ഐപിഎല്ലിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി, നേട്ടത്തില്‍ ക്രിസ് ഗെയിലിന് തൊട്ടു പിന്നില്‍, അതിവേഗത്തില്‍ ഐപിഎല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ പ്ലെയര്‍, ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, പ്രായം വെറും പതിനാല് വയസ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബോസ് ബേബി, വൈഭവ് സൂര്യവംശി.
ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനോട് രാജ്സ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടുന്നു. പതിനൊന്നാം ഓവറില്‍ ഗുജറാത്തിന് വേണ്ടി പന്തെറിയുന്നത് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. സ്‌ട്രൈക്ക് എന്‍ഡില്‍ ബാറ്റുമായി നില്‍ക്കുന്നത് പതിനാലുകാരനായ വൈഭവ് സൂര്യവംശി. റാഷിദ് ഖാന്റെ ബോളിനെ സിക്‌സ് പറത്തിക്കൊണ്ട് വൈഭവ് തന്റെ ആദ്യ സെഞ്ചുറി കുറിക്കുമ്പോള്‍ പരിക്കേറ്റ കാലുമായി വീല്‍ചെയറില്‍ ഇരിക്കുകയായിരുന്ന കോച്ച് രാഹുല്‍ ദ്രാവിഡും ആവേശത്തില്‍ ചാടിയെഴുന്നേറ്റ് കയ്യടിച്ചു, ഒരു നിമിഷത്തേക്ക് തന്റെ പരിക്ക് പോലും മറന്നുകൊണ്ട്. 35 ബോളില്‍ നിന്നാണ് വൈഭവ് ഐപിഎലില്‍ തന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. 2013ല്‍ ക്രിസ് ഗെയില്‍ എന്ന മാരക ബാറ്റര്‍ 30 ബോളില്‍ സെഞ്ചുറി തികച്ചുകൊണ്ട് എഴുതിച്ചേര്‍ത്ത ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡിന് തൊട്ടു പിന്നില്‍. അത് മാത്രമല്ല റെക്കോഡുകള്‍. യൂസഫ് പഠാന്‍ 37 ബോളുകളില്‍ നേടിയ സെഞ്ചുറിയായിരുന്നു ഇതു വരെ രണ്ടാം സ്ഥാനത്ത്. ഒരു ഇന്ത്യന്‍ പ്ലെയര്‍ നേടുന്ന ഏറ്റവും വേഗമേറിയ ഐപിഎല്‍ സെഞ്ചുറി കൂടിയായി വൈഭവിന്റെ സ്‌കോര്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും രപ്രായം കുറഞ്ഞ സെഞ്ചൂറിയന്‍ എന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കിക്കഴിഞ്ഞു. 18 വയസില്‍ വിജയ് സോള്‍ നേടിയ റെക്കോര്‍ഡാണ് പയ്യന്‍ തിരുത്തിക്കുറിച്ചത്. 17 ബോളില്‍ ഫിഫ്റ്റി തികച്ചുകൊണ്ട് ഐപിഎലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി നേടുന്ന അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ അഥവാ ദേശീയ ടീമില്‍ കളിച്ചിട്ടില്ലാത്ത താരം എന്ന റെക്കോര്‍ഡ് കൂടി അവന്‍ സ്വന്തം ഷെല്‍ഫില്‍ എത്തിച്ചു കഴിഞ്ഞു. ഋഷഭ് പന്തിന്റെ ലഖ്‌നൗവിനെ ഞെട്ടിച്ചുകൊണ്ടാണ് വൈഭവ് ഐപിഎലില്‍ അരങ്ങേറ്റം നടത്തിയത്. ഷര്‍ദൂല്‍ ഠാക്കൂറിനെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ തൂക്കിക്കൊണ്ട് തുടക്കം. 20 ബോളില്‍ 170 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 34 റണ്‍സെടുത്തുകൊണ്ടാണ് അവന്‍ വരവറിയിച്ചത്.
