

എന്തോ ഇഷ്ടമാണ് എന്നെ എല്ലാവർക്കും, കണ്ണിറുക്കി സ്വതസിദ്ധമായ ചിരിയോടെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ പറയുമ്പോള്‍ ആ പുഞ്ചിരി കാണുന്നവരിലേക്കുമെത്തും. തലമുറകളുടെ താരമായി മോഹന്‍ലാല്‍ നമ്മെ വിസ്മയിപ്പിക്കുമ്പോള്‍,അദ്ദേഹത്തെ കാണാനും ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാനും ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക. അങ്ങനെ കുഞ്ഞുനാള്‍ മുതല്‍ ആഗ്രഹിച്ചൊരു സ്വപ്നം സഫലമായതിന്‍റെ സന്തോഷത്തിലാണ് മലപ്പുറത്തുകാരനായ അജ്മല്‍ സല്‍മാന്‍.
മലപ്പുറത്തുനിന്നൊരു മോഹന്‍ലാല്‍ ഫാന്‍
സ്കൂളിലെ സുഹൃത്തുക്കളെല്ലാം മമ്മൂട്ടിയുടെ ആരാധകർ, അങ്ങനെ കടുത്ത മമ്മൂട്ടി ആരാധകർക്കിടയില്‍ അവരേക്കാള്‍ വലിയ മോഹന്‍ലാല്‍ ആരാധകനായിരുന്നു അജ്മല്‍. അവരെല്ലാം ഇന്നും അജ്മലിനെ ഓർത്തിരിക്കുന്നത് കടുത്ത മോഹന്‍ലാല്‍ ആരാധകനെന്ന നിലയിലാണ്. ഓർമ്മവച്ച കാലം മുതല്‍ മോഹന്‍ലാല്‍ ആരാധകനാണ് താനെന്ന് അജ്മല്‍ പറയുന്നു. കിരീടം സിനിമയാണ് ലാലേട്ടനിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. അന്നുമുതല്‍ ഇന്നുവരെ മോഹന്‍ലാലിന്‍റെ ഓരോ സിനിമയും സിനിമയ്ക്കുപുറത്തുളള അദ്ദേഹത്തിന്‍റെ ഓരോ നീക്കങ്ങളും ആരാധനയോടെ കണ്ടുനില്‍ക്കുന്നു അജ്മല്‍.
ലക്ഷ്യം ഒന്ന്, ലാലേട്ടന്‍
ലാലേട്ടനെ കാണാനും ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാനുമുളള ആഗ്രഹം, വേറിട്ട വഴിയിലൂടെ അജ്മലിനെ നടത്തി. 2017 ല്‍ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളുടെ പേരുകള്‍ ചേർത്ത് വച്ച് അദ്ദേഹത്തിന്‍റെ ഛായാചിത്രമൊരുക്കി. റെക്കോർഡിനുവേണ്ടിയല്ല, മറിച്ച് 100 ചിത്രങ്ങള്‍ വരയ്ക്കുകയാണെങ്കില്‍ അതില്‍ 90 ചിത്രവും ലാലേട്ടന്‍റേതുതന്നെയാകും, അതങ്ങനെയാണ്, ചിരിയോടെ അജ്മല്‍ പറയുന്നു. അന്നും അങ്ങനെ തന്നെയാണ് വരച്ചുതുടങ്ങിയത്.വര പൂർത്തിയാക്കി ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റുചെയ്തു. പിന്നീട് മറ്റ് വരകളിലേക്ക് തിരിഞ്ഞു. മോഹന്‍ലാലിനെ കാണണമെന്ന തന്‍റെ ആഗ്രഹം അറിയാവുന്ന സുഹൃത്തുക്കളാണ്, റെക്കോർഡിനായി ശ്രമിക്കണമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. റെക്കോർഡ് ലഭിച്ചാല്‍ വാർത്തയാകും, അത് ലാലേട്ടന്‍റെ ശ്രദ്ധയില്‍ പെട്ടാല്‍, അദ്ദേഹത്തെ കാണാനൊരു വഴി തെളിഞ്ഞാല്‍, ആ ചിന്ത വന്നതോടെയാണ് റെക്കോർഡിനായി ചിത്രം അയച്ചത്.ലാർജസ്റ്റ് ടൈപ്പോഗ്രാഫിക് പൊട്രെയ്റ്റ് കാറ്റഗറിയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്‍റർനാഷണല്‍ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയാണ് ചിത്രത്തിന് ലഭിച്ചത്.
സേവ് ദ ഡേറ്റിലും വിവാഹത്തിലും ലാലേട്ടന്‍ മാജിക്
നരസിംഹത്തിലെ മോഹന്‍ലാല്‍ കോസ്റ്റൂമിലാണ് അജ്മല്‍ തന്‍റെ സേവ് ദ ഡേറ്റ് ചെയ്തത്. വിവാഹത്തിന്‍റെ ഫോട്ടോ ഷൂട്ടില്‍ ലാലേട്ടന്‍റെ മാസ്റ്റർപീസായ തോളുചെരിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 2018 ല്‍ അജ്മല്‍ യുഎഇയിലെത്തി. തന്‍റെ ചിത്രം മോഹന്‍ലാലിലേക്കെത്തെമെന്ന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം വിളിച്ചാലോയെന്ന് കരുതി, ആ സമയത്ത് താന്‍ ഫോണ്‍ ഓഫാക്കുകയോ സൈലന്‍റ് ആക്കുകയോ ചെയ്യാറില്ല. അറിയാവുന്ന വഴികളിലൂടെയെല്ലാം മോഹന്‍ലാലിലേക്ക് എത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
മിസ്റ്റർ അജ്മല്‍ ഞാന്‍ മോഹന്‍ലാലാണ്.....
എന്നെങ്കിലുമൊരിക്കല്‍ മോഹന്‍ലാലിന്‍റെ ഫോണ്‍കോള്‍ തന്നെ തേടിയെത്തുമെന്ന ആത്മവിശ്വാസം യാഥാർത്ഥ്യമാക്കികൊണ്ടാണ്,മോഹന്‍ലാലിന്‍റെ സുഹൃത്തായ സമീർ ഹംസയുടെ വിളിയെത്തുന്നത്. ലാലേട്ടന്‍ വിളിക്കും, കാത്തിരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.നിമിഷങ്ങള്‍ക്കുളളില്‍ ആ വിളിയെത്തി.മിസ്റ്റർ അജ്മല്‍ ഞാന്‍ മോഹന്‍ലാലാണ്. അതുകേട്ടപ്പോഴുണ്ടായ സന്തോഷം ഒരു പക്ഷെ ഏറ്റവും നന്നായി മനസിലാക്കാനാകുക, മറ്റൊരു മോഹന്‍ലാല്‍ ആരാധകനായിരിക്കും. അന്ന് മൂന്ന് മിനിറ്റോളം അദ്ദേഹം സംസാരിച്ചു. അത് കഴിഞ്ഞ് വാട്സ് അപ്പില്‍ അദ്ദേഹത്തിന്‍റെ വോയ്സ് നോട്ടുമെത്തി. ദുബായില്‍ വരുമ്പോള്‍ നേരിട്ട് കാണാമെന്നതായിരുന്നു വോയ്സ് നോട്ടിലെ ഉളളടക്കം. പിന്നീടൊരു കാത്തിരിപ്പായിരുന്നു.
7 വർഷത്തെ കാത്തിരിപ്പ്, സ്വപ്നം സഫലമായ ദിവസം
മോഹന്‍ലാലിനെ എന്നെങ്കിലും കാണാനാകുമെന്നുളള പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്‍റെ ഒരു ചിത്രം അദ്ദേഹത്തിന് നല്‍കുന്നതായുളള ചിത്രം 2019 ല്‍ വരച്ചിരുന്നു. 7 വർഷത്തെ കാത്തിരിപ്പ്. ഒക്ടോബറില്‍യുഎഇയിലേക്ക് മോഹന്‍ലാല്‍ വരുന്നുവെന്ന് അറിഞ്ഞതോടെ കാണാനുളള ശ്രമമായി. അദ്ദേഹം ഏത് വിമാനത്താവളത്തില്‍ നിന്നാണോ വരുന്നത് അവിടെയുളള സ്റ്റാഫ് മുതല്‍ അദ്ദേഹം താമസിക്കുന്നയിടത്തെ സെക്യൂരിറ്റിവരെയുളളവരോട് അദ്ദേഹത്തെ കാണാനുളള സാധ്യതകള്‍ തേടും. ഉദ്ഘാടനവും മറ്റ് കാര്യങ്ങളുമായി ഇത്തവണയും അദ്ദേഹം തിരക്കിലായിരുന്നു. അനുവാദത്തിനായി കാത്തുനിന്നില്ല, ഒക്ടോബർ 11 ന് യുഎഇയില്‍ അദ്ദേഹത്തിന്‍റെ ഫ്ളാറ്റിന്‍റെ ലോബിയില്‍ ചെന്ന് വൈകീട്ട് നാല് മണിമുതല്‍ കാത്തിരിപ്പ് ആരംഭിച്ചു. രാത്രി 10 മണിയോടെയാണ് അദ്ദേഹം ഫ്ളാറ്റിലെത്തുന്നത്. അദ്ദേഹത്തിന്‍റെ അടുത്തെത്തി ചിത്രത്തിന്‍റെയും റെക്കോർഡിന്‍റെയും കാര്യം പറഞ്ഞു. മോനേ, എനിക്ക് നന്നായി പനിക്കുന്നുണ്ട്, ഇവിടെ നിന്നാല്‍ ഞാന്‍ കുഴഞ്ഞുപോകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തുടർന്ന് അദ്ദേഹം മുന്നോട്ടു നടന്നു. ലിഫ്റ്റിനടുത്തെത്തി തിരിഞ്ഞ് നിന്ന് കൂടെയുളളയാളോട് തന്‍റെ ചിത്രം വാങ്ങാന്‍ ആവശ്യപ്പെട്ടു, അതില്‍ ഒപ്പിട്ടു തന്നു. സന്തോഷം കൊണ്ട് മനസുനിറഞ്ഞനിമിഷമായിരുന്നു അത്, അജ്മല്‍ പറയുന്നു. പക്ഷെ ഒരുമിച്ചൊരുഫോട്ടോയെന്നത് അപ്പോഴും ആഗ്രഹമായി മനസില്‍ നിറഞ്ഞു. അന്ന് രാത്രി 1 മണിവരെ ആ ലോബിയില്‍ കാത്തിരുന്നു. പിന്നീട് ഷാർജയിലേക്ക് തിരിച്ചുപോയി, പിറ്റേന്ന് രാവിലെ 7 മണിയോടെ വീണ്ടും ലോബിയിലെത്തി കാത്തിരിപ്പ് ആരംഭിച്ചു.
രാവിലെ ഉദ്ഘാടനതിരക്കുകളിലേക്ക് പോകുമ്പോഴും ലോബിയിലിരിക്കുന്ന തങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധയെത്തി. പക്ഷെ കാണാനോ സംസാരിക്കാനോ സാധിച്ചില്ല. അന്ന് വൈകീട്ട് അബുദബിയിലായിരുന്നു അദ്ദേഹത്തിന് പരിപാടി. അഞ്ച് മണിയോടെ ദുബായില്‍ നിന്ന് അബുദബിയിലേക്ക് പോകും. രാവിലെയുളള പരിപാടികള്‍ക്ക് ശേഷം ഉച്ചയോടെ അദ്ദേഹം ഫ്ളാറ്റിലെത്തി. 4 മണിയായതോടെ ഇനി നിന്നിട്ട് കാര്യമില്ലെന്ന് ഉറപ്പിച്ചു, നിരാശയോടെ പോകാന്‍ ആരംഭിച്ചു. ആ സമയത്താണ് സിനിമ ചർച്ചകള്‍ക്കായി ബഹ്റൈനില്‍ നിന്നെത്തിയ രണ്ടുപേരോട് താന്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവർ മോഹന്‍ലാലിനെ കണ്ടപ്പോള്‍ തന്‍റെ കാര്യം അദ്ദേഹത്തോട് പറയുകയും എങ്കില്‍ വിളിക്കൂവെന്ന് അദ്ദേഹം അവരോട് പറയുകയും ചെയ്തു. അങ്ങനെ അവസാനിച്ചുവെന്ന് കരുതിയ ആ വലിയ സ്വപ്നത്തിലേക്ക് ആ സുഹൃത്തുക്കള്‍ തന്നെ കൈമാടി വിളിച്ചത്.അങ്ങനെ മോഹന്‍ലാലിന്‍റെ അരികിലേക്ക്.
സുഹൃത്തുക്കളാണ് അദ്ദേഹത്തിന്‍റെ ഊർജ്ജമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. തന്‍റെ ചിത്രത്തിലേക്ക് സൂക്ഷ്മമായി നോക്കി, തന്‍റെ എല്ലാ സിനിമകളും ഇതിലുണ്ടോ ഏത് സോഫ്റ്റ്വെയറിലാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ സിനിമകളുമുണ്ട്, കൈകൊണ്ടാണ് താനിത് എഴുതിയതെന്ന് പറഞ്ഞു, അത്ഭുതത്തോടെ വീണ്ടും ചിത്രത്തിലേക്ക് നോക്കി തന്‍റെ സുഹൃത്തുക്കളോട് അതേകുറിച്ച് പറയുന്ന ലാലേട്ടനെ സ്വപ്നത്തിലെന്നപോലെയാണ് താന്‍ നോക്കി നിന്നത് അജ്മല്‍ പറയുന്നു. അജ്മലിനായി മലയാളത്തില്‍ ഒരു ആശംസയും മോഹന്‍ലാല്‍ എഴുതി നല്‍കി.
ഇനി..
കുഞ്ഞുനാള്‍ മുതല്‍ കണ്ടൊരു സ്വപ്നം യാഥാർത്ഥ്യമായപ്പോള്‍, അജ്മല്‍ ഇന്‍സ്റ്റയിലൂടെ ആ സന്തോഷം പങ്കുവച്ചു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. 70 ലക്ഷം പേരാണ് മോഹന്‍ലാലുമൊത്തുളള അജ്മലിന്‍റെ വീഡിയോ കണ്ടത്. മോഹന്‍ലാല്‍ ഹൃദയത്തില്‍ നിന്ന് കുറിച്ച വാക്കുകളും, ചേർത്തുനിർത്തിയെടുത്ത ഫോട്ടോയും, മോഹന്‍ലാല്‍ ആരാധകനെ സംബന്ധിച്ചിടത്തോളം ജീവനോളം വിലയുളള സ്വത്ത്, ഇനിയും എന്തെങ്കിലും ആഗ്രഹം, ആ മനുഷ്യനെ ഇനിയും ഇനിയും കാണണം, പുഞ്ചിരിയോടെ അജ്മല്‍ പറഞ്ഞുനിർത്തുമ്പോള്‍,നമുക്കും കേള്‍ക്കാം, എന്തോ ഇഷ്ടമാണ് എന്നെ ആളുകള്‍ക്കെന്നുപറഞ്ഞ് കണ്ണിറുക്കിയുളള ആ പുഞ്ചിരി.
