കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്
Published on

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി അറിവും നൈപുണ്യമുള്ളതുമായ യുവതലമുറയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കരുത്താണ് ആഗോള നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. സംസ്ഥാനം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും യുവജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്.

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വമ്പന്‍ പദ്ധതികള്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ഇ.എസ്.ജി പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ യൂറോപ്യന്‍ കമ്പനികള്‍ കേരളത്തെ അതീവ താല്പര്യത്തോടെയായിരുന്നു നോക്കിയിരുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും അടുത്ത ഘട്ടത്തില്‍ കോഴിക്കോട്ടും ആഗോള നിലവാരത്തിലുള്ള ജി.സി.സി സിറ്റികള്‍ സ്ഥാപിക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഇതിനോടകം ഒപ്പുവെച്ചതായും ഇതിന്റെ പ്രതിനിധികള്‍ അടുത്ത ആഴ്ച കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് എ.ഐ, ബ്ലോക്ക് ചെയിന്‍, മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രി തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലാണ് കേരളം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റാഫേല്‍ കരാറില്‍ 345 കോടിയുടെ ഓര്‍ഡര്‍ ലഭിച്ച എസ്.എഫ്.ഒ ടെക്‌നോളജി പോലുള്ള കമ്പനികള്‍ കേരളത്തിന്റെ കരുത്താണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊരട്ടിയിലെ മോളിക്യൂള്‍ ബയോടെക് 100 കോടി വിറ്റുവരവിലേക്ക് വളര്‍ന്നതും തിരുവനന്തപുരത്തെ ജെന്റോബോട്ടിക്‌സ് 300 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി മാറിയതും കേരളത്തിലെ യുവസംരംഭകരുടെ വിജയഗാഥകളാണെന്ന് മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in