ShibilZain
Cue Gulf Stream

നട്ടെല്ലില്ലെ തകരാറ് പരിഹരിക്കാൻ ഗർഭപാത്രത്തിനകത്ത് വച്ച് നടത്തിയ സങ്കീർണ ശസ്ത്രക്രിയ വിജയകരം, മറിയം പിറന്നു ആരോഗ്യവതിയായി

അമ്മയുടെ ഉദരത്തിൽ ഗർഭാവസ്ഥയിൽ ശസ്ത്രക്രിയക്ക് വിധേയയായ ശിശു രണ്ടു മാസത്തിനു ശേഷം ആരോഗ്യവതിയായി പിറന്നു. നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊളംബിയൻ ദമ്പതികളുടെ കുട്ടിയാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയില്‍ പിറന്നത്.ഗർഭാവസ്ഥയുടെ 24 ആം ആഴ്ചയിൽ ശസ്ത്രക്രിയക്ക് വിധേയയായ ശിശു ഗർഭപാത്രത്തിൽ ആഴ്ചകളോളം തുടർന്ന് 37 ആം ആഴ്ചയാണ് ജനിച്ചത്.

കുഞ്ഞ് മറിയം വിയോലെറ്റയുടെയും അമ്മ ലിസ് വാലന്‍റീന പരാ റോഡ്രിഗസിന്‍റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ. ഋതു നമ്പ്യാരാണ് മറിയത്തിന്‍റെ പിറവിക്ക് വൈദ്യസഹായം നൽകിയത്. ജനനസമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചർമ്മത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സർജൻ ഡോ. എസ്സാം എൽഗമൽ ഇത് അടച്ചു. രണ്ടാഴ്ച നിയോനാറ്റോളജി ഡയറക്ടർ ഡോ. ഇവിയാനോ റുഡോൾഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്‍റെ പരിചരണത്തിലായിരുന്നു കുഞ്ഞ്.

കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് കാലുകളുടെയും ചലനം സാധാരണ നിലയിലാണെന്നും ഡോക്ടർ മാർ അറിയിച്ചു. സ്‌പൈന ബൈഫിഡ റിപ്പയറിന് കേടുപാടുകളില്ല. തലച്ചോറിന്‍റെ അൾട്രാസൗണ്ടും എംആർഐയും സാധാരണ നിലയിലാണ്. അതുകൊണ്ട് ഗർഭാശയത്തിനുള്ളിലെ ശസ്ത്രക്രിയ വിജയകരമാണെന്നാണ് വിലയിരുത്തൽ.

കൊളംബിയയിലെ കോൾസാനിറ്റാസ് ക്ലിനിക്കിലെ ഡോക്ടർമാരുടെ സംഘവുമായി ബുർജീൽ മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ലിസും ഭർത്താവ് ജേസൺ മാറ്റിയോ മൊറേനോ ഗുട്ടറസും കൊളംബിയയിലെ ബൊഗോട്ടയിൽ തിരിച്ചെത്തിയാൽ കുഞ്ഞിന്റെ സംരക്ഷണം അവിടത്തെ ഡോക്ടർമാർ ഏറ്റെടുക്കും. പീഡിയാട്രിക് യൂറോളജിസ്റ്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരാണ് കുട്ടിയെ പരിശോധിക്കുക. കുടുംബം ഉടൻ കൊളംബിയയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

മൂന്ന് മണിക്കൂർ നീണ്ട ഗർഭാശയത്തിലെ ശസ്ത്രക്രിയ; ഇന്ത്യൻ സർജന്‍റെ നേട്ടം

ആരോഗ്യവതിയായി മരിയ ജനിച്ചതോടെ സ്‌പൈന ബൈഫിഡ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി ഡോ. മന്ദീപ് സിംഗ്. ഡോ. മന്ദീപിന്‍റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്‌സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്‍ററിലെ വിദഗ്ധ സംഘമാണ് ജൂണിൽ ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്തിയത്. ഗർഭപാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്തായിരുന്നു പിറകുവശത്ത് ശസ്ത്രക്രിയ. കുഞ്ഞിന്‍റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തിവച്ച് ഗർഭപാത്രം അടച്ചു. ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗർഭപാത്രത്തിൽ തന്നെ തുടർന്ന കുഞ്ഞ് 37 ആം ആഴ്ച സ്വാഭാവിക പ്രസവത്തിലൂടെയാണ് പുറത്തെത്തിയത്.

സ്‌പൈന ബൈഫിഡ: ഗർഭസ്ഥ ശസ്ത്രക്രിയയുടെ നേട്ടങ്ങൾ

നട്ടെല്ലിന്‍റെ അസ്ഥികൾ രൂപപ്പെടാത്തപ്പോൾ സംഭവിക്കുന്ന ജനന വൈകല്യമാണ് സ്‌പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്‌ന നാഡി അമ്നിയോട്ടിക് ഫ്ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. മലവിസർജ്ജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കിൽ ശരീരത്തിന്റെ കീഴ് ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും. ഗർഭാവസ്ഥയുടെ 19-25 ആഴ്‌ചയ്‌ക്കിടയിൽ നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ ഗർഭാശയത്തിൽ നടത്തുന്ന സ്‌പൈന ബൈഫിഡ റിപ്പയർ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്‍റെ ആരോഗ്യ നില മെച്ചപ്പെടുത്താനാകുമെന്നതാണ് നിർണ്ണായകം. 1,000 ജനനങ്ങളിൽ ഒരു കുട്ടിക്ക് സ്‌പൈന ബൈഫിഡ വൈകല്യം സംഭവിച്ചേക്കാമെന്നാണ് ശരാശരി കണക്കുകൾ. ഗർഭാവസ്ഥയിലെ സ്‌പൈന ബൈഫിഡ പരിഹാര ശസ്ത്രക്രിയ സ്ഥിരം രോഗശാന്തിയല്ലെങ്കിലും ജനനത്തിനു ശേഷമുള്ള കുട്ടിയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ചികിത്സിക്കാതിരുന്നാൽ ജനനശേഷം കുട്ടിയുടെ കൈകാലുകളുടെ ചലന ശേഷി കുറയുന്നത് ഇതിലൂടെ തടയാനാകും. മറിയത്തിന്‍റെ നിലവിലെ ആരോഗ്യനില ഈ പ്രതീക്ഷയാണ് നൽകുന്നത്.

ഗർഭാവസ്ഥയിലെ സ്പൈന ബൈഫിഡ റിപ്പയർ എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമല്ല. ലോകത്താകെ ഈ സങ്കീർണ്ണ ശസ്ത്രക്രിയ നടത്തുന്ന 14 കേന്ദ്രങ്ങളേയുള്ളൂ. ഏഷ്യയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമുള്ള ദമ്പതികൾ സാധാരണയായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും സഞ്ചരിക്കാറാണ് പതിവ്. എന്നാൽ ഇതിന് ഭാരിച്ച ചിലവാണ് വഹിക്കേണ്ടിവരിക. കൊളംബിയയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ദമ്പതികൾ ചികിത്സയ്ക്കായി അബുദാബിയിലെത്തിയത്.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT