POPULAR READ

'ബദലാവ് സരൂരി ഹേ'; മാറ്റത്തിനായി തുടര്‍ സമരങ്ങള്‍

പന്ത്രണ്ടു വര്‍ഷങ്ങള്‍ തികച്ച മോദി ഗവണ്മെന്റ് ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വാഴ്ത്തുപാട്ടുകളുടെ ഒരു ഘോഷയാത്ര തന്നെ നടത്തുകയാണ്. പൊതുഖജനാവില്‍ നിന്നും വന്‍തുക ചെലവാക്കി നിരര്‍ത്ഥകവും പൊള്ളയുമായ അവകാശവാദങ്ങള്‍ നിരത്തുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴിയുള്ള പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും ഒതുങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം. മോദി ഭരണത്തിന്‍കീഴില്‍ ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ദളിത് പിന്നാക്ക വിഭാഗങ്ങള്‍, മുസ്‌ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പെട്ട ഇന്ത്യന്‍ ജനത മോദി ഭരണത്തിന്‍ കീഴില്‍ കൂടുതല്‍ ദുരിതങ്ങളും ദുരന്തങ്ങളും അനുഭവിക്കുകയാണ്. അസംതൃപ്തരായ കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വിദ്യാര്‍ത്ഥികളുമെല്ലാം സമരപന്ഥാവിലാണ്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുമെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും നിലവില്‍ അത് നാല് ട്രില്യന്‍ ഡോളര്‍ താഴെയാകുകയും ആഗോള സാമ്പത്തിക റാംങ്കിംഗില്‍ നാലാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് ഇന്ത്യ തള്ളപ്പെടുകയും ചെയ്തു. വിദേശ നിക്ഷേപകര്‍ ഇന്ത്യ വിട്ടുപോകുന്നതിനാലും ഇന്ത്യന്‍ വിദേശികള്‍ വിദേശത്ത് നിക്ഷേപം നടത്തുന്നതിനാലും രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നു. ജിഡിപി (GDP) വളര്‍ച്ച 7.7 ശതമാനം എന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നു. അതിരൂക്ഷമായ വിലക്കയറ്റം പരിശോധിക്കാം 2014 മുതല്‍ പാചകവാതക വിലയില്‍ 123%, പെട്രോളിന് 44%, ഡീസലിന് 73%, പാലിന് 71%, പയറു വര്‍ഗ്ഗങ്ങള്‍ക്ക് 84% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

വിലക്കയറ്റം കാരണം ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലാ ശ്രേണിയിലുംപെട്ട ജനങ്ങളുടെ നിത്യജീവിതം ദുസ്സഹവും സങ്കടകരവുമായ അവസ്ഥയിലാണ്. വീട്ടമ്മമാരുടെ സ്ഥിതിയാണ് ഏറ്റവും വിഷമകരം. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും മന്‍കിബാത്ത് മുഖേനയൊക്കെ ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിച്ച പദ്ധതിയാണ് ഉജ്ജ്വല യോജന. എന്നാല്‍ ഇപ്പോഴത്തെ അതിന്റെ സ്ഥിതിയോ? എല്‍പിജി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ഒന്‍പതായി വെട്ടിക്കുറച്ചു. എന്നാലിപ്പോഴും ഉജ്വല്‍ യോജനയെക്കുറിച്ച് പത്രമാധ്യമ പരസ്യങ്ങളില്‍ വാചാ ലമാകുകയാണ് മോദിയും സംഘവും. സ്ത്രീപീഡനത്തിന്റെയും ബാലപീഡനത്തിന്റെയും വിവേചനത്തിന്റെയും കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലാണ്. ആഗോള ലിംഗസമത്വ സൂചികയില്‍ (Global gender gap index) ഇന്ത്യ 108-ാം സ്ഥാനത്തു നിന്നും 131-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

