
ഡിജിറ്റല്‍ മീഡിയ ശക്തി പ്രാപിക്കുന്നത് വെല്ലുവിളിയാകുകയാണെന്ന് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍. പരസ്യ വരുമാനത്തിന്റെ 70 ശതമാനവും ഡിജിറ്റലിലേക്ക് പോകുന്നത് ഭീഷണിയായി മാറിയിരിക്കുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ 30-ാം വാര്‍ഷികത്തില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. മാധ്യമരംഗം മുഴുവനായി പുനര്‍നിര്‍വചിക്കപ്പെട്ടിരിക്കുകയാണ്. ഡിജിറ്റല്‍ മീഡിയയാണ് അതിനെ നയിക്കുന്നത്. യൂട്യൂബാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ചാനല്‍. 60 കോടി ആക്ടീവ് യൂസര്‍മാര്‍ അതിനുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സ് മുഴുവന്‍ യൂട്യൂബിലൂടെയാണ് നടക്കുന്നത്. 90,000 കോടിയാണ് ഇവിടുത്തെ പരസ്യ റവന്യൂ. അതിന്റെ 70 ശതമാനവും ഡിജിറ്റലിലേക്കാണ് പോകുന്നത്. 55,000 കോടിയാണ് ഗൂഗിളിനും ഫേസ്ബുക്കിനും കൂടി കിട്ടുന്ന റവന്യൂ. മൊത്തം ടിവി ഇന്‍ഡസ്ട്രിക്ക് 27,000 കോടി മാത്രമാണ് കിട്ടുന്നത്. ആഗോള തലത്തില്‍ പരസ്യ റവന്യൂ ഒരു ട്രില്യന്‍ ഡോളര്‍ ആയിട്ടുണ്ടെങ്കിലും 70 ശതമാനം ഗൂഗിള്‍, മെറ്റ, ആമസോണ്‍, ടിക് ടോക് തുടങ്ങിയവര്‍ കൈകാര്യം ചെയ്യുകയാണ്. രാംനാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് അപ്രത്യക്ഷമായതു പോലെ നമ്മുടെ പല ചാനലുകളും മാധ്യമങ്ങളും എവിടെയെത്തും എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധവന്‍ പറഞ്ഞത്
ഇന്ത്യന്‍ മീഡിയ വ്യവസായം ഒരു വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ബുദ്ധിമുട്ടേറിയത് എന്നല്ല, വെല്ലുവിളികള്‍ നിറഞ്ഞത് എന്നാണ് ഞാന്‍ പറയുന്നത്. മൊത്തം അന്തരീക്ഷം പുനര്‍നിര്‍വചിക്കപ്പെട്ടിരിക്കുകയാണ്. ഡിജിറ്റല്‍ മീഡിയയാണ് അതിന് ശക്തി പകരുന്നത്. മീഡിയ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ രണ്ട് ഗ്രൂപ്പാണ്. ഒന്ന് പരമ്പരാഗത മാധ്യമങ്ങള്‍, പ്രിന്റ്, റേഡിയോ, ടെലിവിഷന്‍ മുതലായവ. ആധുനിക മീഡിയ എന്ന് പറയുമ്പോള്‍ സോഷ്യല്‍ മീഡിയ. അത് ഡോമിനേറ്റ് ചെയ്തത് ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, എക്‌സ് എന്നിവയിലാണ്. രസകരമായ അവസ്ഥ, പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ചാനല്‍ ആരാണെന്ന് ചോദിച്ചാല്‍ നമ്മള്‍ കരുതുന്ന ആരുമല്ല, യുട്യൂബാണ്. 60 കോടി ആക്ടീവ് യൂസേഴ്‌സാണ് അതിന് പിറകില്‍. യൂട്യൂബില്‍ 40,000 ചാനലുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്.
യുട്യൂബ് എന്താണ് നമുക്ക് നല്‍കുന്നത് എന്ന് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സ് മുഴുവന്‍ അതിലൂടെയാണ് വരുന്നത്. ഏഷ്യാനെറ്റ് അടുത്ത 30 വര്‍ഷം എങ്ങനെയാണെന്ന് ചോദിച്ചാല്‍ എനിക്കൊരു ഉത്തരമില്ല. മീഡിയ സെഗ്മെന്റില്‍ അടുത്ത 30 വര്‍ഷത്തേക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അടുത്ത അഞ്ച് വര്‍ഷം എങ്ങനെയായിരിക്കും എന്ന് പറയുമ്പോള്‍ അതില്‍ പ്രധാനമായും വരുന്നത് വ്യൂവേഴ്‌സാണ്. വ്യൂവേഴ്‌സില്‍ പ്രീ ഇന്റര്‍നെറ്റ്, പോസ്റ്റ് ഇന്റര്‍നെറ്റ് അങ്ങനെ രണ്ട് വ്യൂവേഴ്‌സാണ്. ഭൂരിപക്ഷവും പ്രീഇന്റര്‍നെറ്റ് വ്യൂവേഴ്‌സാണ്. രണ്ട് ലോകവും കണ്ടവരാണ്. പോസ്റ്റ് ഇന്റര്‍നെറ്റ് എന്ന് പറഞ്ഞാല്‍ ജെന്‍സിയും ജെന്‍ ആല്‍ഫയും. 1997ന് ശേഷം ജനിച്ചവരാണ് ജെന്‍ സി. അതാണ് നമ്മുടെ 50 ശതമാനത്തോളം ജനസംഖ്യയും. അവര്‍ സോഷ്യല്‍ മീഡിയയില്‍ ആഴത്തില്‍ ഇടപെടുന്നവരാണ്.
കണക്ക് അനുസരിച്ച് ജെന്‍സി ദിവസം ആറ് മണിക്കൂറാണ് സോഷ്യല്‍ മീഡിയയയില്‍ ഇടപെടുന്നത്. ഇവരെ നിയന്ത്രിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. അതായത് ഫേക്ക് ന്യൂസ്. ആര്‍ക്കും ആരെപ്പറ്റിയും ഒരു ഫേക്ക് ന്യൂസ് പറയാം. ഡിസ്ഇന്‍ഫര്‍മേഷന്‍, ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും. അമേരിക്കയുടെ പ്രസിഡന്റ് ഇലക്ഷന്‍ വേണമെങ്കില്‍ ചൈനയില്‍ വെച്ച് കണ്‍ട്രോള്‍ ചെയ്യാം. യുക്രൈന്‍ യുദ്ധം ഇസ്രായേലില്‍ വെച്ച് കണ്‍ട്രോള്‍ ചെയ്യാം. അങ്ങനെ പലതും നമ്മള്‍ അറിയാതെ നമ്മളെ സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ച് ഈ യംഗ് ജനറേഷനെ. അവരാണ് അടുത്തതായിട്ട് ഇനി മീഡിയ കണ്‍ട്രോള്‍ ചെയ്യാന്‍ പോകുന്നത്. രാംനാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് എവിടെ അപ്രത്യക്ഷമായെന്ന് നാം ഇവിടെ പറയേണ്ട ആവശ്യമില്ല. അതുപോലെ നമ്മുടെ പല ചാനലുകളും മീഡിയ സെഗ്മെന്റ്‌സും എവിടെ എത്തുമെന്ന കാര്യം ഞാന്‍ പറയുന്നില്ല. ഇത് ഏഷ്യാനെറ്റിനെ മാത്രം ബാധിക്കുന്ന കാര്യമല്ല, ആകമാന മീഡിയ സെഗ്മെന്റിനെ ബാധിക്കുന്ന കാര്യമാണ്.
ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല, ഇന്ത്യയുടെ മാത്രം പ്രഷ്‌നമല്ല, ഇതൊരു ഗ്ലോബല്‍ ഇഷ്യുവാണ്. ഗൂഗിള്‍ ഈ വര്‍ഷം 84 ബില്യന്‍ ഡോളറാണ് ഈ വര്‍ഷം ടെക്‌നോളജിക്ക് വേണ്ടി മാത്രം ചെലവാക്കുന്നത്. അത് ഒരു പ്രതിരോധം സൃഷ്ടിക്കുകയാണ്. അതിലേക്ക് മറ്റാര്‍ക്കും പോകാന്‍ പറ്റാത്ത വിധത്തില്‍ ഇത്രയും നല്ല ഒരു പ്ലാറ്റ്‌ഫോം അവര്‍ സൃഷ്ടിക്കുകയാണ്. റവന്യൂ എടുത്താല്‍ ന്യൂസ് ചാനലുകള്‍ മുഴുവന്‍ ആശ്രയിക്കുന്നത് പരസ്യ വരുമാനത്തെയാണ്. 90,000 കോടിയാണ് ഇവിടുത്തെ പരസ്യ റവന്യൂ. അതിന്റെ 70 ശതമാനം ഇന്ന് ഡിജിറ്റലിലേക്കാണ് പോകുന്നത്. 55,000 ആണ് ഗൂഗിളിനും ഫേസ്ബുക്കിനും കൂടി കിട്ടുന്ന റവന്യൂ. ന്യൂസ് ചാനലിനൊക്കെ പീനട്ട്‌സാണ് കിട്ടുന്നത്. മൊത്തം ടിവി ഇന്‍ഡസ്ട്രിക്ക് കിട്ടുന്നത് 27,000 കോടി.
സോഷ്യല്‍ മീഡിയ എല്ലാത്തിനെയും ഭരിക്കാന്‍ പോകുകയാണ്. ഗ്ലോബലി ഒരു ട്രില്യന്‍ അഡ്വര്‍ടൈസ്‌മെന്റ് റവന്യൂ കവര്‍ ചെയ്തു. അവിടെയും 70 ശതമാനം ഗൂഗിള്‍, മെറ്റ, ആമസോണ്‍, ടിക് ടോക് എന്നിവര്‍ കൈകാര്യം ചെയ്യുകയാണ്. ഇതൊരു വലിയ ഭീഷണിയായി മാറുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ക്രിയേറ്റീവ് ആളുകളും ചാനല്‍ ഉടമകളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഈ ചോദ്യം ഞാന്‍ ഇവിടെ ഇടുന്നു.