

ശത്രുനിരയുടെ പ്രതിരോധങ്ങളെ ഒന്നൊന്നായി വെട്ടിച്ച്, പന്ത് ഹോക്കിസ്റ്റിക്കിൽ ഒട്ടിപ്പിടിച്ചതുപോലെ പാഞ്ഞു മുന്നേറുന്ന ഒരു മനുഷ്യരൂപം. മേജർ ധ്യാൻ ചന്ദ് എന്ന അത്ഭുതത്തെ അങ്ങനെ പറഞ്ഞുവെക്കാം.
1905 ഓഗസ്റ്റ് 29-ന് അലഹാബാദിലാണ് ധ്യാൻ സിംഗ് ജനിക്കുന്നത്. കളിക്കളത്തിൽ വലിയ അത്ഭുതങ്ങളൊന്നും കാണിക്കാത്ത, തികച്ചും സാധാരണക്കാരനായ ഒരു ബാല്യം. 1921-ൽ തന്റെ പതിനാറാം വയസ്സിലാണ് അയാൾ ഡൽഹിയിലെ റെജിമെന്റിൽ ഒരു പട്ടാളക്കാരനായി ജോലിയിൽ പ്രവേശിക്കുന്നത്. പകൽ മുഴുവൻ നീളുന്ന കഠിനമായ സൈനിക സേവനത്തിന് ശേഷം, മറ്റുള്ളവർ വിശ്രമിക്കാൻ പോകുമ്പോൾ അയാൾ മൈതാനത്തേക്ക് ഇറങ്ങുമായിരുന്നു. സുബേദാർ മേജർ ബാലെ തിവാരിയുടെ ശിക്ഷണത്തിൽ, രാത്രിയിലെ നിലാവിന്റെ വെളിച്ചത്തിലായിരുന്നു അയാളുടെ ഹോക്കി പരിശീലനം. ചന്ദ്രവെളിച്ചത്തിൽ തപസ്സുപോലെ നടത്തിയ ആ പരിശ്രമമാണ് ധ്യാൻ സിംഗ് എന്ന സാധാരണ പട്ടാളക്കാരന് "ധ്യാൻ ചന്ദ്" എന്ന പേര് സമ്മാനിച്ചത്.
പിന്നീടങ്ങോട്ട് ഒരു സാധാരണ പട്ടാളക്കാരൻ കായിക ലോകത്തിന്റെ സിംഹാസനത്തിലേക്ക് ഉയരുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. 1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ എതിരാളികൾക്ക് ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ ഇന്ത്യ സ്വർണ്ണം നേടിയപ്പോൾ, കടുത്ത പനി വകവെക്കാതെ ഫൈനലിൽ ഇറങ്ങി മൂന്നു ഗോളുകൾ നേടി, 14 ഗോളുകളോടെ ടൂർണമെന്റിലെ ടോപ്പ് സ്കോററായത് ധ്യാൻ ആയിരുന്നു. 1932-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ട്രയൽസ് പോലും കൂടാതെ ടീമിലിടം നേടിയ അയാൾ, അമേരിക്കക്കെതിരെയുള്ള 24-1 എന്ന ചരിത്രവിജയത്തിൽ സഹോദരൻ രൂപ് സിങ്ങിനൊപ്പം ഗോളുകൾ അടിച്ചുകൂട്ടി ലോകത്തിന് മുന്നിൽ തന്റെ മികവ് കൂടുതൽ തിളക്കത്തോടെ പ്രദർശിപ്പിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ നിമിഷങ്ങൾ പിറന്നത് 1936-ലെ ബെർലിൻ ഒളിമ്പിക്സിലായിരുന്നു. ടീമിന്റെ ക്യാപ്റ്റനായി മാറിയ ധ്യാൻ, ജർമ്മനിയെ അവരുടെ സ്വന്തം കാണികൾക്ക് മുന്നിൽ 8-1 എന്ന സ്കോറിന് തൂത്തെറിഞ്ഞത് സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറുടെ കണ്ണുകൾക്ക് മുന്നിലായിരുന്നു. ധ്യാൻ ചന്ദിന്റെ കളിയിൽ മതിമറന്ന ഹിറ്റ്‌ലർ, അയാൾക്ക് ജർമ്മൻ പൗരത്വവും സൈന്യത്തിൽ ഉയർന്ന പദവിയും വാഗ്ദാനം ചെയ്തു. എന്നാൽ ഒരു തരിപോലും മടിക്കാതെ ആ ഓഫർ നിരസിച്ച് സ്വന്തം രാജ്യത്തോടുള്ള കൂറ് ഉയർത്തിപ്പിടിച്ച ആ കായികപ്രതിഭ, ഇന്ത്യക്ക് ഒളിമ്പിക്സിലെ ഹാട്രിക് സ്വർണ്ണം സമ്മാനിച്ച് മേജർ പദവിയിലേക്കും കായിക ലോകത്തിന്റെ നെറുകയിലേക്കും നടന്നു കയറി.
ധ്യാൻ ചന്ദിന്റെ അടുത്ത് പന്ത് കിട്ടിയാൽ അത് സ്റ്റിക്കിൽ ഒട്ടിപ്പിടിച്ചതുപോലെയായിരുന്നു; സ്റ്റിക്കിൽ പശയോ കാന്തമോ ഉണ്ടെന്ന് സംശയിച്ച് എതിരാളികൾ അത് വാങ്ങി പരിശോധിച്ച കഥകൾ പോലുമുണ്ടായി. കരിയറിലുടനീളം ആയിരത്തിലധികം ഗോളുകളും, അന്താരാഷ്ട്രതലത്തിൽ 570 ഗോളുകളും നേടിയ ധ്യാൻചന്ദിനെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാൻ പറഞ്ഞത്, "ഞങ്ങൾ ക്രിക്കറ്റിൽ റൺസ് അടിക്കുന്നത് പോലെയാണ് ധ്യാൻ ചന്ദ് ഹോക്കിയിൽ ഗോളടിക്കുന്നത്" എന്നാണ്.
ആഗോളതലത്തിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ആ മേജറുടെ വിരമിക്കലിനു ശേഷമുള്ള ജീവിതം പക്ഷേ തികച്ചും ലളിതവും സങ്കടകരവുമായിരുന്നു. ഹോക്കിയുടെ കളത്തിൽ നിന്നും ബൂട്ടഴിച്ചു വെക്കുകയും, സൈനിക മേഖലയിൽ നിന്ന് റിട്ടയർ ആവുകയും ചെയ്ത് പരിശീലക കുപ്പായമണിഞ്ഞ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാൾക്ക് പക്ഷെ തൻറെ അവസാന കാലങ്ങളിൽ ജാൻസിയിലെ ചെറിയ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളോടും രോഗത്തോടും പൊരുതേണ്ടി വന്നു. 1979 ഡിസംബർ 3-ന് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ച് അദ്ദേഹം കണ്ണടച്ചു. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് രാജ്യം ആ ഇതിഹാസത്തിന് അവസാനമായി വിട നൽകിയത്.
ഇന്ന്, മരണശേഷവും ആ വെളിച്ചം അണയാതെ നിലനിൽക്കുന്നു. 1956-ൽ പദ്മഭൂഷൺ നൽകി ആദരിച്ച ഇന്ത്യ, അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനമായി പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരത്തിന് "മേജർ ധ്യാൻ ചന്ദ് ഖേൽരത്ന അവാർഡ്" എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ആ ഓർമ്മകളെ ഭാരതം അമരമാക്കി.