Gulf

സം​ഗീത വിരുന്നൊരുക്കാൻ ഷാർജയിൽ ജാസ് ഫെസ്റ്റിവൽ

തണുപ്പുകാലത്തോടൊപ്പം ജാസ്സിന്‍റെ ഹൃദ്യമായ താളത്തിൽ സജീവമാകാനൊരുങ്ങുകയാണ് ഷാർജ. 'ജാസ് അറ്റ് ദി ഐലൻഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാ​ഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14 എന്നീ തീയതികളിൽ അരങ്ങേറും. ലോകപ്രശസ്തരായ സം​ഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സം​ഗീതമേളയൊരുക്കുന്നത്. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകർ.

പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അൽ നൂർ ദ്വീപിൽ ഡിസംബർ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകർഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സം​ഗീതമേളയുടെ അകമ്പടിയിൽ കൂടുതൽ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികൾക്കിടയിൽ പ്രശസ്തയായ ഫ്രഞ്ച് അൾജീരിയൻ സം​ഗീതജ്ഞ നസ്രീൻ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കയ്യിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയൻ സംഘം മെസോടോണോ എന്നിവർ ഡിസംബർ 6 ന് വേദിയിലെത്തും. ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ നിന്നുള്ള ബാൻഡ് സം​ഘമായ സെൻസേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും.

ഡിസംബർ ഏഴിനാണ് ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ​ഗായിക ടാനിയ കസിസിന്‍റെ പ്രകടനം. സം​ഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെർബിയൻ​ഗായികയും പിയാനിസ്റ്റുമായ അലക്സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യൻ കമ്പോസർ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും ഡിസംബർ 7ന് അൽ നൂർ ദ്വീപിൽ നടക്കും.

പ്രശസ്ത സം​ഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്‍റെ നേതൃത്വത്തിൽ ഡിസംബർ 14ന് അരങ്ങേറുന്ന സം​ഗീത നിശയ്ക്ക് ഷാർജ ഫ്ലാ​ഗ് ഐലൻഡാണ് വേദിയാവുന്നത്. സാമിർ, വിസാം, അദ്നാൻ ജുബ്രാൻ എന്നീ മൂന്ന് പലസ്തീനിയിൻ സഹോദരർ സംസ്കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉൾച്ചേർത്ത് ഒരുക്കുന്ന സം​ഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാ​ഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സം​ഗീതം പലസ്തീനിയൻ സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു. പാരമ്പര്യത്തെയും ആധുനികതയെയും കണ്ണിചേർക്കുന്ന, ഷാർജയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാ​ഗതം ചെയ്യുകയാണെന്ന് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഇവന്റ്സ് വിഭാ​ഗം മേധാവി ഖുലൂദ് സാലിം അൽ ജുനൈബി പറഞ്ഞു.

ഡിസംബർ 6, 7 തീയതികളിൽ അൽ നൂർ ദ്വീപിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ലഭ്യമാണ്. 100 ദിർഹംസാണ് ഒരു ദിവസത്തെ നിരക്ക്, ഇതിൽ ദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്നതോടൊപ്പം സം​ഗീതനിശയുടെ ഭാ​ഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിർഹംസാണ് നിരക്ക്. രണ്ടു ദിവസത്തേക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിർഹംസാണ് നിരക്ക്. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 065067000 നമ്പറില്‍ ലഭിക്കും.ഫ്ലാ​ഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന ലെ ട്രയോ ജുബ്രാൻ സം​ഗീത നിശയുടെ ടിക്കറ്റുകൾ വരും ദിവസങ്ങളിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT