Gulf

ഒരു ജ്വല്ലറിയെങ്കിലും തുറക്കണമെന്ന സ്വപ്നം അപൂർണം, ഇനിയില്ല അറ്റ്ലസ് രാമചന്ദ്രന്‍റെ നിറഞ്ഞ പുഞ്ചിരി

പു‍ഞ്ചിരിച്ച മുഖത്തോടെയെല്ലാതെ അറ്റ്ലസ് രാമചന്ദ്രനെ നാം കണ്ടിട്ടില്ല, ഇക്കഴിഞ്ഞ ജൂലൈയില്‍ 80 ആം പിറന്നാള്‍ ആഘോഷവേളയിലും അദ്ദേഹം പങ്കുവച്ചത് തിരിച്ചുവരവിന്‍റെ സ്വപ്നങ്ങളായിരുന്നു.ഏതൊരു സാധാരണ മനുഷ്യനും തകർന്ന് പോകുന്ന ജീവിതസാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടും ആ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല. ഉളളിലെ ആത്മ വിശ്വാസവും. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വ‍ർണ സാമ്രാജ്യം കണ്‍മുന്നില്‍ ഒലിച്ചുപോയിട്ടും ആരോടും പരിഭവമുണ്ടായിരുന്നില്ല അറ്റ്ലസ് രാമചന്ദ്രന്, പകരമുണ്ടായിരുന്നത് ഒരു ഷോറൂമെങ്കിലും തുറക്കണമെന്ന ആഗ്രഹം മാത്രം. അതിനായുളള ഒരുക്കത്തിലായിരുന്നു അദ്ദേഹം. അതിനിടെയാണ് അപ്രതീക്ഷിതമായുളള ഈ മടക്കം.

ജനകോടികളുടെ വിശ്വസ്തസ്ഥാപനമെന്ന പരസ്യവാചകത്തിലൂടെ അറ്റ്ലസ് ജ്വല്ലറി പ്രസിദ്ധമായപ്പോള്‍ ആ ശബ്ദത്തിന്‍റെ ഉടമയും നമുക്ക് പ്രിയപ്പെട്ടതായി. അറ്റ്ല്സ് ജ്വല്ലറിയുടെ ചരിത്രമാരംഭിക്കുന്നത് 1974 കളിലാണെങ്കില്‍,മത്തുക്കര മുത്തേടത്ത് രാമചന്ദ്രന്‍ തന്‍റെ കരിയർ ജീവിതം ആരംഭിക്കുന്നത് ബാങ്കിംഗിലൂടെയാണ്. ദില്ലി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി കാനറാ ബാങ്കില്‍ തുടക്കം. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായും ജോലി ചെയ്തു.

1974 ലാണ് രാമചന്ദ്രന്‍ പ്രവാസമാരംഭിക്കുന്നത് കുവൈറ്റില്‍ കമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ജോലി. ഇക്കാലത്താണ് സ്വർണവിപണിയിലേക്ക് ശ്രദ്ധ തിരിയുന്നത്. കുവൈറ്റിലെ സൂഖ് അല്‍ വാത്യയിലായിരുന്നു ആദ്യ അറ്റ്ലസ് ഷോറൂം. ഗള്‍ഫ് യുദ്ധം വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ അറ്റ്ലസ് രാമചന്ദ്രന്‍റെ ബിസിനസും തകർന്നു. എന്നാല്‍ വീണ്ടും ഒന്നില്‍ നിന്നും തുടങ്ങാനുളള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.പിന്നീട് യുഎഇയിലേക്കെത്തിയ അദ്ദേഹത്തിന് സ്വർണവിപണി കാത്തുവച്ചത് തങ്കത്തിളക്കമുളള ജീവിതം. 19 ഷോറൂമുകളാണ് യുഎഇയില്‍ അറ്റ്ലസ് ജ്വല്ലറിക്കുണ്ടായിരുന്നത്. ജനകോടികളുടെ വിശ്വസ്തസ്ഥാപനമെന്ന പരസ്യവാചകമൊന്നുമതി അറ്റ്ലസ് രാമചന്ദ്രനെ അടയാളപ്പെടുത്താന്‍.

സിനിമയിലും ഒരുകൈനോക്കിയ അറ്റ്ലസ് രാമചന്ദ്രന്‍റെ സിനിമാനിർമ്മാണത്തില്‍ മലയാളിക്ക് ലഭിച്ചത് വൈശാലിയും സുകൃതവും വാസ്തുഹാരയും പോലുളള സിനിമകള്‍. കൗരവർ, വെങ്കലം, ഇന്നലെ തുടങ്ങിയ സിനിമകളിലൂടെ വിതരണ രംഗത്തുമെത്തി. അറബിക്കഥയില്‍ ഉള്‍പ്പടെ 14 സിനിമകളില്‍ മുഖം കാണിച്ചു.

പക്ഷെ, സിനിമാക്കഥയെപ്പോലും വെല്ലുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. 2015 ല്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ ബിസിനസ് തകർന്നു. ദുബായില്‍ മൂന്ന് വർഷത്തെ ജയില്‍ വാസം.വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 55 കോടിയിലേറെ ദിർഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ ബാങ്കുകള്‍ കേസ് കൊടുത്തു. അറസ്റ്റിലായി. 3 വർഷത്തിനിപ്പുറം 2018 ജൂണിലാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്.

ജയിലില്‍ നിന്നിറങ്ങി യുഎഇയിലെ വസതിയില്‍ താമസിക്കുമ്പോഴും കണ്‍മുന്നില്‍ തകർന്നുപോയ ബിസിനസ് സാമ്രാജ്യം തിരികെപ്പിടിക്കാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിലുണ്ടായിരുന്നു. അക്ഷര ശ്ലോക സദസ്സുകളിലും സൗഹൃദങ്ങളിലുമൊക്കെ സന്തോഷം കണ്ടെത്തുമ്പോഴും തിരിച്ചുവരണമെന്ന കനല്‍ കെടാതെ ബാക്കിയുണ്ടായിരുന്നു അദ്ദേഹത്തില്‍. കേസിന്‍റെ നടപടികള്‍ പൂർണമാകാത്തതിനാല്‍ നാട്ടിലേക്ക് പോകാനും കഴിഞ്ഞിരുന്നില്ല. തൃശൂരിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹവും ബിസിനസ് പുനരാരംഭിക്കണമെന്ന സ്വപ്നവും പൂർത്തിയാക്കാനാകാതെ, പാതിവഴിയില്‍ അറ്റ്ലസ് രാമചന്ദ്രന്‍ മടങ്ങി.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT