ഡിസംബറില്‍ പുറത്തുവന്ന ഒരു പഠനം എന്നെ കരയിച്ചു. 'നീഡ്‌സ് സ്റ്റഡി: ഇംപാക്ട് ഓഫ് വാര്‍ ഇന്‍ ഗാസ ഓണ്‍ ചില്‍ഡ്രന്‍ വിത്ത് വള്‍നറബിലിറ്റീസ് ആന്‍ഡ് ഫാമിലീസ്' എന്ന തലക്കെട്ടില്‍, ഗാസയിലെ കമ്മ്യൂണിറ്റി ട്രെയിനിംഗ് സെന്റര്‍ ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് (സിടിസിസിഎം) തയ്യാറാക്കിയതായിരുന്നു ആ പഠനം. ക്ലിനിക്കല്‍ ശൈലിയില്‍ എഴുതിയ അതിന്റെ ഭാഷ എന്നെ ഒട്ടും സ്വാധീനിച്ചിരിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ എന്നെയത് ഉലച്ചു. പഠനത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. മരവിപ്പിക്കുന്ന ചില വസ്തുതകള്‍ ഇതാ:
1. ഗാസയിലെ 79% കുട്ടികളും പേടിസ്വപ്നം കാണുന്നുണ്ട്
2. അവരില്‍ 87% പേര്‍ കനത്ത ഭയത്തിന്റെ പിടിയിലാണ്.
3. 38% പേര്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നു.
4. കുട്ടികളെ പരിചരിക്കുന്നവരില്‍ 49% പേരും പറഞ്ഞത് തങ്ങളുടെ കുട്ടികള്‍ യുദ്ധത്തില്‍ മരിക്കുമെന്ന് വിശ്വസിച്ചിരുന്നു എന്നാണ്.
5. ഗാസയിലെ 96% കുട്ടികളും മരണം തങ്ങളുടെ തൊട്ടരികിലുണ്ടെന്ന് വിശ്വസിക്കുന്നു.
ലളിതമായി പറഞ്ഞാല്‍, ഗാസയിലെ ഓരോ കുട്ടിയും താന്‍ മരിക്കാന്‍ പോകുകയാണെന്ന് കരുതുന്നു. ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 2025ലെ ആദ്യത്തെ ഈ വാര്‍ത്താക്കുറിപ്പ്, അവസാനത്തെ ആ വരിക്ക് ശേഷം അവസാനിക്കാമായിരുന്നു. കൂടുതല്‍ എന്താണ് പറയേണ്ടത്? പക്ഷേ, കൂടുതല്‍ പറയാനുണ്ട്. 2024 മാര്‍ച്ചില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ കമ്മിറ്റി സുഡാനിലെ സായുധ സേനയും അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (ഇവ രണ്ടിനും വിവിധ വിദേശ ശക്തികളുടെ പിന്തുണയുണ്ട്) തമ്മിലുള്ള സുഡാനിലെ യുദ്ധത്തെക്കുറിച്ച് മൂര്‍ച്ചയേറിയ ഒരു പ്രസ്താവന പുറത്തിറക്കി. ആ പ്രസ്താവനയിലും അതിശക്തമായ ചില വസ്തുതകളുണ്ടായിരുന്നു:
* സുഡാനില്‍ 24 ദശലക്ഷം കുട്ടികള്‍ - രാജ്യത്തെ 50 ദശലക്ഷം വരുന്ന മൊത്തം ജനസംഖ്യയുടെ പകുതിയോളം - തലമുറയെയാകെ ബാധിക്കുന്ന മഹാദുരന്തത്തിന്റെ (തലമുറ ദുരന്തം - Generational Catastrophe)ഭീഷണിയിലാണ്.
* 19 ദശലക്ഷം കുട്ടികള്‍ സ്‌കൂളിന് പുറത്താണ്.
* 4 ദശലക്ഷം കുട്ടികള്‍ തെരുവില്‍ അലയുകയാണ്.
* 3.7 ദശലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവുള്ളവരാണ്.
ആദ്യ പോയിന്റ് സുഡാന്റെ കുട്ടികളുടെ ആകെത്തുകയെ സൂചിപ്പിക്കുന്നു, അവരെല്ലാം 'തലമുറ ദുരന്ത'ത്തിന്റെ ഭീഷണിയിലാണ്. കോവിഡ്-19 ലോക്ക്ഡൗണ്‍ കാരണം കുട്ടികള്‍ അനുഭവിച്ച ആഘാതവും തിരിച്ചടികളും വിവരിക്കാന്‍ ഐക്യരാഷ്ട്രസഭ ആദ്യമായി ഉപയോഗിച്ചതാണ് ഈ സംജ്ഞ. ആ വാക്ക് സുഡാനിലെ കുട്ടികള്‍ യുദ്ധം അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച അഗ്‌നിപരീക്ഷയില്‍ നിന്ന് കരകയറില്ലെന്നും അര്‍ത്ഥമാക്കുന്നുണ്ട്. സാധാരണമായ എന്തിലേക്കും രാജ്യത്തിന് തിരിച്ചെത്താന്‍ തലമുറകളെടുക്കും.
2017ല്‍ നടത്തിയ ഒരു ശാസ്ത്രീയ പഠനത്തില്‍, കുട്ടിക്കാലത്തെ ആഴത്തിലുള്ള ആഘാതങ്ങളുടെ അടയാളങ്ങള്‍ ഒരു വ്യക്തിയില്‍ ശാരീരികമായും മാനസികമായും ബാക്കിയാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയുടെ ക്രമം തെറ്റിക്കാന്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആഘാതങ്ങള്‍ കാരണമാകുന്നു. അത് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അവരെ വളരെ ഉത്കണ്ഠാകുലരും ഭയചകിതരുമാക്കുന്നു. ഈ പ്രക്രിയ, 'enhanced threat processing' എന്ന് വിളിക്കപ്പെടുന്ന രീതിയിലേക്ക് നയിക്കുമെന്ന് രചയിതാക്കള്‍ എഴുതുന്നു. മുന്‍കാല യുദ്ധങ്ങളിലൂടെ ജീവിച്ച കുട്ടികളെക്കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് അവര്‍ ഹൃദ്രോഗങ്ങളും അര്‍ബുദവും ഉള്‍പ്പെടെയുള്ള ആരോഗ്യാവസ്ഥകളാല്‍ അസാധാരണമായ ദുരന്തങ്ങള്‍ പേറേണ്ടി വന്നിരുന്നുവെന്നാണ്.
2022 മാര്‍ച്ചില്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, അയര്‍ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് ഡോക്ടര്‍മാര്‍ ദി ലാന്‍സെറ്റിന് ഹൃദയസ്പര്‍ശിയായ ഒരു കത്ത് എഴുതി. അതില്‍ അവര്‍ അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിച്ചു. 2019 വരെ, അഫ്ഗാനിസ്ഥാനിലെ ഓരോ കുട്ടിയും യുദ്ധകാലത്ത് ജനിച്ചു വളര്‍ന്നവരാണ്. അവരില്‍ ഒരാള്‍ പോലും സമാധാനം അനുഭവിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഭ്യമാക്കേണ്ട തെളിവുകളൂടെ അടിസ്ഥാനത്തിലുള്ള ചികിത്സാ പദ്ധതികള്‍ അപൂര്‍വമാണെന്നും അതിന്റെ ഭാഗമായി നടത്തുന്ന പഠനങ്ങളില്‍ നിന്ന് ഉരിത്തിരിയുന്ന തെളിവുകള്‍ താഴ്ന്ന നിലവാരമുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍, ടെലിഹെല്‍ത്ത് കെയറിനെയും നോണ്‍-മെഡിക്കല്‍ പ്രൊഫഷണലുകളെയും ആശ്രയിക്കുന്ന ഒരു സംയോജിത ആരോഗ്യ സംരക്ഷണ പദ്ധതി അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്കായി അവര്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു ലോകത്തായിരുന്നെങ്കില്‍ ആ പദ്ധതി ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. ആ യുദ്ധകാലത്ത് ആയുധ വ്യാപാരികളെ സമ്പന്നരാക്കിയ ഫണ്ടുകളില്‍ ചിലത് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ചെലവഴിക്കപ്പെടുമായിരുന്നു. എന്നാല്‍ നമ്മുടെ ലോകത്തിന്റെ മുന്നോട്ടുള്ള വഴി അതല്ല.
ആയുധ വ്യാപാരികളെക്കുറിച്ചുള്ള പ്രസ്താവന വെറുതെയല്ല. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (SIPRI) 2024 ഡിസംബറിലെ ഒരു വസ്തുതാ ഷീറ്റ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ നിര്‍മ്മാണ, സൈനിക സേവന കമ്പനികള്‍ 2023ല്‍ അവരുടെ സംയോജിത ആയുധ വരുമാനം 4.2% വര്‍ദ്ധിപ്പിച്ച് 632 ബില്യണ്‍ ഡോളറിലെത്തി. ഈ വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് യുഎസ് ആസ്ഥാനമായുള്ള അഞ്ച് കമ്പനികളാണ് നേടിയത്. 2015നും 2023നും ഇടയില്‍ ഈ 100 കമ്പനികള്‍ അവരുടെ മൊത്തം ആയുധ വരുമാനം 19% വര്‍ദ്ധിപ്പിച്ചു. 2024ലെ കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമല്ലെങ്കിലും, മരണത്തിന്റെ മുഖ്യ വ്യാപാരികളില്‍ നിന്നുള്ള ത്രൈമാസ ഫയലുകള്‍ പരിശോധിച്ചാല്‍, അവരുടെ വരുമാനം ഇനിയും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കാണാം. യുദ്ധക്കൊതിയന്മാര്‍ക്ക് കോടിക്കണക്കിന്, എന്നാല്‍ യുദ്ധഭൂമിയില്‍ ജനിക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് ഒന്നുമേയില്ല.
2014ല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെട്ടു. ജൂലൈയില്‍ നടന്ന രണ്ട് സംഭവങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ആദ്യം, ജൂലൈ 9ന് രാത്രി 11:30ന് ഖാന്‍ യൂനിസിലെ ഫണ്‍ ടൈം ബീച്ച് കഫേയിലേക്ക് (വഖ്ത് അല്‍-മറ) ഇസ്രായേല്‍ ഒരു മിസൈല്‍ തൊടുത്തു. മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് ഏകദേശം മുപ്പത് മീറ്റര്‍ അകലെയുള്ള ഒരു താല്‍ക്കാലിക ഘടനയായിരുന്നു കഫേയുടേത്. അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള 2014 ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരം കാണാന്‍ കടുത്ത ഫുട്‌ബോള്‍ ആരാധകരായ നിരവധി പേര്‍ അവിടെ ഒത്തുകൂടിയിരുന്നു. ഇസ്രായേല്‍ മിസൈല്‍ ഒമ്പത് യുവാക്കളുടെ ജീവനെടുത്തു: മൂസ അസ്താല്‍ (വയസ്സ് 16), സുലൈമാന്‍ അസ്താല്‍ (വയസ്സ് 16), അഹമ്മദ് അസ്താല്‍ (വയസ്സ് 18), മുഹമ്മദ് ഫവാന (വയസ്സ് 18), ഹമീദ് സവല്ലി (വയസ്സ് 20), മുഹമ്മദ് ഗനന്‍ (വയസ്സ് 24), ഇബ്രാഹിം ഗനന്‍ (വയസ്സ് 25), ഇബ്രാഹിം സവല്ലി (വയസ്സ് 28). പെനാല്‍റ്റിയിലൂടെ അര്‍ജന്റീന മത്സരം ജയിക്കുന്നത് കാണാനോ, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നടന്ന പിരിമുറുക്കമുള്ള മത്സരത്തില്‍ ജര്‍മ്മനി ടൂര്‍ണമെന്റ് ജയിക്കുന്നതിന് സാക്ഷിയാവാനോ അവര്‍ക്ക് കഴിഞ്ഞതേയില്ല.
അതേസമയം, ഇസ്രായേലിന്റെ ബോംബാക്രമണം തടസ്സമില്ലാതെ തുടര്‍ന്നു. മൂന്ന് ദിവസത്തിന് ശേഷം, ജൂലൈ 16ന്, നിരവധി ആണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു- ഗാസയുടെ കടല്‍ത്തീരത്ത് ലോകകപ്പ് വീണ്ടും കളിക്കുന്നതുപോലെ. അപ്പോഴാണ് ഒരു ഇസ്രായേലി നാവിക കപ്പല്‍ ആദ്യം ഒരു ജെട്ടിയിലേക്ക് വെടിയുതിര്‍ക്കുന്നത്. അവിടെ അവസാനിച്ചില്ല, സ്‌ഫോടനത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്ന ആണ്‍കുട്ടികള്‍ക്ക് നേരെ അവര്‍ നിഷ്‌കരുണം വെടിയുതിര്‍ത്തു. അവരില്‍ നാലുപേരെ ഇസ്രായേല്‍ കൊന്നു - ഇസ്മായില്‍ മഹ്‌മൂദ് ബക്കര്‍ (വയസ്സ് 9), സക്കറിയ അഹെദ് ബക്കര്‍ (വയസ്സ് 10), അഹെദ് അതേഫ് ബക്കര്‍ (വയസ്സ് 10), മുഹമ്മദ് റമീസ് ബക്കര്‍ (വയസ്സ് 11). പല കുട്ടികള്‍ക്കും പരിക്കേറ്റു.
2014-ല്‍ ഗാസയില്‍ നടന്ന ഇസ്രായേലി ആക്രമണത്തില്‍ ആകെ 150 കുട്ടികള്‍ കൊല്ലപ്പെട്ടു. മനുഷ്യാവകാശ സംഘടനയായ ബി'സെലെം കുട്ടികളുടെ പേരുകള്‍ ഇസ്രായേലി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നതിനായി ഒരു പരസ്യം നിര്‍മ്മിച്ചപ്പോള്‍, ഇസ്രായേല്‍ ബ്രോഡ്കാസ്റ്റ് അതോറിറ്റി അത് നിരോധിച്ചു. ബ്രിട്ടീഷ് കവി മൈക്കല്‍ റോസന്‍ 'ഡോണ്ട് മെന്‍ഷന്‍ ദി ചില്‍ഡ്രന്‍ (കുട്ടികളെ പരാമര്‍ശിക്കാതിരിക്കുക)' എന്ന മനോഹരമായ കവിതയിലൂടെ കൊലപാതകങ്ങള്‍ക്കും നിരോധനത്തോടും പ്രതികരിച്ചു.
കുട്ടികളുടെ പേരുകള്‍ ഉരിയാടരുത്.
മരിച്ച കുട്ടികളുടെ പേരുകള്‍ ഉരിയാടരുത്
മരിച്ച കുട്ടികളുടെ പേരുകള്‍ ആളുകള്‍ അറിയരുത്.
കുട്ടികളുടെ പേരുകള്‍ മറച്ചുവെക്കണം.
കുട്ടികള്‍ പേരില്ലാത്തവരായിരിക്കണം.
കുട്ടികള്‍ പേരില്ലാതെ ഈ ലോകം വിട്ടുപോകണം.
മരിച്ച കുട്ടികളുടെ പേരുകള്‍ ആരും അറിയരുത്.
മരിച്ച കുട്ടികളുടെ പേരുകള്‍ ആരും പറയരുത്.
കുട്ടികള്‍ക്ക് പേരുകളുണ്ടെന്ന് ആരും കരുതരുത്.
കുട്ടികളുടെ പേരുകള്‍ അറിയുന്നത് അപകടകരമാണെന്ന് ആളുകള്‍ മനസ്സിലാക്കണം.
കുട്ടികളുടെ പേരുകള്‍ അറിയുന്നതില്‍ നിന്ന് ആളുകളെ സംരക്ഷിക്കണം.
കുട്ടികളുടെ പേരുകള്‍ കാട്ടുതീ പോലെ പടര്‍ന്നേക്കാം.
കുട്ടികളുടെ പേരുകള്‍ അറിഞ്ഞിരുന്നെങ്കില്‍ ആളുകള്‍ സുരക്ഷിതരായിരിക്കില്ല.
