മോഹന്‍ലാലിനുമുണ്ട് ഒരു മെസ്സി മാജിക്ക്; മികച്ച ടീമില്‍ കളിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നത്

മോഹന്‍ലാലിനുമുണ്ട് ഒരു മെസ്സി മാജിക്ക്; മികച്ച ടീമില്‍ കളിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നത്
Published on

2022 ലോകകപ്പില്‍ മെസ്സി കപ്പുയര്‍ത്തുന്നതുകണ്ട് കണ്ണു നിറഞ്ഞ അര്‍ജന്റീന ആരാധകരിലൊരാളായിരുന്നു ഞാന്‍. എത്രയോ കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പാണ് അന്ന് സാക്ഷാത്കരിക്കപ്പെട്ടത്. ഒന്നോര്‍ത്തു നോക്കിയാല്‍, ആ വര്‍ഷം അര്‍ജന്റീന ലോകകപ്പ് നേടണം എന്നാഗ്രഹിച്ചതിലും എത്രയോ അധികം മനുഷ്യര്‍ മെസ്സി കപ്പുയര്‍ത്തുന്നത് സ്വപ്നം കണ്ടിരിക്കും. കടുത്ത അര്‍ജന്റീന വൈരികള്‍ പോലും ലോക ഫുട്‌ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ആ സ്വപ്ന നിമിഷത്തിന് സാക്ഷിയാവണമെന്ന് ഒരുവേളയെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും. തുടരും സിനിമയുടെ ഒടുവില്‍ മോഹന്‍ലാല്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞു. ആലോചിച്ചു നോക്കിയാല്‍ എന്നിലെ മോഹന്‍ലാല്‍ ആരാധകനും, മെസ്സി ആരാധകനും തമ്മില്‍ ഒരുതരം സാഹോദര്യമുണ്ട്.

കുട്ടിക്കാലത്തുണ്ടായിരുന്ന ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സിയില്‍ അവസാനിച്ചു പോയേക്കുമായിരുന്ന ഒരു ജീവിതത്തെ മെസ്സി ലോകത്തെ ഒന്നാം നമ്പര്‍ ഫുട്‌ബോളര്‍ എന്ന നിലയിലേക്ക് പരിഭാഷപ്പെടുത്തിയ വിധം ഒന്നോര്‍ത്തു നോക്കൂ. മികച്ച ഫുട്‌ബോളറാവാന്‍ അനിവാര്യമെന്ന് ലോകം കരുതിയിരുന്ന പല ഘടകങ്ങളുടെയും അഭാവത്തെ അയാള്‍ പ്രതിഭ കൊണ്ടാണ് മറികടന്നത്. അസാമാന്യ ശാരീരിക ശേഷിയില്ലാത്ത, എപ്പോഴും അന്തര്‍മുഖനായി കാണപ്പെടുന്ന ഒരു കുട്ടി, ലോകത്തെ ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ താരമായത് അനേകകോടി മനുഷ്യര്‍ക്ക് നല്‍കിയ ആവേശം ചെറുതായിരിക്കില്ലല്ലോ. ആ വളര്‍ച്ചയുടെ പടവുകളില്‍ മെസ്സിയെ എപ്പോഴും തുണച്ചതാവട്ടെ മികച്ച സഹകളിക്കാരും പ്രതിഭാധനരായ കോച്ചുകളുമാണ്. ബാഴ്‌സയില്‍ ലഭിച്ച കോമ്രേഡ്ഷിപ്പ് അര്‍ജന്റീനയില്‍ അയാള്‍ക്ക് പലപ്പോഴും കിട്ടിയില്ല. അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവാതെ, മാജിക്കല്‍ മെസ്സിയാവാന്‍ കഴിയാതെ അയാള്‍ നിസ്സഹായനായി പോയ എത്രയോ സന്ദര്‍ഭങ്ങള്‍ അവിടെ നമ്മള്‍ കണ്ടു. അര്‍ജന്റീനക്ക് വേണ്ടി കളിക്കുമ്പോള്‍ മെസ്സി നേരിട്ട വെല്ലുവിളികളെക്കുറിച്ച് വിസ്തരിച്ചെഴുതുന്നുണ്ട് മാഴ്‌സെല മോറ അറോജോ. അറോജോ എടുത്തുപറയുന്ന ഒരു കാര്യമുണ്ട്- മെസ്സി എപ്പോഴും പ്രതിഭാശാലി തന്നെയാണ്, പക്ഷേ ആ പ്രതിഭയെ പുറത്തുകൊണ്ടുവരാന്‍ ഒരു മികച്ച ടീം വേണമെന്ന് മാത്രം.

മികച്ച ടീമില്‍ കളിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന മെസ്സി മാജിക്ക് പോലൊന്ന് മോഹന്‍ലാലിനുമുണ്ട്- മികച്ച സംവിധായകരോടൊപ്പം അഭിനയിക്കുമ്പോള്‍ സംഭവിക്കുന്ന മോഹന്‍ലാല്‍ മാജിക്. തുടരും സിനിമയില്‍ കാണുന്നത് ആ മാജിക്കാണ്. ഒന്നാലോചിച്ചു നോക്കിയാല്‍, ആല്‍ഫ മെയില്‍ ഫീച്ചേഴ്‌സൊന്നും കാര്യമായി ഇല്ലാത്ത, വ്യക്തിജീവിതത്തില്‍ അന്തര്‍മുഖനാണെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന നിലയില്‍ പെരുമാറുന്ന, തോള് ചെരിച്ച് നടക്കുന്ന മോഹന്‍ലാല്‍ മലയാളത്തിന്റെ ലാലേട്ടന്‍ ആയതിന് പിന്നില്‍ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളി യുവാക്കളുടെ സര്‍വ്വ ജീവിതസന്ദര്‍ഭങ്ങളും മോഹന്‍ലാലിന് അനായാസം വഴങ്ങി. അവരുടെ കുസൃതികളും കാമനകളും മോഹഭംഗങ്ങളും നിസ്സഹായതകളും അതിജീവനവുമെല്ലാം മോഹന്‍ലാലിലൂടെ ആവിഷ്‌കരിക്കപ്പെട്ടു. 80കളിലെ പല പ്രധാനപ്പെട്ട മോഹന്‍ലാല്‍ സിനിമകളും ആ വഴി സഞ്ചരിച്ചവയാണ്( ടിപി ബാലഗോപാലന്‍ എംഎ, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകള്‍ ഓര്‍ക്കുക). അക്കാദമികമായ ഒരു മോഹന്‍ലാല്‍ വായന ലക്ഷ്യമല്ലാത്തതിനാല്‍ ആ വഴി കൂടുതല്‍ നീങ്ങുന്നില്ല.

