

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നു എന്ന വിശേഷണവുമായാണ് സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. പല തരത്തിലുള്ള സര്‍വേകള്‍ക്ക് ശേഷം 64,006 കുടുംബങ്ങളിലെ 1,03,099 ആളുകളെയാണ് അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സംസ്ഥാനം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സാമ്പത്തിക വിദഗ്ദ്ധരും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിന് അയച്ച തുറന്ന കത്തില്‍ അതിദരിദ്രരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ ഏതൊക്കെയാണെന്നും അതിനായി നടത്തിയ ആധികാരിക പഠന റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനത്തിന്റെ തൊട്ടുമുന്‍പായി പ്രതിപക്ഷവും ശക്തമായ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നു. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം ഏതു വിധത്തിലാണ് പ്രഖ്യാപിക്കപ്പെടുന്നത്? അതിന്റെ മാനദണ്ഡങ്ങള്‍ ഏതൊക്കെയാണ്? എതിര്‍പ്പുകളും ആശങ്കകളും എന്തൊക്കെയാണ്?
ആരാണ് അതിദരിദ്രര്‍?
അതിദരിദ്രര്‍ ആരാണെന്ന നിര്‍വചനത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തിനായി ഒരുങ്ങിയിരിക്കുന്നത്. 2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യമായി ചേര്‍ന്ന മന്തിസഭാ യോഗത്തില്‍ ആദ്യമായി എടുത്ത തീരുമാനമാണ് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുക എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 2021 മുതല്‍ നടപ്പാക്കിയ പദ്ധതികളിലൂടെയാണ് ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആശ്രയ, അഗതി രഹിത കേരളം, വിശപ്പ് രഹിത കേരളം തുടങ്ങി അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ നേരത്തേ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി ആരംഭിച്ചത്. 2021 ജൂലൈ മുതല്‍ 2022 ജനുവരി വരെ നീണ്ടുനിന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അതിദരിദ്രരെ കണ്ടെത്തി. അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, സുരക്ഷിതമായ താമസ സൗകര്യം, ആരോഗ്യം, അടിസ്ഥാന വരുമാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്തവരെയാണ് അതിദരിദ്രര്‍ എന്ന് നിര്‍വചിക്കുന്നത്. ഇതിനൊപ്പം തന്നെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇടക്കിടക്ക് ബുദ്ധിമുട്ട് നേരിടുന്നവരെ ദരിദ്രര്‍ എന്നും അടിസ്ഥാന ആവശ്യങ്ങള്‍ നേടാന്‍ ആകുന്നുണ്ടെങ്കിലും പലപ്പോഴും അതിന് കഴിയാതെ പോകുന്നവരെ ദാരിദ്ര്യത്തിന്റെ വക്കിലുള്ളവരായും നിര്‍വചിച്ചിരിക്കുന്നു.
അതിദരിദ്രരെ കണ്ടെത്തിയത് എങ്ങനെ?
ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് അതിദരിദ്രരെ കണ്ടെത്തിയതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നിന്ന് നാമനിര്‍ദേശ പ്രക്രിയയിലൂടെയാണ് കുടുംബങ്ങളെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ 1,18,309 കുടുംബങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. അവയില്‍ തദ്ദേശതലത്തില്‍ പരിശോധന നടത്തി 87,158 കുടുംബങ്ങളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഇവരെ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഇന്റര്‍വ്യൂ ചെയ്ത് 73,747 കുടുംബങ്ങളുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കി. തുടര്‍ന്ന് ഗ്രാമസഭകള്‍ നടത്തിയ പരിശോധനയില്‍ അര്‍ഹതയില്ലാത്തവരെ ഒഴിവാക്കി 64,006 കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഇതുവരെ ലഭിക്കാത്തവരെയായിരുന്നു ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഇവരില്‍ 2553 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡും 3125 പേര്‍ക്ക് ആധാര്‍ കാര്‍ഡും 887 പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 1281 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡും 193 പേര്‍ക്ക് ഭിന്നശേഷി കാര്‍ഡും നല്‍കി. 11,340 പേര്‍ക്ക് ലൈഫ് വീടുകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുകയും 22,054 പേര്‍ക്ക് ആശുപത്രി സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതായും സര്‍ക്കാര്‍ അറിയിക്കുന്നു.
ചോദ്യങ്ങള്‍, വിമര്‍ശനങ്ങള്‍
സര്‍ക്കാര്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങളില്‍ പക്ഷേ നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിദാരിദ്ര്യ നിർമാർജ്ജനത്തെ സര്‍ക്കാര്‍ പ്രചാരവേലയാക്കുന്നുവെന്ന വിമര്‍ശനവും പത്ത് ചോദ്യങ്ങളുമായി സംസ്ഥാനത്തെ ചില സാമ്പത്തിക വിദഗ്ദ്ധരും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിന് തുറന്ന കത്തയച്ചത് വലിയ ചര്‍ച്ചയായി മാറി. അതിദരിദ്രരെ നിര്‍ണ്ണയിക്കാന്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്? സര്‍വ്വേ നടത്തിയത് ഏത് ആധികാരിക സമിതിയാണ്, ആധാരമായി ഉപയോഗിച്ച ഡേറ്റയുടെ ആധികാരികതയും അതിനായി ആധാരമാക്കുന്ന പഠന റിപ്പോര്‍ട്ടും ഏതൊക്കെയാണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചു.
തുറന്ന കത്തിലെ ചോദ്യങ്ങള്‍
1. സംസ്ഥാനത്തെ അതി ദരിദ്രരെ നിര്‍ണ്ണയിക്കാന്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്? ഏത് ആധികാരിക സമിതിയാണ് അതിനായി സര്‍വ്വേ നടത്തിയത്?ആധാരമായി ഉപയോഗിച്ച ഡേറ്റയുടെ ആധികാരികതയും അതിനായി ആധാരമാക്കുന്ന പഠന റിപ്പോര്‍ട്ടും ഏതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
2. 2013 ലെ ദേശീയ ഭക്ഷ്യ സുരക്ഷാനിയമം അനുസരിച്ച് കേരളത്തില്‍ നടപ്പാക്കുന്ന പൊതു വിതരണ സമ്പ്രദായത്തില്‍ നാല് വിഭാഗങ്ങള്‍ ഉണ്ടല്ലോ? അതില്‍ ഏറ്റവും ദരിദ്രര്‍ എന്ന വിഭാഗത്തില്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്ന യോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ 5.92 ലക്ഷം കുടുംബങ്ങളാണ്(സാമ്പത്തിക റിവ്യൂ 2024).അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 2023 മുതല്‍ സൗജന്യമായി അരിയും ഗോതമ്പും കൊടുക്കുന്നുണ്ടല്ലോ? കേന്ദ്രം അരിക്ക് കിലോയ്ക്ക് 3 രൂപയും ഗോതമ്പിന് 2 രൂപയും വിലക്ക് ഇത് ലഭ്യമാക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ കേരളത്തില്‍ 64006 അതിദരിദ്രരെ ഉള്ളൂ എന്ന് പറയുന്നത് ഈ പറഞ്ഞവരും അതി ദരിദ്ര വിഭാഗത്തില്‍ നിന്ന് കരകയറിയത് കൊണ്ടാണോ ഇപ്പൊള്‍ കേരളം അതി ദാരിദ്ര്യ മുക്തമായി എന്ന് പ്രഖ്യാപിക്കുന്നത്? അങ്ങനെ വരുമ്പോള്‍ മഞ്ഞ കാര്‍ഡിലുള്ള AAY വിഭാഗം ഇനി ഉണ്ടാവില്ല; അതിന്റെ കേന്ദ്രസഹായം അവസാനിക്കുകയും ചെയ്യില്ലേ?
3. കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയകുറിപ്പ് പ്രകാരം ഒരു വരുമാനവും ഇല്ലാത്തവര്‍, രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവര്‍,റേഷന്‍ കിട്ടിയാലും പാകം ചെയ്യാന്‍കഴിയാത്തവര്‍, ആരോഗ്യ സ്ഥിതി മോശ മായവര്‍ തുടങ്ങിയവരാണ് അതിദരിദ്രര്‍.അവര്‍ അഗതികള്‍ എന്ന ഗണത്തില്‍ വരുന്നവരല്ലേ. അവരെയാണോ സര്‍ക്കാര്‍ അതിദരിദ്രര്‍ എന്ന് വിളിക്കുന്നത്.?
4.2002 ല്‍ അന്നത്തെ കേരള സര്‍ക്കാര്‍ തുടങ്ങിയ ആശ്രയ പദ്ധതിയല്ലേ അഗതി കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് സഹായം നല്‍കി വന്നത്? അതിന് 2007 ല്‍ പ്രധാനമന്ത്രിയുടെ അവാര്‍ഡും കിട്ടിയിരുന്നല്ലോ? അത് തുടങ്ങുമ്പോള്‍ എത്ര കുടുംബങ്ങള്‍ ഉണ്ടായിരുന്നു? ഇപ്പൊള്‍ എത്രയുണ്ട്? അത് പിന്നീട് അതി ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയായി മാറ്റിയല്ലോ? അതിന്റെ പരിഷ്‌കരിച്ച പതിപ്പാണോ ഇത്? ഇന്ദിര ആവാസ് യോജന പോലുള്ള പദ്ധതികളെ കൂട്ടിച്ചേര്‍ത്താണല്ലോ ആശ്രയയും ഇതും നടപ്പാക്കിയിരു ന്നത്? ഇപ്പോഴത്തെ അതി ദാരിദ്ര്യ മുക്തം ഇതിന്റെ തുടര്‍ച്ചയാണോ? ആദ്യ ലിസ്റ്റിലെ 1,18 ,309 കുടുംബങ്ങള്‍ എങ്ങിനെ 64006 ആയി ചുരുങ്ങിയത് ഒരു പ്രഹേളികയല്ലേ?
5,അതിദാരിദ്ര്യാവസ്ഥ മറികടന്നു എന്ന അവകാശ വാദത്തിന് വസ്തുതാപരമായ പിന്‍ബലം എന്താണ്?ആ വിഭാഗങ്ങള്‍ക്ക് ഏതെങ്കിലും കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടോ.
6. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തു അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന 1.16ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ ഉണ്ട്. എന്നാല്‍, പുതിയ കണക്കില്‍ 6400 കുടുംബങ്ങളെ മാത്രമാണ് അതിദരിദ്ര വിഭാഗമായി കണ്ടെത്തിയിട്ടുള്ളത്. അതായത് വെറും 5.5 ശതമാനം മാത്രം.അവര്‍ അഗതികളാണോ അതോ അതി ദരിദ്രരരായAAY വിഭാഗത്തില്‍പ്പെടുന്നവരോ?അവരുടെ അതിദാരിദ്ര്യം മറികടക്കാന്‍ എന്ത് ഇന്ദ്രജാലമാണ് നടന്നത്?
7. അതിദാരിദ്ര്യം അനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെ യഥാര്‍ത്ഥ ജീവിത സ്ഥിതിയടങ്ങിയ സര്‍വ്വേ റിപ്പോര്‍ട്ട് ലഭ്യമാണോ?
8. ദാരിദ്ര്യ സര്‍വ്വേയുടെ രീതി ശാസ്ത്രം എന്തായിരുന്നു. തദ്ദേശ വകുപ്പ് പഞ്ചായത്തുകളില്‍/ മുന്‍സിപ്പാലിറ്റി കളില്‍ നിന്ന് ലിസ്റ്റ് ഒഫ് റെക്കമ്മണ്ടേഷന്‍ സ്വീകരിക്കുക മാത്രമാണോ ചെയ്തത്?
9.233 രൂപ മാത്രം ദിവസക്കൂലി കിട്ടുന്ന ആശ വര്‍ക്കേഴ്‌സ് ഉള്‍പ്പടെയുള്ള സ്‌കീം വര്‍ക്കേഴ്‌സും അസംഘടിത മേഖലകളിലെ തൊഴിലാളികളും അതി ദരിദ്ര ജനവിഭാഗങ്ങള്‍തന്നെയല്ലേ?
10. ഇപ്പോള്‍ അതിദാരിദ്ര്യ പ്രഖ്യാപനത്തിന് ഉപയോഗിക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങളെ സംബന്ധിച്ച് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പുമായോ പ്ലാനിംഗ് ബോര്‍ഡുമായോ കൂടിയാലോചന നടത്തിയിട്ടുണ്ടോ?
ഇരുപത്തിനാല് പേര്‍ ഒപ്പുവെച്ച ഈ ചോദ്യങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷാണ് മറുപടി പറഞ്ഞത്. അതിദാരിദ്ര്യവും ദാരിദ്ര്യവും വ്യത്യസ്തമാണെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി. കത്ത് കണ്ടാല്‍ അക്കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിദാരിദ്ര്യവും ദാരിദ്ര്യവും രണ്ടാണ്. പല കാരണങ്ങളാല്‍ ദാരിദ്ര്യമുള്ളവരുണ്ടാകും. ചുരുങ്ങിയ വരുമാനം, തൊഴില്‍ ശേഷി എന്നിവയൊക്കെ വെച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയും. ജീവിതം തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവരാണ് അതിദരിദ്രരായ ആളുകള്‍. അടിസ്ഥാന സേവനങ്ങള്‍ ലഭിക്കാത്തവരും അടിസ്ഥാന രേഖകള്‍ പോലുമില്ലാത്തവരുമാണ് അതിദരിദ്രര്‍. അത്തരം അവസ്ഥയില്‍ നിന്ന് രക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് അവരെ കൊണ്ടുവരികയായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
നാല് ലക്ഷം പേര്‍ക്കാണ് കില ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയത്. ഇവരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുണ്ട്, സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളുണ്ട്, കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. ഇവര്‍ക്കൊക്കെയാണ് പരിശീലനം നല്‍കിയത്. ഈ പരിശീലനം നാട്ടില്‍ നടന്നതാണ്. അതുസംബന്ധിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇതുസംബന്ധിച്ച് നിരന്തരം വിശദീകരിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയുമൊക്കെ ചെയ്തതാണ്. അത് സംബന്ധിച്ചും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
അതേസമയം പ്രഖ്യാപനം ദളിതരോടും ആദിവാസികളോടും ചെയ്യുന്ന വഞ്ചനയാണെന്ന വിമര്‍ശനം ഉയര്‍ത്തി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ പിന്‍മാറണമെന്ന് ആദിവാസി ഗോത്രമഹാസഭയും ആശാവര്‍ക്കര്‍മാരുടെ സമര സമിതിയും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ വലിയൊരു വിഭാഗം ദരിദ്രരുടെ ജീവിത സാഹചര്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നതെന്നും സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ്
സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനം കള്ളക്കണക്കു കൊണ്ട് കൊട്ടാരം പണിയുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന ചെപ്പടി വിദ്യയാണ് ഇത്. അതീവ ദരിദ്രര്‍ ഇല്ലെന്ന അവകാശവാദം തന്നെ തട്ടിപ്പാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ചിലരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റുണ്ടാക്കി അവര്‍ക്ക് മാത്രം ആനുകൂല്യം നല്‍കുകയാണ്. സര്‍ക്കാര്‍ കണക്കില്‍ 6400 ആദിവാസി കുടുംബങ്ങള്‍ മാത്രമേ പെട്ടിട്ടുള്ളു. 4.85 ലക്ഷം ആദിവാസികള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്ക്. പാവപ്പെട്ടവരെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. നാലരക്കൊല്ലം മിണ്ടാതിരുന്നിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടത്തുന്ന പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.
