

ഇന്ത്യ എന്ന ആധുനിക ജനാധിപത്യ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം, രാജ്യത്തിന്റെ ചരിത്രത്തിനും ഭാവിക്കുമിടയിലെ ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തുകയാണോ എന്ന് ന്യായമായും സംശയിക്കാവുന്ന സംഭവവികാസങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആഘോഷങ്ങളിൽ ഉണ്ടായത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നത്, രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ്. 1937-ൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവുമുൾപ്പെടുന്ന ദേശീയ നേതൃത്വം എടുത്ത, വന്ദേമാതരം പൂർണ്ണമായി ചൊല്ലേണ്ടതില്ലെന്ന തീരുമാനത്തെ മറികടന്നുകൊണ്ട്, എ.ഐ.സി.സി ആസ്ഥാനത്ത് അതിന്റെ മുഴുവൻ ചരണങ്ങളും ആലപിച്ചു. മല്ലികാർജുന ഖാർഗെയും സോണിയാ ഗാന്ധിയും ഉൾപ്പെടുന്ന നേതാക്കളുടെ എതിർപ്പും അസ്വസ്ഥതയും മുഖവിലയ്ക്കെടുക്കാതെ വന്ദേമാതര ആലാപനം തുടർന്നു.
എന്നാൽ ആ എതിർപ്പിനെയും അസ്വസ്ഥതയെയും പോലും അംഗീകരിക്കാൻ ഇപ്പോഴത്തെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ശേഷിയില്ലെന്നാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ് നൽകിയ വിശദീകരണത്തിലൂടെ മനസ്സിലാകുന്നത്. വന്ദേമാതര ആലാപനത്തെ എതിർത്തതല്ല, മറിച്ച് കസേരയ്ക്ക് വേണ്ടി ചോദിച്ചതാണ് എന്നാണ് ജയറാം രമേശ് നൽകിയ വിചിത്ര വിശദീകരണം. കോൺഗ്രസ് ഭരിക്കുന്ന കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടു.
ഇതാദ്യമായി ചെങ്കോട്ടയിലും പൂർണ്ണ വന്ദേമാതരാലാപനം നടന്നു. കേവലം ഒരു "ദേശഭക്തി" ഗാനത്തിന്റെ ആലാപനം എന്നതിലുപരി, നമ്മുടെ ദേശരാഷ്ട്രം എത്തിനിൽക്കുന്ന സവിശേഷ ഘട്ടത്തെയും അതിൻ്റെ മുന്നോട്ടുപോക്കിന്റെ വഴിയെയും അടയാളപ്പെടുത്തുന്ന സൈറൺ ആണ് ചെങ്കോട്ട മുതൽ എ.ഐ.സി.സി ആസ്ഥാനം വരെ മുഴങ്ങിക്കേട്ടത്.
വന്ദേമാതരത്തെ ചുറ്റിപ്പറ്റി കേൾക്കുന്ന ചർച്ചകൾ കേവലം യാദൃശ്ചികമല്ല. ഒന്നര നൂറ്റാണ്ടു പഴക്കമുള്ള വന്ദേമാതരം വിവാദങ്ങളുടെ തുടർച്ചയും ആ വിവാദങ്ങൾ എത്തിനിൽക്കുന്ന സവിശേഷമായ ഘട്ടത്തിലേക്കുള്ള സ്വാഭാവികമായ വളർച്ചയുമാണത്. ആ വളർച്ചയാണ് വന്ദേമാതരം ആലാപനത്തെക്കുറിച്ച് കേരള ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുള്ളത്; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലുള്ളത്; വിദ്യാഭ്യാസ മന്ത്രിയുടെ കയ്യൊഴിയലിലുള്ളത്. ഇതുയർത്തുന്ന ആശങ്കയെ മനസ്സിലാക്കണമെങ്കിൽ വന്ദേമാതരത്തിന്റെ ദീർഘചരിത്രത്തെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു ചരിത്രബോധത്തിൽ നിന്ന് അഭിമുഖീകരിച്ചാലേ ഇപ്പോൾ നടക്കുന്നത് എന്താണ്, അവയുടെ ലക്ഷ്യവും താല്പര്യങ്ങളും എന്താണ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാവുകയുള്ളൂ.
വന്ദേമാതരം; ഒരു ദീർഘ ചരിത്രം
1875-ലാണ് ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജി 'വന്ദേമാതരം' രചിച്ചത് എങ്കിലും, 1882-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'ആനന്ദമഠം' എന്ന നോവലിന്റെ ഭാഗമായി ഉൾപ്പെടുത്തിയതോടെയാണ് ഈ ഗാനം സവിശേഷ ശ്രദ്ധയിലെത്തുന്നത്. ആനന്ദമഠം പ്രസിദ്ധീകരിക്കുന്നതിനു മുന്നേ ഒരു സ്റ്റാൻഡ്-അലോൺ കവിതയായാണ് ഇത് ആദ്യമായി എഴുതപ്പെട്ടത്.
ഹിന്ദുക്കളുടെ ആരാധ്യനായ വിഷ്ണു ഭഗവാനെ ധ്യാനിച്ച് ഒരു അക്ഷയനവമി ദിവസമാണ് ഇത് രചിക്കപ്പെട്ടത്. അതിനർത്ഥം, ഇന്ന് ആളുകൾ പറയുന്ന തരത്തിലുള്ള ദേശീയമായ ഏതെങ്കിലും താല്പര്യത്തെ മുന്നിർത്തിക്കൊണ്ടല്ല വന്ദേമാതരം രചിക്കപ്പെട്ടത് എന്നാണ്. തീർത്തും മതപരമായ ഒരു ഹൈന്ദവ ആഘോഷത്തിന്റെ ഭാഗമായി, ആ ആഘോഷത്തിന് കാരണഭൂതരായ ദൈവസങ്കൽപ്പങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു വാഴ്ത്തുപാട്ടായാണ് യഥാർത്ഥത്തിൽ എഴുതപ്പെട്ടത്. ആനന്ദമഠത്തിന്റെ ഭാഗമായതോടെ ഈ ഗാനം പുതിയ അർത്ഥതലങ്ങൾ കൈവരിക്കുകയായിരുന്നു.
ഈ പുതിയ അർത്ഥതലങ്ങൾ എന്തായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരി തനിക സർക്കാർ തന്റെ Hindu Nationalism in India എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ആനന്ദമഠത്തെ വിശകലനം ചെയ്തുകൊണ്ടുള്ള “The Birth of a Goddess: Bankimchandra Chattopadhyaya’s Anandamath” എന്നൊരു അധ്യായം തന്നെ ആ പുസ്തകത്തിൽ കാണാം.
ബംഗാളിലെ വിദ്യാസമ്പന്നരായ മധ്യവർഗ്ഗത്തെ ബ്രിട്ടീഷുകാർ ശാരീരികമായി ബലഹീനരോ "പൗരുഷമില്ലാത്തവരോ" ആയി പരിഹസിച്ചിരുന്ന ഒരു കാലത്താണ് ബങ്കിം ചന്ദ്ര ആനന്ദമഠം എഴുതുന്നത് എന്നതാണ് തനിക സർക്കാറിന്റെ നിരീക്ഷണം. പൗരുഷത്തിന്റെയും യോദ്ധാവിനു വേണ്ട ഗുണങ്ങളുടെയും ഈ അഭാവത്തെക്കുറിച്ച് ബങ്കിം ചന്ദ്ര ആഴത്തിൽ ആശങ്കാകുലനായിരുന്നുവത്രേ. ഇതിനോടുള്ള പ്രതികരണമായിരുന്നു ആനന്ദമഠം എന്ന നോവൽ എന്നാണ് തനിക സർക്കാറിന്റെ കണ്ടെത്തൽ.
