Film News

'വാത്സല്യ'വുമായി മമ്മൂട്ടി, പതിനാല് വയസ്സിൽ താഴെയുള്ള 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ

പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നിർവ്വഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെയുളള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടും.

കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്ക് രാജഗിരിയിൽ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതി പ്രകാരം നടന്ന ആദ്യത്തെ ശസ്ത്രക്രിയ ആണ്. ഒരു ആരാധകൻ വഴി നിദയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി വിഷയത്തിൽ ഇടപെട്ടത് അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പദ്ധതിയുടെ ഭാഗമായി ഇനി 99 കുട്ടികൾക്ക് കൂടി അത്യാധുനിക ശസ്ത്രകിയകൾ നടത്തും. മുതിർന്നവർക്ക് മാത്രമായി ആരോഗ്യപദ്ധതികൾ നടപ്പാക്കുന്നതിൽ കാര്യമില്ലെന്നും കുട്ടികളുടെ കരുതൽ പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പദ്ധതിയുടെ പിറവിക്ക് പിന്നിൽ.

കുട്ടികളുടെ ആരോഗ്യപരിരക്ഷയിൽ നിർണായക ചുവടുവയ്പായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷയെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ പറഞ്ഞു. ഹൃദ്രോഗികളുടെ ശസ്ത്രക്രിയക്ക് സഹായം നൽകാൻ ആരംഭിച്ച ഹൃദ്യം പദ്ധതിയുടെ തുടർച്ചയാണ് വാത്സല്യം. 2022 മെയ് 25 ന് തുടക്കം കുറിച്ച ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൗജന്യമായും, എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാൻ കഴിഞ്ഞെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.

രാജഗിരി ആശുപത്രി പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ സർജറികൾ, കരളുമായി ബന്ധപ്പെട്ട കോളിഡോക്കൽ സിസ്റ്റ് സർജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷൻ സർജറി, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുളള സർജറി ഉൾപ്പെടെ പദ്ധതി വഴി ലഭിക്കുമെന്ന് രാജഗിരി അധികൃതർ അറിയിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT