ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം
Published on

മാത്യു തോമസിനെ നായകനാക്കി നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' ഒക്ടോബറിൽ റിലീസിന് ഒരുങ്ങുകയാണ്. നിരവധി സിനിമകളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള നൗഫൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നെല്ലിക്കാംപൊയിൽ എന്ന ഫിക്ഷണൽ ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ഹൊററും കോമഡിയും ഫാന്റസിയും എല്ലാം ചേർത്തൊരുങ്ങുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു നൗഫൽ അബ്ദുള്ള.

'നൈറ്റ് റൈഡേഴ്‌സ്' എന്ന പേര്

ഇതൊരു ബൈക്ക് റേസിംഗ്, അല്ലെങ്കിൽ രാത്രി യാത്ര പോകുന്നതുമായ ബന്ധപ്പെട്ട കഥയാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാൽ അങ്ങനെയല്ല. ഈ ചിത്രത്തിലെ സംഭവവികാസങ്ങളിൽ 90 ശതമാനവും നടക്കുന്നത് രാത്രിയാണ്. അതുപോലെ തലമുറകളായി നമ്മൾ കേട്ടിട്ടുള്ള ചില കഥകൾ ഉണ്ടല്ലോ—കുട്ടികൾക്ക് ചോറ് കൊടുക്കുമ്പോൾ പറയുന്ന 'ഉണ്ടാക്കി കഥകൾ'. അത്തരം കഥകളിൽ ചില രാത്രി സഞ്ചാരികളെക്കുറിച്ച് പറയാറുണ്ടല്ലോ, പ്രേതങ്ങളൊക്കെ പോലെ. അത്തരമൊരു കഥാപശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന് പേര് നൽകിയിരിക്കുന്നത്.

ഹൊററും ഫാന്റസിയും കോമഡിയും എല്ലാമുണ്ട്

നെല്ലിക്കാംപൊയിൽ എന്ന ഫിക്ഷണൽ ഗ്രാമത്തിൽ നടക്കുന്ന ചില സൂപ്പർനാച്ചുറൽ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് സിനിമ കഥ പറയുന്നത്. ഇതിൽ കോമഡിയും ഫാന്റസിയും ഹൊററും എല്ലാമുണ്ട്. ഏതെങ്കിലും ഒരൊറ്റ ജോണറിൽ ഉൾപ്പെടുത്താൻ കഴിയാത്ത, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രണ്ടു മണിക്കൂർ പക്കാ പാക്കേജായിരിക്കും ഇത്.

'നെല്ലിക്കാംപൊയിൽ' ഒരുക്കിയതിന് പിന്നിൽ

വയനാട്, ഒറ്റപ്പാലം എന്നീ ലൊക്കേഷനുകളിൽ ഈ സിനിമ ഒരുക്കാമായിരുന്നു. എന്നാൽ പ്രേക്ഷകർക്ക് ഈ ഫിക്ഷണൽ ഗ്രാമം വിശ്വസനീയമാകണമെങ്കിൽ വേറൊരു ഇടം വേണമെന്നു തോന്നി. അതുകൊണ്ടാണ് തമിഴ്നാട്ടിലെ സ്ഥലങ്ങൾ വരെ നോക്കിയത്. ഒടുവിൽ കോയമ്പത്തൂരിലെ കരടിമടൈ എന്ന സ്ഥലത്താണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. ഈ ഗ്രാമത്തെ ഒരുക്കുന്നതിൽ ആർട്ട് ഡയറക്ടർ നവാബ് അബ്ദുള്ളയും സംഘവും വലിയ പങ്ക് വഹിച്ചു.

കോസ്റ്റ്യൂംസും വലിയ റോൾ വഹിക്കുന്നുണ്ട്

കാലഘട്ടം വ്യക്തമായി പറയാത്ത രീതിയിലാണ് ഈ സിനിമയുടെ കഥ. കോസ്റ്റ്യൂമുകളും ആർട്ടും അതനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. മെൽവി.ജെ ആണ് സിനിമയുടെ കോസ്റ്റ്യൂമുകൾ ഒരുക്കിയത്, അത് വളരെ രസകരമായ രീതിയിലാണ് ചെയ്തിരിക്കുന്നത്.

