എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം
Published on

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കുളള വിമാന സർവ്വീസുകള്‍ വെട്ടിച്ചുരുക്കാനുളള എയർഇന്ത്യ എക്സ് പ്രസിന്‍റെ നീക്കത്തിനെതിരെ പ്രവാസലോകത്ത് വലിയ പ്രതിഷേധം. അവധിക്കാലമുള്‍പ്പടെയുളള സമയത്ത് നിലവിലെ സർവ്വീസുകളില്‍ തന്നെ ടിക്കറ്റ് നിരക്ക് ഉയർന്ന സാഹചര്യമാണുളളത്. അതിനിടയിലാണ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കാനുളള നീക്കം എയർഇന്ത്യ എക്സ് പ്രസിന്‍റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുളളത്.

എയർ ഇന്ത്യ എക്സ് പ്രസ് വിമാന സർവ്വീസുകള്‍ വെട്ടിച്ചുരുക്കാനുളള നീക്കം ആരംഭിച്ചപ്പോള്‍ തന്നെ മറ്റ് വിവിധ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പറഞ്ഞു. എയർഇന്ത്യ എക്സ് പ്രസിന്‍റെ നീക്കം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം അയച്ചു.

സർവ്വീസുകള്‍ വെട്ടിച്ചുരുക്കാനുളള നീക്കം പിന്‍വലിക്കണമെന്ന് പ്രവാസി സംഘടനയായ ഓർമ്മ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ചുരുക്കപ്പെടുന്നത് അവരുടെ ജീവിതാവശ്യങ്ങളെ അവഗണിക്കുന്ന നടപടിയായി വിലയിരുത്തപ്പെടുന്നുവെന്നും ഓർമ്മ കുറ്റപ്പെടുത്തി. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ കുറയ്ക്കാതെ, മറിച്ച് ശക്തിപ്പെടുത്തുകയും യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക മാത്രമാണ് പ്രവാസി സമൂഹത്തിന്‍റെ അവകാശങ്ങളെ മാനിക്കുന്ന ഏക നീക്കം എന്നും ഓർമ ദുബായ് ഓർമ്മപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in