ഷാർജ രാജ്യാന്തരപുസ്തകമേളയ്ക്ക് നവംബർ 5 ന് തുടക്കമാകും. 44 മത് പുസ്തകമേളയില്‍ പുസ്തകവും നിങ്ങളും തമ്മില്‍ എന്നതാണ് പ്രമേയം. ഷാർജ എക്സ്പോ സെന്‍ററില്‍ നവംബർ 5 മുതല്‍ 16 വരെയാണ് പുസ്തകമേള നടക്കുക. ഗ്രീസാണ് ഇത്തവണത്തെ അതിഥി രാജ്യം.
പുസ്തകവും നിങ്ങളും തമ്മില്‍ എന്ന പ്രമേയം തന്നെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ പുസ്തകത്തിലൂടെ ഉടലെടുക്കുന്ന ആത്മബന്ധമാണ് സൂചിപ്പിക്കുന്നത്. വായിക്കാനും അറിവുകള്‍ തേടാനുമുളള മനുഷ്യവാസനയെ പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് ഓരോ വായനോത്സവവും മുന്നോട്ടുവയ്ക്കുന്നത്. രാജ്യങ്ങളും അതിർത്തികളും മറികടന്ന് ബന്ധങ്ങളിലെ ദൃഢതയും ഊഷ്മളതയും സൗഹൃദവും ഊട്ടിയുറപ്പിക്കുകയാണ് ഓരോ പുസ്തകോത്സവവും.
വായനക്കാർ പുസ്തകങ്ങളിലൂടെ പുതിയ അറിവുകള്‍ കണ്ടെത്തുന്നു,മനുഷ്യനും പുസ്തകങ്ങളും തമ്മിലുളള ബന്ധം പരസ്പരപൂരമായ യാത്രയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ് ബിഎ) ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക ദർശനമാണ് ഓരോ പുസ്തകോത്സവത്തിന്‍റെയും വഴികാട്ടിയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു
ഇന്ത്യയില്‍ നിന്നടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവർ മേളയുടെ ഭാഗമാകും. മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2 മുതൽ 4 വരെ നടക്കും. ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെയാണ്.