ഷാജി എന്‍. കരുണ്‍; സംഗീതത്തെ ദൃശ്യങ്ങളാക്കിയ ചലച്ചിത്രകാരന്‍

ഷാജി എന്‍. കരുണ്‍; സംഗീതത്തെ ദൃശ്യങ്ങളാക്കിയ ചലച്ചിത്രകാരന്‍
Published on

ഷാജി എന്‍. കരുണിനെ ആദ്യം ഓര്‍മ്മ വരുന്നത് അരവിന്ദന്‍ സിനിമകളുടെ ഛായാഗ്രാഹകന്‍ എന്ന നിലയ്ക്കായിരിക്കും. അരവിന്ദന്റെ സിനിമകളില്‍ ഛായാഗ്രഹണത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പലപ്പോഴും വളരെ വിശദമായ, ഓരോ ദൃശ്യത്തിന്റെയും വിശദാംശങ്ങളില്‍ ഊന്നുന്ന ദൃശ്യാനുഭവം സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ സിനിമാട്ടോഗ്രഫി എന്ന സംഗതി പ്രയോജനപ്പെടുന്നത്. എനിക്കു പെട്ടെന്ന് ഓര്‍മ്മ വരുന്നത് കാഞ്ചനസീത എന്ന സിനിമതന്നെയാണ്. അതില്‍ രാമ ലക്ഷ്മണന്‍മാരായി അരവിന്ദന്‍ തെരഞ്ഞെടുത്തത് ഗോത്രവിഭാഗത്തില്‍ പ്പെട്ട രണ്ടു പേരെയാണ്. കാഞ്ചനസീതയെന്നാണ് സിനിമയുടെ ടൈറ്റിലെങ്കിലും നായികാസ്ഥാനത്തുള്ള സീത സിനിമയില്‍ നേരിട്ടു പ്രത്യക്ഷപ്പെടുന്നില്ല. പകരം സീതയെ പ്രകൃതി ആയിട്ടാണ് അതില്‍ സങ്കല്‍പിച്ചിട്ടുള്ളത്. നായികയായ പ്രകൃതിയുടെ- സീതയുടെ- സാന്നിധ്യം ആ സിനിമയില്‍ നമ്മള്‍ അനുഭവിക്കുന്നത് പ്രധാനമായും ദൃശ്യങ്ങളിലൂടെയാണ്. സിനിമാട്ടോഗ്രാഫിയുടെ അടിസ്ഥാനധര്‍മ്മങ്ങള്‍ക്കപ്പുറം ഇങ്ങനെയൊരു തലം കൂടിയുള്ള കാഞ്ചനസീത അതുകൊണ്ടുതന്നെ ഷാജി എന്‍. കരുണിനെ ഛായാഗ്രാഹകന്‍ എന്നതിനപ്പുറമുള്ള ഒരു നിലയില്‍ അടയാളപ്പെടുത്തുന്നു.

ആ ദൃശ്യങ്ങളുടെ മിഴിവ് നമുക്കു നല്‍കുന്നത് അസാധാരണമായ ഒരു അനുഭവമാണ്. 1970കളില്‍ മുഖ്യധാരയുടെ ഭാഗമായി ഉണ്ടായിട്ടുള്ള സിനിമകളില്‍നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും മറ്റും ചലച്ചിത്രങ്ങള്‍ എടുത്തതെന്നു നമുക്കറിയാം. അരവിന്ദന്റെ സിനിമകളില്‍ വേഗത എന്ന സംഗതിയെത്തന്നെ പരിചരിക്കുന്ന രീതി ഒന്നു വേറിട്ടതാണ്. അതതു കാലത്തിന്റെ വേഗതയ്‌ക്കൊപ്പം നീങ്ങുന്ന രീതി നമുക്ക് പലരുടെയും സിനിമകളില്‍ കാണാം. എന്നാല്‍ അരവിന്ദന്റെ സിനിമകള്‍ കാലത്തിന്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കുന്നതിനു പകരം ആ വേഗതയെ പ്രതിരോധിക്കാനെന്നതുപോലെ ഒരു മന്ദമായ ലയാത്മകത പുലര്‍ത്തുന്നു. അതോടൊപ്പംതന്നെ ഓരോ ദൃശ്യാനുഭവത്തിന്റെയും വിശദാംശങ്ങളിലും അവയുടെ വൈകാരികാനുഭവങ്ങളിലും ആഴത്തില്‍ അഭിരമിക്കുക എന്നതാണ് അവയുടെ പൊതുരീതി. ഇതേ സ്വഭാവം തന്നെയാണ് ഷാജി എന്‍. കരുണിന്റെ ഛായാഗ്രഹണത്തിനും ഉള്ളത്. അരവിന്ദന്റെ കാഞ്ചനസീതയായാലും കുമ്മാട്ടിയായാലും തമ്പോ എസ്തപ്പാനോ ആയാലും ആ രീതിയിലാണ് അദ്ദേഹവും കാലത്തെ സങ്കല്‍പിക്കുന്നതെന്ന് നമുക്കു തോന്നും. ഇതേ സ്വഭാവം തന്നെ അടൂരിന്റെയും മറ്റു പലരുടെയും സിനിമകളില്‍ കാണാം. സമാന്തര സിനിമകളുടെ ഛായാഗ്രാഹകന്‍ എന്ന നിലയ്ക്കാണ് ഷാജി എന്‍ കരുണിനെ നമ്മള്‍ അറിഞ്ഞിരുന്നത്. ആ സിനിമകളുടെ കലാപരതയ്ക്ക്, കലാമൂല്യത്തിന് ഏറ്റവും അധികം സംഭാവന നല്‍കുന്നതു തീര്‍ച്ചയായും ഛായാഗ്രഹണമാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

പിന്നീട് അദ്ദേഹം സ്വതന്ത്ര സംവിധായകനായപ്പോഴും ഇതേ കലാവിഷ്‌കാരത്തിന്റെ തുടര്‍ച്ച നമുക്കു കാണാം. സമാന്തരസിനിമ എന്നു നമുക്ക് അദ്ദേഹത്തിന്റെ സൃഷ്ടികളെ സാമാന്യവത്കരിക്കാനാവില്ല. അതതു സമയത്ത് സിനിമയില്‍ വന്ന പരിണാമങ്ങളെ അദ്ദേഹം സ്വാംശീകരിക്കുന്നുണ്ട്. പിറവി എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയിലെ കാണാതാകുന്നവര്‍ എന്ന പ്രധാനപ്പെട്ട പ്രമേയത്തിന് ആഴത്തിലുള്ള രാഷ്ട്രീയമാനമുണ്ട്. എഴുപതുകളിലെ ഇന്ത്യയുടെ വൈകാരികമായ രാഷ്ട്രീയാനുഭവമാണ് കാണാതാകല്‍. പല രൂപത്തിലുള്ള കലകളിലൂടെ, ആ കാലഘട്ടത്തിലെ കഥാകൃത്തുക്കളായായും കവികളായാലും നോവലിസ്റ്റുകളായാലും പല മാനങ്ങളില്‍ അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഡി.വിനയചന്ദ്രന്റെ കുഞ്ഞനുണ്ണി എന്ന കവിതയില്‍ കുഞ്ഞനുണ്ണി ഒരു അസാന്നിദ്ധ്യമാണ്. അത്തരം അസാന്നിധ്യങ്ങള്‍ ചലച്ചിത്രത്തിന്റെയും ഭാഗമായി മാറുന്നു. പിറവി എന്ന ചലച്ചിത്രം സംസാരിക്കുന്നത് ഈ പശ്ചാത്തലത്തിലുണ്ടാകുന്ന ഒരു അസാന്നിധ്യത്തെക്കുറിച്ചാണ്. അത് രാഷ്ട്രീയ അനുഭവമെന്ന നിലയ്ക്കുള്ള ഒരു അസാന്നിധ്യത്തെക്കുറിച്ചാണ്; അതു കൊണ്ടുവരുന്ന വ്യക്തിപരമായ സംഘര്‍ഷങ്ങളെക്കുറിച്ചാണ്.

അടിയന്തരാവസ്ഥക്കാലത്ത് കാണാതായ മകനെ തിരയുകയും കാത്തിരിക്കുകയും ചെയ്ത ഈച്ചരവാര്യരുടെ അനുഭവത്തെ ആ സിനിമ ഓര്‍മ്മിപ്പിക്കുന്നു. അല്ലെങ്കില്‍ അത്തരത്തില്‍ നമുക്ക് അറിയുന്ന, മാതാപിതാക്കളുടെ അനുഭവമെന്ന നിലയ്ക്കാണ് ആ സിനിമ നമ്മെ വൈകാരികമായി ഇന്‍ഫെക്ട് ചെയ്യുന്നത്. അത് ഒരാളുടെ അനുഭവമെന്നതിനേക്കാള്‍ കൂടുതല്‍ ഒരു കാലഘട്ടത്തിന്റെ അനുഭവമാണ്. അങ്ങനെയൊരു രാഷ്ട്രീയ ചലച്ചിത്രം കൂടിയാണ് പിറവി. പിറവിയുടെ മേക്കിംഗാണെങ്കിലും കഥാപാത്രങ്ങളുടെ അവതരണമാണെങ്കിലും അത്രത്തോളം സവിശേഷമാണ്. ആ രീതിയില്‍ ആ ചലച്ചിത്രം അംഗീകരിക്കപ്പെടുകയും ചെയ്തു. സംവിധായകന്‍ എന്ന നിലയ്ക്ക് ആദ്യത്തെ സിനിമയിലൂടെത്തന്നെ ഷാജി എന്‍. കരുണ്‍ സവിശേഷമായ നിലയില്‍ അടയാളപ്പെട്ടു. ഛായാഗ്രാഹകന്‍ എന്ന നിലയില്‍നിന്ന് അടുത്ത ഘട്ടത്തിലേക്ക് ഇതോടെ അദ്ദേഹം അനായാസം പ്രവേശിച്ചു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന സിനിമയാണ് പിറവി.

മൂന്നു സിനിമകളില്‍ അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. മൂന്നും വളരെ സവിശേഷമായിരുന്നു. ചലച്ചിത്രങ്ങള്‍ കണ്ടു മാത്രം പരിചയമുള്ള എനിക്ക് ആ കലയെ അടുത്തറിയാനുള്ള സാധ്യതയുണ്ടായത് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചലച്ചിത്രങ്ങളില്‍ ഒന്നായ വാനപ്രസ്ഥത്തില്‍. ചലച്ചിത്രം എന്ന നിലയില്‍ത്തന്നെ അതു വളരെ ശ്രദ്ധേയമായി. അതിനപ്പുറം കാരണം അതില്‍ പ്രവര്‍ത്തിച്ചവരൊക്കെത്തന്നെ അവരവരുടെ മേഖലകളില്‍ എണ്ണം പറഞ്ഞ കലാകാരന്മാരാണ്. തുടക്കക്കാരനായ എനിക്ക് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതു ചലച്ചിത്രരൂപത്തില്‍ എത്തുന്നതിനു മുന്‍പുള്ള കൂടിയിരിപ്പുകള്‍ ഓര്‍ക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്ത പ്രകാശ് മൂര്‍ത്തി, ശബ്ദമിശ്രണം നിര്‍വ്വഹിച്ച കൃഷ്ണനുണ്ണി, ഗൊദാര്‍ദിന്റെ സിനിമകളുടെയടക്കം ക്യാമറാമാനായിരുന്ന റെനത്തോ ബെര്‍ത്തോ, സംഗീതസംവിധാനം നിര്‍വ്വഹിച്ച ഉസ്താദ് സാക്കിര്‍ ഹുസൈന്‍, കഥകളിയെ അടിസ്ഥാനമാക്കിയുള്ള സിനിമയായതുകൊണ്ടുതന്നെ അതില്‍ അഭിനയിക്കാന്‍ വന്ന കഥകളിയിലെ ഏറ്റവും പ്രധാനപ്പെട്ട കലാകാരന്‍മാര്‍ എന്നിവരെല്ലാം പലപ്പോഴായി പങ്കുചേര്‍ന്ന ആ കൂടിയിരുപ്പുകള്‍തന്നെ വലിയൊരു കലാനുഭവമായിരുന്നു. കീഴ്പടം കുമാരന്‍നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കലാമണ്ഡലം ഗോപി, വെണ്മണി ഹരിദാസ്, കലാമണ്ഡലം കേശവന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിങ്ങനെ കഥകളി മേഖലയിലെ തന്നെ ഏറ്റവും വലിയ കലാകാരന്‍മാരാണ് ആ സിനിമയില്‍ പങ്കുകൊണ്ടത്. മോഹന്‍ലാല്‍, സുഹാസിനി എന്നിങ്ങനെ സിനിമയിലെതന്നെ പ്രഗല്‍ഭര്‍ വേറെയും. ആ സിനിമയുടെ സ്‌കെച്ചസ് ഒക്കെ തയ്യാറാക്കിയത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ മകന്‍ ദേവനും വെണ്മണി ഹരിദാസും കെ. ബി. രാജ് ആനന്ദും ഷാജി എന്‍ കരുണും ഒക്കെയൊരുമിച്ചുള്ള യാത്രകളും താമസസ്ഥലത്തെ ഉല്ലാസവേളകളുമൊക്കെ ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു.

ആ ചലച്ചിത്രവുമായി ബന്ധപ്പെട്ടു പല കാര്യങ്ങളിലും ഞാനും പങ്കുകൊണ്ടിട്ടുണ്ട്. അതിലൊന്ന് അതിലെ കഥാപാത്രങ്ങളുടെ സംഭാഷണ ഭാഗങ്ങള്‍ കഥകളി കലാകാരന്‍മാര്‍ സംസാരിക്കുന്ന രീതിയില്‍ ആക്കുക എന്നുള്ളതായിരുന്നു. അതിനായി കലാപണ്ഡിതനായ കെ. ബി. രാജ് ആനന്ദിനൊപ്പം ഞാനും കൂടി. കെ.ബി.രാജാനന്ദ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരാണ് ഞാന്‍ ആ ചലച്ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കാരണമായത് എന്നുകൂടി പറയട്ടെ. കഥകളി രംഗങ്ങള്‍ സമൃദ്ധമായിത്തന്നെ ആ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. കഥകളിയിലെ ഏതൊക്കെ രംഗങ്ങള്‍ സിനിമയില്‍ വേണമെന്ന് ഷാജി എന്‍. കരുണിനൊപ്പം രാജ് ആനന്ദും ഞാനും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താണു തീരുമാനിച്ചത്. അങ്ങനെ ആ ചലച്ചിത്രത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും ഇടപെട്ടിട്ടുണ്ട്. ടൈറ്റില്‍ ക്രെഡിറ്റ് വന്നത് ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതിയെന്ന നിലയ്ക്കാണ്. അതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുഹാസിനി സാമ്പ്രദായികമായ കഥകളിമട്ടിലല്ലാതെ ഒരു പുതിയ രീതിയില്‍, ഒരു നര്‍ത്തകിയുടെ- സ്ത്രീയുടെ- കാഴ്ചപ്പാടില്‍ എഴുതിയ കൃതി എന്ന രീതിയിലാണ് അതിലെ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. അത്തരത്തില്‍, 'കണ്ടുഞാന്‍ തോഴീ എന്‍ കാമാനുരൂപനെ', 'അര്‍ജ്ജുന വല്ലഭയല്ലയോ ഞാന്‍', 'കാമിനീ മമ മനോരഥഗാമിനീ' എന്നിങ്ങനെ മൂന്നു ഗാനങ്ങള്‍ ആ സിനിമയ്ക്കുവേണ്ടി എഴുതി.

അതിനപ്പുറം ആ ചലച്ചിത്രത്തിന്റെ തുടക്കം മുതല്‍ അതിനൊപ്പം സഞ്ചരിക്കാനും ഷൂട്ടിംഗില്‍ പങ്കെടുക്കാനും അവസരമുണ്ടായതുകൊണ്ട് ഷാജി എന്‍. കരുണുമായുള്ള ബന്ധം വളരെ ഗാഢമായി എന്നതാണു പ്രധാനം. നമുക്കെല്ലാം അറിയാവുന്നതു പോലെ അദ്ദേഹം മിതഭാഷിയാണ്. ക്ഷോഭിക്കുമ്പോള്‍പ്പോലും ആ സൗമ്യത അദ്ദേഹം കൈവിടാറില്ല. അങ്ങനെ വളരെ പതിഞ്ഞ മൃദുഭാഷിയായ ഒരാള്‍. വാസ്തവത്തില്‍ അതിലുമുണ്ട് അരവിന്ദന്റെ ഒരു തുടര്‍ച്ച. അരവിന്ദന്റെയായാലും ഷാജി എന്‍ കരുണിന്റെയായാലും പെരുമാറ്റ രീതികള്‍ അവരുടെ ചലച്ചിത്രത്തിന്റെ അടിസ്ഥാനസ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു തോന്നും. ആ രീതിയിലാണ് ഇടപെടലുകള്‍.

1997 കാലഘട്ടത്തിലാണ് വാനപ്രസ്ഥവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായത്. അതിനു ശേഷം പല സിനിമകളിലും പാട്ടെഴുതാന്‍ പലരും ക്ഷണിച്ചെങ്കിലും ഞാന്‍ അതിനു താല്‍പര്യം കാണിച്ചില്ല. കവിതയെഴുത്തില്‍ തുടരാനായിരുന്നു ഇഷ്ടം. എന്നാല്‍ 2013ല്‍ ഷാജി സാര്‍ അദ്ദേഹത്തിന്റെ സ്വപാനം എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതാന്‍ വീണ്ടും ക്ഷണിച്ചു. ഞാന്‍ അതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ''ഒരു മോഹിനിയാട്ടം കലാകാരിയും ഒരു ചെണ്ടക്കാരനും തമ്മിലുള്ള പ്രണയമാണ് ഇതിന്റെ പ്രധാനപ്പെട്ട പ്രമേയം; അതിനു മനോജ് തന്നെ പാട്ടെഴുതണം'' എന്ന് അദ്ദേഹം നിര്‍ബന്ധിച്ചു പറഞ്ഞതുകൊണ്ട് വീണ്ടും ഞാന്‍ പാട്ടെഴുതാന്‍ പുറപ്പെട്ടു. അതില്‍ ഗാനരചന ഞാനും സംഗീതം ശ്രീവത്സന്‍ ജെ. മേനോനുമായിരുന്നു. പാട്ടുകള്‍ നന്നായി ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ സിഡി കവര്‍ പേജില്‍ ഷാജി എന്‍ കരുണ്‍, ശ്രീവത്സന്‍ ജെ. മേനോന്‍, മനോജ് കുറൂര്‍ എന്നിങ്ങനെ ഗാനങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ടൈറ്റിലുകള്‍ കൊടുത്തിരുന്നത്. പോപ്പുലര്‍ ഹിറ്റ് എന്ന നിലയ്ക്കല്ലെങ്കിലും അതിലെ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടെന്ന് അനുഭവത്തില്‍നിന്നറിയാം. ഒരു മ്യൂസിക്കല്‍ ഫിലിം എന്ന നിലയ്ക്കാണ് അതു ശ്രദ്ധേയമായത്.

മ്യൂസിക്കല്‍ എന്ന് പറയാവുന്ന ആ സിനിമയ്ക്കുവേണ്ടി ആറു ഗാനങ്ങള്‍ എഴുതി. മഴവില്ലേ നിന്നെ കാണാതെ, ഒരുവേള രാവിന്നകം, പാലാഴി തേടും ദേവാംഗനേ, കളിയാണ് നീ ചൊന്നതെല്ലാം, മാധവമാസമോ, അന്തരംഗമീവിധം എന്നിവയാണ് അതില്‍ ഞാനെഴുതിയ ഗാനങ്ങള്‍. അതിലൊന്നിന് റേഡിയോ മിര്‍ച്ചിയുടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചു. ഗാനരചയിതാവ് എന്ന നിലയ്ക്ക് അടയാളപ്പെടാന്‍ കാരണമായത് സ്വപാനം എന്ന സിനിമയാണ്. ഗാനരചനയ്ക്കും സംഗീതത്തിനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടാണ് എന്നെയും കൂടി അദ്ദേഹം ആ ചലച്ചിത്രത്തില്‍ പങ്കുചേര്‍ത്തത്. ചെയ്യുമ്പോള്‍ എന്തെങ്കിലും പുതുമയുള്ളത് കൊണ്ടുവരണ്ടേ എന്ന് വിചാരിച്ച് വളരെ അപൂര്‍വ്വമായ ഒരു കേരളീയ താളത്തില്‍, കുണ്ടനാച്ചി താളത്തില്‍, നാടന്‍ താളത്തില്‍ എഴുതട്ടേ എന്ന് ചോദിച്ചു. അദ്ദേഹം പൂര്‍ണ്ണസമ്മതം തന്നു. പാട്ടുകള്‍ എഴുതിക്കഴിഞ്ഞ് അത് വായിച്ചാല്‍ ഷൂട്ടിംഗ് സമയത്ത് തന്നെ ഇന്‍സ്പയര്‍ ചെയ്യണം എന്നാണ് അദ്ദേഹം പറയുക. നിങ്ങള്‍ പൂര്‍ണ്ണമായിട്ട് എന്തു വേണമെങ്കിലും ചെയ്തോളൂ, ഞാന്‍ ഇടപെടുന്ന പ്രശ്നമേയില്ല എന്ന് പറയും. ഒരു വരിപോലും, ഒരു വാക്ക് പോലും അദ്ദേഹം തിരുത്താന്‍ പറഞ്ഞിട്ടില്ല. പകരം അദ്ദേഹത്തിന് വിഷ്വലൈസ് ചെയ്യാന്‍ പാകത്തിനുള്ള, അദ്ദേഹത്തിന്റെ ചലച്ചിത്രത്തിന് അദ്ദേഹത്തിന്റെ സങ്കല്പത്തിനനുസരിച്ച് വിഷ്വലൈസ് ചെയ്യാനുള്ള വെല്ലുവിളി പാട്ടുകളില്‍ ഉണ്ടാകുന്നതാണ് താല്‍പര്യം എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് നമുക്ക് മനസിലാകുക.

ഒരുതരം ഫിലസോഫിക്കലായ തലത്തിലാണ് അദ്ദേഹം എല്ലാത്തിനെയും വ്യാഖ്യാനിക്കുന്നത്. തത്ത്വചിന്താപരമായ സങ്കല്പനങ്ങളും കാവ്യാത്മകമായ നിരീക്ഷണങ്ങളും മെറ്റഫറുകളുമൊക്കെ സമൃദ്ധമായി കടന്നുവരുന്നതെങ്കിലും മുറിഞ്ഞതും മുഴുവനാകാത്തതുമായ വാചകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയില്‍ വേണ്ടതെന്തെന്നു വിശദീകരിക്കുക. പലപ്പോഴും നമുക്ക് ആലോചിച്ചാല്‍ മാത്രമേ അദ്ദേഹം പറഞ്ഞത് എന്താണെന്ന് മനസിലാകൂ. ഏതു കാര്യത്തെയും യഥാതഥമല്ലാത്ത ഏതോ ദൃശ്യത്തിന്റെ ഭാഷയിലാണ് അദ്ദേഹം സങ്കല്‍പിക്കുന്നതെന്ന് തോന്നും. ഒരു ലിറിക്സ് റൈറ്റര്‍ എന്ന രീതിയില്‍ എന്തൊക്കെ ചെയ്യണമെന്നുപോലും ആ രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. സന്ദര്‍ഭങ്ങളെ വിശദീകരിക്കുന്നതും അങ്ങനെ തന്നെ. ഏതെങ്കിലുമൊരു കഥ എടുത്തിട്ട് ഇന്ന രീതിയിലാണ് അത് ചെയ്യേണ്ടത് എന്നല്ല അദ്ദേഹം പറയുന്നത്. സ്‌ക്രിപ്റ്റിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പാട്ടിനെയും കണക്കാക്കുന്നത്. ഞാന്‍ മറ്റു ചില സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥ എന്താണെന്ന് നമ്മളോട് ഷെയര്‍ ചെയ്യാന്‍ പോലും പല പ്രശസ്തരായ സംവിധായകര്‍ക്കും മടിയാണ്. അത് പോപ്പുലര്‍ സിനിമയുടെ രീതിയാണെങ്കില്‍ ഷാജി എന്‍ കരുണ്‍ അങ്ങനെയല്ല. സ്‌ക്രിപ്റ്റ് നമ്മുടെ മുന്നിലേക്ക് ഇട്ടുതരികയാണ്. എത്രത്തോളം വായിക്കാമോ അത്രയും വായിച്ച്, അതിനു പാകത്തിനുള്ള പാട്ടുകള്‍ എഴുതൂ എന്നാണ് അദ്ദേഹം പറയാറുള്ളത്. ഈ രീതിയിലുള്ള സ്വാതന്ത്ര്യമാണ് സംഗീതത്തിന്റെ കാര്യത്തിലും തന്നിട്ടുള്ളത്. ശ്രീവത്സന്‍ ജെ. മേനോനായിരുന്നു സംഗീതം. ഞങ്ങള്‍ക്ക് വളരെ ഫ്രീയായി, വളരെ ഒരു ക്രിയേറ്റീവ് മൂഡില്‍ തന്നെ, ഫ്രീയായിട്ട് അത് ചെയ്യാം. വേറെയാരെയും ബോധ്യപ്പെടുത്താനില്ല. നമ്മുടെ തന്നെ ഒരു ക്രിയേറ്റീവ് വര്‍ക്കായി വരുന്ന തരത്തിലാണ് ഞങ്ങളിരുവരും ചേര്‍ന്ന് ആ പാട്ടുകള്‍ ചെയ്തത്. അത്തരം സ്വാതന്ത്ര്യം ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉണ്ടാകുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് അദ്ദേഹത്തിന്റെ ചലച്ചിത്രത്തില്‍ നിന്ന് കിട്ടി. ഇതരകലകളോടുള്ള ആ സ്നേഹം അദ്ദേഹത്തിന്റെ സിനിമകളിലൊക്കെ കാണാന്‍ കഴിയും.

വാനപ്രസ്ഥം കഥകളിയെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ മറ്റു സിനിമകളില്‍ കേരളത്തിലെ മറ്റു കലകളുണ്ട്. ചെണ്ടക്കാരനാണ് സ്വപാനത്തിലെ നായകന്‍, നര്‍ത്തകിയാണ് അതിലെ നായിക. കുട്ടിസ്രാങ്കില്‍ ചവിട്ടുനാടകത്തിനു വലിയ പ്രാധാന്യമുണ്ട്. അങ്ങനെ കേരളത്തിന്റെ കലകളെ കേരളത്തിന് പുറത്തെത്തിക്കാനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ട്. വാനപ്രസ്ഥം ആണെങ്കില്‍ തന്നെ, അതിന്റെ സംഗീത സംവിധാനം സാക്കിര്‍ ഹുസൈനാണ്. അദ്ദേഹവുമായുള്ള ഇരിപ്പുകള്‍; അത്രത്തോളം മൂല്യമുള്ള പല അനുഭവങ്ങളും മദ്രാസില്‍ അതിന്റെ റെക്കോഡിംഗുമായി ബന്ധപ്പെട്ടാണ് ഉണ്ടായിട്ടുള്ളത്. അന്നാണ് വാസ്തവത്തില്‍ സാക്കീര്‍ ഹുസൈന്‍ ആരാണെന്ന് മനസിലാകുന്നത്. അത്രയേറെ പ്രതിഭാധനനായിട്ടുള്ള ഒരാള്‍. കഥകളിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ പോലും അദ്ദേഹം സംഗീതത്തെ കണ്‍സീവ് ചെയ്യുന്ന രീതി നമ്മളെ അദ്ഭുതപ്പെടുത്തിക്കളയും. തബലിസ്റ്റ് എന്നതിനേക്കാള്‍ കൂടുതല്‍ എല്ലാ നിലയിലും സംഗീതജ്ഞനാണ് സാക്കിര്‍ ഹുസൈന്‍. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സാക്കിര്‍ ഹുസൈനും ചേര്‍ന്ന് കേരളീയ വാദ്യങ്ങള്‍ കൊണ്ട് ഒരു സിംഫണി വാനപ്രസ്ഥത്തില്‍ ഒരുക്കുകയെന്നത് ഷാജി എന്‍. കരുണിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ വാനപ്രസ്ഥത്തില്‍ അങ്ങനെയൊരു സംഗതി ഉണ്ടായില്ല. സ്വപാനത്തിലും അത്തരത്തില്‍ ഒരു ശ്രമം അദ്ദേഹം നടത്തി. മേളങ്ങളുടെ വലിയ സെറ്റിങ് ഒക്കെയൊരുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ആ ആഗ്രഹം ഒരു പരിധിവരെ പൂര്‍ത്തീകരിച്ചത് സ്വപാനത്തിലൂടെയാണെന്ന് തോന്നുന്നു.

