തുടരും തിരക്കഥ എഴുതുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും ഏറെ ആസ്വദിച്ച് ചെയ്ത ഭാഗമാണ് മോഹൻലാൽ താടിയെക്കുറിച്ച് പറയുന്നത് എന്ന് സംവിധായകൻ തരുൺ മൂർത്തി. ദേശിയ പുരസ്‌കാരം നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. മോഹൻലാലും ശോഭനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയ്ലർ പുറത്തു വന്നതിന് പിന്നാലെ ട്രെയ്ലറിൽ മോഹൻലാൽ ആർക്കാടാ എന്റെ താടിയോട് പ്രശ്നം എന്ന് ചോദിക്കുന്ന ഭാഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ താടിയെ വച്ചൊരു പ്ലേ നമ്മൾ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ അതിനെ വളരെ രസകരമായിട്ടാണ് എടുത്തത് എന്നും അത് ഷൂട്ട് ചെയ്യുമ്പോൾ ലാലേട്ടനും ശോഭന മാമും ഒരുപാട് ചിരിച്ചു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തരുൺ മുർത്തി പറഞ്ഞു.
തരുൺ മൂർത്തി പറഞ്ഞത്:
തിരക്കഥ എഴുതുമ്പോഴും, പറയുമ്പോഴും, ഷൂട്ട് ചെയ്യുമ്പോഴും ഞാൻ എൻജോയ് ചെയ്തിരുന്ന ഒരു ഭാഗമാണ് അത്. താടിയെ വച്ചൊരു പ്ലേ നമ്മൾ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹവും അത് രസമായിട്ടാണ് എടുത്തത്. ലാലേട്ടനും ശോഭന മാമും അത് ഷൂട്ട് ചെയ്യുമ്പോൾ ഭയങ്കര ചിരിയായിരുന്നു. ആ സീൻ ആണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് പറയാൻ വേണ്ടി ക്യാരവനിലേക്ക് പോയത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. എല്ലാരും ട്രോൾ ചെയ്യുന്നു, ഇനി നമ്മളും കൂടെ ചെയ്തേക്കാം എന്നാണ് ലാലേട്ടൻ പറഞ്ഞത്.
വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് തുടരും.ശൺമുഖൻ എന്ന ടാക്സി ഡ്രൈവർ ആയാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍.സുനിലും ചേര്‍ന്നാണ്.