സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം റാപ്പ് ഗായകനായ വേടന് നൽകിയതുമായി ബന്ധപ്പെട്ട് കേരളീയ പൊതുമണ്ഡലത്തിലും സാമൂഹിക മാധ്യമങ്ങളിലും രൂപപ്പെട്ട രണ്ടുതരം ചർച്ചകളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു.
'പരലോകത്തിരുന്ന് ഇതൊക്കെക്കാണുന്ന വയലാറും ഒ.എൻ.വിയും ദേവരാജൻ മാഷുമൊക്കെ കരുതുന്നുണ്ടാകും നേരത്തേ പോരുന്നത് നന്നായെന്ന്' എന്നൊക്കെ കമൻ്റിട്ടും പരാതി പറഞ്ഞും വേടന് മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ലഭിച്ചതിൽ വേദന പങ്കിടുന്ന പലരെയും കുറഞ്ഞ സമയത്തിനുള്ളിൽ നമ്മൾ കണ്ടുകാണും.
കവിതയും ഗാനരചനയുമൊക്കെ കുറച്ചുകൂടി ആർദ്രമായി ജീവിതവും പ്രണയവുമൊക്കെ പങ്കുവെക്കുന്ന, നമ്മെ ആനന്ദിപ്പിക്കുന്ന, കേട്ടാലൊരാലസ്യം ബാക്കിയാക്കുന്ന, തഴുകിയുണർത്തുകയും ഉറക്കുകയും ചെയ്യുന്ന വരികളുടെ സമാഹാരമായാണവർ മനസ്സിലാക്കുന്നതും ഇക്കാലമത്രയും അനുഭവിച്ചുപോരുന്നതും. പക്ഷേ, വേടനും അയാളുടെ വരികളും ആ വഴിയേ അല്ല സഞ്ചരിക്കുന്നത്. 'കുതന്ത്രം' എന്ന മഞ്ഞുമ്മൽ ബോയ്സിലെ അവാർഡ് ലഭിച്ച വരികൾ, സിനിമയിലെ കഥാപാത്രങ്ങളുടെ പാർശ്വവത്കൃത ജീവിതത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ രേഖപ്പെടുത്തലായിരുന്നുവെന്നത് പ്രധാനമാണ്. ഒരു ജനതയുടെ ജീവചരിത്രമായിക്കൂടി ആ വരികളെ വായിച്ചെടുക്കാം.
വേടൻ അവാർഡിന് അർഹനേയല്ല, ഇതൊക്കെയെന്ത് വരികൾ എന്ന പരിഹാസവാദം മുന്നോട്ടുവെക്കുന്ന ഏറക്കുറെ ജാതിവാദികളായ, ചലച്ചിത്രഗാനമെന്നാൽ കാല്പനികമായി, പദങ്ങൾ അടുക്കിവെച്ച് ഭാവനചെയ്തുണ്ടാക്കുന്ന ഒന്നാണെന്ന് കരുതി ജീവിതം തുടരുന്ന അല്പബുദ്ധികൾ അപകടകാരികളാണ്. അവരോട് കൃത്യമായി വിയോജിക്കേണ്ടതുണ്ട്.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതിസ്ഥാനത്തുള്ളയാൾ എന്നനിലയിൽ വേടന് അവാർഡ് നൽകി അംഗീകരിക്കുന്നതിലെ സ്ത്രീവിരുദ്ധ മനോഭാവത്തെയാണ് ഒരുവിഭാഗം ചോദ്യംചെയ്യുന്നത്. കോടതിയുടെ പരിഗണനയിലുള്ള, ഇനിയും തീർപ്പുകല്പിക്കപ്പെടാത്ത വിഷയമാണെങ്കിലും ജനാധിപത്യ സമൂഹമെന്ന നിലയിൽ എല്ലാ തീരുമാനങ്ങളോടും യോജിക്കാനെന്നപോലെ വിയോജിക്കാനുമുള്ള ഇടവുമുള്ളതിനാൽ അത്തരം വിമർശനങ്ങൾ രൂപപ്പെടുന്നതും ഉന്നയിക്കപ്പെടുന്നതും പ്രധാനമാണ്. തന്നെയുമല്ല ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവരൊക്കെയും വേടൻ്റെ ഭാഷയുടെ, വരികളുടെ കാര്യത്തിൽ സംശയാലുക്കളല്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ, വേടൻ അവാർഡിന് അർഹനേയല്ല, ഇതൊക്കെയെന്ത് വരികൾ എന്ന പരിഹാസവാദം മുന്നോട്ടുവെക്കുന്ന ഏറക്കുറെ ജാതിവാദികളായ, ചലച്ചിത്രഗാനമെന്നാൽ കാല്പനികമായി, പദങ്ങൾ അടുക്കിവെച്ച് ഭാവനചെയ്തുണ്ടാക്കുന്ന ഒന്നാണെന്ന് കരുതി ജീവിതം തുടരുന്ന അല്പബുദ്ധികൾ അപകടകാരികളാണ്. അവരോട് കൃത്യമായി വിയോജിക്കേണ്ടതുണ്ട്.
ചലിക്കുന്ന സമൂഹമെന്ന നിലയിൽ നമ്മുടെ ഭാവനയ്ക്കും അനുഭവങ്ങൾക്കും ആസ്വാദന നിലവാരത്തിനും ശ്രാവ്യബോധ്യത്തിനുമൊക്കെ പരിവർത്തനമുണ്ടാകുന്നത് സ്വാഭാവികമാണ്. സംഗീതവും വരികളും മാത്രമല്ല, ചലച്ചിത്രമെന്ന മാധ്യമമൊന്നാകെത്തന്നെ നമ്മുടെ പാരമ്പര്യബോധ്യങ്ങളെ ഏറിയും കുറഞ്ഞും അട്ടിമറിച്ചും പുനഃക്രമീകരിച്ചുമാണ് മുന്നോട്ടുപോകുന്നത്. കുറേക്കാലമായി ലോകത്തെവിടത്തെയുമുള്ള സംഗീതവുമായും സിനിമയുമായും വെബ്സീരീസുകളുമായും പരിചയപ്പെടാനും ഇടപെടാനും നമ്മുടെ കാഴ്ച/കേൾവി ശീലങ്ങൾക്ക് കഴിയുന്നുണ്ട്. അവയൊക്കെ നമ്മെ സ്വാധീനിക്കുന്നുമുണ്ട്.
പെരിയാറിനെ പർവതനിരയുടെ പനിനീരായിമാത്രം കണ്ട, അതുകേട്ട് ആസ്വദിച്ച ഒരു കാവ്യഭാവനക്കാലത്തല്ല വേടൻ സാധ്യമാകുന്നത്
'റാപ്പിന്റെ- ഹിപ്ഹോപ്പിന്റെ- രാഷ്ട്രീയം അണ്ടർഗ്രൗണ്ട് കൾച്ചറിന്റെ ഭാഗമായാണ് ലോകമെങ്ങും വികസിച്ചുവന്നത്. സമൂഹത്തിന്റെ ഒരു നിയമങ്ങളും അത് കൂട്ടാക്കുകയില്ല; ലാവണ്യനിയമങ്ങളും അങ്ങനെത്തന്നെ. അതിൽ ഏതൊക്കെയാണ് നമുക്ക് സ്വീകാര്യമാകുന്നത് എന്നതിനെക്കുറിച്ചു നമ്മളിരുന്ന് വേവലാതികൊള്ളുക എന്നതുമാത്രമേ നിർവാഹമുള്ളൂ. അത് പൊതുസമൂഹത്തിന്റെ ഭാഗമായിമാറില്ല. പകരം അത് വിധ്വംസകമായ മറ്റു വഴികൾ തേടിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. ആ സംസ്കാരത്തിന്റെ സവിശേഷതയും അതാണ്. അതിൻ്റെ രാഷ്ട്രീയം പോസിറ്റീവ്/ നെഗറ്റീവ് എന്നു വേർതിരിക്കാനാവാത്തവിധം വളരെ സങ്കീർണമാണ്' എന്ന് ഡോ. മനോജ് കുറൂർ നിരീക്ഷിക്കുന്നുണ്ട്.
വേടൻ ജനപ്രിയമാക്കിയ റാപ്പ് ശൈലിയിലുള്ള പാട്ടുകൾ/പറച്ചിലുകൾ സ്വാഭാവികമായും നമ്മുടെ സംഗീതത്തിൻ്റെ പാരമ്പര്യ, ജാതി, സവർണധാരകളെ അട്ടിമറിക്കുന്നതാണ്. ഇക്കാലമത്രയും തുടർന്നുപോരുന്ന പ്രണയമോ പരിസ്ഥിതിയോ സൗഹൃദമോ അല്ല അയാൾ ഭാവനചെയ്യുന്നത്. 'കുതന്ത്രം' എന്ന പാട്ടിലെ വരികളോ വേടൻ്റെ ഇതര വർക്കുകളിലെ വരികളോ പരിചയപ്പെട്ടാൽ ബോധ്യപ്പെടുന്ന കാര്യമാണത്.
'വിയർപ്പു തുന്നിയിട്ട കുപ്പായം
അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം'
എന്ന വരിയെ ഞാൻ വ്യക്തിപരമായി കാണുന്നത് നമ്മുടെ അതിദീർഘമായ തൊഴിലാളിസമരങ്ങളുടെ, പോരാട്ടങ്ങളുടെ ചരിത്രത്തെ ഒരു വരിയിലേക്ക് രാഷ്ട്രീയമായി, കാവ്യാത്മകമായി ചുരുക്കിയെഴുതി എന്നാണ്. ഇതിലും മനോഹരമായി ഊറിക്കൂടിയ ഉള്ളടക്കമെന്നപോൽ ഒരു രാഷ്ട്രീയവാചകം നിങ്ങൾക്ക് രചിക്കാനാവില്ല. ആ വരിക്കുമാത്രം വേണമെങ്കിലും ഒരു അവാർഡ് കൊടുക്കാം. റാപ്പർ ബേബി ജീനാണെന്നുതോന്നുന്നു, ഒരു അഭിമുഖത്തിൽ വേടൻ അതിഗംഭീരനായൊരു കവിയാണെന്ന് പറഞ്ഞത്. കൃത്യമാണത്. കവിതയിൽ, വരികളിൽ മലയാളം ഇതുവരെ പ്രയോഗിച്ചുപോരുന്ന, ഭാവനചെയ്ത ബിംബങ്ങളോ, കല്പനകളോ അല്ല വേടൻ്റേത്. തനതായ, ഭാഷയിൽ കുറച്ചധികം സ്വാധീനമുള്ളൊരാൾക്കുമാത്രം സാധ്യമായതരം പ്രയോഗമാണവയിലൊക്കെ. 'ഈ തലപ്പാവിനെന്ത് തിളക്കം' എന്ന് വേടൻ പറയുമ്പോൾ, പാടുമ്പോൾ നമ്മുടെ കീഴാള നവോത്ഥാനചരിത്രം അതിനൊപ്പം വന്ന് തലയുയർത്തിനിൽക്കുന്നത് ഭാഷയിലെ ഈ സ്വാതന്ത്ര്യം കൂട്ടുള്ളതുകൊണ്ടുകൂടിയാണ്.
പെരിയാറിനെ പർവതനിരയുടെ പനിനീരായിമാത്രം കണ്ട, അതുകേട്ട് ആസ്വദിച്ച ഒരു കാവ്യഭാവനക്കാലത്തല്ല വേടൻ സാധ്യമാകുന്നത്, അതുകൊണ്ടുതന്നെ അയാൾ 'പെരിയാറിന്നരുമകളല്ലെ കാൽ-
തൊടും മണ്ണെല്ലാം മലിനമല്ലേ
അടയാളങ്ങൾ ഉടഞ്ഞവരല്ലേ
ശ്വസിച്ചതെല്ലാം പുകപടലമല്ലേ'
എന്ന് കുതന്ത്രമെന്ന പാട്ടിൽ പെരിയാറിനെക്കുറിച്ചെഴുതുമ്പോൾ
അതിൽ പരിസ്ഥിതിയുടെ, വികസനത്തിൻ്റെ രാഷ്ട്രീയവും അരികിലായിപ്പോയവരുടെ ദുരിതജീവിതവും കൂട്ടുവരുന്നത്. അതുകേട്ട് അസ്വസ്ഥപ്പെട്ട് ഇതിൽ കവിതയെവിടെ എന്നൊക്കെ അലമുറയിട്ടിട്ട് കാര്യമില്ല.
ഈ പാട്ടുമാത്രമല്ല വേടൻ്റേതായി പുറത്തുന്ന സ്വതന്ത്ര വർക്കുകളിലും ഗാനങ്ങളിലും ഭാഷയുടെ സവിശേഷമായ ഉപയോഗംകൊണ്ട് സാധ്യമായ ഇത്തരം പ്രയോഗങ്ങൾ അനവധിയുണ്ട്. ഉദാഹരണമായി അമ്മയെക്കുറിച്ചെഴുതുമ്പോൾ ഒട്ടും കാല്പനികമല്ല അയാളുടെ ഭാഷ.
'നവീന അടിമകൾ വാഴും നരകം പോലൊരിടത്തില് എന്നെ പെറ്റല്ലോ കല്ലുപോലൊരുത്തി
അവളെ ജാഫ്നയിൽ നിന്നാരോ തുരത്തി അവളിൻ ഉദരത്തിൽനിന്ന് ഉരുവെടുത്തത് പരുത്തി അല്ലല്ലോ എരിക്കും തീ'
എന്നാണെഴുതുന്നത്. താരാട്ടോ, അമ്പിളിമാമനോ ചക്കരയുമ്മയോ അല്ല ശ്രീലങ്കയും കുടിയേറ്റവും അഭയാർഥിത്വവും പ്രതിരോധവുമാണ് അമ്മയെന്ന സങ്കല്പത്തെ ഭാവനചെയ്യാൻ വേടൻ ഉപയോഗിക്കുന്നത്. കടന്നുവരുന്നത് പ്രണയിനിയെക്കുറിച്ച് 'മോണലോവ' എന്ന കൃതിയിൽ എഴുതുമ്പോഴും അഗ്നിപർവതവും സോവിയറ്റ് യൂണിയനും വിപ്ലവവും കടന്നുവരുന്നത് അങ്ങനെയാണ്. ഇതൊരു മനോഹരമായ തിരുത്തുകൂടിയായിവേണം മനസ്സിലാക്കാനെന്നുതോന്നുന്നു.
'വേടന്റെ പാട്ടുകളുടെ സവിശേഷത സംഗീതലഹരിയും താളവട്ടവും തുള്ളലുമൊക്കെ അവസാനിക്കുന്ന അക്ഷണത്തിൽ താൻ ജീവിക്കുന്ന ലോകത്തെക്കുറിച്ച് അതിൻ്റെ സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്ത വിരിയാൻ തുടക്കം കൊടുക്കുന്നു എന്നതാണ്'. ഡോ. എ.കെ. വാസുവും നിരീക്ഷിക്കുന്നുണ്ട്.
വേടനോടുള്ള ജാതികേരളത്തിൻ്റെ മനോഭാവം അയാളോട് മാത്രമുള്ളതല്ലെന്ന് നമുക്കറിയാം. അതിനുള്ള സമീപകാല ഉദാഹരണങ്ങളിൽ പ്രധാനിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. പതിനായിരക്കണക്കിനാളുകളുടെ വിശ്വാസകേന്ദ്രമായ ശബരിമലയിലെ വാതിൽപ്പാളികളടക്കം മോഷ്ടിച്ചുവിറ്റ, തൻ്റെ സവർണജാതി ശരീരമുപയോഗിച്ച് വിശ്വാസത്തെയും വിശ്വാസികളെയും അട്ടിമറിച്ചവരിൽ പ്രധാനിയാണല്ലോ അയാൾ. അയാളോട് എന്താണ് ഇപ്പറഞ്ഞ സവർണക്കൂട്ടത്തിൻ്റെ, വേടൻ്റെ വരികളിൽ നൊന്തുപോയവരുടെ പ്രതികരണമെന്ന് അന്വേഷിക്കാവുന്നതാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയാണ് ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചത്. സ്ത്രീകളെ മനുഷ്യരായി പരിഗണിക്കാത്ത, അശുദ്ധ ശരീരമായിമാത്രം മനസ്സിലാക്കുന്ന ഒരുവിഭാഗം കേരളത്തിൽ അക്കാലത്ത് നടത്തിയ കലാപങ്ങൾ നാം കണ്ടതാണ്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ശബരിമലയിലെത്തിയവരിൽ ഒരാളായ ബിന്ദു അമ്മിണി എന്ന അധ്യാപികയായ ദളിത് സ്ത്രീയെ പിന്നീടെങ്ങനെയൊക്കെയാണ് ഇവിടത്തെ ഒരുവിഭാഗം നേരിട്ടതെന്നറിയാമല്ലോ. വഴിനടക്കാനും തൊഴിലെടുക്കാനും അനുവദിക്കാതെ, മുളകു സ്പ്രേയടിച്ചും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചും അവരെ നേരിട്ട സംഘപരിവാർ ആൺകൂട്ടങ്ങൾ അയ്യപ്പനെത്തന്നെ മോഷ്ടിക്കാൻ ശ്രമിച്ച, ശബരിമലയിൽനിന്ന് പലതും കടത്തിക്കൊണ്ടുപോയി വിറ്റഴിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ ഒരക്ഷരംപോലും സംസാരിച്ചില്ല. ഒരു നാമജപഘോഷയാത്രയുമുണ്ടായില്ല. ജാതി ഒരു സാമൂഹിക കുറ്റകൃത്യമായി ദളിതരുടെമേൽ പ്രയോഗിക്കുന്നതിന് ഇതിലും മികച്ച ഉദാഹരണങ്ങൾ ആവശ്യമില്ലല്ലോ.