അതിനു ശേഷം അദ്ദേഹത്തിന്റെ അവസാന സിനിമയായ ഓളിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഒരു സങ്കടകരമായ അനുഭവം കൂടിയായി മാറുന്നുണ്ട് ആ സിനിമ. അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് ആ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ശ്രീവത്സന്‍ ജെ. മേനോനും ഞാനും. തുടക്കം മുതലുള്ള ചര്‍ച്ചകളില്‍ ഞങ്ങളുണ്ടായിരുന്നു. ടി.ഡി.രാമകൃഷ്ണനാണ് അതിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്. ആ തിരക്കഥ ഞങ്ങളെ ഏല്‍പിച്ച് അതിനെ മ്യൂസിക്കലായി എടുക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി പത്ത് പാട്ടുകളാണ് ഞാന്‍ എഴുതിയത്. പത്തു പാട്ടുകള്‍ക്കും ശ്രീവത്സന്‍ മനോഹരമായി സംഗീതം നല്കി. പാട്ടുകള്‍ പലതും തിരക്കഥയുടെ തന്നെ ഭാഗമാണ്. പരസ്പരമുള്ള സംഭാഷണം പോലും പാട്ടിലൂടെയാണ്. അങ്ങനെ ചെയ്യുകയെന്നത് വലിയൊരു ചാലഞ്ചായിരുന്നു. ഫ്രീവേഴ്സിന്റെ രീതിയിലൊക്കെയാണ് അത് ചെയ്തത്. താളാത്മകമായ, ഒരു പ്രത്യേക മീറ്ററിലില്ലെങ്കിലും മീറ്ററിന്റെ ഒരു ഛായയുണ്ടായിരിക്കും, എന്നാല്‍ സ്വതന്ത്രമായിരിക്കും. അത്തരത്തിലാണ് അതിലെ പല ഗാനഭാഗങ്ങളും. മ്യൂസിക്കലായി അത് ചെയ്യുന്നതിനായി തിരക്കഥയില്‍ത്തന്നെ പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. മാസങ്ങളോളം ആ ചലച്ചിത്രത്തിനായി വര്‍ക്ക് ചെയ്തതാണ്.

ചിത്രത്തിന്റെ നിര്‍മാണത്തിന് അന്തര്‍ദേശീയ തലത്തില്‍ ഒരു ഫ്രഞ്ച് കൊളാബറേഷനു വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ ചിത്രം മ്യൂസിക്കലായി എടുക്കാന്‍ താല്‍പര്യമില്ലെന്ന് ആ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ പറഞ്ഞു. അതുകൊണ്ട് പാട്ടുകള്‍ ഇതില്‍ വേണ്ട എന്ന കര്‍ശനമായ തീരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. ഞങ്ങള്‍ മാസങ്ങളോളം പരിശ്രമിച്ച് ചെയ്ത പത്തു പാട്ടുകളില്‍ ഒരെണ്ണം സൂചനയെന്ന വിധത്തില്‍ ഉള്‍ക്കൊള്ളിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. ഗാനരചനയെന്ന ക്രെഡിറ്റൊക്കെ വെച്ചിട്ടുണ്ടെങ്കിലും അവസാന ഘട്ടത്തില്‍ വരുന്ന ഒരു ചെറിയ പാട്ട് മാത്രമേ ചേര്‍ത്തിട്ടുള്ളു. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ്. ബുദ്ധമതത്തിന്റെ കേരള ട്രഡീഷനുമായി ബന്ധപ്പെട്ടാണ് ആ സിനിമയുടെ പ്രമേയം. എന്നാല്‍ വേണ്ട രീതിയില്‍ ആ സിനിമ ശ്രദ്ധിക്കപ്പെട്ടതായും എനിക്ക് തോന്നിയില്ല. പകരം മ്യൂസിക്കലായി വന്നിരുന്നെങ്കില്‍ വളരെ മഹത്തായ സിനിമയായാനെ എന്നുതന്നെയാണ് എന്റെ തോന്നല്‍. ആ ചിത്രത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ അതാണ്. അതൊരു മ്യൂസിക്കല്‍ ഡ്രാമയാണ്. ആ. സ്വഭാവം മാറിയപ്പോള്‍ ചിത്രംതന്നെ മറ്റൊന്നായിപ്പോയി.