മരിച്ച കുട്ടികളുടെ പേരുകള്‍ ഉരിയാടരുത്.
മരിച്ച കുട്ടികളെ ഓര്‍ക്കരുത്.
മരിച്ച കുട്ടികളെ ഓര്‍ക്കരുത്.
'മരിച്ച കുട്ടികള്‍' എന്ന് പറയരുത്.
അതെ, കുട്ടികള്‍ക്ക് പേരുണ്ട്. ഞങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്ന എല്ലാവരുടെയും പേരുകള്‍ ഞങ്ങള്‍ തുടര്‍ന്നും നല്‍കും. ഞങ്ങള്‍ അവരെ മറക്കില്ല. 2024 സെപ്റ്റംബറില്‍, പലസ്തീന്‍ ആരോഗ്യ മന്ത്രാലയം 2023 ഒക്ടോബര്‍ മുതല്‍ 2024 ഓഗസ്റ്റ് വരെ യുഎസ്-ഇസ്രായേല്‍ വംശഹത്യയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ പേരുകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയിരുന്നു. ആ പട്ടികയില്‍ 710 നവജാത ിശുക്കളുണ്ട്, അവരുടെ പ്രായം പൂജ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പലര്‍ക്കും അപ്പോള്‍ പേരിട്ടതേയുണ്ടായിരുന്നുള്ളു.
ആ പട്ടിക ഇവിടെ എഴുതിപ്പിടിപ്പിക്കാന്‍ വയ്യത്തത്രയും വലുതാണെങ്കിലും, ഐസലിന്റെയും അസര്‍ അല്‍-ഖുംസന്റെയും കഥ പ്രതീകാത്മകമാണ്. 2024 ഓഗസ്റ്റ് 13ന് മുഹമ്മദ് അബു അല്‍-ഖുംസാന്‍ തന്റെ ഇരട്ട മക്കളായ ഐസലിന്റെയും അസറിന്റെയും ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനായി മധ്യ ഗാസയിലെ 'സുരക്ഷിത മേഖല'യിലുള്ള ദെയ്ര്‍ അല്‍-ബലയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നിറങ്ങി. മൂന്ന് ദിവസം മുമ്പ് നുസൈറത്തിലെ അല്‍-അവ്ദ ആശുപത്രിയില്‍ ആ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അമ്മ ഡോ. ജുമാന അര്‍ഫയുടെ (29 വയസ്സ്) പക്കല്‍ അദ്ദേഹം ഇരട്ടകളെ ഏല്പിച്ചു. ഗാസയിലെ അല്‍-അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നും പരിശീലനം നേടിയ ഒരു ഫാര്‍മസിസ്റ്റായിരുന്നു ഡോ. ജുമാന്‍ അര്‍ഫ. കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചില്‍ഡ്രന്‍ ഓഫ് ഗാസ എന്ന ശക്തമായ സിബിഎസ് ന്യൂസ് വിഭാഗത്തില്‍ ജൂത-അമേരിക്കന്‍ സര്‍ജന്‍ ഡോ. മാര്‍ക്ക് പെര്‍ല്‍മുട്ടറുമായുള്ള അഭിമുഖം ഉദ്ധരിച്ച്, ഇസ്രായേല്‍ കുട്ടികളെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് അവര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിട്ടിരുന്നു. ഇരട്ടകളുടെ ജനനം രജിസ്റ്റര്‍ ചെയ്ത ശേഷം മുഹമ്മദ് തിരിച്ചെത്തി. അദ്ദേഹത്തെ കാത്തിരുന്നത് ഇസ്രയേലി ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട അവരുടെ വീടും അതിനകത്ത് കൊല്ലപ്പെട്ട് കിടന്നിരുന്ന ഭാര്യയും നവജാത ശിശുക്കളും അമ്മായിയമ്മയുമായിരുന്നു.
ഐസല്‍ അല്‍-ഖുംസാന്‍.
അസ്സര്‍ അല്‍-ഖുംസാന്‍.
മരിച്ച കുട്ടികള്‍ക്ക് നമ്മള്‍ പേരിടണം.