മലയാളി യുവാക്കളുടെ സൂപ്പര്‍ ഹ്യൂമന്‍ പൗരുഷ സങ്കല്‍പത്തെ ഡിഫൈന്‍ ചെയ്ത മംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഡനും എം.എന്‍.കാര്‍ത്തികേയനും നെടുമ്പള്ളി സ്റ്റീഫനുമെല്ലാം ആഘോഷിക്കപ്പെട്ടപ്പോഴും തങ്ങളുടെ നിത്യജീവിതത്തിന്റെ എല്ലാ അടരുകളും തെളിഞ്ഞു കാണുന്ന ആ പഴയ 'വിന്റേജ് ലാലേട്ടന്' വേണ്ടി കാത്തിരുന്ന ഒരു ആരാധകസമൂഹമുണ്ട്. മോഹന്‍ലാല്‍ സിനിമകള്‍ മാത്രം തിയേറ്ററില്‍ പോയി കാണുന്ന, മോഹല്‍ലാല്‍ കരയുന്നതോര്‍ത്ത് കരയുന്ന, സ്വന്തം ഓട്ടോറിക്ഷക്ക് ലാലേട്ടന്‍ എന്ന് പേരുകൊടുത്ത തന്റെ നാട്ടുകാരനെപ്പറ്റി എന്റെയൊരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള മോഹന്‍ലാല്‍ ആരാധകര്‍ എല്ലാ നാട്ടിലുമുണ്ടാവും. തരുണ്‍ മൂര്‍ത്തി പറഞ്ഞതുപോലെ അവര്‍ മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ആരാധകരാണ്. അവര്‍ മോശം സിനിമകള്‍ കണ്ട് മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നവരല്ല. തങ്ങള്‍ക്ക് അപ്രിയമായ മോഹന്‍ലാല്‍ സിനിമകളുണ്ടാവുമ്പോഴും പരിഭവങ്ങളിലാതെ നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്നവരാണ്.

പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയ മെസ്സിയെ അധിക്ഷേപിച്ചവരില്‍ ഒരുപാട് മെസ്സി ആരാധകരുമുണ്ട്. മെസ്സി മാജിക്കിന് കളമൊരുക്കുന്ന അര്‍ജന്റീനക്ക് വേണ്ടി പരാതികളേതുമില്ലാത്ത കാത്തിരുന്ന ആരാധകരുമുണ്ട്. അവരുടെ സ്വപ്നം ലോകകപ്പുയര്‍ത്തിയ മെസ്സിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മെസ്സിക്ക് തന്റെ എല്ലാ മാജിക്കുകളും പുറത്തെടുക്കാന്‍ അവസരമൊരുക്കുന്ന നിലയില്‍ ഒരു ടീമിനെ സജ്ജമാക്കുകയാണ് ലയണല്‍ സ്‌കലോണി ചെയ്തത് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മാജിക്ക് എന്നതില്‍ കുറഞ്ഞ് മറ്റൊന്നും വിശേഷിപ്പിക്കാനാവാത്ത അയാളുടെ അസാധാരാണ പ്രതിഭയെ ഓര്‍ക്കുമ്പോള്‍ ആ അഭിപ്രായം ശരിയെന്ന് കരുതുകയേ തരമുള്ളൂ. ഗാര്‍ഡിയന്‍ ഒരിക്കല്‍ മെസ്സിയെപ്പറ്റി എഴുതിയത് നോക്കൂ. Sometimes it feels like there are no more superlatives left. Seriously, what else can be said about this little guy with the No 10 shirt and magic in his feet other than to ask, perhaps, whether there is anyone who wants to persist with the argument that Pelé, or Diego Maradona, or any of the others, have ever played this sport any better?

ലയണല്‍ സ്‌കലോണിയും അയാളുടെ ടീമും മെസ്സി മാജിക്കിന് കളമൊരുക്കിയതുപോലെ, തന്റെ അസാമാന്യ അഭിനയശേഷികൊണ്ട് പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള മോഹന്‍ലാലിന് അഴിഞ്ഞാടാനുള്ള കളമൊരുക്കുകയാണ് ഒരര്‍ത്ഥത്തില്‍ തരുണും സംഘവും ചെയ്തത് എന്ന് കരുതിയാലും തെറ്റില്ല. മോഹന്‍ലാല്‍ മാജിക്ക് ഒരു മനോഹരമായ സ്വപ്നം പോലെ കൊണ്ടുനടന്ന ആരാധകരുടെ സ്വപ്നമാണ് തരുണ്‍ മൂര്‍ത്തിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. മോഹന്‍ലാലിന്റെ അഭിനയമുണ്ടാക്കുന്ന ആ ആനന്ദം മാത്രം മതി തുടരും എക്കാലവും പ്രിയപ്പെട്ട സിനിമയാവാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in