മോഷ്ടാവായ ഉണ്ണികൃഷ്ണൻപോറ്റിയുടെ കാര്യം പറയുമ്പോൾ സമീപകാലത്ത് വ്യാജമോഷണക്കേസിൽ കുടുക്കിയ നെടുമങ്ങാടുള്ള ബിന്ദു എന്ന സ്ത്രീയെക്കൂടി പറയാതെ പോകാനാവില്ല. മാല മോഷണം പോയി എന്ന പരാതി കിട്ടുമ്പോഴേക്കും ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് കുറ്റവാളിയാണെന്നുറപ്പിച്ച് മാലക്കള്ളീയെന്ന വിളിച്ച്, ക്രൂരമായ പീഡനങ്ങൾ ഏൽപ്പിച്ച, കൊടുംക്രിമിനലിനെപ്പോലെ അവരെ കൈകാര്യം ചെയ്ത, തൊണ്ടവരണ്ട് അല്പം വെള്ളം ചോദിക്കുമ്പോൾ ബാത്റൂം ചൂണ്ടിക്കാണിച്ച അതേ കേരള പോലീസാണ് കസ്റ്റഡിയിലുള്ള പോറ്റിക്ക് ഉച്ചയ്ക്ക് ഉണ്ണാൻ തൈരും തിരക്കിയിറങ്ങിയത്. 'ജനാധിപത്യ കേരള'ത്തിൻ്റെ വ്യാജപൊതുബോധം പൊളിയുന്നതിങ്ങനെയൊക്കെയാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുറ്റകൃത്യം എത്ര വലുതാകുമ്പോഴും അയാളോടുള്ള സമൂഹത്തിൻ്റെ കരുതലും, സുപ്രീംകോടതി വിധി അനുസരിച്ച ബിന്ദു അമ്മിണിയോടും വ്യാജമോഷണക്കേസിൽ കുടുക്കപ്പെട്ട ബിന്ദുവിനോടുമുള്ള മനോഭാവവും കൂട്ടിവായിച്ചാലറിയാം വേടനെ അംഗീകരിക്കാൻ മടിക്കുന്ന ജനാധിപത്യവിരുദ്ധക്കൂട്ടത്തിൻ്റെ ഉള്ളിലിരുപ്പ്.
വേടനോടൊപ്പം ആടുകയും പാടുകയും പറയുകയും അയ്യങ്കാളിയെയും അംബേദ്കറിനെയും അറിയുകയും ചെയ്യുന്ന ജെൻസീ തലമുറയോട് പാരമ്പര്യവാദവുമായി ഏറ്റുമുട്ടിയിട്ട് കാര്യമില്ല. കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയെയും പൂമുഖവാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കളായ ഭാര്യയെയും ഭാവനചെയ്ത, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുറ്റകൃത്യത്തെ പോറ്റിയുടെ കുറുമ്പായി കാണുന്ന, അതിലൊട്ടും വേദനയില്ലാത്ത സവർണഭാവുകത്വത്തിനൊപ്പമല്ല വേടനും
അയാളുടെ വരികളും. ബിന്ദു അമ്മിണിയെയും നെടുമങ്ങാട്ടെ ബിന്ദുവിനെയും പോലെ വേട്ടയാടപ്പെട്ടവർക്കൊപ്പമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുന്നവർക്കൊപ്പമാണ്. ഇത് അഴുക്കിൽപ്പിറന്നവരും അഴിമുഖങ്ങൾ നീന്തുന്നവരുമാണ്. അടയാളങ്ങൾ ഉടഞ്ഞവരുടെ ഈ പാട്ടും പറച്ചിലുമൊക്കെ തുടരുകതന്നെ ചെയ്യും.