യുഎസ്-ഇസ്രായേല്‍ വൈദേശിക ശക്തികളുടെയും ഇറാന്‍ സര്‍ക്കാരിന്റെയും അധികാരപ്രയോഗത്തില്‍ ശ്വാസം മുട്ടുകയാണ് ഇറാന്‍ ജനത. ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ദീര്‍ഘകാലമായി ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ ഉപരോധങ്ങളുടെ അനന്തരഫലമായി ഉണ്ടായിട്ടുള്ള ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളാണ്. അത് സ്വാഭാവികമായും സാമ്പത്തിക പ്രതിസന്ധി കൂടിയാണ്. വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, അങ്ങനെയുള്ള പ്രശ്നങ്ങള്‍ എല്ലാം ഇറാനില്‍ ഇപ്പോള്‍ രൂക്ഷമാണ്. അതിനോടുള്ള പ്രതികരണം എന്ന രീതിയിലാണ് ഇപ്പോളത്തെ ജനങ്ങളുടെ പ്രതിഷേധം. പക്ഷേ പ്രതിഷേധത്തില്‍ ഭൂരിപക്ഷ ഇറാനികളുടെ പിന്തുണയുണ്ട് എന്ന് കരുതാന്‍ വയ്യ. എന്നാല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട, അല്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും വിദ്യാര്‍ത്ഥികളും ഇതില്‍ ഏറെക്കുറെ പങ്കെടുക്കുന്നുണ്ട്. 1979ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ആദ്യമായായിരിക്കും ഒരുപക്ഷേ ഇറാനിലെ ബാസാറികള്‍, അഥവാ ഇറാനിലെ പ്രശസ്തമായ കമ്പോളം നിയന്ത്രിക്കുന്നവര്‍ സംഘര്‍ഷത്തില്‍ പങ്കെടുക്കുന്നത്. അതിന് വളരെയധികം പ്രാധാന്യം കൂടിയുണ്ട്. കാരണം 1978-79ല്‍ ഇറാനിയന്‍ വിപ്ലവം വിജയിപ്പിക്കുന്നതില്‍, ദീര്‍ഘകാലമായി അവിടെയുണ്ടായിരുന്ന റേസ ഷാ പെഹ്ലവിയുടെ രാജഭരണകൂടത്തെ അട്ടിമറിച്ച് വിപ്ലവത്തിലൂടെ പുതിയ ഭരണകൂടത്തെ കൊണ്ടുവരുന്നതിന് സഹായിച്ചത് കമ്പോളങ്ങള്‍ നിയന്ത്രിച്ചിരുന്ന ബാസാറികള്‍ ആയിരുന്നു. അവര്‍ ഇത്തവണ സമരത്തിന് ഇറങ്ങിയിട്ടുണ്ട് എന്നാണ് നമുക്ക് കിട്ടുന്ന അറിവുകള്‍.
സെപ്റ്റംബര്‍ 11 സംഭവത്തിന് ശേഷം അമേരിക്ക ഭീകരതക്ക് എതിരെ യുദ്ധം പ്രഖ്യാപിക്കുകയും അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ അതുപോലെ ഉത്തര കൊറിയ തുടങ്ങിയ രാഷ്ട്രങ്ങളെ ആക്‌സിസ് ഓഫ് ഈവിള്‍ ആയി പ്രഖ്യാപിക്കുകയുമുണ്ടായി. അതിലെ പ്രധാന രാഷ്ട്രങ്ങളില്‍ ഒന്ന് ഇറാനാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇറാനെതിരെ ഒളിയുദ്ധം നടക്കുന്ന കാര്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അത് കൂടാതെ 2005ല്‍ ഇറാനില്‍ പ്രസിഡന്റായി വന്ന അഹമ്മദി നെജാദ് എടുത്ത പല നയങ്ങളും ഇസ്രായേലിന് എതിരെയുള്ള വാക്‌യുദ്ധവും ഇന്നത്തെ ഈ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. അതായത് ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും, മാപ്പില്‍ നിന്ന് ഇല്ലാതാക്കും എന്നിങ്ങനെയുള്ള നെജാദിയുടെ പ്രസ്താവനകള്‍ ഇസ്രായേല്‍ നേരിട്ട് തന്നെ ഇറാനില്‍ ഒളിയുദ്ധം നടത്താന്‍ കാരണമായിട്ടുണ്ട്. അങ്ങനെയാണ് 2005ന് ശേഷം ഇറാന്റെ ന്യൂക്ലിയര്‍ സയന്റിസ്റ്റുകളെ ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘത്തെ ഉപയോഗിച്ചുകൊണ്ട് കൊലപ്പെടുത്തിയത്. 2025 മെയ്-ജൂണ്‍ മാസത്തിലെ സംഘര്‍ഷത്തിന് കാരണവും മറ്റൊന്നല്ല. വളരെ ആസൂത്രിതമായി ഇസ്രായേല്‍ ആ സംഘര്‍ഷം മുന്നോട്ടു കൊണ്ടുപോയി. ഇറാനെ ചുരുങ്ങിയ സമയം കൊണ്ട് കീഴടക്കാമെന്ന് വിചാരിച്ചിരുന്നുവെങ്കിലും ഇറാന്‍ ആസൂത്രിതമായി തിരിച്ചടിച്ചപ്പോള്‍ ഇസ്രായേലിന് പിന്‍വാങ്ങേണ്ടി വരികയും പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്തു. ഒടുവില്‍ അമേരിക്കയുടെ പിന്തുണയോടെ രണ്ട് ആണവ നിലയങ്ങള്‍ക്ക് നേരെ ബോംബ് വര്‍ഷിച്ചാണ് 2025ലെ സംഘര്‍ഷം അവര്‍ അവസാനിപ്പിച്ചത്. അത്തരത്തില്‍ അമേരിക്കയെ ആശ്രയിച്ചത് നാണക്കേടായാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. കാരണം അവര്‍ ഇറാന്റെ സൈനിക - രാഷ്ട്രീയ ശേഷിയെ വിലകുറച്ച് കണ്ടു. തുടര്‍ന്ന് ഇസ്രായേലിന്റെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും ഇറാന്റെ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. ഇറാന്റെ സൈനിക ശക്തി ഏതൊരു വന്‍ശക്തികളുടെയും ഒപ്പം എത്തിയിരിക്കുകയാണ്. അത് കൊണ്ടാണ് റഷ്യയ്ക്ക് ഡ്രോണുകള്‍ ഇറാന്‍ നല്‍കി കൊണ്ടിരിക്കുന്നത്. അതിനെത്തുടര്‍ന്ന് ഇറാനെ വീണ്ടും ഒരു അരക്ഷിതാവസ്ഥയില്‍ എത്തിക്കുന്നതിനും വീണ്ടും പ്രക്ഷോഭം ആളിക്കത്തിക്കുന്നതിനും ഇസ്രായേലും അമേരിക്കയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതും വസ്തുതയാണ്.
1910-11 കാലഘട്ടത്തില്‍ ഖാജാറുകള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇറാനില്‍ ആധുനികതക്ക് വേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭം ആരംഭിക്കുന്നുണ്ട്. ആ കാലത്ത് തന്നെ ഒരു ഭരണഘടന വേണമെന്നുള്ള ആവശ്യം വരികയും ഒരു ഭരണഘടനാധിഷ്ഠിത രാജഭരണകൂടം നിലവില്‍ വരികയുമുണ്ടായി.
പുരാതന പേര്‍ഷ്യ, ആധുനിക ഇറാന്‍; ചരിത്രം ഇങ്ങനെ
ഇറാനില്‍ മനുഷ്യാവകാശ ലംഘനങ്ങളും പ്രക്ഷോഭകരെ സൈന്യം കായികമായി നേരിടുന്ന സംഭവങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നത് വാസ്തവമാണ്. പക്ഷേ ഇത് തികച്ചും ഏകപക്ഷീയമായി വിഷയത്തെ വിലയിരുത്തലാണ്. ഇവിടെ ജനാധിപത്യ, ചരിത്ര ബോധമുള്ള, നിഷ്പക്ഷമായി ചിന്തിക്കുന്ന ഓരോ മനുഷ്യനും മനസിലാക്കേണ്ടത് എങ്ങനെ ഇറാന്‍ ഈ നിലയിലേക്ക് എത്തി എന്നതാണ്. ആരാണ് ഇറാനെ ഇത്തരത്തിലുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചത് എന്നുള്ളതും വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. ഇറാന്‍ എന്ന രാഷ്ട്രം ദീര്‍ഘകാലഘട്ടം, അതായത് രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ ഒരു സാമ്രാജ്യമായി നിലനിന്ന, ചക്രവര്‍ത്തിമാരുടെ ഭരണം നിലനിന്ന രാജ്യമാണ്. സൈറസിന്റെയും സസാനിയന്‍, സെല്‍ ജുക്സ്, ഇല്‍കാനൈറ്റ്, സഫാവിദുകള്‍, ഖാജാര്‍ പിന്നെ 1979 വരെ പെഹ്ലവി രാജവാഴ്ച. 1925 മുതല്‍ തുടങ്ങിയ രാജഭരണം 1979ല്‍ വിപ്ലവത്തിലാണ് പുറന്തള്ളപ്പെട്ടത്.