ബ്രിട്ടീഷുകാരുടെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള പരിഹാരം പക്ഷെ ബങ്കിം ചന്ദ്ര ചാറ്റർജി കണ്ടെത്തുന്നത് ഹിന്ദു സന്യാസിമാരുടെ മുസ്‌ലിംകളുമായുള്ള യുദ്ധത്തിലാണ്. 'സന്യാസി റെബെല്ലിയൻ' (Sannyasi Rebellion) എന്നറിയപ്പെട്ടിരുന്ന, 18-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ബംഗാളിലെയും ബിഹാറിലെയും ഹിന്ദു സന്യാസിമാരും മുസ്ലിം സൂഫികളും ചേർന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ പോരാട്ടത്തെയാണ് ബങ്കിം ചന്ദ്ര ആനന്ദമഠത്തിൽ ഹിന്ദു സന്യാസിമാർ ബംഗാളിലെ മുസ്ലിം നവാബുമാർക്കെതിരെ നടത്തിയ പോരാട്ടമാക്കി ചിത്രീകരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലെ ബംഗാളിലെ ക്ഷാമത്തിന്റെയും രാഷ്ട്രീയ അരാജകത്വത്തിന്റെയും പശ്ചാത്തലത്തിൽ നാടുവിട്ടുപോകുന്ന മഹേന്ദ്രന്റെയും ഭാര്യ കല്യാണിയുടെയും കുഞ്ഞിന്റെയും കഥയായി ആരംഭിക്കുന്ന നോവൽ, ഒടുവിൽ ‘സന്താന്മാർ’ എന്ന് വിളിക്കപ്പെടുന്ന, ആനന്ദമഠം എന്ന ഒരു രഹസ്യ മഠത്തിൽ ജീവിക്കുന്ന സന്യാസി-യോദ്ധാക്കളുടെ വീരശൂരത്വങ്ങളുടെ ആഘോഷമായി വികസിക്കുകയാണ് ചെയ്യുന്നത്.
കുടുംബജീവിതവും വ്യക്തിപരമായ സുഖങ്ങളും ഉപേക്ഷിച്ച് മാതൃഭൂമിയുടെ മോചനത്തിനായി പോരാടുന്നവരായാണ് ആ സന്യാസി യോദ്ധാക്കളെ നോവൽ വിശേഷിപ്പിക്കുന്നത്. സന്യാസിമാരുടെ മതപരമായ ത്യാഗത്തെ രാഷ്ട്രീയവും സൈനികവുമായ പോരാട്ടങ്ങളുമായി സംയോജിപ്പിക്കുന്നിടത്താണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ നോവലിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.
ബംഗാളി നവാബുമാരോടുള്ള പോരാട്ടത്തിലൂടെയാണ് ബ്രിട്ടീഷുകാർ പരിഹസിച്ച ആണത്തത്തെ നോവലിസ്റ്റ് ഹിന്ദുക്കൾക്ക് കണ്ടെത്തിക്കൊടുക്കുന്നത്. ശത്രുക്കളോട് ഏറ്റുമുട്ടി മരണപ്പെട്ട ജീവാനന്ദന്റെ ഭാര്യ ശാന്തി പുരുഷവേഷം ധരിച്ച് സന്താന്മാരോടൊപ്പം പോരാട്ടത്തിൽ പങ്കെടുക്കുന്നത് നോവലിൽ വിശദീകരിക്കുന്നുണ്ട്. തനിക സർക്കാർ സൂചിപ്പിച്ചതുപോലെ, ഹിന്ദു ആണത്തത്തെക്കുറിച്ചുള്ള ഇത്തരം ഉത്കണ്ഠകളെ പരിഹരിക്കാനുള്ള പരിശ്രമങ്ങളാണ് നോവലിലുടനീളം.
പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിയോടും ഈ സന്യാസി സൈനികർ പോരാടുന്നുണ്ടെങ്കിലും, സന്താന്മാർ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നില്ല. രാജ്യത്തിന് ഉടൻ സ്വാതന്ത്ര്യം നേടാനുള്ള ശക്തിയും പക്വതയും കൈവന്നിട്ടില്ലെന്നും വിദ്യാഭ്യാസവും അറിവും കരുത്തും കൈവരിക്കേണ്ടതുണ്ടെന്നും സത്യാനന്ദന് ബോധ്യപ്പെടുന്നു. അതിനാൽ ബ്രിട്ടീഷ് ഭരണം ഒരു കാലത്തേക്ക് തുടരുന്നത് അനിവാര്യമാണെന്ന ആശയത്തോടെയാണ് നോവൽ അവസാനിക്കുന്നത്.
ഇവിടെ ബ്രിട്ടീഷുകാരെയും അവരുടെ സേവനങ്ങളെയും പ്രകീർത്തിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ബംഗാളിലെ ഹിന്ദു മധ്യവർഗ്ഗത്തെ പരിഹസിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടെഴുതിയ നോവൽ, എങ്ങനെയാണ് മുസ്ലിംകളെ ശത്രുപക്ഷത്ത് നിർത്തുകയും ബ്രിട്ടീഷ് കൊളോണിയൽ ശക്തികളെ പ്രകീർത്തിക്കുകയും ചെയ്യുന്ന ഒന്നായി മാറിയത് എന്നത് കൗതുകകരമായ കാര്യമാണ്. ഇക്കാര്യമാണ് തനിക തന്റെ പഠനത്തിൽ വിശദീകരിക്കുന്നത്.
ബ്രിട്ടീഷുകാരുടെ പരിഹാസത്തെ മറികടക്കാൻ ആനന്ദമഠത്തിൽ ഹിന്ദു വീരഗാഥകളുടെ ഒരു ഭാവനാത്മക ചരിത്രം സൃഷ്ടിക്കുകയാണ് ബങ്കിം ചെയ്യുന്നത്. അതിൽ മുസ്ലിം ഭരണാധികാരി ഒരു പ്രധാന വില്ലനായി മാറുന്നു. അങ്ങനെ ഹിന്ദു നവീകരണത്തിലൂടെ യോദ്ധാവിന്റെ പൗരുഷത്തെ വീണ്ടെടുക്കുകയും, അതിലൂടെ മുസ്ലിം ഭരണത്തിനെതിരെയുള്ള പ്രതിരോധം തീർക്കുകയും, അതിലൂടെ മാതൃഭൂമിയെ വീണ്ടെടുക്കുകയും ചെയ്യുക എന്ന പ്രത്യേക രാഷ്ട്രീയ സമവാക്യം സൃഷ്ടിക്കുക കൂടിയായിരുന്നു ബങ്കിം ചെയ്തത്. മുസ്ലിം ഭരണാധികാരികളെ ചിത്രീകരിക്കുന്നത് പോലെയല്ല ബ്രിട്ടീഷുകാരെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ ആധുനിക അറിവുകളും അച്ചടക്കവും കൊണ്ടുവരുന്നവരായിട്ടാണ് നോവലിൽ ചിത്രീകരിക്കപ്പെടുന്നത്.
സന്താന്മാരുടെ ആശയലോകത്തിലുള്ള ഈ മാതൃഭൂമി ഒരു ഭൗതിക ഭൂപടം മാത്രമല്ല; അത് ഒരു ദിവ്യമാതാവായാണ് സങ്കൽപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഭൂതകാല മഹത്വം, വർത്തമാന ദുരവസ്ഥ, ഭാവിയിലെ ശക്തിയും സമൃദ്ധിയുമെല്ലാം വിവിധ ഹിന്ദു ദേവീരൂപങ്ങളിലൂടെയാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ‘വന്ദേ മാതരം’ എന്ന ഗാനവും നോവലിൽ വരുന്നത്. അപ്പോഴേക്കും അക്ഷയനവമി ദിവസത്തെക്കുറിച്ചുള്ള ഒരു വാഴ്ത്തുപാട്ട്, ‘സന്താന്മാരുടെ മാത്രമല്ല, ഹിന്ദുക്കളുടെ തന്നെ ദേശരാഷ്ട്ര സങ്കൽപ്പത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു.
ഒരു പ്രത്യേക തരത്തിലുള്ള ഹിന്ദു രാഷ്ട്രീയബോധത്തെയും രാഷ്ട്രത്തെക്കുറിച്ചുള്ള ഹിന്ദു സങ്കൽപ്പത്തെയുമാണ് ആ കൃതി നിർമ്മിച്ചെടുക്കുന്നത് എന്നും, പിൽക്കാലത്ത് ഹിന്ദു ദേശീയതയുടെ കേന്ദ്ര ആശയങ്ങളായി മാറിയ ചില ചിന്തകളെ എങ്ങനെയാണ് അദ്ദേഹത്തിന്റെ രചനകൾ മുൻകൂട്ടി സങ്കൽപ്പിച്ചത് എന്നുമാണ് തനിക പരിശോധിക്കുന്നത്. അന്നുവരെ പൂർണ്ണമായി നിലവിലില്ലാതിരുന്ന, ഹൈന്ദവ ദൈവസങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ ഒരു 'രാഷ്ട്രീയബോധത്തെ' ബോധപൂർവ്വം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് സന്യാസി കലാപങ്ങളുടെ കഥകളിലൂടെ 'ആനന്ദമഠത്തിൽ' നടന്നത് എന്നാണ് തനിക വിശദീകരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് വന്ദേമാതരത്തെക്കുറിച്ചുള്ള വിവാദങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് ഇത് ബംഗാളിൽ വ്യാപകമായി പാടിയിരുന്നുവെങ്കിലും, ഈ ഗീതം ഔദ്യോഗികമായി പരിഗണിക്കപ്പെടാൻ തുടങ്ങിയ കാലം മുതൽ തന്നെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. രണ്ട് പ്രധാന പ്രശ്നങ്ങളാണ് വിമർശകർ ഉയർത്തിക്കാണിച്ചത്. ഒന്ന്, ഗീതത്തിന്റെ ആദ്യ രണ്ട് വരികളിൽ മാതൃഭൂമിയുടെ പ്രകൃതിഭംഗിയെയും സമൃദ്ധിയെയും കുറിച്ചാണ് വിവരിക്കുന്നതെങ്കിലും, ശേഷിക്കുന്ന ഭാഗങ്ങളിൽ മാതൃഭൂമിയെ ഹിന്ദു ദേവീസങ്കൽപ്പങ്ങളോട് ഉപമിച്ച് വന്ദിക്കുകയാണ് ചെയ്യുന്നത്. മാതൃഭൂമിയെ ഒരു ദൈവമായി സങ്കൽപ്പിച്ച് വന്ദിക്കുന്നത് ഇസ്ലാം, ക്രിസ്തു, ജൂത തുടങ്ങിയ വിവിധ മതവിശ്വാസികൾക്ക് വിശ്വാസപരമായി അംഗീകരിക്കാൻ കഴിയാത്തതാണ്. രണ്ടാമത്തെ പ്രശ്നം ഈ ഗീതം ഉൾപ്പെട്ട ആനന്ദമഠവുമായി ബന്ധപ്പെട്ടതാണ്. ഈ നോവലിന്റെ ഇതിവൃത്തം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമോ സ്വാതന്ത്ര്യസമരങ്ങളോ അല്ല; മാതൃഭൂമിയെ പ്രതിനിധീകരിക്കുന്ന ഒരു പുതിയ ദേവിയുടെ കീഴിൽ സന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു-മുസ്ലിം യുദ്ധത്തെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രസങ്കൽപ്പത്തെയാണ് അത് മുന്നോട്ടുവെക്കുന്നത്.
വന്ദേമാതരവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾ പരിഗണിച്ച്, വരികളിലെ മതപരമായ സങ്കൽപ്പങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതാണെന്ന് ഉൾക്കൊണ്ടുകൊണ്ട്, 1937-ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഔദ്യോഗിക ചടങ്ങുകളിൽ ഈ ഗീതത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന് തീരുമാനമെടുത്തു. മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കൈക്കൊണ്ട ഈ തീരുമാനത്തെ അന്ന് മുസ്ലിം ലീഗ് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ലീഗ് ഈ ഗീതത്തെ പൂർണ്ണമായിത്തന്നെ എതിർത്തു. 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ചൊല്ലിയ രബീന്ദ്രനാഥ് ടാഗോറിന്റെ ഉപദേശം കൂടി മുഖവിലയ്ക്കെടുത്തുകൊണ്ടായിരുന്നു ആ തീരുമാനം. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ പ്രകൃതിയോടുള്ള സ്നേഹത്തെയാണ് ഉൾക്കൊള്ളുന്നതെങ്കിലും, അതിനുശേഷമുള്ള വരികൾ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കുന്നവയും കടുത്ത ഹിന്ദുമത സങ്കൽപ്പങ്ങളെ പ്രഘോഷിക്കുന്നവയും, അതുകൊണ്ടുതന്നെ മറ്റു മതസ്ഥരെ അകറ്റിനിർത്തുന്നതുമാണെന്നായിരുന്നു ടാഗോർ ചൂണ്ടിക്കാണിച്ചത്.
ഭരണഘടനാ നിർമ്മാണ സഭയിൽ ദേശീയഗാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഈ തർക്കങ്ങൾ ഉന്നയിക്കപ്പെട്ടു. എന്നാൽ മേൽ ഉന്നയിക്കപ്പെട്ട വിമർശനങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ട് 'ജനഗണ മന'യെ ദേശീയഗാനമായി (National anthem) പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതേസമയം, വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ ബഹുമാനത്തോടും പദവിയോടും കൂടി 'ദേശീയഗീതം' (National song) എന്ന പദവിയും നൽകി. അങ്ങനെയാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ ചില ഔദ്യോഗിക ചടങ്ങുകളിൽ ചൊല്ലാൻ തുടങ്ങിയത്.
എന്നാൽ, 1937 മുതൽ കോൺഗ്രസ് സ്വീകരിച്ചു പോന്ന നിലപാടിനെയാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം തിരുത്തിയത്. ഈ തിരുത്തലിനെ കേവലം ഒരു ഗീതത്തിന്റെ ആലാപനത്തിന്റെ വിഷയമായി ചുരുക്കാൻ കഴിയില്ല. വന്ദേമാതരം വിവാദങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മർമ്മപ്രധാന ഭാഗമായി മാറിക്കഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. വന്ദേമാതരം എങ്ങനെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താല്പര്യങ്ങളെ മുന്നോട്ടുവെക്കുന്നത് എന്നത് ആനന്ദമഠത്തിന്റെ വിശകലനത്തിൽ തന്നെ നാം കണ്ടുകഴിഞ്ഞതാണ്. ആനന്ദമഠം മുന്നോട്ടുവെക്കുന്ന മതത്തിന്റെ സൈനികവൽക്കരണവും തുടർന്നുള്ള അതിന്റെ രാഷ്ട്രീയ പ്രയോഗവും സംഘപരിവാർ സംഘടനകളുടെ മുഖ്യ അജണ്ടയാണ്. ആ അജണ്ടയെ പരിപോഷിപ്പിക്കാനുള്ള ഊർജ്ജസ്രോതസ്സായാണ് വന്ദേമാതരത്തെ അവർ കാണുന്നതും, അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് കൃത്യസമയങ്ങളിൽ തിരികൊളുത്തുന്നതും.
അങ്ങനെയൊരു കാലത്ത് പാലിക്കേണ്ട രാഷ്ട്രീയ ജാഗ്രത കാണിച്ചില്ല എന്നാണ് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികൾ പറയുന്നത്. ആ ജാഗ്രതയില്ലായ്മയുടെ തുടർച്ചയാണ് കേരള ചീഫ് സെക്രട്ടറിയുടെ സർക്കുലറിലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലും വായിക്കാൻ സാധിക്കുന്നത്. ചിലരെങ്കിലും ആരോപിക്കുന്നത് പോലെ, ഇതൊരു മുസ്ലിം പ്രശ്നമല്ല; അങ്ങനെ കാണുന്നത് അന്യായമാണ്. ഈ രാജ്യത്തിന്റെ പാരമ്പര്യത്തിനും ഭരണഘടനയ്ക്കും അതുയർത്തിപ്പിടിക്കുന്ന ബഹുസ്വര മൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങളായി മാത്രമേ അതിനെ മനസ്സിലാക്കാൻ പാടുള്ളൂ. പൊതുസദസ്സുകളിൽ വന്ദേമാതരം പാടാതിരിക്കലാണ് നല്ലതെന്ന നിലപാട് ഗാന്ധിജി എടുക്കാനും കാരണം ഇതായിരുന്നു.
ദേശീയഗാനവും ഗീതവും പാടൽ നിർബന്ധമാണോ?
1986-ലെ ബിജോയ് ഇമ്മാനുവൽ കേസ് ഈ ഘട്ടത്തിൽ ഓർക്കുന്നത് നന്നായിരിക്കും. ക്രിസ്തീയ വിശ്വാസികളിൽപ്പെട്ട 'യഹോവയുടെ സാക്ഷികൾ' എന്ന വിഭാഗത്തിലുള്ള ബിജോയ്, ബിനു മോൾ, ബിന്ദു ഇമ്മാനുവൽ എന്നീ മൂന്ന് കുട്ടികളാണ് ഈ കേസിലെ ഹർജിക്കാർ. കോട്ടയം ജില്ലയിലെ പാമ്പാടിയിലുള്ള സ്കൂളിൽ രാവിലെ അസംബ്ലിയിൽ ദേശീയഗാനം ആലപിക്കുമ്പോൾ ഈ കുട്ടികൾ ബഹുമാനപൂർവ്വം എഴുന്നേറ്റു നിൽക്കാറുണ്ടായിരുന്നുവെങ്കിലും പാടാറില്ലായിരുന്നു. ദൈവത്തെയല്ലാതെ മറ്റാരെയും പ്രകീർത്തിച്ച് പാടുന്നത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണ് എന്നതായിരുന്നു ഇതിന് കാരണം.
1985-ൽ ഒരു എം.എൽ.എ നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുകയും കുട്ടികളുടെ നടപടി രാജ്യവിരുദ്ധമാണെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്ന് അധികാരികളുടെ നിർദേശപ്രകാരം 1985-ൽ ഹെഡ്മിസ്ട്രസ് ഇവരെ സ്കൂളിൽ നിന്ന് പുറത്താക്കി. കുട്ടികളുടെ പിതാവ് ഇമ്മാനുവൽ ഇതിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി പുറത്താക്കൽ ശരിവച്ചു. തുടർന്ന് അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 1986 ഓഗസ്റ്റ് 11-ന് ജസ്റ്റിസ് ഒ. ചിന്നപ്പറെഡ്ഡി, ജസ്റ്റിസ് എം.എം. ദത്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കുട്ടികളുടെ പുറത്താക്കൽ റദ്ദാക്കുകയും അവരെ ഉടനടി സ്കൂളിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തിൽ "മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യവും" (Right to remain silent) ഉൾപ്പെടുന്നു എന്നും, തങ്ങളുടെ ആത്മാർത്ഥമായ മതവിശ്വാസത്തിന് എതിരായ ഒരു കാര്യം ചെയ്യാൻ പൗരന്മാരെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25(1) പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പ്രസ്തുത വിധിയിൽ കോടതി വ്യക്തമാക്കി.
ദേശീയഗാനം ആലപിക്കുമ്പോൾ ബഹുമാനപൂർവ്വം എഴുന്നേറ്റു നിൽക്കുന്നത് തന്നെ ഗാനത്തോടുള്ള ആദരവാണ്. യഥാർത്ഥ മതവിശ്വാസത്തിന്റെ പേരിൽ പാടാതിരിക്കുന്നത് ദേശീയഗാനത്തോടുള്ള അനാദരവല്ലെന്നും കോടതി നിരീക്ഷിച്ചു. ഇമ്മാനുവൽ കേസിന്റെ വിധിന്യായത്തിന്റെ അവസാന ഭാഗത്ത് ജസ്റ്റിസ് ഒ. ചിന്നപ്പറെഡ്ഡി പറയുന്ന വരികൾ, വന്ദേമാതരത്തിന്റെ മറവിൽ സ്വാതന്ത്ര്യദിനത്തിൽ പോലും വിഭജനം ഉണ്ടാക്കുന്നവരുടെ കാലത്ത് പ്രത്യേകിച്ചും പ്രസക്തമാണ്: "നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു; നമ്മുടെ തത്ത്വചിന്ത സഹിഷ്ണുത പ്രസംഗിക്കുന്നു; നമ്മുടെ ഭരണഘടന സഹിഷ്ണുത പരിശീലിക്കുന്നു; അത് തകർക്കാതിരിക്കാം."
നിർബന്ധമില്ലെങ്കിലും പാടാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ പരിരക്ഷ ഉണ്ടെങ്കിലും സമകാലിക ഇന്ത്യയിൽ അതിന് സാമൂഹ്യ രാഷ്ട്രീയ പരിരക്ഷ ഇല്ല എന്നതാണ് യഥാർഥ്യം. അതുകൊണ്ടാണ് ജയറാം രമേശിനെ പോലുള്ള ഒരു മുതിർന്ന നേതാവിനു പോലും അപഹാസ്യമായ വിശദീകരണവുമായി രംഗത്തുവരേണ്ടി വരുന്നത്. നിർബന്ധമില്ലാഞ്ഞിട്ടും രാഷ്ട്രീയമായ വിയോജിപ്പ് ഉണ്ടായിട്ടും കോൺഗ്രസ് സർക്കാരുകൾ വന്ദേമാതരം നീട്ടിപ്പാടിക്കൊണ്ടിരിക്കുന്നത്. ആൾക്കൂട്ട അക്രമങ്ങളിൽ ഹിന്ദുത്വ സംഘനാ പ്രവർത്തകർ ആളുകളെ കൊണ്ട് നിർബന്ധിച്ച് വന്ദേമാതരം ചൊല്ലിക്കുന്ന സംഭവങ്ങളും കണ്ടു. ന്യൂനപക്ഷങ്ങളെ അടിക്കാനുള്ള മറ്റൊരു വടിയല്ലാതെ മറ്റെന്താണ് ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചെടുത്തോളം വന്ദേമാതരം? ആ വടിയായി നിന്നു കൊടുക്കണോ എന്നതാണ് ഈ സന്ദർഭം ഓരോ ഇന്ത്യക്കാരനോടും ചോദിക്കുന്ന ചോദ്യം.