൻ ഒരു തവണ അദ്ദേഹത്തോട് തന്നെ ചോദിച്ചിരുന്നു. 'സർ എന്തുകൊണ്ടാണ് സീൻ നേരത്തേ കൊടുക്കാത്തത്' എന്ന്. അദ്ദേഹം പറഞ്ഞത്. 'ഞാൻ കൊടുക്കാറില്ല. കാരണം, നിങ്ങൾക്ക് നേരത്തെ സീൻ തന്നുകഴിഞ്ഞാൽ, ആ കഥാപാത്രം എങ്ങനെ നടക്കണം, മുണ്ട് എങ്ങനെ മടക്കി കുത്തണം, ബീഡി എങ്ങനെ വലിക്കണം എന്നൊക്കെ നിങ്ങൾ തന്നെ അങ്ങ് തീരുമാനിക്കുവാ. എനിക്ക് അത് ആവശ്യമില്ല. എന്റെ കഥാപാത്രം എങ്ങനെ ചലിക്കണം എന്ന് എനിക്ക് മാത്രമേ അറിയൂ. ക്യാമറാമാൻ ലൈറ്റപ്പ് ചെയ്ത് റെഡിയാകുമ്പോൾ നിങ്ങളെ വിളിക്കും, അപ്പോൾ സീൻ തരും, നിങ്ങൾ പെർഫോം ചെയ്യുക. അത്ര മാത്രം മതി', എന്നാണ്.

ഞാൻ അപ്പോൾ തന്നെ അടൂർ സാറിനോട് പറഞ്ഞു, 'സർ നേരെ തിരിച്ചാണ് എംടി സാറിന്റെയും ഹരിഹരൻ സാറിന്റെയുമെല്ലാം സെറ്റുകളിൽ. പരിണയത്തിന്റെ സെറ്റിലേക്ക് ഞാൻ ചെല്ലുന്നത് എംടി, ഹരിഹരൻ, അസോസിയേറ്റ് എല്ലാം ഉള്ള സമയത്താണ്. അന്ന് വിനീത് അവിടെ ഒരു സീൻ ചെയ്യുകയായിരുന്നു. വന്നതും എംടി സാർ, ആ മനോജ് വന്നു അല്ലേ.. ഉണ്ണി നാരായണാ, ആ ഫുൾ സ്ക്രിപ്റ്റ് എടുത്ത് കൊടുക്ക്. നന്നായി വായിച്ച് നോക്ക്. നാളെ ഷൂട്ട് തുടങ്ങാം'. എന്നാണ് പറയുന്നത്. അടൂർ സാറിനോട് ഇത് പറഞ്ഞപ്പോൾ, 'ഓരോരുത്തരും ഓരോ രീതിയല്ലേ' എന്നായിരുന്നു മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in