ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 2024-ലെ ഷാർജ എക്‌സലൻസ് പുരസ്കാരം ഡോ. സണ്ണി ഗ്രൂപ്പ് ചെയർമാന്‍ ഡോ സണ്ണി കുര്യന് ലഭിച്ചു. ഷാർജ എക്സ്പോ സെന്‍ററില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമിയിൽ നിന്ന് ഡോ. സണ്ണി കുര്യൻ പുരസ്കാരം ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ഡോക്ടർ പുരസ്കാരത്തിന് അർഹനാകുന്നത്. ഈ വർഷം എക്സലന്‍സ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 17 പേരിലെ ഏക ഇന്ത്യാക്കാരനാണ് ഡോ സണ്ണി കുര്യന്‍.
ആരോഗ്യരംഗത്തെ സംരംഭക മികവിനാണ് പുരസ്കാരം. ഷാർജയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണ്. ഷാർജ തനിക്ക് നല്‍കിയ ഈ അംഗീകാരം എല്ലാ ഇന്ത്യാക്കാർക്കും, പ്രത്യേകിച്ച് മലയാളികള്‍ക്കുളള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ രണ്ടുതവണ സണ്ണീസ് ക്ലിനിക്ക്സിനാണ് അംഗീകാരം ലഭിച്ചത്. എന്നാല്‍ ഇത്തവണ വ്യക്തിപരമായാണ് ഡോക്ടർക്ക് പുരസ്കാരം.
2015 ല്‍ ഡോ സണ്ണി ക്ലിനിക്സ് ഒഴിവാക്കി . ശിശുരോഗ വിദഗ്ധനായ ഡോക്ടർ നിലവില്‍ ഷാർജ ഹെൽത്ത് കെയർ സിറ്റി കേന്ദ്രീകരിച്ച് വയോധികരെ പരിചരിക്കുന്ന ജീറിയാട്രിക്സ് മേഖലയിലാണ് പരിചരണം നടത്തുന്നത്. ആയുർവേദവും കൂടി ഉള്‍പ്പെടുത്തി സണ്ണിവെല്‍നസ് സ്ഥാപനവും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്നു. ഡോക്ടർ മീര ഗോപി കുര്യനാണ് ഭാര്യ.