
ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന സിനിമ രണ്ടാമത് ഒരു വട്ടം കൂടി കാണാൻ തോന്നിയിട്ടില്ലെന്ന് ഗായകൻ വിധു പ്രതാപ്. ഒരു തവണ കണ്ടപ്പോൾ തന്നെ അതിന്റെ ഫീൽ രണ്ടു ദിവസം നീണ്ടു നിന്നിരുന്നു എന്നും അത്തരം സിനിമകൾ രണ്ടാമത് കാണാൻ ശ്രമിക്കാറില്ലെന്നും വിധു കൂട്ടിച്ചേർത്തു. ചിത്രത്തിലെ 'കാട്ര് വെളിയിടൈ കണ്ണമ്മാ' എന്ന ഗാനം പാടിയതിലൂടെ അതിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും വിധു ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വിധു പ്രതാപിന്റെ വാക്കുകൾ
'കാട്ര് വെളിയിടൈ കണ്ണമ്മാ' എന്ന പാട്ടിലൂടെ തന്മാത്ര എന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചു. ലാലേട്ടനെ ഈയടുത്ത് കണ്ടപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപ്പോൾ ലാലേട്ടൻ തിരിച്ച് പറഞ്ഞു, 'ആ.. എനിക്ക് അറിയാം മോനേ...' എന്ന്. അത്രയും വലിയ ആളുകൾ വർഷങ്ങൾക്ക് ശേഷവും നമ്മുടെ പാട്ടുകൾ തിരിച്ചറിയുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു അംഗീകാരമാണ്. തന്മാത്ര പോലത്തെ സിനിമകൾ രണ്ടാമത് കാണാൻ എനിക്ക് സാധിക്കാറില്ല. ആ സിനിമ ഒരു തവണ കണ്ട് അതിന്റെ ഫീൽ എനിക്ക് രണ്ട് ദിവസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗുകളും സിനിമയുമെല്ലാം നമ്മുടെ പുറകേ നിൽക്കും. രണ്ടാമത് കാണാൻ സാധിച്ചില്ലെങ്കിലും ആ വലിയൊരു സിനിമയുടെ ചെറിയ ഭാഗമാകാൻ സാധിച്ചു എന്നത് തന്നെ ഭാഗ്യമാണ്. വിധു പ്രതാപ് പറഞ്ഞു
ആ സിനിമ ഒരു തവണ കണ്ട് അതിന്റെ ഫീൽ എനിക്ക് രണ്ട് ദിവസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗുകളും സിനിമയുമെല്ലാം നമ്മുടെ പുറകേ നിൽക്കും.
ബ്ലെസി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് തന്മാത്ര. അൽഷിമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിത്താര ഈണമിട്ട ചിത്രത്തിലെ പാട്ടുകളത്രയും ഹിറ്റുകളാണ്. മികച്ച മലയാള സിനിമയ്ക്കുള്ള ആ വർഷത്തെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ സിനിമ കൂടിയാണ് തന്മാത്ര. മാത്രമല്ല, ആ വർഷത്തെ അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. മികച്ച ചിത്രം, മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച സംവിധാനം, അർജുൻ ലാൽ എന്ന നവാഗത നടന് സ്പെഷ്യൽ ജൂറി പരാമർശം തുടങ്ങി അവാർഡ് നിശയിൽ തന്മാത്ര നിറഞ്ഞു നിന്നിരുന്നു.