ഗുജറാത്തിനെതിരായ മാച്ചില്‍ അവന്‍ അടിച്ചു കൂട്ടിയത് 11 സിക്‌സുകളും 7 ഫോറുകളും. പയ്യന്റെ തല്ല് വാങ്ങിക്കൂട്ടിയവരെല്ലാം പ്രമുഖര്‍. ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, റാഷിദ് ഖാന്‍, കരീം ജനത്ത്, പ്രസിദ്ധ് കൃഷ്ണ. ഇഷാന്തിന്റെ ഒരോവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടിച്ചു കൂട്ടി. വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓവറുകളില്‍ രണ്ട് സിക്‌സുകളും ഒരു ഫോറും അവന്‍ പറത്തി. 38-ാം പന്തില്‍ പുറത്താകുമ്പോള്‍ വൈഭവിന്റെ സ്‌കോര്‍ 101 റണ്‍സ്. ഈ ഐപിഎലില്‍ പരാജയത്തില്‍ ആറാടിക്കൊണ്ടിരുന്ന രാജസ്ഥാന്‍ റോയല്‍സ് അവന്റെ ബാറ്റിന്റെ കരുത്തില്‍ എട്ട് വിക്കറ്റിന് ഗുജറാത്തിനെ കീഴടക്കുകയും ചെയ്തു. അതോടെ അവനൊരു വിളിപ്പേര് വീണു, ഐപിഎലിലെ ബോസ് ബേബി! അതേ പരിക്കിന്റെ പിടിയിലായ സഞ്ജു സാംസണിനും ക്യാപ്റ്റന്‍ സ്ഥാനത്തുള്ള റിയാന്‍ പരാഗിനും സാധിക്കാത്തത് സാധിച്ചെടുത്ത കുട്ടി ബോസ്.
2011 മാര്‍ച്ചില്‍ ബിഹാറിലാണ് വൈഭവിന്റെ ജനനം. എം.എസ്.ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വീണ്ടും ലോകകപ്പ് നേടിയ അതേ വര്‍ഷം. സമസ്തിപൂരില്‍ കൃഷിക്കാരനായ സഞ്ജീവ് സൂര്യവംശിയാണ് പിതാവ്. നാലാമത്തെ വയസില്‍ തന്നെ വൈഭവ് ക്രിക്കറ്റിലുള്ള കഴിവ് പ്രദര്‍ശിപ്പിച്ചു തുടങ്ങി. അത് കണ്ടറിഞ്ഞ സഞ്ജീവ് കൃഷിപ്പണി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ പിന്നെ അച്ഛനും മകനും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. പിന്നീട് സഞ്ജീവ് മകനെ അടുത്തുള്ള ബ്രജേഷ് ഝാ എന്ന കോച്ചിന് സമീപം അയച്ചു. കൂടുതല്‍ മെച്ചപ്പെട്ട പരിശീലനത്തിനായി പിന്നീട് പാട്‌നയില്‍ മനീഷ് ഓഝയുടെ അടുത്തെത്തി. 14 വയസില്‍ തന്നെ വിനു മങ്കാദ് ട്രോഫി, അണ്ടര്‍ 19 ചാലഞ്ചേഴ്‌സ് ട്രോഫി, എസിസി അണ്ടര്‍ 19 ഏഷ്യാ കപ്പ് എന്നിവയില്‍ തന്റെ പ്രതിഭ തെളിയിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച അവന്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ 58 ബോളില്‍ സെഞ്ചുറിയടിച്ചിരുന്നു.
ഐപിഎലിലെ നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരാണ് വൈഭവിനെ അഭിനന്ദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് അവന്റെ 13-ാം വയസില്‍ 1.1 കോടി രൂപയ്ക്ക് വൈഭവിനെ രാജസ്ഥാന്‍ വാങ്ങിയത്. അതും ഒരു റെക്കോര്‍ഡായിരുന്നു. ഐപിഎല്‍ ആരംഭിക്കുമ്പോള്‍ ജനിച്ചിട്ടു പോലുമില്ലാത്തവന്‍, ഐപിഎല്‍ കഴിയുമ്പോള്‍ സ്‌കൂളിലേക്ക് പോകേണ്ടവന്‍ ഐപിഎല്ലിനെ വിറപ്പിച്ച താരങ്ങളെയെല്ലാം വരച്ച വരയില്‍ നിര്‍ത്തിയിരിക്കുന്നു, അവന്റെ ബാറ്റിന്റെ കരുത്ത്‌കൊണ്ട്. പയ്യന്‍ ഐപിഎലിന്റെ മാത്രമല്ല, ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം തന്നെ തിരുത്തിക്കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.