

ചരിത്രപരമായി ഒരു പിൻബലവുമില്ലാത്ത, മഴുവെറിഞ്ഞുണ്ടാക്കിയതിനൊപ്പം പരശുരാമൻ കേരളത്തിലെത്തിച്ചതെന്നൊക്കെ പറഞ്ഞ് കാലങ്ങളായി വിശ്വാസികളെ കബളിപ്പിക്കുന്ന താഴമൺ മഠത്തിൻ്റെ ശബരിമലയിലെ താന്ത്രികാവകാശത്തെപ്പറ്റി വലിയതരത്തിലുള്ള സംവാദങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. ശബരിമലയിൽ സ്ത്രീപ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനായി നടന്ന ഹിന്ദുത്വ പ്രോജക്ടായിരുന്ന സവർണസമരത്തിൽ അഥവാ ശബരിമലകലാപകാലത്താണ് ഈ വിഷയത്തിൽ വലിയ ചർച്ചകൾ രൂപപ്പെട്ടത്. അതുവരെ തന്ത്രിയും പന്തളം കൊട്ടാരവും പറഞ്ഞുപരത്തിയിരുന്ന, വിശ്വാസികൾ ഭയഭക്തിബഹുമാനത്തോടെ വിശ്വസിച്ചിരുന്ന പെരുംനുണകൾ അക്കാലത്ത് തകർന്നുവീണു. അതിൽ പ്രധാനപ്പെട്ടതാണ് താഴമൺമഠത്തിൻ്റെ ചരിത്രവും അയ്യപ്പ പൂജയിലെ പൈതൃകവും സംബന്ധിച്ചുള്ളത്. മലയരയരും ശബരിമലയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ചരിത്രാന്വേഷണവും ഏതുകാലം മുതലാണ് ശബരിമലയുടെ താന്ത്രികാവകാശം താഴമൺ മഠത്തിന് ലഭ്യമായത് എന്നതിനെക്കുറിച്ചുള്ള ആലോചനകളും പ്രധാനപ്പെട്ടതാണ്.
ശബരിമല: മലയരയരും സാമുവൽ മെറ്റീറും
മലയരയസമൂഹത്തിൻ്റെ ആരാധനാകേന്ദ്രത്തെ 1900-ത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ ബ്രാഹ്മണകേന്ദീകൃതാധിപത്യം കൈവശപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തെ ഉറപ്പിക്കാവുന്ന ചരിത്രരേഖയായി നമുക്ക് മുന്നിലുള്ളത് ഒരു പുസ്തകമാണ്. 1883-ൽ എഴുതപ്പെട്ട 'Native Life in Travancore' എന്നതാണത്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ സുവിശേഷപ്രവർത്തകനായി (1859 മുതൽ 91 വരെ) ഇന്നത്തെ കന്യാകുമാരി ജില്ലയുൾപ്പെട്ട തെക്കൻ തിരുവിതാംകൂറിൽ സേവനമനുഷ്ഠിച്ച റവ. സാമുവൽ മെറ്റീർ (1835-93) എഴുതി, 1883-ൽ ഇംഗ്ലണ്ടിൽനിന്ന് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'Native Life in Travancore'. ജാതി-ഉപജാതി വിഭാഗങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങൾ, അടിമത്തം, ജാതീയമായ ഉച്ചനീചത്വങ്ങൾ, അയിത്തം, കീഴാള-മേലാള വർഗങ്ങൾക്കിടയിലെ ബന്ധം തുടങ്ങിയവയെല്ലാം ഇതിൽ വിവരിക്കുന്നുണ്ട്. 2010-ൽ പുസ്തകത്തിന്‍റെ മലയാളപരിഭാഷ 'ഞാൻ കണ്ട കേരളം' എന്നപേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.
'മല അരയർ' എന്ന ഉപശീർഷകത്തിൽ സാമുവൽ മെറ്റീർ എഴുതുന്നു:- 'ശബരിമലയിലെ വേട്ടക്കാരൻ ദൈവമായ അയ്യപ്പന്‍റെ ഒരു പുരോഹിതനോ വെളിച്ചപ്പാടോ ആയിരുന്നു, തലനാനി. കല്ലമാലകളും, വളകളും, ചിലങ്കകളും മറ്റും അണിഞ്ഞ്, വാൾ കൈയിൽ പിടിച്ച്, വീര്യമേറിയ മദ്യത്തിന്‍റെ ലഹരിയാൽ ഉറഞ്ഞുതുള്ളി, ഏതൊരു പ്രത്യേക കാര്യത്തിന്മേലും ഭഗവാൻ എന്ത് കൽപ്പിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു താലനാനിയുടെ തൊഴിൽ. മേൽക്കാവിൽ നിന്നും എട്ടൊമ്പത് നാഴിക അകലെയുള്ള എരുമപ്പാറയിലെ അരയഗ്രാമത്തിൽ പെട്ടവനായിരുന്നു അയാൾ. തന്‍റെ ആരാധനാമൂർത്തിയോട് അളവറ്റ ഭക്തിയുണ്ടായിരുന്ന അയാൾ തന്‍റേതായ രീതിയിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാട്ടാനകളെയും പുലികളെയും ഭയന്ന് ശബരിമലയിലേക്ക് നാൽപ്പതും അമ്പതും പേരുള്ള സംഘങ്ങളായിട്ടാണ് അന്ന് ആളുകൾ തീർത്ഥയാത്ര പോയിരുന്നത്. തീർത്ഥയാത്ര പോകുന്നില്ലെന്ന് പറയാറുള്ള വെളിച്ചപ്പാട് മറ്റുള്ളവർ എത്തിച്ചേരും മുമ്പ് അവിടെ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. അത്, മറ്റുള്ളവർക്ക് ഒരു വിസ്മയമായിരുന്നു.
അങ്ങനെയിരിക്കെ, ഒരിക്കൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ചോവന്മാർ അയാളെ വകവരുത്തി. കണ്ടുപിടിക്കപ്പെടില്ലെന്ന ധാരണയാൽ ജഡം കാട്ടിനുള്ളിൽ കുഴിച്ചുമൂടി. എന്നാൽ, തങ്ങളുടെ യജമാനന്‍റെ സുഹൃത്തിനോട് ബഹുമാനമുണ്ടായിരുന്ന പുലികൾ (അയ്യപ്പന്‍റെ നായ്ക്കൾ) ജഡം മാന്തി പുറത്താക്കി. കാട്ടാനകൾ ജഡം കണ്ടെത്തുകയും വെളിച്ചപ്പാടിന്‍റെ സുഹൃത്തുക്കൾ കാണാനിടയുള്ള ഒരിടത്തേക്ക് എടുത്തുകൊണ്ട് പോവുകയും ചെയ്തു. അപ്പോൾ ചോവർക്കിടയിൽ പടർന്നുപിടിച്ച വസൂരി, കോപിഷ്ടനായ ശാസ്താവ് (തിരുവിതാംകൂർ അതിർത്തിമലയിലെ ഈ ദൈവം ചാത്തൻ, സാത്താൻ, ശാസ്താൻ എന്നീ പേരുകളിലും അറിയപ്പെടുന്നു) അയച്ചതാണെന്ന് മറ്റൊരു വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞു. മരിച്ച വെളിച്ചപ്പാടന്‍റെ ഒരു രൂപമുണ്ടാക്കി കൊലയാളികൾ ആരാധിക്കുവോളം വസൂരി ഒഴിഞ്ഞ് പോവുകയില്ലെന്നും അയാൾ പ്രഖ്യാപിച്ചു. ചോവർ രൂപമുണ്ടാക്കി, ഒരു പട്ടിക്കൂടിനോളം വലിപ്പമുള്ള ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. പിച്ചളകൊണ്ട് ഉണ്ടാക്കിയ ആ രൂപത്തിന് നാലിഞ്ചോളം ഉയരമുണ്ട്. താലനാനിയുടെ അനന്തരാവകാശി ആ ക്ഷേത്രത്തിലെ പൂജാരിയും അതിന്‍റെ ഗുണഭോക്താവുമായിത്തീർന്നു.' (പുറം 118-119). അതായത് ശബരിമലയും, അയ്യപ്പൻ/ അയ്യൻ/ ശാസ്താവ് എന്ന ദേവതാസങ്കല്പവും ഈ പുസ്തകം രൂപപ്പെടുന്ന 1860-കളിൽപ്പോലും മല അരയരുടേതായിരുന്നു. മലയരയസഭയുടെ നേതാവ് പി.കെ. സജീവ് 'ശബരിമല അയ്യപ്പൻ: മലയരയ ദൈവം' എന്ന പുസ്തകത്തിൽ അവകാശപ്പെടുന്നതുപോലെ കരിമലയരയൻ, താളനാനി അരയൻ, കോർമൻ അരയൻ തുടങ്ങിയവരായിരുന്നു ശബരിമലയിലെ ആദ്യകാല തന്ത്രിമാർ/ പൂജാരിമാർ.
അയ്യൻ, അയ്യി, ശാസ്ത്രാവ് തുടങ്ങിയവ പുലയസമുദായത്തിലെ സ്ത്രീ-പുരുഷ നാമങ്ങളുമായിരുന്നു. ബ്രാഹ്മണസമൂഹത്തിലും 'പന്തളം കൊട്ടാരത്തിലും' അയ്യപ്പനെന്ന പേരില്ലാതിരുന്നതും ഇതുകൊണ്ടാണ്. ചരിത്രപരമായ ഈ രേഖപ്പെടുത്തൽ വഴി നിർവീര്യമായിപ്പോകുന്നത് പരശുരാമൻ ആയിരക്കണക്കിന് വർഷം മുൻപ് നൽകിയതാണെന്ന ഐതിഹ്യമാണ്. ബ്രാഹ്മണാധികാരമുപയോഗിച്ച് ആദിവാസി സമൂഹത്തെ കബളിപ്പിച്ചെടുത്ത ഒരധികാരസ്ഥാനമാണ് തന്ത്രിയെന്നും താന്ത്രികാവകാശമെന്നും ഇതിൽനിന്ന് വ്യക്തമാണ്.
ഇനി, ബി.സി. ഒന്നാം നൂറ്റാണ്ടുമുതൽ തങ്ങൾക്ക് താന്ത്രികാവകാശമുണ്ടെന്ന് സമർഥിച്ച് താഴമൺ മഠം പുറത്തിറക്കിയിരുന്ന പത്രക്കുറിപ്പിലെ അവകാശവാദം പരിശോധിക്കാം. ഇതിനും കൃത്യമായ മറുപടി അന്നുതന്നെ നൽകിയതാണ്. സംസ്കൃത പണ്ഡിതനും അധ്യാപകനുമായ ഡോ. ടി.എസ്. ശ്യാംകുമാർ ഇതിനെപ്പറ്റി വിശദമായി 'ശബരിമല തന്ത്രിയുടെ അവകാശവാദം ചരിത്രവിരുദ്ധം' എന്ന ശീർഷകത്തിൽ 2019-ൽ എഴുതിയിട്ടുണ്ട്.
'ബി.സി. ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് ശബരിമലയുടെ തന്ത്രാവകാശം ലഭിച്ചു എന്ന പുതിയ അവകാശവാദവുമായിട്ടാണ് തന്ത്രി ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. ഇതു ചരിത്രപരമായി തികച്ചും തെറ്റായ ഒരു കാര്യമാണ്. കേരളത്തിലേക്ക് ബ്രാഹ്മണ കുടിയേറ്റം ആരംഭിക്കുന്നത് BCE മൂന്നാം നൂറ്റാണ്ടോട് കൂടിയാണെന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. എന്നാൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ബ്രാഹ്മണാവാസവ്യവസ്ഥ കേരളത്തിൽ ശക്തമാവുന്നത് ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ മാത്രമാണ്. എ.ഡി. 855 ൽ ഇരിങ്ങാലക്കുടയിൽ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതം ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. എട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ അഞ്ചൈക്കളം ക്ഷേത്രം ബ്രാഹ്മണരുമായി ബന്ധപ്പെട്ട ക്ഷേത്രവ്യവസ്ഥ കേരളത്തിൽ രൂപംകൊള്ളുന്നത് എട്ടാം നൂറ്റാണ്ടിലാണെന്നാണ് സൂചിപ്പിക്കുന്നത്. തേവാരത്തിൽ ഈ ക്ഷേത്രത്തെ സംബന്ധിച്ച പരാമർശമുണ്ട്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് തന്ത്രം ലഭിച്ചു എന്ന് അവകാശവാദം ഉന്നയിക്കുന്നവർ ബ്രാഹ്മണ കുടിയേറ്റത്തിന്റെ ചരിത്രം പഠിക്കുന്നത് നന്നാവും. കൂടാതെ കേരളത്തിൽ താന്ത്രികാരാധനകളുമായി ബന്ധപ്പെട്ട് തന്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നത് പോലും 10-15 നൂറ്റാണ്ടുകൾക്കിടയിലാണ്. കേരളത്തിലെ ആദ്യകാല തന്ത്രഗ്രന്ഥങ്ങളിലൊന്നായ പ്രയോഗമഞ്ജരിയുടെ കാലം CE 10-11 നൂറ്റാണ്ടുകൾക്കിടയിലാണ്. തന്ത്രിമാർ ആധികാരികമായി കണക്കാക്കുന്ന തന്ത്രസമുച്ചയം ഉണ്ടാകുന്നത് പോലും CE 15-ാം നൂറ്റാണ്ടിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീന തന്ത്രഗ്രന്ഥമായ നിശ്വാസതത്ത്വ സംഹിതയുടെ കാലം CE 7-ാം നൂറ്റാണ്ടാണ്. ഇന്ത്യയിലെ അവസ്ഥയനുസരിച്ച് ബി.സി രണ്ടാം നൂറ്റാണ്ടിന് മുൻപ് വരെ (പ്രത്യേകിച്ച് കുശാനന്മാരുടെ ഭരണത്തിന് മുൻപ് വരെ) ബ്രാഹ്മണരുടെ ക്ഷേത്രപൂജ സംബന്ധിച്ച ആർക്കിയോളജിക്കൽ തെളിവുകളൊന്നും തന്നെ ലഭ്യമല്ല. കേരളത്തിലാവട്ടെ ക്ഷേത്രകേന്ദ്രിതമായി ബ്രാഹ്മണാവാസ വ്യവസ്ഥ ശക്തിപ്രാപിക്കുന്നത് ഏഴാം നൂറ്റാണ്ടോടുകൂടിയാണ്. തന്നെയുമല്ല ശബരിമലയെ സംബന്ധിച്ച് ലഭ്യമായ ചീരപ്പഞ്ചിറ ചെപ്പേട്, വാവരുടെ ചെപ്പേട്, ചെമ്പഴന്നൂർ ചെപ്പേട് എന്നിവ ശബരിമലയിലെ ബ്രാഹ്മണേതരമായ താന്ത്രിക സമ്പ്രദായങ്ങളെയാണ് വെളിവാക്കുന്നത്. ലഭ്യമായ റവന്യൂ രേഖകളനുസരിച്ച് കറുപ്പസ്വാമിക്ക് പൂജ നടത്തിയിരുന്നത് അവരുടെ കുടുംബത്തിൽപ്പെട്ട ആളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സർവോപരി വാവരുടെ ചെപ്പേടിൽ മകരവിളക്കുത്സവ കാലത്ത് ശബരിമലയിൽ വന്ന് 36 ആടിനെ ഗുരുതി കഴിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് 16, 17, 18 നൂറ്റാണ്ടുകളിൽ ലഭ്യമായ മേൽ സൂചിപ്പിച്ച രേഖകളെല്ലാം അബ്രാഹ്മണപൂജകളാണ് ശബരിമലയിൽ നടന്നിരുന്നതെന്ന് തെളിയിക്കുന്നു. ഇതെല്ലാം ബി.സി. ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് ശബരിമല തന്ത്രം ലഭിച്ചു എന്ന അവകാശവാദം തികച്ചും വസ്തുതാ വിരുദ്ധമാണെന്നാണ് തെളിയിക്കുന്നത്. അയ്യപ്പന്റെ പേര് പരാമർശിക്കുന്ന ഏറ്റവും പഴയരേഖ തിരുവല്ലാ ചെപ്പേടാണ്. കാര്യമിങ്ങനെയിരിക്കെ തങ്ങൾക്ക് ശബരിമലയുടെ തന്ത്രം ബി.സി. ഒന്നാം നൂറ്റാണ്ടിൽ ലഭിച്ചു എന്ന താഴമൺ മഠത്തിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് പറയേണ്ടിവരും.'
