'നിർമ്മാതാവ് ആവശ്യപ്പെട്ടത് അംഗീകരിക്കാനാവാത്ത വിഹിതം, പേട്രിയറ്റ് പ്രദർശിപ്പിക്കില്ല': ഫിയോക്ക് പ്രസിഡന്റ്‌ കെ വിജയകുമാർ

'നിർമ്മാതാവ് ആവശ്യപ്പെട്ടത് അംഗീകരിക്കാനാവാത്ത വിഹിതം, പേട്രിയറ്റ് പ്രദർശിപ്പിക്കില്ല': ഫിയോക്ക് പ്രസിഡന്റ്‌ കെ വിജയകുമാർ
Published on

'പേട്രിയറ്റ്' വിവാദങ്ങളിൽ പ്രതികരിച്ച് ഫിയോക്ക് പ്രസിഡന്റ്‌ കെ. വിജയകുമാർ. നിർമാണ - വിതരണ വിഹിതത്തിൽ കേട്ടുകേൾവിയില്ലാത്ത നിബന്ധനകളാണ് നിർമ്മാതാവ് ആവശ്യപ്പെട്ടത്. പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിൽ ഇത്തരം നിബന്ധനകൾ സ്വീകരിക്കുക എന്നത് പ്രാവർത്തികമല്ല. അതിനാൽ ഈ ചിത്രത്തിന്റെ എഗ്രിമെന്റിൽ ഒപ്പുവെക്കരുത് എന്ന് എല്ലാ ഫിയോക്ക് അംഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ. വിജയകുമാർ പറഞ്ഞു. ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ. വിജയകുമാറിന്റെ വാക്കുകൾ:

ഇതിനെ വിലക്ക് എന്ന് പറയാൻ കഴിയില്ല. കാരണം ഞങ്ങൾക്ക് ഒരു സിനിമയെയും വിലക്കാൻ കഴിയില്ല. ഞങ്ങൾക്ക് സ്വീകരിക്കാൻ കഴിയാത്ത നിബന്ധനകളുമായി ഒരു സിനിമ വന്നു കഴിഞ്ഞാൽ ആ സിനിമ വേണ്ട എന്ന് ഞങ്ങൾ പറയേണ്ടി വരും. അതിനാൽ ഈ സിനിമ വേണ്ടെന്ന് ഞങ്ങൾ പറഞ്ഞു.

നിർമാണ - വിതരണ വിഹിതത്തിൽ മലയാളത്തിൽ കേട്ട് കേൾവിയില്ലാത്ത നിബന്ധനകളാണ് നിർമ്മാതാവ് ആവശ്യപ്പെട്ടത്. സാധാരണ ഗതിയിൽ ഒരു മലയാള സിനിമയ്ക്ക് ആദ്യ ആഴ്ചയിൽ 60 ശതമാനവും രണ്ടാമത്തെ ആഴ്ച 55 ശതമാനവും മൂന്നാം ആഴ്ച 50 ശതമാനം എന്നിങ്ങനെയാണ് നിർമ്മാതാക്കൾക്ക് ലഭിക്കുന്നത്. എന്നാൽ അതിന് വിപരീതമായി ആദ്യ രണ്ടു ആഴ്ചകളിൽ 60 ശതമാനം വീതം വിഹിതമാണ് നിർമ്മാതാവ് ആവശ്യപ്പെട്ടത്. തുടർന്നുള്ള ആഴ്ചകളിലും ഈ അഞ്ച് ശതമാനത്തിന്റെ വർദ്ധനവ് വേണ്ടിവരും. ഇത് തിയറ്ററുകൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുക. സംഘടനയുടെ എല്ലാ അംഗങ്ങളോടും ഈ ചിത്രത്തിന്റെ എഗ്രിമെന്റിൽ ഒപ്പുവെക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് പേട്രിയറ്റ്. മമ്മൂക്കയും ലാലേട്ടനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമ. ഒപ്പം ചാക്കോച്ചനും ഫഹദും നയൻതാരയും ഉൾപ്പടെ വലിയ താരനിര ഭാഗമാകുന്ന സിനിമ. എന്നാൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിൽ തിയറ്ററുകൾ 5 ശതമാനം കൂടുതൽ വിഹിതം നൽകണം എന്ന് പറഞ്ഞാൽ അത് പ്രാവർത്തികമാകില്ല. അതിനേക്കാൾ നല്ലത് ആ സിനിമ പ്രദർശിപ്പിക്കാതിരുന്നതല്ലേ. ഇത്തരം നിബന്ധനകൾ വെച്ചുകൊണ്ട് ഒരു സിനിമയും പ്രദർശിപ്പിക്കാൻ ഫിയോക്ക് തയ്യാറല്ല.

Related Stories

No stories found.
logo
The Cue
www.thecue.in