'കമൽ ഹാസനും നെടുമുടി വേണുവും അംബികയും പ്രധാന വേഷങ്ങളിൽ'; നടക്കാതെ പോയ ആദ്യ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട്

'കമൽ ഹാസനും നെടുമുടി വേണുവും അംബികയും പ്രധാന വേഷങ്ങളിൽ'; നടക്കാതെ പോയ ആദ്യ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട്
Published on

ചമയം എന്ന നടക്കാതെ പോയ തന്റെ ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. കമൽ ഹാസനെയും, നെടുമുടി വേണുവിനെയും, അംബികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജോൺ പോളിന്റെ തിരക്കഥയിലായിരുന്നു ആ സിനിമഒരുക്കാൻ പദ്ധതിയിട്ടിരുന്നത്. ഒരു ത്രികോണ പ്രണയകഥയായി പദ്ധതിയിട്ടിരുന്ന സിനിമ കമൽ ഹാസന്റെ ഡേറ്റ് ക്ലാഷ് മൂലം നിർത്തിവെക്കേണ്ടി വന്നുവെന്നും, പിന്നീട് ആ സിനിമ ഉപേക്ഷിക്കപ്പെട്ടുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സത്യൻ അന്തിക്കാടിന്റെ വെളിപ്പെടുത്തൽ.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:

എന്റെ ആദ്യത്തെ സിനിമ 'കുറുക്കന്റെ കല്യാണം' ആവുക എന്ന നിയോഗമായിരുന്നു ശരി എന്ന് ഇപ്പോൾ തോന്നുന്നു. ഭരതേട്ടൻ ചെയ്യുന്ന തരത്തിലുള്ള സിനിമയായിരുന്നു ചമയം. ജോൺ പോളായിരുന്നു ആ സിനിമയുടെ തിരക്കഥാകൃത്ത്. നല്ലൊരു പ്രണയകഥയായിരുന്നു അത് — കഥകളി പഠിക്കുന്ന രണ്ട് ചെറുപ്പക്കാരും, മോഹിനിയാട്ടം പഠിക്കുന്ന ഒരു പെൺകുട്ടിയും തമ്മിലുള്ള ഒരു ട്രയാംഗിൾ ലവ് സ്റ്റോറിയായിരുന്നു അത്. കമൽ ഹാസൻ, നെടുമുടി വേണു, അംബിക എന്നിവരെയായിരുന്നു പ്രധാന കഥാപാത്രങ്ങളാക്കി പ്ലാൻ ചെയ്തത്. ഞാനും ജോൺ പോളും കലാമണ്ഡലത്തിൽ പോയി താമസിച്ച്, കലാമണ്ഡലം രാമൻകുട്ടി നായരെയൊക്കെ കണ്ടാണ് ആ സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്.

ആ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ പദ്ധതിയിട്ട ദിവസം കമൽ ഹാസന് വരാൻ കഴിഞ്ഞില്ല. കെ. ബാലചന്ദർ സംവിധാനം ചെയ്ത മന്മഥ ലീല ആണെന്ന് തോന്നുന്നു, ആ സിനിമയുടെ ഷൂട്ടിംഗിനായി പോകേണ്ടി വന്നു. ആ ചിത്രത്തിൽ കമൽ ചെയ്യുന്ന കഥാപാത്രത്തിന് മീശയുണ്ട്. നമ്മുടെ സിനിമയിലെ കഥാപാത്രം കഥകളി വിദ്യാർത്ഥി ആണല്ലോ, ആ കഥാപാത്രത്തിന് മീശ ഉണ്ടാകാൻ പാടില്ല. അങ്ങനെ കമലിന് പകരം മറ്റൊരാളെ കണ്ടെത്താം എന്ന് കരുതി ഇടവേള എടുത്തു. പിന്നീട് ആ സിനിമയുടെ നിർമ്മാതാവ് മരിച്ചതിനാൽ സിനിമ നിലച്ചു.

പിന്നീട് പലതവണ ആ കഥ ഞാൻ ആലോചിച്ചിട്ടുണ്ട്. പക്ഷേ ഓരോ കാരണങ്ങൾ കൊണ്ടും അത് മുടങ്ങി പോകും. അത് ഇന്നുവരെ സിനിമയായിട്ടില്ല. “നമുക്ക് അത് വിട്ടേക്കാം” എന്ന് ഒരിക്കൽ ഞാൻ ജോണിനോട് പറഞ്ഞിട്ടുണ്ട്. ഏതോ ഒരു ശക്തി മുകളിൽ നിന്ന് നിയന്ത്രിക്കുന്നുണ്ട് — എന്റെ പാത അതല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരിക്കും. ഒരു വർഷത്തിന് ശേഷമാണ് ഞാൻ കുറുക്കന്റെ കല്യാണം എന്ന സിനിമ ചെയ്യുന്നത്. ഹ്യൂമറാണ് എന്റെ പാത എന്ന് ആ സിനിമയിലൂടെ എനിക്ക് തോന്നി. ടി. പി. ബാലഗോപാലൻ എം. എ. എന്ന സിനിമയിലൂടെ മോഹൻലാലും, ശ്രീനിവാസനും, വിപിൻ മോഹനും എനിക്കൊപ്പം ചേർന്നു. അവിടെ നിന്നാണ് സിനിമയിലെ എന്റെ യഥാർത്ഥ പാത ഞാൻ തന്നെ തിരിച്ചറിഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in