ടി.എസ്.ശ്യാം കുമാറിന്റെ എഫ്ബി പോസ്റ്റ് https://www.facebook.com/share/p/1F6JmVxWhj/
താഴമൺ മഠത്തിൻ്റെ സമീപകാല 'വഴിവിട്ട സഞ്ചാരങ്ങൾ'
അയ്യപ്പൻ്റെ പിതൃസ്ഥാനീയരാണെന്നും ധ്യാനത്തിലിരിക്കുമ്പോൾ അനുജ്ഞ കിട്ടുമെന്നുമൊക്കെപ്പറഞ്ഞ് സാമാന്യബോധത്തെ പരിഹസിക്കുന്ന താഴമൺ മഠമെന്ന കുടുംബം ശബരിമല തന്ത്രിയെന്ന അധികാരസ്ഥാനമുപയോഗിച്ച് നടത്തിയ ഇടപെടലുകൾ ഒട്ടുമേ 'ദൈവീക'മല്ലെന്നു കാണാൻ ഒരു ദേവപ്രശ്നത്തിൻ്റെയും ആവശ്യമില്ല.
ഇപ്പോൾ തന്ത്രിയെന്നും അനുജ്ഞയെന്നുമൊക്കെപ്പറഞ്ഞ് വിവരക്കേടുകൾ നിരന്തരമാവർത്തിക്കുന്ന രാഹുൽ ഈശ്വറിനെ ഇതേ താഴമൺ മഠം തള്ളിപ്പറഞ്ഞ് പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. അത് വായിച്ചാൽ ആചാരങ്ങളിൽമാത്രമല്ല, രക്തബന്ധങ്ങളിൽ വരെ സ്ത്രീവിരുദ്ധതയാൽ രൂപപ്പെട്ടിട്ടുള്ള ഒരു അധികാരഘടനയാണെന്ന് ആ മഠത്തിൻ്റെതെന്ന് വ്യക്തമാകും. രാഹുലിന്റെ അമ്മയെ വിവാഹബന്ധം ചെയ്തയച്ചതോടെ സമുദായാചാരപ്രകാരം ബന്ധമില്ലെന്നൊക്കെയാണ് അവരുടെ വാദം. രാഹുലുമായി തന്ത്രികുടുംബത്തിന് ബന്ധമില്ലെന്ന് സ്ഥാപിച്ച് കുറേക്കാലം മുൻപ് ഇറക്കിയ പത്രക്കുറിപ്പ് നൈസായി എങ്ങനെ വർഗീയത പറയാമെന്നതിന്റെ ഉദാഹരണം കൂടിയാണ്.
ഹാദിയയുടെ വിഷയത്തിൽ ഹിന്ദുസംഘടനകളെ ആക്രമിച്ചു, മുസ്ലീം തീവ്രവാദികൾക്കായി അവരുടെ മാതാപിതാക്കളെ തള്ളിപ്പറഞ്ഞു, ഹിന്ദുത്വപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് തടയിടാൻ ശ്രമിച്ചു, ഹിന്ദുഐക്യം തകർത്തു തുടങ്ങി വിഷം മുക്കിയെഴുതിയ ആരോപണക്കുറിപ്പാണ് തന്ത്രിയായ മഹേഷിന്റെ പേരിൽ അന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്.
എന്നാൽ, തന്ത്രികുടുംബത്തിന് രാഹുലുമായുള്ള ബന്ധത്തെപ്പറ്റിയുള്ള തർക്കത്തിന് കുറച്ചുകാലത്തെ പഴക്കമുണ്ട്.
ആചാരലംഘനത്തിനത്തെപ്പറ്റി നിരന്തരമാവർത്തിക്കുന്ന ഇതേ രാഹുൽ ഈശ്വർ ശബരിമല ശ്രീകോവിലിനുള്ളിൽ അതിക്രമിച്ചുകടക്കാൻ ശ്രമിച്ചയാളാണ്. ദേവസ്വം ബോർഡും കോടതിയും അതിൽ ഇടപെട്ടിട്ടുമുണ്ട്. ആചാരലംഘനത്തെപ്പറ്റി അവർ അലമുറയിടുന്ന സാഹചര്യത്തിൽ നമ്മൾ അതുകൂടി പറയണം.
