യുഎഇയിലുളള ഇന്ത്യാക്കാർക്ക് ഇനിമുതല്‍ ചിപ്പ് ചേർത്ത ഇ പാസ്പോർട്ട് ലഭ്യമാകുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോർട്ടില്‍ ഉടമയുടെ ഡിജിറ്റലൈസ് ചെയത വിവരങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടപ്പിച്ചിട്ടുണ്ട്.ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ സംവിധാനം സഹായിക്കും. പാസ്പോർട്ട് കൃത്രിമമായി നിർമ്മിക്കുന്നതടക്കമുളള തട്ടിപ്പുകള്‍ കൂടി തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണം. ഡിജിറ്റൽ പാസ്‌പോർട്ട് സംവിധാനത്തിലേക്ക് മാറുമെങ്കിലും അപേക്ഷരില്‍ നിന്ന് അധിക ഫീസ് ഈടാക്കില്ല.
ഒക്ടബോർ 28 നാണ് ഇന്ത്യ ഇ പാസ്പോർട്ട് സംവിധാനം ആരംഭിച്ചത്. നിലവില്‍ പാസ്പോർട്ടിന് അപേക്ഷിച്ചവർക്ക് ചിപ്പ് ചേർത്ത പാസ്പോർട്ട് ലഭ്യമാകും. എന്നാല്‍ ഏതെങ്കിലും തരത്തില്‍ നിലവിലുളള പാസ്പോർട്ട് മാറ്റേണ്ട ആവശ്യകതയില്ലെന്നും കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വ്യക്തമാക്കി. രണ്ട് മിനിറ്റിനുളളില്‍ വിവരങ്ങള്‍ നല്‍കി പാസ്പോർട്ടിനുളള അപേക്ഷ പൂർത്തിയാക്കാമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് എ.അമര്‍നാഥ് പറഞ്ഞു.പഴയ പാസ് പോർട്ട് നമ്പർ നല്‍കി വെരിഫിക്കേഷന്‍ നടപടികള്‍ ചെയ്ത് അപേക്ഷ പൂർത്തിയാക്കുക. പിന്നീട് യുഎഇയിലെ അംഗീകൃത പാസ്പോർട്ട് സേവന ദാതാക്കളില്‍ നിന്ന് മറ്റ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കാം. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകർ പാസ്പോർട്ട് അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോട്ടോഗ്രാഫുകളിൽ നിന്നാണ് എടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാസ്പോർട്ട് പുതുക്കാനായി ഇനി അപേക്ഷ സമർപ്പിക്കേണ്ടത്ഗ്ലോബൽ പാസ്‌പോർട്ട് സേവാ പോർട്ടൽ ജിപിഎസ് പി 2.0 പ്ലാറ്റ്‌ഫോം വഴിയാണ്. എന്നാല്‍ നിലവില്‍ അപേക്ഷ നല്‍കിയവർക്ക് ഇളവ് നല്‍കും. ചിപ്പ് ചേർക്കാത്ത പാസ് പോർട്ട് മതിയെന്നുളളവർക്ക് അങ്ങനെ നല്‍കും. അവരുടെ നിലവിലെ അപേക്ഷയുമായി മുന്നോട്ട് പോകാനോ, അല്ലെങ്കിൽ ഓൺലൈൻ പോർട്ടലിൽ വിവരങ്ങൾ പുതുക്കി പൂരിപ്പിക്കാനോ അവസരമുണ്ട്.എന്നാല്‍ ഇനി അപേക്ഷിക്കുന്നവർക്ക് പുതിയ പാസ്പോർട്ടായാരിക്കും ലഭിക്കുക. നിലവിലെ പാസ്പോർട്ട് മാറ്റി ഇ പാസ്പോർട്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർ അപേക്ഷ നല്‍കിയാല്‍ മതി.