നൂറു രൂപയുടെ ക്ലബ്ബ് കച്ചവടവും ബ്രസീലും പിന്നെ നീണ്ടുപോകുന്ന ഐ എസ് എല്ലും : ഇന്ത്യൻ ഫുട്ബോളിൽ സംഭവിക്കുന്നതെന്ത്?

നൂറു രൂപയുടെ ക്ലബ്ബ് കച്ചവടവും ബ്രസീലും പിന്നെ നീണ്ടുപോകുന്ന ഐ എസ് എല്ലും : ഇന്ത്യൻ ഫുട്ബോളിൽ സംഭവിക്കുന്നതെന്ത്?
Published on

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കലണ്ടറിൽ കുറിച്ചിട്ട സെപ്റ്റംബർ 4 ഇനി മറന്നേക്കാം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസൺ ഇനിയും വൈകും. ഒക്ടോബർ ആദ്യവാരത്തിലെ ഫിഫ അന്താരാഷ്ട്ര വിൻഡോയ്ക്ക് ശേഷം, അതായത് ഒക്ടോബർ 6-ന് ശേഷമേ ഐ.എസ്.എല്ലിൽ പന്ത് ഉരുളൂ എന്നാണ് നിലവിലെ തീരുമാനങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ, ലീഗ് നീളുന്നതിനേക്കാൾ വലിയൊരു 'ട്വിസ്റ്റ്' ഇത്തവണത്തെ ടീമുകളുടെ പട്ടികയിലുണ്ട്. 14 ടീമുകൾ മാറ്റുരയ്ക്കുമെന്ന് കരുതിയ പോരാട്ടത്തിൽ ഇത്തവണ 13 ടീമുകൾ മാത്രമേ അങ്കത്തട്ടിലുണ്ടാകൂ!

കഴിഞ്ഞ സീസണിൽ പൊരുതിക്കയറി ഐ-ലീഗ് കിരീടവും നേടി ഐ.എസ്.എല്ലിലേക്ക് ബൂട്ട് കെട്ടാൻ യോഗ്യത നേടിയെത്തിയ പുതിയ ടീമായിരുന്നു ഡയമണ്ട് ഹാർബർ എഫ്.സി (Diamond Harbour FC).

എന്നാൽ ഐ.എസ്.എല്ലിൽ കളിക്കാൻ എ.ഐ.എഫ്.എഫിന് (AIFF) നൽകേണ്ട പ്രവേശന ഫീസിന്റെ രണ്ടാം ഗഡു അടയ്ക്കുന്നതിൽ ടീം പരാജയപ്പെട്ടു. 55 ലക്ഷം രൂപ വീതമുള്ള രണ്ട് ഗഡുക്കളായി 1.1 കോടി രൂപയായിരുന്നു ഫീസ്. ബുധനാഴ്ചത്തെ ഡെഡ്‌ലൈൻ കഴിഞ്ഞിട്ടും പണം അടയ്ക്കാൻ കഴിയാതെ വന്നതോടെ എ.ഐ.എഫ്.എഫ് ഡയമണ്ട് ഹാർബറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചു.

അതേസമയം, മറ്റൊരു വശത്ത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു കൈമാറ്റം നടന്നു. സാമ്പത്തിക ബാധ്യതയിലായ ജംഷെഡ്പൂർ എഫ്.സിയെ വെറും 100 രൂപയ്ക്കാണ് ചർച്ചിൽ ബ്രദേഴ്സ് (Churchill Brothers) വാങ്ങിയത്! ഏറ്റെടുത്ത ഉടൻ തന്നെ മുഴുവൻ പങ്കാളിത്ത തുകയായ 1.1 കോടി രൂപയും എ.ഐ.എഫ്.എഫിൽ അടച്ച് ചർച്ചിൽ തങ്ങളുടെ ഐ.എസ്.എൽ ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്തു.

മറുവശത്ത്, ഫിഫ ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കും എ.ഐ.എഫ്.എഫ് മറുപടി നൽകി. അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും, ഏഷ്യൻ കപ്പിൽ നിന്ന് പിന്മാറിയത് ഒക്ടോബർ 3-ന് കൊൽക്കത്തയിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കാനാണെന്നും അധികൃതർ വ്യക്തമാക്കി.

അതെ സമയം കഴിഞ്ഞ ലോകകപ്പിലെ മിന്നും പ്രകടനം കൊണ്ട് ലോകത്തെ ഞെട്ടിച്ച കേപ് വെർദെയും ഇന്ത്യയിൽ വന്നെത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്. ബ്രസീലിന് മുന്നേ മറ്റൊരു കരുത്തരുമായുള്ള മത്സരം ആയേക്കും അത്.

എന്നാൽ, ഒരു ഫിഫ ടൂർണമെന്റിൽ നിന്ന് പിന്മാറി സൗഹൃദ മത്സരങ്ങൾക്ക് മുൻഗണന കൊടുക്കുന്നതിനെതിരെ കായിക മേഖലയിൽ വലിയ പ്രതിഷേധങ്ങളിലാണ് ഉയരുന്നത്. ഫിഫ റാങ്കിങ്ങിൽ മുന്നോട്ട് വരാനുള്ള അവസരം കളഞ്ഞുകൊണ്ട് ബ്രസീലിനും കേപ് വെർദെക്കും പിന്നാലെ പോകുന്നതിനെതിരെയാണ് പ്രതിഷേധങ്ങൾ.

logo
The Cue
www.thecue.in