ദുബായ് ബിസിനസ് ബേയിലെ ബസ് ഓണ്‍ ഡിമാന്‍റ് നിരക്ക് കുറച്ചു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ദിർഹമായിരുന്ന നിരക്ക് 2 ദിർഹമാക്കിയാണ് കുറച്ചത്. ഡിസംബർ 20 മുതല്‍ നിരക്ക് പ്രാബല്യത്തിലായി. പൊതുഗതാഗത മേഖല പ്രോത്സാഹിപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചത്.
മേഖലയില്‍ ബസ് ഓണ്‍ ഡിമാന്‍റിന് ആവശ്യക്കാരേറെയാണ്. എന്നിരുന്നാല്‍ തന്നെയും വിവിധ പൊതുഗതാഗത സേവനങ്ങളെ ബന്ധിപ്പിക്കുന്ന ബസ് ഓണ്‍ ഡിമാന്‍റിന് നിരക്ക് കുറച്ചത് കൂടുതല്‍ പേർക്ക് സേവനം പ്രയോജനപ്പെടുത്തുന്ന തിനായാണെന്നും ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു. 2025 ആദ്യ പകുതിയുടെ അവസാനത്തോടെ 10 മേഖലകളിലേക്കുകൂടി സേവനം വിപുലപ്പെടുത്തും. 41 ബസുകളാണ് സേവനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ബസ് ഓണ്‍ ഡിമാന്‍റ് ആപ്പിലൂടെ സീറ്റുകള്‍ ബുക്ക് ചെയ്താണ് ബസില്‍ യാത്ര ചെയ്യാനാവുക. നിലവില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് മാത്രമാണ് സർവ്വീസ്. നിശ്ചിത സ്ഥലങ്ങളെ ആപുമായി ബന്ധിപ്പിച്ച് ചെറു ബസുകളിലാണ് സർവ്വീസ് നടത്തുക. മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സേവനങ്ങളെ ബന്ധപ്പെടുത്തിയാണ് ബസ് ഓണ്‍ ഡിമാന്‍റ് സർവ്വീസ് നടത്തുക.