അദ്ദേഹം പൂര്‍ണ്ണമായും ഒരു ചലച്ചിത്രകാരനാണ്. അദ്ദേഹത്തെ സംബന്ധിച്ച് ഏതു കലയെയും അദ്ദേഹം കാണുന്നത് ദൃശ്യങ്ങളായാണ്. അദ്ദേഹത്തിന്റെ ഒരു ദൃശ്യസങ്കല്പമുണ്ട്. അതിലൂടെയാണ് അദ്ദേഹം എന്തിനെയും കാണുന്നതെന്നു തോന്നിയിട്ടുണ്ട്. നമുക്ക് പലപ്പോഴും പ്രമേയത്തിലൊക്കെ ഏതെങ്കിലും പൊരുത്തപ്പെടായ്കകള്‍ തോന്നിയാലും അദ്ദേഹം അതിനെ കാണുന്നത് വേറൊരു തരത്തില്‍, ഒരു ആംഗിളില്‍ നിന്ന് ഒരു ഷോട്ട് ചിത്രീകരിച്ചാല്‍ അതിന് കിട്ടുന്ന ഒരു മിഴിവുണ്ട് എന്നൊക്കെയിരിക്കും. അതുകൊണ്ട് പലപ്പോഴും സാധാരണ ലോജിക്ക് വെച്ച് പലതിനെയും നമുക്കു മനസ്സിലാക്കാന്‍ പറ്റാതെ വരും. വാന്‍ഗോഗ് വരച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് വരയ്ക്കാന്‍ അറിയില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ വാന്‍ഗോഗ് ലോകത്തെ കാണുന്നത് അങ്ങനെയായിരുന്നു. ആ വ്യത്യസ്തമായ കാഴ്ചയാണ് വാന്‍ഗോഗ് ചിത്രങ്ങളില്‍ ഉള്ളതെങ്കില്‍ ഏകദേശം അങ്ങനെയൊരു സംഗതിയാണ് ഷാജി സാറിന്റെ ചിത്രങ്ങളിലും കാണാന്‍ കഴിയുന്നത്.

ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം ലോകത്തെ കണ്ടതുപോലെയാണ് ചലച്ചിത്രങ്ങളുടെയും ആവിഷ്‌കാരം നിര്‍വ്വഹിച്ചിട്ടുള്ളത്. ആ ലോകത്തിന് ആവശ്യമായ വരികളും സംഗീതവും ഒക്കെ കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച ഞങ്ങളുടെയൊക്കെ ധര്‍മ്മം എന്നു തോന്നുന്നു. സിനിമയെന്നാല്‍ ടെക്നോളജിയുമായി ചേര്‍ന്നു നില്‍ക്കുന്ന കലയാണ്. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കണ്ണിന്റെ കല എന്ന തരത്തിലാണ് സിനിമകള്‍ ചിത്രീകരിച്ചിട്ടുള്ളത്. സ്പെഷ്യല്‍ ഇഫക്ടുകളൊക്കെ വളരെ കുറവാണ് വന്നിട്ടുള്ളതെന്നാണ് വളരെ പരിമിതമായിട്ടുള്ള ജ്ഞാനംവച്ച് എനിക്കു പറയാന്‍ കഴിയുക. ഒരു കാണി എന്ന നിലയില്‍ അദ്ദേഹം എങ്ങനെയായിരിക്കും ലോകത്തെ കണ്ടത് എന്നു ഞാന്‍ ആലോചിക്കാറുണ്ട്. അപ്പോഴൊക്കെ ഈ ലോകത്തെ വെറുതെ കാണുകയല്ല, അതിനെ ഉരുക്കിയെടുത്ത് മനസ്സില്‍ അദ്ദേഹം വേറൊരു ദൃശ്യമായിട്ടാണ് കണ്‍സീവ് ചെയ്യുന്നത് എന്നു തോന്നാറുമുണ്ട്. അദ്ദേഹത്തിന്റെ മനസ്സില്‍ ഈ ലോകത്തിന്റെ പ്രതിനിധാനം ആ വിധത്തിലാണു സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വൈയക്തികമായ കലാസത്തയാണ് ആ സിനിമകളിലുമുള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ഒരുമിച്ചുണ്ടായിരുന്ന കാലങ്ങള്‍ ഓര്‍ക്കുന്നു; ജീവിതത്തിലെ മുന്തിയ മാത്രകളായിരുന്നു അവയെന്നു തിരിച്ചറിയുന്നു. കനത്ത ദുഃഖത്തോടെ ആദരാഞ്ജലി നേരുകയല്ലാതെ മറ്റൊന്നിനും ആവുന്നില്ലല്ലൊ.

Related Stories

No stories found.
logo
The Cue
www.thecue.in