2011 ഡിസംബർ 11-നായിരുന്നു സംഭവം. അന്നത്തെ തന്ത്രി കണ്ഠരര് മഹേശ്വരുടെ കൊച്ചുമകനായ രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞിരുന്നു. ഉച്ചപൂജയ്ക്കാണു രാഹുല്‍ ശ്രീകോവിലിനുള്ളില്‍ കയറാന്‍ ശ്രമിച്ചത്. രാഹുലിനു ശ്രീകോവിലിനുള്ളില്‍ കയറാന്‍ അവകാശമില്ലെന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫിസറായ എം. സതീഷ് കുമാറാണ് തടഞ്ഞത്. ക്ഷേത്രത്തിനുള്ളിൽ കടക്കാൻ തന്ത്രിയുടെ മകനുമാത്രമേ അവകാശമുള്ളൂ. എന്നാൽ, രാഹുല്‍ ഈശ്വര്‍ തന്ത്രിയുടെ മകളുടെ മകനാണ്. അദ്ദേഹത്തിന്റെ തന്ത്രിയുടെയോ ദേവസ്വം ബോര്‍ഡിന്റെയോ അനുവാദമില്ലാതെ ശ്രീകോവിലില്‍ കയറാന്‍ അധികാരമില്ലെന്നാണ് ബോര്‍ഡ് വിശദീകരിച്ചത്. പൂജ നടത്താന്‍ രാഹുല്‍ ശ്രമിച്ചാല്‍ തടയുമെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ശ്രീകോവിലില്‍ കയറിയതു തെറ്റല്ലെന്നായിരുന്നു തന്ത്രി പറഞ്ഞത്.
വാർത്തയുടെ ലിങ്ക്: https://www.janmabhumidaily.com/news34343
ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:-
'ശ്രീകോവിലിനുള്ളില്‍ അതിക്രമിച്ചുകടക്കാന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ഇന്നലെ തന്ത്രിയ്ക്കൊപ്പം ശബരിമല ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് വിവാദമായ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വിശദീകരണം. രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയോ തന്ത്രിയോ അല്ല. തന്ത്രിക്ക് പരികര്‍മ്മികളായി മൂന്നുപേരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. താന്ത്രികവിധിപ്രകാരം തന്ത്രിയുടെ മകന്റെ മകന് ശ്രീകോവിലില്‍ പ്രവേശിക്കാം. എന്നാല്‍, മകളുടെ മകനായ രാഹുല്‍ ഈശ്വറിന് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അവകാശമില്ല. അങ്ങനെ താന്ത്രികാവകാശം ഇല്ലാത്ത രാഹുല്‍ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് ശരിയല്ലെന്നും രാജഗോപാലന്‍ നായര്‍ ചൂണ്ടിക്കാട്ടി. തന്ത്രികുടുംബത്തിലെ അനന്തരാവകാശി ആണെങ്കില്‍പോലും മുന്‍കൂര്‍ അനുമതിയില്ലാതെ ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കുന്നത് ആചാരപരമായി തെറ്റാണ്. തന്ത്രി തീരുമാനിക്കുന്നവര്‍ക്ക് ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാമെന്ന കണ്ഠരര് മഹേശ്വരരുടെ നിലപാട് തെറ്റാണ്. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ അച്ചടക്ക നിയന്ത്രണ സമിതിയുടെ പരിധിയില്‍ വരുമെന്നും ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചു. ശബരിമലയില്‍ തന്ത്രിക്കുള്ള അധികാരങ്ങളെ സംബന്ധിച്ച് കോടതി വിധിയുണ്ട്. പ്രത്യേക പൂജകളിലും ഉത്സവവേളകളിലും പൂജ ചെയ്യാനുള്ള അവകാശമാണ് തന്ത്രിക്കുള്ളത്. ഇതിന് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് പ്രതിഫലവും നല്‍കുന്നുണ്ട്. തന്ത്രിയാണ് അവസാന വാക്ക് എന്നരീതിയില്‍ ഭക്‌തര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന വാദം ശരിയല്ലെന്നും രാജഗോപാലന്‍ നായര്‍ പറഞ്ഞു.
വാർത്തയുടെ ലിങ്ക്: https://www.janmabhumidaily.com/news34475
ഇതിലും കോടതി ഇടപെട്ടിരുന്നു.
2011 ഡിസംബർ 19-ന് രാഹുല്‍ ഈശ്വറിനെ ശബരിമല ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേശ്വരര് ഹൈക്കോടതിക്ക് കത്തയച്ചതുവഴിയാണത്. തന്റെ പരികര്‍മിയായി രാഹുല്‍ ഈശ്വറിനെ ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.. കത്ത് ഹര്‍ജിയായി സ്വീകരിച്ച കോടതി ദേവസ്വം ബോര്‍ഡിനോടും ദേവസ്വം ഓംബുഡ്സ്‌മാനോടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തന്റെ കൊച്ചുമകനായ രാഹുല്‍ ഈശ്വറിനെയും താന്‍ നിര്‍ദേശിക്കുന്ന ആളുകളെയും കൂടെ നില്‍ക്കുന്നതില്‍നിന്നും തടസ്സപ്പെടുത്തരുതെന്നും കണ്ഠര് മഹേശ്വരര് കത്തില്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
വാർത്തയുടെ ലിങ്ക്: https://www.janmabhumidaily.com/news35331
എന്നാൽ, കോടതി ഈ വാദം തള്ളുകയായിരുന്നു. തന്ത്രി കണ്ഠരര് മഹേശ്വരര്‍ക്കു തത്ക്കാലം വേറെ പരികര്‍മിയെ അനുവദിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ മതിയാകും. പരാതിയുടെ വിശ്വാസ്യത ബോദ്ധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിക്കും പന്തളം രാജാവിനും നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേകദൂതന്‍ വഴിയാണ് നോട്ടീസയച്ചത്.
വാർത്തയുടെ ലിങ്ക്: https://www.janmabhumidaily.com/news35438
ഇതുമാത്രമല്ലല്ലേ; ശബരിമല കലാപകാലത്ത് മുഖ്യമന്ത്രി പറഞ്ഞതുപോലെ നൈഷ്ഠികബ്രഹ്മചാരിയായ ഒരു ദൈവസങ്കല്പത്തെ പൂജിക്കുന്നവർ വ്യക്തിജീവിതത്തിൽ കുറച്ചെങ്കിലും മാന്യത സൂക്ഷിക്കേണ്ടതാണ്. കണ്ഠരര് മോഹനരരുടെ കാര്യം പൊതുസമൂഹത്തിനറിയാമല്ലോ. അയാളാണ് ആചാരലംഘനത്തിന്റെ പേരിൽ നടയടച്ചോളാൻ സ്ത്രീപ്രവേശനകാലത്ത് തന്ത്രിയായ രാജീവർക്ക് നിർദേശം നൽകിയത്. മോഹനരുടെ മകനായ മഹേഷ് മോഹനരും തന്ത്രിപരമ്പരയിൽ പെട്ടയാളാണ്.(രാഹുലിനെതിരേ പത്രക്കുറിപ്പിറക്കിയ ആൾ) ശബരിമലയിലെ പൂജാദികർമങ്ങളിൽ പങ്കാളിത്തമുള്ളയാളുമാണ്. ഇതേ മഹേഷിനെതിരേ രാഹുൽ ഈശ്വർ പത്രസമ്മേളനം നടത്തിയിട്ടുണ്ട്. സീനിയർ തന്ത്രിയായ മഹേശ്വരരെ സ്വത്തുതർക്കത്തിന്റെ പേരിൽ മഹേഷ് മർദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ചെങ്ങന്നൂർ പോലീസാണ് കേസെടുത്തത്. ഈ പശ്ചാത്തലത്തിലായിരുന്നു മർദനം.