1910-11 കാലഘട്ടത്തില്‍ ഖാജാറുകള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇറാനില്‍ ആധുനികതക്ക് വേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭം ആരംഭിക്കുന്നുണ്ട്. ആ കാലത്ത് തന്നെ ഒരു ഭരണഘടന വേണമെന്നുള്ള ആവശ്യം വരികയും ഒരു ഭരണഘടനാധിഷ്ഠിത രാജഭരണകൂടം നിലവില്‍ വരികയുമുണ്ടായി. തുടര്‍ന്ന് ഒന്നാം ലോകയുദ്ധം നടക്കുന്നു, ബ്രിട്ടന്റെയും റഷ്യയുടെയും ഇടപെടലുകള്‍ ഇറാനിലുണ്ടാകുന്നു. അന്നാ രാഷ്ട്രം അറിയപ്പെട്ടിരുന്നത് പേര്‍ഷ്യ എന്നാണ്. രണ്ട് ഭാഗത്തു നിന്നും പേര്‍ഷ്യ ആക്രമിച്ച് അവര്‍ കീഴടക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. 1921ല്‍ ബ്രിട്ടീഷ് ഇടപെടലില്‍ ഖാജാര്‍ രാജഭരണത്തെ അട്ടിമറിച്ചാണ് റിസ ഖാന്‍ എന്ന സൈനികന്‍ ഇറാന്‍ ഭരണാധികാരിയായി - ഷാ - രാജാവായി അധികാരമേല്‍ക്കുന്നത്. 'ഷാ നാമ' എന്ന പേര്‍ഷ്യന്‍ ഇതിഹാസ കാവ്യത്തില്‍ നിന്നും റിസ ഖാന്‍ സ്വയം അവരോധിച്ച പദവിയാണ് 'പെഹ്ലവി' എന്ന രാജനാമം. റേസ ഷാ പെഹ്ലവി കുറച്ചുകൂടി ആധുനിക ചിന്താഗതിയുള്ള ആളായിരുന്നു. ഒരുപക്ഷേ തുര്‍ക്കിയിലെ മുസ്തഫ കമാല്‍ അത്താ തുര്‍ക്കിനെ പോലെ ആധുനികവത്കരണ ചിന്തയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പല രാഷ്ട്രീയ-സാമൂഹ്യ മാറ്റങ്ങള്‍ അവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍, ഭൂപരിഷ്‌കരണം, ആധുനിക വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. പക്ഷേ അവ ജനവിരുദ്ധമായി മാറുന്നത് നാം കാണുന്നുണ്ട്. ഹിറ്റ്ലറുടെ നാസി ജര്‍മനിയെ ഭരണകൂടം പിന്തുണക്കുകയും രണ്ടാം ലോകയുദ്ധത്തില്‍ ആ പിന്തുണയുടെ പേരില്‍ അവിടെയൊരു അധികാരമാറ്റം ഉണ്ടാവുകയും ചെയ്തു.
1941ല്‍ മകന്‍ മുഹമ്മദ് റീസ ഷായെ അധികാരത്തില്‍ പ്രതിഷ്ഠിച്ചു. ഇറാനിയന്‍ പാര്‍ലമെന്റ് സ്ഥാപിതമാകുന്നത് ജനകീയ വിപ്ലവത്തെ തുടര്‍ന്ന് 1906 ലായിരുന്നു. പാര്‍ലമെന്റ് ഭാഗികമായ അധികാരങ്ങള്‍ മാത്രമുള്ള സ്ഥാപനമായിരുന്നു. 1951ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖ് ജനകീയ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു. എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. ബ്രിട്ടന്റെ കയ്യില്‍ നിന്നും അത് സ്വന്തം നാടിന്റേതാക്കി മാറ്റുന്ന നടപടി സ്വീകരിച്ചു. ഇതിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്ന അമേരിക്ക-ബ്രിട്ടീഷ് സഖ്യത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി 1953ല്‍ സിഐഎയുടെ നേതൃത്വത്തിലുള്ള ഒരു അട്ടിമറി അവിടെ നടന്നു. മുഹമ്മദ് മുസാദ്ദിഖിന്റെ ജനകീയ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. ജനപിന്തുണ നഷ്ടമായ ഷാ അട്ടിമറിക്ക് കൂട്ട് നിന്നു. പാര്‍ലമെന്റിനുണ്ടായിരുന്ന അധികാരങ്ങള്‍ ദുര്‍ബലമാക്കുകയും റേസ ഷാ പെഹ്ലവിയെ 1953ല്‍ വീണ്ടും സര്‍വാധികാരിയായി അവരോധിക്കുകയും ചെയ്തു. ഇതിന് ശേഷം അദ്ദേഹം അമേരിക്കന്‍ പിന്തുണയോടു കൂടി ഭരണം മുന്നോട്ടു കൊണ്ടുപോകുകയും 1960കളില്‍ തന്നെ ജനവിരുദ്ധമായ പല നയങ്ങളും സ്വീകരിക്കുന്ന നിലയുണ്ടാകുകയും 70കളില്‍ അത് രൂക്ഷമാകുകയും പ്രക്ഷോഭങ്ങള്‍ പലപ്പോഴും തുടങ്ങുകയും മതപുരോഹിതരുടെ സാന്നിധ്യം അവിടെ വളര്‍ന്നു വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. കടുത്ത പാശ്ചാത്യവത്കരണ നയങ്ങള്‍ നടപ്പാക്കിയപ്പോള്‍ രാഷ്ട്രീയത്തില്‍ പുരോഹിതര്‍ ഇടപെടുകയുണ്ടായി. അങ്ങനെയാണ് അയത്തൊല്ല ഖൊമേനി ഒരു ജനകീയ നായകനായി വരുന്ന ഒരു സാഹചര്യമുണ്ടായത്.
ഒരു ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൈകളിലാണ് ഇന്ന് നമ്മള്‍ കാണുന്ന പ്രക്ഷോഭത്തിന്റെ രക്തപ്പാടുകള്‍ കാണുന്നത്. ആ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ചതിനാലാണ് ഖൊമേനിയെപ്പോലെയുള്ള പുരോഹിതര്‍ അധികാരത്തിന് വേണ്ടി ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാകുകയും അധികാരം നേടിയെടുക്കുകയും ചെയ്യുന്നത്.
അതോടെ ഭരണകൂടം അദ്ദേഹത്തെ തടവിലിടാന്‍ ശ്രമിക്കുകയും അദ്ദേഹം ഇറാഖിലേക്ക് രക്ഷപ്പെടുകയും പിന്നീട് അവിടെ നിന്ന് ഫ്രാന്‍സിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. ഖൊമേനി പാരീസില്‍ നിന്നുകൊണ്ട് ഷാ ഭരണകൂടത്തെ അട്ടിമറിക്കുന്നതിന് ഓഡിയോ കാസറ്റ് ശബ്ദരേഖകള്‍ വഴി ജനങ്ങളെ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ പ്രസംഗങ്ങള്‍ കേട്ട് ആളുകള്‍ പ്രചോദിതരായവരുടെയും മതേതര-മാര്‍ക്സിസ്റ്റ്-ഫെമിനിസ്റ്റ് രാഷ്ട്രീയം പിന്തുടരുന്നവരുടെ കൂടി പിന്തുണയുണ്ടായ ജനകീയ പ്രക്ഷോഭം 1979ലെ വിപ്ലവത്തിലേക്ക് നയിക്കുകയുണ്ടായി. അങ്ങനെ അമേരിക്കയുടെ പിന്തുണയുണ്ടായിരുന്ന റേസ ഷാ പെഹ്ലവിയുടെ ഭരണകൂടം അവിടെനിന്ന് പുറന്തള്ളപ്പെടുകയും ഒരു ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. ഖൊമേനി പാരീസില്‍ നിന്ന് തിരികെ ടെഹ്റാനില്‍ എത്തി ആത്മീയ നേതാവ് എന്ന പദവി സ്വീകരിച്ചു. അങ്ങനെയാണ് ഇതൊരു തിയോക്രാറ്റിക്, അല്ലെങ്കില്‍ പൗരോഹിത്യ ഭരണകൂടമായി മാറുന്നത്. പക്ഷേ ആ കാലഘട്ടത്തിലെ ജനങ്ങള്‍ ഇത്തരത്തില്‍ ഒരു പൗരോഹിത്യ ഭരണകൂടത്തെ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് വാസ്തവം. സന്ദര്‍ഭവശാല്‍ കൂടുതല്‍ ജനകീയ പിന്തുണയുണ്ടായിരുന്നത് ഖൊമേനിക്ക് ആയിരുന്നത് കൊണ്ട് അദ്ദേഹം അത് കയ്യടക്കുകയായിരുന്നു എന്ന് പറയാം.
അതേപോലെ തന്നെ സെക്യുലര്‍ രാഷ്ട്രീയ നേതൃത്വത്തെ അദ്ദേഹം അടിച്ചമര്‍ത്തുകയും ചെയ്തു. ഒരു ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൈകളിലാണ് ഇന്ന് നമ്മള്‍ കാണുന്ന പ്രക്ഷോഭത്തിന്റെ രക്തപ്പാടുകള്‍ കാണുന്നത്. ആ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ചതിനാലാണ് ഖൊമേനിയെപ്പോലെയുള്ള പുരോഹിതര്‍ അധികാരത്തിന് വേണ്ടി ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാകുകയും അധികാരം നേടിയെടുക്കുകയും ചെയ്യുന്നത്. സാമ്രാജ്യത്വ ശക്തികളുടെ കളിപ്പാവകള്‍ ആകാതെ ലോക രാഷ്ട്രങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശങ്ങള്‍ ലഭിക്കുക എന്നുള്ളത് മൗലികമായ അവകാശങ്ങളില്‍ പെടുന്നതാണ്.
സാമ്രാജ്യത്വ ശക്തികളുടെ കളിപ്പാവകള്‍, ആജ്ഞാനുവര്‍ത്തികള്‍
ഇന്നത്തെ എല്ലാ ഗള്‍ഫ് അറബ് മുസ്ലിം രാഷ്ട്രങ്ങളും അമേരിക്കയുടെ കേവല കളിപ്പാവകള്‍ - ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. അമേരിക്കന്‍ സാമ്രാജ്യത്വ പ്രതിരോധം തീര്‍ക്കുന്നത് റഷ്യ, ചൈന, വടക്കന്‍ കൊറിയ, ഇറാന്‍ എന്നിങ്ങനെ കൈവിരലില്‍ എണ്ണാവുന്ന രാഷ്ട്രങ്ങള്‍ മാത്രമേയുള്ളു. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടതാണ് ലോക രാഷ്ട്രീയത്തിലെ വിധേയത്വവും, സ്വയം കര്‍തൃത്വവും. ഇപ്പോള്‍ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ രാജ്യാന്തര ഇടപെടലുകള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭാഗത്തു നിന്നുള്ള ഇടപെടലുകളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അവരുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിയോഗിച്ചിട്ടുള്ള ആളുകള്‍, അതേപോലെ ഇറാനിലെ റിബല്‍-റാഡിക്കല്‍ ഗ്രൂപ്പുകള്‍ എന്നിവരെ ഉപയോഗിച്ചുകൊണ്ട് ഇറാന്‍ ഭരണകൂടത്തെ അസ്ഥിരമാക്കാന്‍ ഇസ്രായേലും അമേരിക്കയും ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2005ല്‍ അഹമ്മദി നെജാദ് പ്രസിഡന്റായത് മുതലുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ പലപ്പോഴും ഇസ്രായേലിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അത് ഇറാനെതിരായുള്ള ഒളിയുദ്ധങ്ങള്‍ക്ക് ഇസ്രായേല്‍ ഒരു ന്യായമായി കണക്കാക്കുന്നുണ്ട്. നെതന്യാഹു പലപ്പോഴും അത് തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.
അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട റേസ ഷാ പെഹ്ലവിയുടെ മകനാണ് ഇപ്പോള്‍ ഇറാനില്‍ ഇടപെടലുകളുമായി രംഗത്തെത്തിയിരിക്കുന്ന മുഹമ്മദ് റേസ ഷാ. ഇദ്ദേഹം 17-ാം വയസില്‍ യുദ്ധവിമാന പരിശീലനത്തിനായി അമേരിക്കയില്‍ ആയിരുന്ന സമയത്താണ് ഇറാനില്‍ വിപ്ലവം നടക്കുന്നത്. ഭരണമാറ്റം ഉണ്ടാവുകയും പിതാവ് റേസ ഷാ പെഹ്ലവി അമേരിക്കയിലേക്ക് പലായനം ചെയ്യുകയുമുണ്ടായി. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം രോഗബാധിതനായി മരണപ്പെട്ടു. മകനായ മുഹമ്മദ് റേസ ഷാ അമേരിക്കയില്‍ തന്നെ തുടര്‍ന്നു. ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളില്‍ ശ്രദ്ധേയമായ പ്രസ്താവനകളുമായി വരുന്നത്. തികഞ്ഞ ഇസ്രായേല്‍-അമേരിക്കന്‍ അനുഭാവിയായ അദ്ദേഹം ഇറാനില്‍ വന്ന് പേര്‍ഷ്യന്‍ രാജഭരണകൂടം സ്ഥാപിക്കുമെന്ന് പോലും പ്രസ്താവിച്ചു. അദ്ദേഹത്തിന് എത്രത്തോളം ജനപിന്തുണ ലഭിക്കും എന്ന കാര്യം ഇപ്പോള്‍ പറയുക സാധ്യമല്ല. പക്ഷേ അദ്ദേഹത്തിന്റെ പിതാവിന്റെ രാഷ്ട്രീയ നയങ്ങളെ എതിര്‍ത്ത ചരിത്രമാണ് ഇറാനുള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനിലെ പ്രക്ഷോഭകാരികള്‍ക്ക് അനുകൂല നിലപാടെടുക്കുകയും ഇറാനെതിരെ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുകയുമാണ്. ഇതിനെയും ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണണം. 1953ലെ ജനകീയ ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിച്ചതില്‍ സിഐഎക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. അതിന് ശേഷം 1953 മുതല്‍ 1979 വരെ അമേരിക്കയുടെ ഒരു കളിപ്പാവ പോലെ നിലനിന്നിരുന്ന, അമേരിക്കന്‍ നയങ്ങള്‍ക്ക് അനുസൃതമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു ഭരണകൂടമായിരുന്നു പെഹ്ലവിയുടേത്. 1979ല്‍ വിപ്ലവത്തിലൂടെ അദ്ദേഹം പുറത്താക്കപ്പെട്ടപ്പോള്‍ ഇറാനിലെ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ തടവിലാക്കുകയും ബന്ദികളാക്കി വിലപേശല്‍ നടത്തുകയും ചെയ്തു. 444 ദിവസത്തിന് ശേഷമാണ് അവരെ വിട്ടയച്ചത്. അമേരിക്കയുടെ അന്തര്‍ദേശീയ ഇടപെടലുകളിലെ ഏറ്റവും വലിയ അഭിമാനക്ഷതമായി ഇന്നും കരുതപ്പെടുന്ന സംഭവമാണ് ഇത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിന് അധികാരത്തുടര്‍ച്ച കിട്ടാതിരിക്കുന്നതിന് ഒരു കാരണമായിപ്പോലും അതിനെ കണക്കാക്കുന്നവരുണ്ട്.
തങ്ങളുടെ വിദേശ നയത്തിന്, അഭിമാനത്തിനേറ്റ ആ ക്ഷതത്തിന് അമേരിക്ക പകരം തീര്‍ക്കുന്നത് ഇറാഖിനെ ഉപയോഗിച്ചാണ്. 1980 മുതല്‍ 88 വരെ അന്നത്തെ സദ്ദാം ഹുസൈന്റെ ഇറാഖ് സര്‍ക്കാരിനെക്കൊണ്ട് വിപ്ലവം നടന്ന് പുതിയ ഭരണം അധികാരത്തില്‍ വന്ന ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചു. നീണ്ട എട്ട് വര്‍ഷത്തെ രക്തപങ്കിലമായ യുദ്ധത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇരുവശത്തു നിന്നും കൊല്ലപ്പെടുകയുണ്ടായി. ഈ യുദ്ധത്തില്‍ ആര്‍ക്കും വിജയം അവകാശപ്പെടാനുണ്ടായിരുന്നില്ല. രണ്ട് പക്ഷത്തും സമാനമായ പരിക്കുകളും നഷ്ടങ്ങളും സംഭവിച്ചു. ഒടുവില്‍ ഐക്യരാഷ്ട്രസഭയുടെയും മറ്റും ഇടപെടലില്‍ അമേരിക്ക പിന്‍വാങ്ങുകയും ഇറാന്‍ യുദ്ധം നിര്‍ത്തുകയും ചെയ്തു. അതിന് ശേഷം ഇറാന്‍-അമേരിക്ക ബന്ധം അത്യധികം വഷളായ നിലയിലായിരുന്നു. നയതന്ത്ര ഇടപെടലുകളൊന്നും ഇല്ലാത്ത അവസ്ഥ. സെപ്റ്റംബര്‍ 11 സംഭവിച്ചതിന് ശേഷമാണ് ആക്‌സിസ് ഓഫ് ഈവിള്‍ പ്രഖ്യാപനം വരുന്നത്.
ഇറാഖ് അധിനിവേശത്തിന് ശേഷം 2005 മുതല്‍ അമേരിക്ക ഇറാനെതിരെ തുറന്ന യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതുവരെ അത് നേരിട്ടുള്ള ഒരു ആക്രമണത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. 2025 ജൂണ്‍ മാസത്തിലാണ് രണ്ട് ആണവ നിലയങ്ങള്‍ക്കെതിരെ അമേരിക്കന്‍ യുദ്ധവിമാനം ബോംബ് വര്‍ഷിച്ചത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയപരമായും ഉപരോധം ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്തി അവരെ ബുദ്ധിമുട്ടിലാക്കിയ ശേഷം അവിടെയുള്ള ജനങ്ങള്‍ പ്രക്ഷോഭം നടത്തുമ്പോള്‍ ഇതാ ഞങ്ങള്‍ നിങ്ങള്‍ക്ക് പിന്തുണയുമായി വരുന്നു, നിങ്ങള്‍ക്ക് വേണ്ടി ഇടപെടും എന്ന് പറയുന്നതിലെ ക്രൂരത, വഞ്ചന എല്ലാവരും തിരിച്ചറിയേണ്ടത്. അമേരിക്ക വെനസ്വേലയില്‍ ചെയ്തതും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ചെയ്തത് എന്താണെന്ന് നമുക്ക് അറിയാം. പ്രക്ഷോഭകാരികള്‍ക്ക് അത്തരത്തില്‍ അമേരിക്ക നല്‍കുന്ന സഹായ വാഗ്ദാനം വഞ്ചനയുടെ ഒരു മൂടുപടം മാത്രമാണ്. അത് കൂടുതല്‍ വ്യക്തമായി വരുന്നത് ഭാവിയില്‍ നമുക്ക് കാണാം.
ഓസ്ട്രേലിയന്‍ കവിയായ John Marsden എഴുതിയ ഒരു കവിതയുണ്ട്. 'We kill all caterpillars, Then complain that there are no butterflies'. നമുക്ക് ചിത്രശലഭങ്ങളെ കണ്ട് ആസ്വദിക്കണമെങ്കില്‍ അതിന്റെ പുഴുക്കളെ ജീവനോടെ വിടണം. ആ പുഴുക്കളെ നശിപ്പിച്ചതിന് ശേഷം ചിത്രശലഭങ്ങള്‍ ഇല്ല എന്ന് പരാതി പറയുന്നത് നിരര്‍ത്ഥകമാണ്. അമേരിക്കന്‍ ഇടപെടലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ കവിതയാണ് ഓര്‍മ്മ വരുന്നത്.
പ്രക്ഷോഭത്തിന് നയപരമായ പ്രതിവിധികള്‍
അമേരിക്കന്‍-ഇസ്രായേല്‍ നയങ്ങള്‍ ഇറാനില്‍ നടപ്പാക്കാതെയിരിക്കുക എന്നുള്ളതാണ് ആദ്യ പ്രതിവിധി. പുരോഹിത ഭരണകൂടം കൂടുതല്‍ ജനാധിപത്യ നയങ്ങള്‍ സ്വീകരിച്ച് പ്രക്ഷോഭകാരികളെ സമവായത്തിലൂടെ ഉള്‍കൊള്ളുകയെന്നതാണ് രണ്ടാമത്തെത്തെ പ്രതിവിധി. 2022ന് ശേഷം ഭരണകൂടം അല്‍പം പ്രതീക്ഷ നല്‍കിയിരുന്നു. മൂന്നാമതായി, അന്തര്‍ദേശീയ തലത്തില്‍ തുറന്ന വ്യാപാരത്തിന് ഇറാനും അവസരം നല്‍കുക എന്നതാണ്. ജനാധിപത്യവല്‍ക്കരണം എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇറാന്‍ ജനതയ്ക്കും അതില്‍ നിന്നും അകന്നു നില്‍ക്കാന്‍ കഴിയില്ലെന്ന് നിലവിലെ ഭരണകൂടം മനസ്സിലാക്കണം. 1979ല്‍ വിപ്ലവാനന്തരം പല വധശിക്ഷകളും ഇറാനില്‍ നടപ്പാക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ലോകത്ത് ഏറ്റവും അധികം വധശിക്ഷകള്‍ നടപ്പാക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇറാന്‍ മുന്‍നിരയില്‍ തന്നെയുണ്ടെന്ന് പറയാം. വിപ്ലവാനന്തരം അയത്തൊള്ള ഖൊമേനി അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായി തന്റെ സഹപ്രവര്‍ത്തരില്‍ ചിലരെ പോലും വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട്. പിന്നീട് വിപ്ലവത്തിലേക്ക് നയിക്കാന്‍ വലിയ പങ്കുവഹിച്ച മതേതരവാദികളെയും കമ്യൂണിസ്റ്റുകളെയും വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. കാലാകാലങ്ങളായി രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പലര്‍ക്കും വധശിക്ഷ കിട്ടിയിട്ടുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.
നിലവില്‍ ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ ശക്തി മറ്റ് ലോകരാഷ്ട്രങ്ങള്‍ കരുതുന്നത് പോലെയല്ല. വളരെ സംഘടിതമായ, നിഗൂഢമായ ഒരു രാഷ്ട്രീയശക്തി ഇറാന് ഉണ്ട്. അതാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇസ്രായേലിന് എതിരെ അവര്‍ പ്രയോഗിച്ചതും. ഇറാന് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും മറ്റ് അത്യന്താധുനിക മിസൈല്‍ ശേഖരങ്ങളുമുണ്ട്. രഹസ്യ സങ്കേതങ്ങളില്‍ നിന്ന് അവ കൃത്യമായി വിക്ഷേപിക്കുകയാണെങ്കില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ പല സമവാക്യങ്ങളും തിരുത്തി എഴുതേണ്ടി വരും. ഒന്നാമത്തേത് ഹോര്‍മുസ് കടലിടുക്കാണ്. ആ കടലിടുക്കിലൂടെയാണ് ലോകത്തെ പ്രധാന കപ്പല്‍ ചരക്ക് ഗതാഗതം നടക്കുന്നത്. പ്രത്യേകിച്ച് ദുബായ്, സൗദി അറേബ്യ, ബഹറിന്‍, ഖത്തര്‍ മുതലായ രാഷ്ട്രങ്ങളുടെ ബിസിനസുകള്‍ എല്ലാം നടക്കുന്നത് ഈ കടലിടുക്കിലൂടെയാണ്. അതിനെ തടസപ്പെടുത്തിക്കഴിഞ്ഞാല്‍ ലോക വ്യാപാരം തന്നെ സ്തംഭിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇറാന്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ ഒരു ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു.
അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ വിക്ഷേപിക്കുകയാണെങ്കില്‍ അത് ഒരു ലോകയുദ്ധത്തിനുള്ള സാഹചര്യം ഒരുക്കുന്ന നടപടിയായിരിക്കും. പ്രത്യേകിച്ച് റഷ്യയുമായി ഇറാന് അടുത്ത രാഷ്ട്രീയ ബന്ധമാണ് ഉള്ളത്. ഇറാനെതിരെ അമേരിക്കയോ ഇസ്രായേലോ യുദ്ധത്തിനായി നേരിട്ട് വന്നാല്‍ അത് മേഖലയെ ആകെ ബാധിക്കുന്ന ഒന്നായിരിക്കും. ഇന്ത്യയെയും അത് കാര്യമായി ബാധിക്കും എന്നതിന് യാതൊരു സംശയവുമില്ല. കാരണം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇവരുടെ മിക്കവാറും പേരുടെ ജീവിതത്തെയും ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കളുടെയും ജീവിതത്തെയും അത് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.