അവിചാരിതമായി എത്തിപ്പെട്ട 'നെല്ലിക്കാംപൊയിൽ'

ഈ സിനിമ ആദ്യം ചെയ്യാൻ ഞാൻ പ്ലാൻ ചെയ്ത പ്രോജക്റ്റ് അല്ല. കോവിഡിന് മുന്നേ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'അഡിയോസ് അമിഗോ' എന്ന സിനിമ പ്ലാൻ ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധികൾ മൂലം അത് നീണ്ടുപോയി, ഒടുവിൽ ഞാൻ ഡ്രോപ്പ് ചെയ്തു. തുടർന്ന് രതീഷ് രവിയോടൊപ്പം ഒരു ഫഹദ് ഫാസിൽ പ്രോജക്റ്റും പ്ലാൻ ചെയ്തിരുന്നു. നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേക്ക് ഞാൻ പൂർണ്ണമായും അവിചാരിതമായാണ് എത്തിയത്. 'പ്രണയവിലാസം റൈറ്റേഴ്‌സിന്റെ കൈയിൽ നല്ലൊരു സബ്ജക്ട് ഉണ്ട്' എന്ന് സുഹൃത്ത് ഫർഹാൻ പറഞ്ഞപ്പോൾ, അങ്ങനെ തന്നെയാണ് ഈ സിനിമയിലേക്ക് ഞാൻ എത്തിയത്.

മാത്യുവിലേക്ക്

ഖാലിദ് റഹ്‌മാനാണ് "ഒരു പിള്ളേര് സെറ്റ് പടം പിടിക്ക്" എന്ന് പറഞ്ഞത്. അങ്ങനെയാണ് മാത്യുവിലേക്ക് എത്തുന്നത്. 'നെയ്മർ' എന്ന സിനിമ ഞാൻ എഡിറ്റ് ചെയ്തിരുന്നു. അന്ന് മുതൽ മാത്യുവുമായി ഒരു ബന്ധമുണ്ട്. ഈ കഥ കേട്ടയുടൻ "എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത്?" എന്നാണ് മാത്യു ചോദിച്ചത്. അത് അദ്ദേഹത്തിന് എനിക്കുള്ള വിശ്വാസം കൊണ്ടാണ്.

മാത്യുവിന് ഒരു ബ്രേക്ക് ആകും

ഞാൻ അമിത ആത്മവിശ്വാസത്തോടെ പറയുന്നതല്ല, പക്ഷേ പറയട്ടെ - മാത്യുവിന്റെ കരിയറിലെ ഒരു ശ്രദ്ധേയമായ സിനിമയായിരിക്കും നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്. ഇതുവരെ മാത്യു കുട്ടിത്തമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഈ സിനിമയിൽ കുറച്ച് മെച്ച്യൂരിറ്റിയുള്ള കഥാപാത്രമാണ് അദ്ദേഹം ചെയ്യുന്നത്. എന്നാൽ അവന്റെ മുഖത്തിന് ഒരു ഇന്നസെൻസുണ്ട്, അതിനാൽ എല്ലാവർക്കും ഇഷ്ടമാണ്. ഹേറ്റേഴ്സ് കുറവുള്ള നടനാണ് മാത്യു. അതുപയോഗിച്ചുള്ള ഫണ്ണും സിനിമയിൽ ഉണ്ട്.

പുതുമ പ്രതീക്ഷിക്കാം

സ്ത്രീ 1, 2 തുടങ്ങിയവ എല്ലാവർക്കും ഇഷ്ടമായ സിനിമകളാണ്. അതിന്‍റെ ഫ്ലേവർ ഉള്ള, എന്നാൽ ആ ടെംപ്ലേറ്റുകളിൽ നിന്ന് കുറച്ച് വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. കൂടുതൽ പറയാൻ കഴിയില്ല, കണ്ടു തന്നെ അറിയണം.

പാട്ടുകൾ ഒന്നുകൂടി നോക്കണേ

മ്യൂസിക്കിനും സൗണ്ടിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. യാക്‌സൻ ഗാരി പെരേരയും നേഹ എസ്-ഉം ആണ് സിനിമയുടെ മ്യൂസിക് ചെയ്തിരിക്കുന്നത്. സിനിമയുടെ കഥയുമായി ചേർന്ന് നിൽക്കുന്ന ഗാനങ്ങളാണ് ഇതിലുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ ഗാനങ്ങൾ ശ്രദ്ധിച്ച് കേട്ടാൽ സിനിമയുടെ കഥയുടെ സൂചനകൾ അതിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in