അതുമായി ബന്ധപ്പെട്ട വാർത്തയിങ്ങനെ:-
'ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര്‍ക്ക് മര്‍ദ്ദനമേറ്റത് ശരിയാണെന്നും എന്നാല്‍, അതുസംബന്ധിച്ച് വരുന്ന മറ്റുവാര്‍ത്തകള്‍ വ്യാജമാണെന്നും കൊച്ചുമകന്‍ രാഹുല്‍ ഈശ്വര്‍. കണ്ഠരര് മഹേശ്വരരെ കൂടാതെ ഭാര്യ ദേവകി അന്തര്‍ജനം, മകള്‍ മല്ലിക നമ്പൂതിരി എന്നിവര്‍ക്കാണ് കൊച്ചുമകന്‍ മഹേഷ് മോഹന്റെ ആക്രണത്തില്‍ പരിക്കേറ്റത്. സ്വത്തുതര്‍ക്കമല്ല ആക്രണത്തിന് പിന്നിലെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ഠരര് മോഹനര്‍ക്ക് ആക്രണത്തില്‍ പങ്കില്ല. അന്ന് അദ്ദേഹം ബാംഗ്ലൂരിലാണെന്നും ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും രാഹുല്‍ പറഞ്ഞു. പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രശ്‌നം കുടുംബത്തിനുള്ളില്‍ തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് കഴിയാതെ വന്നാല്‍ ശബരിമല തന്ത്രിക്കും കുടുംബത്തിനും സുരക്ഷതേടി നിയമസഹായം തേടുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വൃശ്ചികം ഒന്നായ തിങ്കളാഴ്ച ഉച്ചയോടെയാണ് തന്ത്രി കണ്ഠരര് മഹേശരര്‍ക്ക് മര്‍ദ്ദനമേറ്റത്. ചെങ്ങന്നൂരിലെ വീട്ടില്‍ മകള്‍ മല്ലിക നമ്പൂതിരി പിതാവിനെ കാണാന്‍ എത്തിയിരുന്നു. ഈ സമയത്ത് അവിടെ എത്തിയ മഹേഷ് മോഹന്‍ സ്വത്ത് കാര്യം പറഞ്ഞു മല്ലികയെയും ദേവകി അന്തര്‍ജനത്തെയും തടയാന്‍ ശ്രമിച്ച കണ്ഠരര് മഹേശ്വരരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി.
മഹേഷ് മോഹന്‍ കണ്ഠരര് മോഹനരുടെ പുത്രനാണ്. ഇതിനു മുന്‍പും സ്വത്തിന്റെ പേരില്‍ മഹേഷ് പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്നെല്ലാം കുടുംബത്തിനുള്ളില്‍ തന്നെ പറഞ്ഞുതീര്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പ്രായത്തിന്റെ അപക്വതയും മറ്റാരുടെയോ പ്രേരണയും മഹേഷിന്റെ പ്രവര്‍ത്തിക്ക് പിന്നിലുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇതിനിടെ ദേവകി അന്തര്‍ജനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 323, 341, 294 (ബി) വകുപ്പുകള്‍ പ്രകാരം ചെങ്ങന്നൂര്‍ പോലീസ് മഹേഷിനെതിരേ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് കണ്ഠരര് മഹേശരരും ഭാര്യയും മകളുമെന്നും അദ്ദേഹം പറഞ്ഞു.'
ചുരുക്കിപ്പറഞ്ഞാൽ ഇവർക്കിതൊക്കെ കുടുംബകാര്യവും സമ്പത്ത്- അധികാരത്തർക്കവുമൊക്കെയാണ്. ജനാധിപത്യസമൂഹം അത് പരിഗണിക്കേണ്ടതേയില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയെന്ന ആശയം താഴമൺ മഠം അംഗീകരിക്കുന്നില്ല എന്നത് സ്ത്രീപ്രവേശന വിധിയുടെകാര്യത്തിൽ പശ്ചാത്തലത്തിൽ ബോധ്യപ്പെട്ടതാണ്. പക്ഷേ, എക്കാലത്തും നിയമവ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് ദൈവഭയം, ബ്രാഹ്മണശാപം തുടങ്ങിയ സ്ഥിരംപല്ലവികൾകൊണ്ട് രക്ഷപ്പെടാമെന്ന് കരുതരുത്. ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ തന്ത്രിയും പോറ്റിയുമടക്കം ജയിലിൽ കിടക്കുമ്പോഴും ഒരു നാമജപഘോഷയാത്രയുടെ ശബ്ദവും കേരളീയ അന്തരീക്ഷത്തിലില്ല എന്നത് ശ്രദ്ധേയമാണ്. ദൈവത്തെ കച്ചവടം ചെയ്യുന്ന ഇത്തരം ബ്രാഹ്മണാധികാരങ്ങളുടെ പൂണൂൽത്തുമ്പിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ പ്രത്യയശാസ്ത്രമെന്നതിൽ ഇതിൽക്കൂടുതൽ ഉദാഹരണവുമാവശ്യവുമില്ലല്ലേ.
Nb: താഴമൺ മഠത്തിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്കുകളെല്ലാം ജന്മഭൂമിയുടേതാണ്