യുവാക്കളുടെ തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുന്നു. പഠിച്ചിറങ്ങുന്ന പത്തില്‍ നാല് ബിരുദധാരികളും തൊഴില്‍ രഹിതരായി തുടരുന്നു. നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.4% ആണ്. ഇതില്‍ ഏഴ് ശതമാനത്തിനു മാത്രമേ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരവരുമാനമുള്ള എന്തെങ്കിലും ജോലി ലഭിക്കുന്നുള്ളു. നോട്ടുനിരോധനവും കമ്പോളത്തിലെ വന്‍കിടകളുടെ മേധാവിത്വവും കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 40,000 ചെറുകിട ഇടത്തരം വ്യാപാരങ്ങള്‍ (MSME) അടച്ചു പൂട്ടുകയും സംരംഭകര്‍ വഴിയാധാരമാവുകയും ചെയ്തു. അതുപോലെ ഗവണ്മെന്റ് റിക്രൂട്ടുമെന്റുകളിലെ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തന്നെ തകര്‍ന്നിരിക്കുന്നു. 2022 ജനുവരിയില്‍ ബിഹാര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) നടത്തിയ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് റിക്രൂട്ട്‌മെന്റ് പ്രവേശന പരീക്ഷാഫല പ്രഖ്യാപനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണുണ്ടായത്. ലക്ഷക്കണക്കിന് യുവാക്കളാണ് റെയില്‍വേയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നതും പ്രവേശന പരീക്ഷ എഴുതിയതും. പരീക്ഷാഫലത്തിലും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയ രീതിയിലും വന്‍ ക്രമക്കേടാണുണ്ടായത്. ഒരേ ഉദ്യോഗാര്‍ത്ഥിക്കു തന്നെ ഒന്നിലധികം തസ്തികകളുടെ പട്ടികയില്‍ ഇടം ലഭിച്ചത് ഉദാഹരണമായി ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ പറ്റ്‌ന, ഗയ, ആറ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകള്‍ അടിച്ചു തകര്‍ക്കുകയും റെയില്‍വേ കോച്ചുകള്‍ക്ക് തീയിടുകയുമുണ്ടായി.

ലാത്തിചാര്‍ജും വെടിവെയ്പും വ്യാപകമായ അറസ്റ്റുകളും നടത്തി പൊലീസ് ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയാണുണ്ടായത്. ഇന്ത്യയിലെ ഉയര്‍ന്ന തൊഴിലില്ലായ്മയുടെ പ്രതീകമായി ഈ പ്രതിഷേധം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടാ യി. ആയിരക്കണക്കിന് ഒഴിവുകളാണ് റെയില്‍വേയില്‍ നികത്താതെ കിടക്കുന്നത്. റെയില്‍വേയില്‍ യാത്രക്കാരുടെ കനത്ത തിരക്കാണ്. മിക്ക ട്രെയിനുകളും വൈകിയാണോടുന്നത്. 2024-25 കാലഘട്ടത്തില്‍ 31 വന്‍ ട്രെയിന്‍ അപകടങ്ങളുണ്ടാവുകയും നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്തു. NCRB കണക്കു പ്രകാരം 22,413 പേര്‍ റയില്‍വേ ട്രാക്കുകളില്‍ മരിച്ചു. സുരക്ഷക്കുള്ള കവച് (KAVACH) സംവിധാനം രാജ്യത്തെ വെറും 2% ട്രാക്കുകളില്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളു. പന്ത്രണ്ടു വര്‍ഷത്തെ ഭരണനേട്ടത്തില്‍ തൊഴിലില്ലായ്മയുടെ പരിഹാരം എംഎസ്എംഇ ആണെന്നാണ് സര്‍ക്കാര്‍ അവകാശവാദം. പുതുസംരംഭകരുടെ സ്ഥിതിയെ കുറിച്ച് മുന്‍ ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ? തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ തലപ്പത്തിരുന്ന പി.സി. മോഹനന് മോദിയുടെ സമ്മര്‍ദ്ദം മൂലം രാജിവച്ചൊഴിയേണ്ടിവന്നു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്നു മാത്രമല്ല കര്‍ഷക ആത്മഹത്യകള്‍ക്ക് വിരാമമിടാന്‍ കഴിയുന്നുമില്ല. കര്‍ഷകര്‍ക്കു നല്‍കിക്കൊണ്ടിരുന്ന എല്ലാ സൗജന്യങ്ങളും സബ്‌സിഡികളും ഇല്ലാതാക്കി. സ്വന്തം ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ വിളവിറക്കാന്‍പോലും കഴിയുന്നില്ല. വളം ഉല്പാദനത്തില്‍ സ്വയംപര്യാപ്തത നേടുമെന്ന് അവകാശപ്പെട്ടുവെങ്കിലും എല്‍എന്‍ജി (LNG) ഉല്പാദനം 25% കുറയ്ക്കുകയും യൂറിയ ഉല്പാദനം ഗണ്യമായി ഇടിയുകയും ചെയ്തു. കൃഷിക്കാരുടെ രോഷം പുകയുകയാണിപ്പോഴും. മാസങ്ങള്‍ നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തില്‍ അഞ്ഞൂറോളം കര്‍ഷകരാണ് രക്തസാക്ഷികളായത്. ഇപ്പോഴും കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മോദി ഭരണകൂടം തയ്യാറാകുന്നില്ല. കര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന നയമാണ് കൃഷിക്കാരോടുള്ള അവഗണനക്ക് കാരണമെന്നത് ആര്‍ക്കാണറിയാത്തത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള വരള്‍ച്ചയിലും അതിതീവ്ര മഴയിലും വേനല്‍ച്ചൂടിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ മനുഷ്യനാശവും വീടുകളുടെയും ജീവനോപാധികളുടെയും നഷ്ടവും വ്യാപകമായുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു നയവും പരിപാടിയുമില്ല. വനങ്ങള്‍ നശിപ്പിക്കുന്നതും ചൂടും മലിനീകരണവും വര്‍ദ്ധിച്ചിട്ടും ലോകത്തെ തന്നെ പ്രധാനപ്പെട്ട മഴക്കാടുകളുള്ള ഗ്രേറ്റ് നിക്കോബാറിനെ പരിസ്ഥിതി നാശത്തിലേക്കു നയിക്കുന്ന വന്‍ പ്രോജക്ടുകളാണ് അവിടെ നടപ്പാക്കിത്തുടങ്ങിയത്. ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹി ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പ്രദേശമായി മാറിയിട്ട് വര്‍ഷങ്ങളോളമായി. ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്ന കേന്ദ്രഭരണക്കാര്‍ക്ക് ഡല്‍ഹിയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. സ്മാര്‍ട്ട് സിറ്റി എന്ന പദപ്രയോഗം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഒരു നഗരത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങളാണ് തദ്ദേശവാസികള്‍ അനുഭവിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകള്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയെത്തന്നെ അപകടത്തിലാക്കിയിരിക്കുന്നു. തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ച (Paper Leaks) നിരവധി വിദ്യാര്‍ത്ഥികളെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ഇതുവരെ 89 പേപ്പര്‍ ചോര്‍ച്ചകള്‍ നടക്കുകയും 48 തവണ വീണ്ടും പരീക്ഷകള്‍ നടത്തുകയും ചെയ്തു. സിബിഎസ്ഇയുടെ ഒഎസ്എം (CBSE OSM) സംവിധാനത്തില്‍ വന്‍ തിരിമറി നടന്നു. ബിജെപിയില്‍പ്പെട്ട ഒരു യുവനേതാവ് തന്നെ ഈ സംഭവത്തില്‍ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഭരണ-ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് ഈ പരീക്ഷാ ക്രമക്കേടിനു പിന്നില്‍. പുതിയ വിദ്യാഭ്യാസ നയമെന്നതിലൂടെ പൊതുവിദ്യാഭ്യാസത്തെയും ഉന്നതവിദ്യാഭ്യാസത്തെയും കാവിവല്ക്കരിക്കുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ അപ്പാടെ നിരാകരിക്കുകയാണ് സംഘപരിവാര്‍ ഭരണകൂടം.

രാജ്യത്ത് ജനാധിപത്യം ഉണ്ടെന്ന പ്രതീതി (Virtual Democracy) മാത്രമാണ് ഉള്ളത്. എല്ലാ ജനാധിപത്യ മൂല്യങ്ങളേയും ഇല്ലാതാക്കിക്കൊണ്ട് വര്‍ഗീയ ഫാസിസ്റ്റ് ഭരണമാണ് രാജ്യത്ത് നടമാടുന്നത്. രാജ്യത്തുടനീളം 6.5 കോടി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമന പ്രക്രിയയിലെ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പിലെ സുതാര്യതയെ ബാധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേട് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും ഇലക്ഷന്‍ കമ്മീഷന്‍ ഭരണകക്ഷിയുടെ ഇംഗിതത്തിനു വഴങ്ങിക്കൊണ്ടുള്ള പക്ഷപാതിത്വപരമായ നിലപാടാണ് സ്വീകരിച്ചത്.

രാജ്യത്ത് മുസ്‌ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോട് കടുത്ത ശത്രുതാപരമായ നടപടികളാണ് ഭരണകൂടത്തിന്റെ സഹായത്തോടെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ നടത്തി വരുന്നത്. സുപ്രീം കോടതി ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ പരസ്യ പ്രതികരണം ഗൗരവപൂര്‍വ്വം കണക്കിലെടുക്കാന്‍ ഫാസിസ്റ്റ് ഭരണം തയ്യാറാകുന്നില്ല. രാജ്യം വിദേശശക്തികള്‍ക്ക്, പ്രത്യേകിച്ചും യുഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്ന തരത്തില്‍ വിദേശനയത്തിലാകെ മാറ്റം വരുത്തിയിരിക്കുന്നു. വ്യാപാരത്തിലും ഊര്‍ജ്ജ സുരക്ഷയിലും വല്ലാതെ നട്ടെല്ല് വളയുന്ന തരത്തില്‍ വിദേശനയം പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ ഈ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. മണിപ്പൂരിലെ വര്‍ഗീയ കലാപത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ല. തത്ഫലമായി ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ടു പലായനം ചെയ്യേണ്ടിവന്നു. നിരവധിപേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും മണിപ്പൂര്‍ പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കുന്നു.

ഇത്തരത്തില്‍ ഓരോ രംഗത്തും തികഞ്ഞ പരാജയമാണ് മോദി സര്‍ക്കാര്‍. അയോധ്യ രാമജന്മഭൂമിയുടെ പേരില്‍ വര്‍ഗ്ഗീയതയെ ആളിക്കത്തിച്ചുകൊണ്ട് മതധ്രുവീകരണത്തിലൂടെ അധികാരത്തിലെത്തിയവരാണ് മോദിയുള്‍പ്പടെയുള്ള സംഘപരിവാര്‍ ശക്തികള്‍. വന്‍കൊള്ളയാണ് രാമക്ഷേത്രത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി മോദി തികഞ്ഞ മൗനത്തിലാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലമായി സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ സമ്പൂര്‍ണ്ണ പരാജയമായി കേന്ദ്രഭരണം മാറിയിരിക്കുന്നു. ഇതിന് എതിരെ സെപ്റ്റംബര്‍ ഒന്നിന് സിപിഐ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മഹാറാലി വലിയ മുന്നേറ്റമായി മാറും. 'ബദലാവ് സരൂരി ഹേ' (മാറ്റം അനിവാര്യമാണ്) എന്ന ആഹ്വാനവുമായാണ് രാംലീല മൈതാനിയില്‍ മഹാറാലി നടക്കുന്നത്.

രഞ്ജിത്ത് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ; 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18-ന്

'ചന്ദ്രോത്സവം' മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട സിനിമ: ആസിഫ് അലി

''ഗോലു ഗോലു ഗോലുമാല ആടി കറങ്ങി!'' വിചിത്ര സംഭവങ്ങളും കൗതുകങ്ങളുമായി 'ധൂമകേതു'വിലെ 'ചിരഞ്ജീവി' ഗാനം

ഹിറ്റ്‌ലറെ പോലും അത്ഭുതപ്പെടുത്തിയ ഇന്ത്യയുടെ അമരനക്ഷത്രം

‘ടോക്സിക്കി’ലെ ഏറെ ചർച്ചയായ ‘വിഷ്യസ് ഫൈറ്റ്’; ആക്ഷൻ രംഗത്തിന് പിന്നിലെ കഥയുമായി ജെജെ പെറി

SCROLL FOR NEXT